ദയ ആണ് നമ്മുടെ ഹൃദയത്തെ മാംസളം ആക്കുന്നത് . അല്ലെങ്കിൽ അത് വരണ്ടുണങ്ങിയ പാഴ്നിലം പോലെ ആയിരിക്കും. കരുണയുടെ നീരുറവകൾ ഹൃദയത്തിൽ ഉടലെടുക്കുന്നത് ദയ ഉള്ളവരിലാണ്. സ്നേഹത്തിന്റെ സുഗന്ധ പുഷ്പങ്ങൾ അവിടെ സദാ വിരിഞ്ഞു നിൽക്കും.
അരുവികളും പുഴകളും നിറഞ്ഞ സ്ഥലങ്ങളിലൂടെ നടന്നു നോക്കുക. എന്തൊരു ഭംഗിയാണ്. ചുറ്റും ചെടികളും പൂക്കളും ശലഭങ്ങളും മത്സ്യങ്ങളും പക്ഷികളും … പിന്നെ എങ്ങും കുളിർതെന്നൽ . അതെ! നവോന്മേഷം പകരുന്ന അനുഭവം.
ഇനിയും വരണ്ടുണങ്ങിയ പ്രദേശത്ത് കൂടി നടന്നു നോക്കുക. അല്ലെങ്കിൽ ഒരു മരുഭൂമിയിൽ ആണെന്ന് കരുതുക. ചൂടു കാറ്റും പൊടിപടലവും മാത്രം. അല്പം തണലേകാൻ മരങ്ങളില്ല. അസഹനീയമായ അവസ്ഥ.
അതുതന്നെയാണ് ദയവറ്റിയ ഹൃദയത്തിനും സംഭവിക്കുക. മരുഭൂമിയിലെ തേളും പാമ്പുകളും പോലെ വിദ്വേഷത്തിന്റെ വിഷം ചീറ്റുന്ന വാക്കുകളും പ്രവർത്തിയും അതിൽനിന്ന് പുറത്തുവരും. ഫലമോ ശരീരം പ്രതികരിക്കും. രോഗങ്ങൾ നമ്മെ വേട്ടയാടും. ജീവിതം ദുസ്സഹമാകും. അമിതമായ വെറുപ്പും വിദ്വേഷവും നമ്മുടെ ശരീരത്തിലെ ലക്ഷോപലക്ഷം കോശങ്ങളെ കൊന്നൊടുക്കുന്നുണ്ടെന്ന് ഓർക്കണം.
ഒരിക്കൽ ഒരു കൊച്ചു പെൺകുട്ടിയെ കണ്ടുമുട്ടി. ആർദ്ര എന്നാണ് അവളുടെ പേര്. എത്ര മനോഹരമായ പേര്. ആ പേരിന് പോലും ഒരു കുളിർമ തോന്നി.
ഈശോ പറയുന്നു. ” എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽനിന്ന് ജീവ ജലത്തിന്റെ അരുവികൾ ഒഴുകും ”
( യോഹന്നാൻ 7 :37 ).
മറ്റുള്ളവരോട് ദയ കാട്ടുന്നവരോട് ദൈവം കാണിക്കുന്ന സ്നേഹം എത്രവലുതാണെന്ന് സങ്കീർത്തകൻ വിവരിക്കുന്നത് ഇപ്രകാരമാണ്. ദരിദ്രരോട് ദയ കാണിക്കുന്നവൻ ഭാഗ്യവാൻ. കഷ്ടതയുടെ നാളുകളിൽ അവനെ കർത്താവ് രക്ഷിക്കും. കർത്താവ് അവനെ പരിപാലിക്കുകയും അവന്റെ ജീവൻ സംരക്ഷിക്കുകയും ചെയ്യും. അവൻ ഭൂമിയിൽ അനുഗ്രഹീതൻ ആയിരിക്കും ; അവിടുന്ന് അവനെ ശത്രുക്കൾക്ക് വിട്ടു കൊടുക്കുകയില്ല. കർത്താവ് അവന് രോഗശയ്യയിൽ ആശ്വാസം പകരും ; അവിടുന്ന് അവനെ രോഗശാന്തി നൽകും ( സങ്കീർത്തനം 41: 1 -4 )
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്…. ശ്രീ.മാത്യു മാറാട്ടുകളം