2020ന്റെ സിംഹഭാഗവും 2021ന്റെ ഇന്നുവരെയുള്ള കാലവും ലോകത്തിന് ഭയാശങ്കകൾ മാത്രമാണ് സമ്മാനിച്ചിരിക്കുന്നത്. തങ്ങളുടെ നിസ്സാരതയും നിസ്സഹായതയും മനസ്സിലാകാത്ത മനുഷ്യർ തുലോം കുറവായിരിക്കും. ഈ ‘നാടക’ത്തിലെ ആർച്ച് വില്ലൻ നഗ്ന നേത്രങ്ങൾക്ക് അദൃശ്യമായ കൊറോണ വൈറസ് തന്നെ. പ്രളയം, ഭീതിജനകമായ കാലാവസ്ഥാവ്യതിയാനങ്ങൾ, പലതരം മാരകമായ പനി, തുടങ്ങിയവ കഥാപാത്രങ്ങളാണ്.
മാനവഹൃദയങ്ങളിൽ സമാധാനമില്ല. കുടുംബങ്ങൾ പലതും തകർച്ചയിലാണ്. കൂടുമ്പോൾ ഇമ്പം ഉളവാക്കുന്നതാണ് കുടുംബം എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഒരിക്കൽ ഒരു ക്ലാസ്സിൽ ഇക്കാര്യം പറയാൻ ഇടയായി. അപ്പോൾ ഒരു വിദ്യാർത്ഥി താണ സ്വരത്തിൽ പറഞ്ഞു :’ കാലം മാറിയിരിക്കുന്നു, കൂടുമ്പോൾ ഭൂകമ്പം ഉണ്ടാകുന്നതാണ് കുടുംബം ‘ എന്ന്. ദൈവം കുടുംബം എന്ന സ്ഥാപനത്തിന് പരിപാവനമായ അവസ്ഥയാണ് നൽകിയത്. സൃഷ്ടിയുടെ സമാപനത്തിൽ കുടുംബം സ്ഥാപിക്കാനുള്ള പദ്ധതി വെളിപ്പെടുത്തിയത് ഇങ്ങനെയാണ്. ” നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. സർവ്വ സൃഷ്ടികളെയും മേൽ അവനു ആധിപത്യവും നൽകി( ഉല്പത്തി 1:26)
ദൈവമായ കർത്താവ് ഭൂമിയിലെ പൂഴി കൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്ക് നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു (ഉല്പത്തി 2 :7 ).
ഒരിക്കൽ ദൈവമായ കർത്താവ് ഇങ്ങനെ അരുളിചെയ്തു :” “മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല. അവന് ചേർന്ന ഇണയെ ഞാൻ നൽകും” (ഉല്പത്തി 2 :18 ). അതുകൊണ്ട് ദൈവമായ കർത്താവ് മനുഷ്യനെ ഒരു ഗാഢനിദ്രയിൽ ആഴ്ത്തി. ഉറങ്ങി കിടന്ന അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു. അതിനു ശേഷം അവിടെ മാംസം കൊണ്ട് മൂടി. മനുഷ്യനിൽ നിന്നെടുത്ത വാരിയെല്ലു കൊണ്ട് അവിടുന്ന് ഒരു സ്ത്രീക്ക് രൂപം കൊടുത്തു. അവളെ മനുഷ്യന്റെ മുമ്പിൽ അവിടുന്ന് കൊണ്ടു വന്നു. അപ്പോൾ അവൻ പറഞ്ഞു: ഒടുവിലിതാ, “എന്റെ അസ്ഥിയിൽ നിന്നുള്ള അസ്ഥിയും മാംസത്തിൽ നിന്നുള്ള മാംസവും” ( ഉല്പത്തി 2: 18 -23 ).
