1. സ്വർഗ്ഗസ്ഥനായ പിതാവേ
ഈശോ ലോകത്തെ പഠിപ്പിച്ച അതിവിശിഷ്ടമായ പ്രാർത്ഥനയാണ് ഇത്. ഈ നമുക്കു നൽകിയ ഏറ്റം വലിയ അറിവ് നാം ദൈവമക്കളാണെന്നതാണ്. നമ്മെ ദൈവമക്കളാക്കാൻ വേണ്ടിയാണ് അവിടുന്നു മനുഷ്യനായത്, പാടുപീഡകൾ സഹിച്ചത്, കുരിശിൽ മരിച്ചത്, പുനരുത്ഥാനം ചെയ്തത്. പിതൃപുത്രബന്ധത്തിന്റെ മഹാരഹസ്യമാണ് പരിശുദ്ധ കുർബാന; അതിന്റെ ആഘോഷവുമാണത്. അതുകൊണ്ടാണ് ”സ്വർഗ്ഗസ്ഥനായ പിതാവേ” എന്ന ജപം കൊണ്ട് സീറോ മലബാർ കുർബാന ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും. കാർമ്മികനും സമൂഹവും ചേർന്ന് ഈ പ്രാർത്ഥന ചൊല്ലുന്നത് ദൈവത്തിന്റെ പിതൃത്വത്തെയും മനുഷ്യരുടെ പുത്രത്വത്തെയും ദ്യോതിപ്പിക്കുവാനാണ്.
പിതാവായ ദൈവത്തിനു മനുഷ്യർ നൽകുന്ന പരമോന്നത നന്ദിപ്രകാശനമാണു പരിശുദ്ധകുർബാന. അതുകൊണ്ട് ആരംഭത്തിൽത്തന്നെ അവിടുത്തോടു പ്രാർത്ഥിക്കാൻ ഈശോ നമ്മെ പഠിപ്പിച്ച പ്രാർത്ഥന നാം ചൊല്ലുന്നു. പരമപിതാവു നമുക്കു പകർന്നുതന്നിട്ടുള്ളതും തന്നുകൊണ്ടിരിക്കുന്നതുമായ അനുഗ്രഹങ്ങൾക്കാണു നാം അവിടുത്തേയ്ക്കു നന്ദി പറയുന്നത്. മിശിഹായിലൂടെ പിതാവു നമുക്കു നൽകിയ നിത്യരക്ഷയാണ് ഈ അനുഗ്രഹങ്ങളിൽ പരമപ്രധാനമായത്. തന്റെ പുത്രനിലൂടെ അവിടുന്നു പരിപൂർത്തിയിലെത്തിച്ച രക്ഷാകര കർമ്മത്തെപ്രതി അവിടുത്തോയ്ക്കു നാം നൽകുന്ന കൃതജ്ഞതാപ്രകാശനമാണു വിശുദ്ധ കുർബാന. കുർബാനയുടെ ആരംഭ ഭാഗത്ത് കാർമ്മികൻ ജനത്തിന്റെ പ്രതിനിധിയായി ഇപ്രകാരം പ്രാർത്ഥിക്കുന്നു: ”അങ്ങു നൽകിയിട്ടുള്ളതും എന്നാൽ കൃതജ്ഞത പ്രകാശിപ്പിക്കാൻ ഞങ്ങൾക്കു കഴിയാത്തതുമായ എല്ലാ സഹായങ്ങൾക്കും അനുഗ്രഹങ്ങൾക്കുമായി, സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടി നിൽക്കുന്ന സഭയിൽ, ഞങ്ങൾ അങ്ങയെ നിരന്തരം സ്തുതിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യട്ടെ.”
ദൈവത്തിന്റെ പിതൃത്വത്തെ അംഗീകരിക്കുന്ന നമ്മൾ കൂടെക്കൂടെ സ്നേഹപൂർവ്വം അവിടുത്തെ വിളിക്കണമെന്ന് ഈശോ പഠിപ്പിക്കുന്നു, അതിയായി ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ താൻ പഠിപ്പിച്ച പ്രാർത്ഥന തുടങ്ങുന്നതു ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന വിളിയോടെയാണ്. അവിടുത്തെ നാം ദൈവമായി ആരാധിച്ചു സ്തുതിച്ചു മഹത്ത്വപ്പെടുത്തണം. അതാണു പ്രാർത്ഥനയുടെ തൊട്ടടുത്ത ഘടകം. ‘അങ്ങയുടെ നാമം പൂജിതമാകണമേ.’ ദൈവഭക്തൻ എപ്പോഴും ദൈവത്തിന്റെ തിരുഹിതം നിറവേറ്റും, നിറവേറ്റണം. സ്വഭാവികമായും അതാണു കർത്താവ് അടുത്തതായി സൂചിപ്പിക്കുന്നത്. ‘അങ്ങയുടെ രാജ്യം വരണമേ.’ ദൈവം നിത്യസ്തുതിക്കർഹനാണ്. ഇക്കാര്യമാണ് നമ്മുടെ ആരാധനക്രമത്തിൽ തുടർന്നു നാം പ്രാർത്ഥിക്കുന്നതും പ്രകീർത്തിക്കുന്നതും. ഈ പ്രകീർത്തനം അനുഗ്രഹപ്രദവും ആനന്ദദായകവുമാണ്. ”അങ്ങു പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.”
സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയുടെ ഈ ഭാഗം വിശുദ്ധ കുർബാനയിൽ നാം ചൊല്ലുമ്പോൾ മാലാഖവൃന്ദം മുഴുവനും വിശുദ്ധരും ഇതര സ്വർഗ്ഗവാസികളും ശുദ്ധീകരണ സ്ഥലത്തിൽ വേദനിക്കുന്ന ആത്മാക്കളും നമ്മോടൊപ്പം ഇത് ഏറ്റം ചൊല്ലുന്നുണ്ട്. ‘പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ’ എന്ന് ബലിയിൽ ചൊല്ലാൻ സാധിക്കുന്നത് നമുക്കു കിട്ടുന്ന
ഒരു മഹാഭാഗ്യമാണ്. വലിയ അനുഭവത്തോടും ആനന്ദത്തോടും സ്വർഗ്ഗത്തിൽ ആയിരിക്കുന്ന പ്രതീതിയോടുകൂടി ഈ ഭാഗം നാം പ്രാർത്ഥിക്കണം. സ്വർഗ്ഗീയാനുഭൂതി ഉണ്ടാകണം. സ്വർഗ്ഗം മുഴുവൻ നമ്മോടൊപ്പം ബലിയർപ്പിക്കുന്നുണ്ട്.
തുടർന്നു നാം പ്രാർത്ഥനയുടെ പ്രാരംഭം തന്നെ വീണ്ടും ചൊല്ലുന്നു. കുറച്ചു ഭാഗം നമ്മൾ കൂട്ടിച്ചേർത്തതു കർത്താവിന്റെ പ്രാർത്ഥനയുടെ പരമമായ പ്രധാന്യം ഒരു വിധത്തിലും കുറഞ്ഞു പോകരുതെന്നുള്ള തീവ്രമായ ആഗ്രഹം കൊണ്ടാണ്.
സ്വർഗ്ഗം ഭൂമിയിൽ അവതീർണ്ണമാക്കാൻ ”അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണം” എന്നു നാം പ്രാർത്ഥിക്കുന്നു.
മനുഷ്യന്റെ മൂന്ന് അത്യാവശ്യങ്ങളാണ് ആഹാരം, വസ്ത്രം, വീട് ഇവ. ”ഞങ്ങൾക്കു ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ” എന്ന ഭാഗം ഈ അടിസ്ഥാന ആവശ്യങ്ങളെല്ലാം ഉൾക്കൊള്ളുന്നതാണ്. പരിശുദ്ധ കുർബാനയ്ക്കുവേണ്ടിയുള്ള ദാഹവും വചനത്തിനുവേണ്ടിയുള്ള ദാഹവും ഈ പ്രാർത്ഥനാശകലം ഉൾക്കൊള്ളുന്നു.
