മാതാപിതാക്കളെ ബഹുമാനിച്ചാൽ ജീവിതദൈർഘ്യം വർദ്ധിക്കുമെന്ന് നിയമ ഗ്രന്ഥത്തിൽ ദൈവം പഠിപ്പിച്ചു( പുറ. 20 :12). അങ്ങനെയുള്ളവർക്ക് സമൃദ്ധി ഉണ്ടാകും. ( നിയ 5: 16) മാതാപിതാക്കളെ ബഹുമാനിക്കുക എന്നത് ദൈവ കല്പന ആയതിനാൽ പാര്യമ്പരത്തിനും അതീതമാണ്. മാതാപിതാക്കളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പഠിപ്പിക്കാൻ ദൈവകൽപന യിൽ അധിഷ്ഠിതമായ അനേകം ന്യായങ്ങൾ പ്രഭാഷകൻ നിരത്തി വെക്കുന്നു.
പിതാവിനെ ബഹുമാനിക്കുന്നത് പാപത്തിനു പരിഹാരം ആണ്.അവൻ തനിക്കായി നിക്ഷേപം കൂട്ടിവയ്ക്കുന്നു.അവന് തദനുസൃതമായ പ്രതിഫലം അവന്റെ വാർദ്ധക്യത്തിൽ അവന്റെ തന്നെ മക്കളിൽ നിന്ന് ലഭിക്കും. ഓരോരുത്തർക്ക് അവരുടെ പ്രവർത്തികൾക്ക് അനുസൃതമായ പ്രതിഫലം ലഭിക്കുമെന്ന് ജ്ഞാന ചിന്തയാണ് ഇതിന് അടിസ്ഥാനം. താൻ വിതച്ചത് താൻ കൊയ്യും.
പരസ്നേഹ പ്രവൃത്തികളിലൂടെ സ്വർഗ്ഗത്തിൽ നിക്ഷേപങ്ങൾ കരുതി വയ്ക്കാൻ കഴിയും എന്നത് പിൽക്കാലത്ത് പുതിയ നിയമത്തിൽ കൂടുതൽ വികാസം പ്രാപിക്കുന്ന ദൈവശാസ്ത്ര തത്വമാണ് (മത്താ 6:9-20 ;ലൂക്കാ 12:21; 1തിമോത്തി 6 :18- 19 ). പുതിയനിയമ കാലഘട്ടത്തിലെ യഹൂദ ചിന്ത അനുസരിച്ച് പരസ്നേഹ പ്രവർത്തികളും അനുതാപവും തിന്മക്കെതിരെയുള്ള കവചങ്ങൾ ആണ്.
മാതാപിതാക്കളെ അപമാനിക്കുന്നവൻ കഠിനമായ ശിക്ഷയേൽക്കേണ്ടിവരും (വാക്യം 16 ). ദൈവദൂഷണത്തിന് തുല്യമാണ്( പുറപ്പാട് 21 :17; ലേവ്യ 20:9 ). മാതാപിതാക്കളോട് ഒരു വന്റെ മനോഭാവം ദൈവത്തോടുള്ള സമർപ്പണത്തിന്റെയും വിശ്വസ്തതയുടെയും അടയാളമാണ്.