ദൈവത്തിന്റെ ശത്രുവായ പിശാച് സ്ത്രീയെ വഞ്ചിക്കുന്നു. പ്രലോഭനത്തിന് വഴങ്ങി അവൾ വിലക്കപ്പെട്ട കനി ഭക്ഷിക്കുന്നു. ഭർത്താവിനും നൽകുന്നു. ദൈവമായ കർത്താവ് ഏദൻതോട്ടത്തിലെ ഉലാത്തുന്നതിന്റെ ശബ്ദം കേട്ടപ്പോൾ ദൈവ കല്പന ലംഘിച്ചു പാപം ചെയ്തതിനാൽ” അവർ അവിടുത്തെ മുമ്പിൽ നിന്നുമാറി, തോട്ടത്തിലെ മരങ്ങൾക്കിടയിൽ ഒളിക്കുന്നു. അവിടുന്ന് പുരുഷനെ വിളിച്ചു ചോദിക്കുന്നു :” നീ എവിടെയാണ്? അവൻ മറുപടി പറഞ്ഞു: തോട്ടത്തിൽ. അവിടുത്തെ ശബ്ദം ഞാൻ കേട്ടു.ഞാൻ നഗ്നനായതുകൊണ്ട് (ദൈവീക ജീവൻ നഷ്ടപ്പെട്ടത് കൊണ്ട് ഉണ്ടായ അനുഭവം (തോന്നൽ) ഞാൻ ഭയന്ന് ഒളിച്ചതാണ്” …. തിന്നരുതെന്ന് ഞാൻ കൽപ്പിച്ച വൃക്ഷത്തിന്റെ പഴം നീ തിന്നോ?. അവൻ പറയുന്നു:
” അങ്ങ് എനിക്ക് കൂട്ടിന് തന്ന സ്ത്രീ മരത്തിന്റെ പഴം എനിക്ക് തന്നു. ഞാൻ അതു തിന്നു “. ദൈവമായ കർത്താവ് സ്ത്രീയോട് ചോദിച്ചു :” നീ എന്താണ് ഈ ചെയ്തത്? “സർപ്പം എന്നെ വഞ്ചിച്ചു ; ഞാൻ പഴം തിന്നു ( ഉല്പത്തി 3: 8 -13 ).
മാനവരാശിക്ക് വിമോചനം, നിത്യരക്ഷ,അത്യന്താപേക്ഷിതമാക്കിയത് ആദ്യ മാതാപിതാക്കളുടെ പാപമാണ്. ഉത്ഭവപാപം എന്നാണ് ഈ പാപത്തെ വിശേഷിപ്പിക്കുക ( സാത്താന്റെ പ്രലോഭനത്തിനും കബളിപ്പിക്കലിനും വഴങ്ങി ചെയ്ത തെറ്റുകളായ അഹങ്കാരം, അനുസരണക്കേട്,തലപെട്ട ദോഷമായ കൊതി ഒരുപക്ഷേ ഇതര ആസക്തികളും എല്ലാം ഉത്ഭവപാപത്തിന് നിദാനമായി. ഉത്ഭവ പാവത്തിന്റെ ഗൗരവം മൂലം ( ദൈവത്തെപ്പോലെ ആകാനുള്ള പരിശ്രമം) മാനവരാശി മുഴുവൻ ഉത്ഭവ പാപത്തിന് അവകാശികളായി. ഇത് പ്രകൃതിനിയമം ആണല്ലോ. അപ്പന്റെ കടത്തിന് മക്കളും ഉത്തരവാദികൾ ആണല്ലോ.
തന്മൂലം മനുഷ്യമക്കൾ എല്ലാം ഉത്ഭവ പാപത്തിൽനിന്നും, ഉണ്ടെങ്കിൽ കർമ്മ പാപത്തിൽനിന്നും രക്ഷ പ്രാപിച്ചെങ്കിലേ രക്ഷപ്രാപിക്കാനാവൂ. ” ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്”, യേശുക്രിസ്തു മാത്രമാണ്. അവിടുന്ന് മാത്രമാണ് ഏക രക്ഷകൻ. അവിടുന്നാണ് തന്റെ കുരിശു മരണത്തിലൂടെ സാത്താന്റെ തല തകർത്തത്. അതുകൊണ്ടാണ് അവിടുന്ന് ലോക രക്ഷകനും ആകുന്നത്.
