ഏതൊന്ന് നമ്മെ ദൈവത്തിലേക്ക് അടുപ്പിക്കുന്നവോ അതിനെയും നമുക്ക് ദൈവാനുഗ്രഹം എന്ന് വിളിക്കാം. പലപ്പോഴും രോഗങ്ങളും സഹനങ്ങളും അല്ലേ യഥാർത്ഥത്തിൽ നമ്മെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. എങ്കിൽ അവയെ നമ്മൾ ദൈവാനുഗ്രഹം എന്ന് പറയാൻ മടിക്കുന്നത് എന്തുകൊണ്ടാണ്.
കേവലം ലൗകിക നേട്ടങ്ങളെ നമ്മൾ അനുഗ്രഹം എന്ന് പറയാറുണ്ട്. വലിയ സമ്പത്തും സ്ഥാനമാനങ്ങളും ലഭിക്കുമ്പോൾ അനുഗ്രഹിക്കപ്പെട്ടവർ എന്ന് നമ്മൾ പറയും. എന്നാൽ സമ്പത്തും സ്ഥാനമാനങ്ങളും നമ്മെ ദൈവത്തിൽ നിന്ന് അകറ്റുന്നതാണെങ്കിൽ അതൊക്കെ ദൈവാനുഗ്രഹം ആകുന്നതെങ്ങനെ?
അതുകൊണ്ടാണ് സങ്കീർത്തകൻ ഇപ്രകാരം പ്രാർത്ഥിക്കുന്നത്. “ദൈവമേ അങ്ങയെ മറക്കാൻ ഉള്ള സമ്പത്തോ വെറുക്കാനുള്ള ദാരിദ്ര്യമോ എനിക്ക് നൽകരുത്”.!
നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതൊന്നും യാദൃശ്ചികമല്ല. അതെല്ലാം ദൈവീക പദ്ധതിയുടെ ഭാഗമാണെന്ന് തിരിച്ചറിയുന്നവർ അനുഗ്രഹിക്കപ്പെടും. നമ്മുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും നമുക്ക് രണ്ട് സാധ്യതകൾ നൽകുന്നുണ്ട്. ഒന്നുകിൽ പ്രത്യാശ പൂർവ്വം ദൈവത്തോട് ചേർന്ന് ഉയരങ്ങളിലേക്ക് കയറാം. അല്ലെങ്കിൽ നിരാശപ്പെട്ട് സാത്താനോടുകൂടി ആഴങ്ങളിലേക്ക് നിപതിക്കാം. നമ്മൾ പലപ്പോഴും രണ്ടാമത്തെ മാർഗം സ്വീകരിക്കുന്നു.
ഉണരുക, ഉയിർത്തെഴുന്നേൽക്കുക. ഈ രോഗം മരണത്തിൽ അവസാനിക്കാൻ ഉള്ളതല്ല (യോഹന്നാൻ 11 :4). മിശിഹായോടൊത്തുള്ള ജീവിതം ഉയർപ്പിന്റെതാണ്. ശക്തി ഉള്ളവർക്കെ ഉയർത്തെഴുന്നേൽക്കാൻ സാധിക്കുകയുള്ളൂ. ആഴങ്ങളിലേക്ക് നിപതിക്കാൻ ജീവനും ശക്തിയും ആവശ്യമില്ലല്ലോ.
ദൈവിക ശക്തിയിൽ ആശ്രയിക്കുക. ഇന്നത്തെ രോഗങ്ങൾക്കും തകർച്ചക്കും നടുവിൽ നിന്നുകൊണ്ട് ദൈവത്തിലേക്ക് കരങ്ങൾ ഉയർത്തുക. തീർച്ചയായും നമ്മൾ അനുഗ്രഹിക്കപ്പെടും. അവിടുത്തെ തിരുമുറിവുകളോട് ചേർത്തുള്ള സഹനം അനുഗ്രഹദായകമാണെന്ന് നമ്മൾ തിരിച്ചറിയും. കൂടുതൽ ഫലങ്ങൾ കായ്ക്കാനായി നമ്മെ വെട്ടി ഒരുക്കുന്ന കാലമാണിത്.
ഞാൻ സാക്ഷാൽ മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനും ആണ്. എന്റെ ശാഖകളിൽ ഫലം തരാത്തതിനെ അവിടുന്ന് നീക്കിക്കളയുന്നു. ഫലം തരുന്നതിനെ കൂടുതൽ കായ്ക്കാനായി വെട്ടിയൊരുക്കുകയും ചെയ്യുന്നു (യോഹ 15: 1- 2 ).
ഞാനാകുന്ന ശാഖയെ നീക്കി കളയാതെയിരുന്ന കൃഷിക്കാരനായ ദൈവത്തിനു നന്ദി പറയുക. പൂത്തുലയാൻ, എന്നെ സൽഫലങ്ങൾ കൊണ്ട് നിറയ്ക്കാൻ ദൈവം ആഗ്രഹിക്കുന്നു. അതിനായിട്ട് അവിടുന്ന് വെട്ടിയൊരുക്കുന്ന കാലമാണിത്. എന്റെ രോഗശയ്യയിൽ സൗഖ്യത്തിന്റെ ലേപനവുമായി ദൈവം കൂടെയുണ്ട്. സൗഖ്യമായി പുതുജീവൻ പ്രാപിച്ച് ഞാൻ എഴുന്നേൽക്കും. ദൈവത്തോടൊത്ത് സന്തോഷപ്രദമായ ഒരു ജീവിതം നയിക്കും.
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്….
ശ്രീ.മാത്യു മാറാട്ടുകളം