ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ ജീവദായകവും ദൈവികവുമായ കൽപ്പനകളുടെ മധുര സ്വരം ശ്രവിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കുകണമേ. അതുവഴി, ആത്മ ശരീരങ്ങൾക്ക് ഉപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
ലേഖന പാരായണത്തിനു തൊട്ടു മുമ്പ് കാർമികൻ നടത്തുന്ന പ്രാർത്ഥനയാണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്.. ആദ്യഭാഗത്ത് ” അങ്ങയുടെ ജീവദായകവും ദൈവികവുമായ കല്പനകളുടെ മധുരസ്വരം ശ്രവിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ “എന്നത് വചനം മനസ്സിലാക്കുന്നതിനുള്ള കൃപയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ്. The whole Bible is the “Word of God in the words of men”. ഈശോ ഒരു വാക്ക് പോലും എഴുതിയിട്ടില്ല വചനമായ അവിടുന്ന് വചിക്കുകയായിരുന്നു, പറയുകയായിരുന്നു. അവിടുത്തെ തിരുവചനങ്ങൾ കേട്ട് ഗ്രഹിച്ച് ശിഷ്യന്മാരാണ് അവ ലിഖിത രൂപത്തിലാക്കിയത്. ഈശോയുടെ വചനങ്ങൾ (കൽപ്പനകൾ) ജീവദായകവും ദൈവീകവുമാണ്.
വചനം ദൈവീക ജീവൻ, ദൈവകൃപ പ്രദാനം ചെയ്യുന്നു. ഇത് ശരിക്കും മനസ്സിലാക്കാൻ മനുഷ്യ ബുദ്ധിക്കു പ്രകാശിതം ആണ്. പരിശുദ്ധാത്മാവിന്റെ യുഗത്തിലാണ് നാം ഇപ്പോൾ. ഈ വെളിച്ചം മനുഷ്യനിൽ ഉറപ്പിക്കേണ്ടത് പരിശുദ്ധാത്മാവാണ്. അത്യന്താപേക്ഷിതമായ ഈ ദൈവിക പ്രകാശനത്തിന് വേണ്ടി വൈദിക നോടൊപ്പം അർപ്പകരെല്ലാവരും തീഷ്ണമായി പ്രാർത്ഥിക്കുകയും ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടെ ബലിയർപ്പിക്കുകയും വേണം.
വചനശ്രവണം വഴി ആത്മ ശരീരങ്ങൾക്ക് ഉപകരിക്കുന്ന സ്നേഹം, ശരണം, രക്ഷ, ഇവ അർപ്പകരിൽ ഫലമണിയണം, അനുഗ്രഹമാരിക്ക് കാരണം ആവണം. പുരോഹിതൻ സുവിശേഷം വായിക്കുമ്പോൾ ദൈവജനം ഈശോയുടെ “മധുരസ്വരം”- മധുരമൊഴി – സശ്രദ്ധിച്ചു ഉൾക്കൊള്ളണം. വചനം ശ്രോതാക്കളെ ഉരുക്കി വാർത്തു പുതു സൃഷ്ടിയാക്കണം. അങ്ങനെയാണ് സർവ്വപ്രധാനമായ ആത്മരക്ഷ വിശ്വാസിക്ക് കൈവരുക.
സ്രോതാക്കൾ വചനശ്രവണത്തിലൂടെ നിരന്തരം നിഖിലേശനെ സ്തുതിക്കുന്നതിന്, മഹത്വപ്പെടുത്തുന്നതിന്, ആരാധിക്കുന്നതിന്, സ്നേഹിക്കുന്നതിനും തമ്പുരാന്റെ കാരുണ്യത്താലും അനുഗ്രഹത്താലും സഹായിക്കപ്പെടണമെന്ന യാചനയോടെ ഈ പ്രാർത്ഥന അവസാനിക്കുന്നു. ഈ പ്രാർത്ഥന എന്നേക്കുമായി അർപ്പിക്കപ്പെടുന്നത് പരമ പരിശുദ്ധ ത്രിത്വത്തോടാണ് -” പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും”
രണ്ടാമത്തെ പ്രാർത്ഥന ഐശ്ചികമാണ്. പക്ഷേ ഇതു പരമപ്രധാന സത്യങ്ങൾ ഉൾക്കൊള്ളുന്ന ഹൃദയസ്പർശിയായ ഒരു പ്രാർത്ഥനയാണ്.
സർവ്വജ്ഞനായ ഭരണകർത്താവും തന്റെ ഭവനത്തിൽ പ്രവർത്തിക്കുന്നവരുടെ വിസ്മയനീയനായ പരിപാലകനും സകല നന്മകളുടെയും സൗഭാഗ്യങ്ങളുടെയും ഉറവിടമായ ദൈവമേ, അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു. അങ്ങയുടെ സ്വഭാവത്തിനൊത്ത് വിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
ഒന്നാമത്തെ പ്രാർത്ഥനയിൽ നിന്ന് വ്യത്യസ്തമായി എല്ലാമറിയുന്ന, (സർവ്വജ്ഞനായ) ഭരണകർത്താവും തന്റെ ഭവനത്തിൽ വസിക്കുന്നവരുടെ വിസ്മയനീയനായ, അൽഭുതം പ്രവർത്തിക്കുന്ന, വിസ്മയം ജനിപ്പിക്കുന്ന പരിപാലകനും സകല നന്മകളുടെയും സൗഭാഗ്യങ്ങളുടെയും ഉറവിടമായ ദൈവമേ, എന്ന് അഭിസംബോധന യോടെയാണ് ഈ പ്രാർത്ഥന ആരംഭിക്കുന്നത്.
ദൈവമാണ് ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചത്. അവിടുന്നു മാത്രമാണ് സകലരെയും സകലത്തെയും അറിയുന്നവൻ. എന്റെയും നിങ്ങളുടെയും ഓരോ ഹൃദയമിടിപ്പും അവിടുന്ന് അറിയുന്നു. എല്ലാറ്റിനെയും എല്ലാവരെയും അനു നിമിഷം കാത്തു പരിപാലിക്കുന്നതും അവിടുന്നുതന്നെ. സകല സൗഭാഗ്യങ്ങളുടെയും നന്മകളുടെയും ഉറവിടവും അവിടുന്ന് തന്നെ.