പാപം ചെയ്തു നിത്യജീവൻ, ദൈവീക ജീവൻ, നഷ്ടപ്പെടുത്തിയാൽ മനുഷ്യനെ അവന്റെ നഗ്നതയിലും നിസ്സഹായതയിലും ഉപേക്ഷിക്കുന്നില്ല ഉടയവൻ. അവനെ തേടിയുള്ള പരപരന്റെ പദയാത്ര പറുദീസായിൽ തന്നെ ആരംഭിക്കുന്നു . ദൈവത്തിന് മനുഷ്യനോടുള്ള “നിത്യമായ സ്നേഹത്തിന്റെ “അത്യഗാധമായ പ്രകാശനമാണ് ഈ പദയാത്രയിൽ നാം കാണുക. ദൈവത്തെ ധിക്കരിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന അഹങ്കാരിയായ മനുഷ്യൻ സഹോദരങ്ങളെയും തള്ളിപ്പറയുന്നു. പാപം മനുഷ്യബന്ധങ്ങളെ ശിഥിലീകരിക്കുന്നു. സ്ത്രീയെ (ഹവ്വായെ) ആദ്യമായി കണ്ടപ്പോൾ എന്റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസം എന്ന് പാടി. എന്നാൽ അവൻ പാപത്തിന് അടിമയായ ശേഷം “നീ എനിക്ക് കൂട്ടിന് തന്ന സ്ത്രീ “എന്ന് ദൈവത്തോട് പറയുന്നു. ഈ മറുപടി അവർ തമ്മിലുണ്ടായിരുന്ന അഗാധവും സുദൃഢവും നല്ലതുമായ സ്നേഹബന്ധങ്ങൾ തകർന്നതിന്റെ തെളിവാണ്. സ്വന്തം തെറ്റിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാതെ ഇരിക്കുന്നതും മറ്റുള്ളവരുടെ മേൽ കെട്ടി വയ്ക്കുന്നതും മഹാപാപമാണ്.
ഉത്ഭവ പാപം മാനവരാശിയെ മുഴുവൻ സാത്താന്റെ അടിമകളാക്കി. സ്നേഹ സാഗരവും കരുണാവാരിധിയുമായ കർത്താവ് തന്റെ ‘കരവേലയുടെ പതനത്തിൽ ദുഃഖിക്കുന്നു ;ഒപ്പം സഹതപിക്കുകയും ചെയ്യുന്നു. അവരെ രക്ഷിക്കണമെന്ന്, വിമോചിപ്പിക്കണം എന്ന് സ്വയം തീരുമാനിക്കുകയും ചെയ്യുന്നു. ഇതിന് അവിടുന്ന് നൽകേണ്ടിവന്ന വില അതുല്യമാണ്. തന്റെ തിരു സുതനെ മറുവിലയായി നൽകേണ്ടിവരുന്നു. അതിന് അവിടുന്ന് തയ്യാറാകുന്നു. ഈ ദുരന്ത നാടകത്തിലെ കഥാപാത്രങ്ങൾ ദൈവവും അവിടുത്തെ ആജന്മ ശത്രുവായ സാത്താനും, ദൈവം തന്റെ അനന്ത സ്നേഹത്തിന്റെ പാരമ്യത്തിൽ മെനഞ്ഞെടുത്ത ആദിമ മനുഷ്യനും അവനു ഇണങ്ങിയ തുണയായി തമ്പുരാൻ പുരുഷന്റെ വാരിയെല്ലു കൊണ്ട് രൂപവും ഭാവവും ജീവനും നൽകിയ ആദിമ സ്ത്രീയുമാണ്.
സർപ്പത്തിന്റെ രൂപത്തിൽ സ്ത്രീക്ക് പ്രത്യക്ഷപ്പെട്ട് കല്ലുവെച്ച നുണകൾ പറഞ്ഞു അവളെ വഞ്ചിച്ച സാത്താനോട് സർവ്വശക്തൻ പറയുന്നു :ദൈവമായ കര്‍ത്താവ് സര്‍പ്പത്തോടു പറഞ്ഞു: ഇതുചെയ്തതുകൊണ്ട് നീ എല്ലാ കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയുമിടയില്‍ ശപിക്കപ്പെട്ടതായിരിക്കും. നീ മണ്ണില്‍ ഇഴഞ്ഞു നടക്കും. ജീവിതകാലം മുഴുവന്‍ നീ പൊടി തിന്നും.
നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന് നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്പിക്കും.
(ഉല്പത്തി 3 : 14-15).