പ്രാർത്ഥനയുടെ അടുത്ത ഭാഗം അതിപ്രധാനമാണ്. അതിന്റെ ഉൾപ്പൊരുൾ നന്നായി മനസ്സിലാക്കി പറഞ്ഞിരിക്കുന്ന വ്യവസ്ഥ കൃത്യമായി പാലിക്കുന്നതിൽ നാം ബദ്ധശ്രദ്ധരായിരിക്കണം. മൂന്നരവർഷം ‘സ്വർഗ്ഗസ്ഥനായ പിതാവേ’ എന്ന പ്രാർത്ഥന ചൊല്ലാതിരുന്ന ഒരു മകനെ പരിചയപ്പെട്ടിട്ടുണ്ട്. കാരണം തെരക്കിയപ്പോൾ അദ്ദേഹം പറഞ്ഞു: ”എനിക്ക് എന്റെ ഭാര്യയോടും മക്കളോടും ക്ഷമിക്കാൻ കഴിഞ്ഞിട്ടില്ല.” നാല് അഞ്ച് ദിവസങ്ങളോളം. കിട്ടിയ സമയം അത്രയും പ്രയോജനപ്പെടുത്തി, കൗൺസിലിംഗ് നടത്തി, ആ കുടുംബത്തെ സ്നേഹത്തിലേക്കും ഐക്യത്തിലേക്കും ഒരുമയിലേക്കും നയിക്കാൻ കഴിഞ്ഞതു ദൈവകൃപ ഒന്നുകൊണ്ടു മാത്രം. നിത്യരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ കാര്യമാണ് ദ്രോഹിച്ചവരോടു ക്ഷമിക്കുക എന്നത് ഇതിന് ഒഴികഴിവില്ല. നമ്മുടെ കർത്താവിന്റെ പ്രബോധനങ്ങളെല്ലാം പകൽപോലെ അസന്നിഗ്ധമാണ്. അവിടുന്ന് അരുളിച്ചെയ്യുന്നു: ”മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ, നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോടു നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവു നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല” (മത്താ. 6:14-15).
‘ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. ദുഷ്ടാരൂപിയിൽ നിന്നു ഞങ്ങളെ രക്ഷികക്കണമേ.’
‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥയുടെ ഈ ഘടകത്തിന്റെ പ്രാധാന്യം വ്യക്തമാക്കാൻ ഗത്സെമനിയിൽ രക്തം വിയർത്തപ്പോൾ പോലും ദിവ്യനാഥൻ മറന്നില്ല. അവിടുന്നു മുന്നറിയിപ്പു നൽകുന്നു: ”പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ” (മത്താ. 26:41). നമ്മുടെ കർത്താവിനെപ്പോലും പ്രലോഭിപ്പിക്കാൻ ശ്രമിച്ചവനാണു പിശാച്. പച്ചമരത്തോട് അങ്ങനെയെങ്കിൽ ഉണക്കമരത്തോട് അവൻ എന്തു ചെയ്യുകയ്യില്ല! ആത്മാവിനെ നരകാഗ്നിയിൽ നശിപ്പിക്കാൻ കഴിവുള്ളവനെ (ദുഷ്ടാരൂപിയെ) ഭയപ്പെടണമെന്നു തന്നെയാണു കർത്താവു പറഞ്ഞിരിക്കുന്നത്.
‘സ്വർഗ്ഗസ്ഥനായ പിതാവേ’ എന്ന കർത്തൃപ്രാർത്ഥന പൂർത്തിയാക്കാൻ ഫ്രാൻസിസ് അസ്സീസ്സിലേക്കു സാധിച്ചിട്ടില്ലെന്നാണ് അഭിജ്ഞമതം. അതിന്റെ തുടക്കത്തിൽത്തന്നെ അദ്ദേഹം തന്റെ പിതാവുമായി മിസ്റ്റിക് ഐക്യത്തിലാകുമായിരുന്നു. നാമും നമ്മുടെ സർവ്വശ്രദ്ധയും ആന്തരികസിദ്ധികളും പ്രയോജനപ്പെടുത്തി ഈ പ്രാർത്ഥന ഹൃദയത്തിന്റെ അഗാധതയിൽ നിന്നു ചൊല്ലണം. മാലാഖമാരുടെയും വിശുദ്ധരുടെയും സ്വർഗ്ഗവാസികളുടെയും ശുദ്ധീകരണ സ്ഥലത്തു വേദന അനുഭവിക്കുന്നവരുടെയും ജീവിച്ചിരിക്കുന്ന സകലരുടെയും
സകല ജീവജാലങ്ങളുടെയും കൂട്ടായ്മയിൽ ഈ പ്രാർത്ഥന ചൊല്ലുന്നത് അങ്ങേയറ്റം അനുഗ്രഹപ്രദമായിരിക്കും.
2. കർത്തൃപ്രാർത്ഥനയ്ക്കു ശേഷമുള്ള പ്രാർത്ഥനകൾ
ഞായറാഴ്ചകളിലും സാധാരണ തിരുനാളികളിലും കാർമ്മികൻ ചൊല്ലുന്ന പ്രാർത്ഥന രക്ഷാകരചരിത്രവും അതിന്റെ പിന്നിലെ ദൈവസ്നേഹവും വെളിപ്പെടുത്തുന്നതും ദിവ്യരഹസ്യങ്ങളുടെ പരികർമ്മത്തിനുള്ള യോഗ്യത പിതാവിനോടു പ്രാർത്ഥിക്കുന്നതുമാണ്. ”മനുഷ്യവംശത്തിന്റെ നവീകരണത്തിനും രക്ഷയ്ക്കും വേണ്ടി അങ്ങയുടെ പ്രിയപുത്രൻ കാരുണ്യപൂർവ്വം നൽകിയ ദിവ്യരഹസ്യങ്ങളുടെ പരികർമ്മത്തിനു ബലഹീനരായ ഞങ്ങളെ ശക്തരാക്കണമേ.”
കർത്താവിന്റെ തിരുനാളുകളിലും മറ്റു പ്രധാന തിരുനാളുകളിലും ചൊല്ലാൻ മറ്റൊരു പ്രാർത്ഥനയുണ്ട്. കർത്താവിൽ വിശ്വസിക്കപകയും ആ വിശ്വാസം പരമാർത്ഥതയോടെ ഏറ്റു പറയുകയും ചെയ്യുന്നവരെ ശക്തരാക്കണമേ എന്നു പ്രാർത്ഥിച്ചതിനുശേഷം ആത്മശരീരങ്ങളെ പവിത്രീകരിക്കുന്ന ഈ പരിഹാര രഹസ്യങ്ങൾ വിശുദ്ധിയോടെ മാത്രമേ പരികർമ്മെ ചെയ്യാവൂ എന്നും ഈ പ്രാർത്ഥന വ്യക്തമാക്കുന്നു. തുടർന്നുള്ള ഭാഗത്ത് അതിപ്രധാനമായ ഒരു നിർദ്ദേശവും ആശംസയുമാണ്. ”നിർമ്മലഹൃദയത്തോടും വിശുദ്ധ വിചാരങ്ങളോടും കൂടെ അവർ അങ്ങേയ്ക്കു പുരോഹിത ശുശ്രൂഷ ചെയ്യുകയും അങ്ങു കനിഞ്ഞു നൽകിയ രക്ഷയെപ്രതി നിരന്തരം അങ്ങയെ സ്തുതിക്കുകയും ചെയ്യട്ടെ.”
സാധാരണ ദിവസങ്ങളിൽ വളരെ ഹ്രസ്വമായ, എന്നാൽ ഏറെ അർത്ഥസമ്പുഷ്ടമായ ഒരു ആശംസയാണ്, ആരാധന പ്രകരണമാണ് ഉള്ളത്. ”ദൈവമേ, അങ്ങയുടെ മഹനീയ ത്രിത്വത്തിന്റെ സംപൂജ്യമായ നാമത്തിനു സ്വർഗ്ഗത്തിലും ഭൂമിയിലും എപ്പോഴും സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും ഉണ്ടായിരിക്കട്ടെ.”
ഈ മൂന്നു പ്രാർത്ഥനകളിലായി ദൈവശാസ്ത്രപരമായ നിരവധി സത്യങ്ങൾ ഉൾച്ചേർത്തിരിക്കുന്നു. മനുഷ്യവംശത്തിന്റെ നവീകരണത്തിനും രക്ഷയ്ക്കും വേണ്ടി, പിതാവിന്റെ പ്രിയപുത്രൻ നൽകിയ ദിവ്യരഹസ്യങ്ങളുടെ പുനവതരണമാണ് പരിശുദ്ധ കുർബാന എന്ന ദൈവശാസ്ത്രസത്യവും ഇവിടെ സൂചിപ്പിച്ചിരിക്കുന്നു.
അർപ്പകരുടെ ബലഹീനത ആദ്യ രണ്ടു പ്രാർത്ഥനകളിലും ഊന്നിപ്പറയുന്നു: ”ബലഹീനരായ ഞങ്ങളെ ശക്തരാക്കണമേ.” പരിശുദ്ധ കുർബാന വിശ്വാസത്തിലധിഷ്ഠിതമാണെന്നും ഈ പ്രാർത്ഥനകളിൽ നിന്നു വ്യക്തമാകുന്നുണ്ട്. മാമ്മോദീസായിൽ ലഭിച്ച പൗരോഹിത്യം ഉപയോഗിച്ചു ബലിയർപ്പകരെല്ലാം നിർമ്മലഹൃദയത്തോടും വിശുദ്ധ വിചാരങ്ങളോടും ഈ പുരോഹിത ശുശ്രൂഷ ചെയ്യണമെന്നും ഈ പ്രാർത്ഥനകളിൽ നിന്നു വ്യക്തമാകുന്നുണ്ട്.