ആ നീതിമാനായ ദൈവം സ്ത്രീക്കും പുരുഷനും കൂടി ശിക്ഷ വിധിക്കുന്നുണ്ട്. അവിടുന്ന് സ്ത്രീയോട് പറയുന്നു : നിന്റെ ഗര്‍ഭാരിഷ്ടതകള്‍ ഞാന്‍ വര്‍ധിപ്പിക്കും. നീ വേദനയോടെ കുഞ്ഞുങ്ങളെപ്രസവിക്കും. എങ്കിലും, നിനക്കു ഭര്‍ത്താവില്‍ അഭിലാഷമുണ്ടായിരിക്കും. അവന് നിന്നെ ഭരിക്കുകയും ചെയ്യും.
(ഉല്പത്തി 3 : 16). തുടർന്ന് ആദത്തോട് അവിടുന്ന് പറയുന്നു: തിന്നരുതെന്നു ഞാന്‍ പറഞ്ഞപഴം സ്ത്രീയുടെ വാക്കു കേട്ടു നീ തിന്നതുകൊണ്ട് നീ മൂലം മണ്ണു ശപിക്കപ്പെട്ടതായിരിക്കും. ആയുഷ്കാലം മുഴുവന്‍ കഠിനാധ്വാനംകൊണ്ട് നീ അതില്‍നിന്നു കാലയാപനം ചെയ്യും.
അതു മുള്ളും മുള്‍ച്ചെടികളും നിനക്കായി മുളപ്പിക്കും. വയലിലെ സസ്യങ്ങള്‍ നീ ഭക്ഷിക്കും.
മണ്ണില്‍നിന്ന് എടുക്കപ്പെട്ട നീ, മണ്ണിനോടു ചേരുന്നതുവരെ, നെറ്റിയിലെ വിയര്‍പ്പുകൊണ്ടു ഭക്ഷണം സമ്പാദിക്കും. നീ പൊടിയാണ്, പൊടിയിലേക്കുതന്നെ നീ മടങ്ങും. (ഉല്പത്തി 3 : 17-19)
ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ കൂട്ടായ്മയിലേക്ക് ആണ് വിളിക്കപ്പെട്ടിരിക്കുന്നത്. പരസ്പരം അംഗീകരിക്കുക, സ്വീകരിക്കുക, പങ്കുവയ്ക്കുക, ദാനം ചെയ്യുക( സ്വയം ദാനം ചെയ്യുക )- ഇവയൊക്കെ സമഞ്ജസമായി സമ്മേളിച്ചെങ്കിലേ ദൈവഹിതപ്രകാരമുള്ള കുടുംബം രൂപപ്പെടുകയുള്ളൂ.
നിർഭാഗ്യമെന്ന് പറയട്ടെ, കുടുംബമെന്ന ഈ പവിത്ര കൂട്ടായ്മയെ തകർക്കാനാണ് ലോകം, പിശാച്,ശരീരം ഇവ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. സുഖലോലുപത, മദ്യാസക്തി ( മയക്കുമരുന്നിന്റെ എല്ലാ വകഭേദങ്ങളും ) ഭോഗാസക്തി നവ മാധ്യമങ്ങളുടെ അതിപ്രസരം മനുഷ്യമനസ്സുകൾ സകലവിധ മ്ലേച്ഛതകളും കൊണ്ട് നിറയുന്ന കുടുംബങ്ങളിലും സമൂഹങ്ങളിലും സകലവിധ തിന്മകളും കൊടികുത്തി വാഴുന്ന കാലമാണിത്. മാതാ പിതാ ഗുരു ദേവോ ഭവ : അങ്ങനെയുള്ള പവിത്രതകൾ ഒക്കെ ഇന്നു വെറും പഴങ്കഥയായിരിക്കുന്നു.
ഓരോ മനുഷ്യനും നന്നായാൽ അവർ ഉൾക്കൊള്ളുന്ന കുടുംബം നന്നാവും. ഓരോ കുടുംബവും നന്നായാൽ ലോകം നന്നാകും. സത്യം, ധർമ്മം, നീതി, സ്നേഹം, കരുണ, കരുതൽ, പരിപാലന – ഇവയെല്ലാം സത്യ ദൈവത്തിന്റെ സവിശേഷതകൾ തന്നെയാണ്. ഓരോ വ്യക്തിയും ഓരോ കുടുംബവും ദൈവത്തിലേക്ക് പൂർണ്ണഹൃദയത്തോടെ മടങ്ങിയാൽ, അവിടുത്തെ ഹിതമനുസരിച്ച് ജീവിച്ചാൽ എല്ലാം ഭദ്രം ആകും.