ദൈവത്തിന്റെ ഏകത്വവും ത്രിത്വവും ഉറപ്പിച്ചു പഠിപ്പിക്കുന്നതോടൊപ്പം ആ മഹനീയ ത്രിത്വത്തിന്റെ നാമത്തിന് എപ്പോഴും ”സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും അർപ്പിക്കേണ്ടത് അവശ്യാവശ്യകമാണെന്ന്” അവസാനത്തെ പ്രാർത്ഥനയിൽ അർത്ഥശങ്കയ്ക്കിടമില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നു.
3. സങ്കീർത്തനങ്ങൾ
ആരാധനകനുണ്ടായിരിക്കേണ്ട ആത്മസമർപ്പണവും പ്രാർത്ഥനാരൂപിയും സങ്കീർത്തനങ്ങളിലെല്ലാം പ്രകടമാണല്ലോ. ദൈവത്തെ നിരന്തരം പുകഴ്ത്തണം, വാഴ്ത്തണം , അവിടുത്തേക്കു സ്തുതി പാടണം. കാരണം, നാഥൻ ‘മഹിമ നിറഞ്ഞവനും പാരം സ്തുത്യനുമാണ്’
തലമുറകളോട് അവിടുത്തെ മഹനീയ കർമ്മങ്ങൾ വിവരിക്കണം. ദൈവം നൽകുന്ന നന്മകൾ അനുസ്യൂതം അനുസ്മരിക്കണം. അവിടുത്തെ കാരുണ്യം, ദയ, വിശ്വസ്തത, വീഴുന്നവരെ താങ്ങുന്ന മനോഭാവം, ബന്ധിതർക്ക് അവിടുന്നു നൽകുന്ന മോചനം, വിശക്കുന്നവർക്ക് ആഹാരം നൽകുന്നത്, അന്ധർക്കു കാഴ്ച പ്രദാനം ചെയ്യുന്നത്, ജനത്തിനു നീതി നടത്തിക്കൊടുക്കുന്നത്, ഏവരെയും എപ്പോഴും കരുതുന്നത്, പൊട്ടിനുറുങ്ങിയ മനസ്സുകൾക്കു സൗഖ്യം പകരുന്നത്, മുകിലുകൾ കൊണ്ട് ആകാശം മൂടി മഴ പെയ്യിക്കുന്നത്, അവിടുത്തെ പാടിപ്പുകഴ്ത്തുന്ന കീർത്തനങ്ങൾ തുടങ്ങി നിരവധി സങ്കീർത്തനങ്ങൾ കുർബാനയിൽ ഉപയോഗിക്കുന്നുണ്ട്. രാജാവായ ദൈവത്തെ ഹല്ലേല്ലുയ്യ പാടി സ്തുതിക്കുന്ന സങ്കീർത്തനങ്ങളും കുറവല്ല. ആയുഷ്കാലം മുഴുവൻ കർത്താവിനെ വെളിപ്പെടുത്തുന്ന സങ്കീർത്തനങ്ങളും ധാരാളമുണ്ട്.
സാധാരണ ദിവസങ്ങളിൽ വിശുദ്ധകുർബാനയിൽ ചൊല്ലുന്ന ”കർത്താവേ, നിന്റെ കൂടാരത്തിൽ ആരു വസിക്കും…” എന്നു തുടങ്ങുന്ന 15-ാം സങ്കീർത്തനം ബലിയർപ്പകർക്കുണ്ടായിരിക്കേണ്ട മനോഭാവങ്ങളെയും സ്വഭാവസവിശേഷതകളെയും വ്യക്തമാക്കുന്നതാണ് അവയെ ഇങ്ങനെ സംഹ്രഹിക്കാം.
1. കറ കൂടാതെ ജീവിക്കുക
2. നീതി പ്രവർത്തിക്കുക
3. ഹൃദയത്തിൽ സത്യം ഉണ്ടായിരിക്കുക
4. നാവു കൊണ്ടു വഞ്ചിക്കാതിരിക്കുക
5. സഹോദരനോടു തിന്മ ചെയ്യാതിരിക്കുക
6. അയൽക്കാരനെതിരായ പ്രേരണയ്ക്കു വഴങ്ങാതിരിക്കുക
7. ദുഷ്ടനോടു കൂട്ടു ചേരാതിരിക്കുക
8. ദൈവഭക്തനെ മാനിക്കുക
9. സത്യപ്രതിജ്ഞ ലംഘിക്കാതിരിക്കുക
10. അന്യായപലിശ വാങ്ങിക്കാതിരിക്കുക
11. കൈക്കൂലി വാങ്ങാതിരിക്കുക