ഒരുവന്റെ വാക്കുകളും പ്രവർത്തികളും അയാൾ ആരെന്ന് അഥവാ അയാളുടെ സത്ത വെളിപ്പെടുത്തും .ഹെബ്ര 1:1 ശ്രദ്ധിക്കുക.പൂര്‍വകാലങ്ങളില്‍ പ്രവാചകന്മാര് വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്ട്.
ഹെബ്രായര്‍ 1 : 1
പിതാവിന്റെ സംസാരമാണ്,സ്വരമാണ് പുത്രന്റെ വചനം.ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.
യോഹന്നാന് 1 : 1
പുത്രൻ സംസാരിച്ചതൊക്കെയും പിതാവിന്റെ വാക്കുകളും അവിടുത്തെ ഹിതവുമായിരുന്നു. അതുകൊണ്ടാണ് പിതാവ് പ്രഖ്യാപിച്ചത്.അവന് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശോഭയേറിയ ഒരുമേഘംവന്ന് അവരെ ആവരണം ചെയ്തു. മേഘത്തില്‍നിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവന് എന്റെ പ്രിയപുത്രന്; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിന്‍.
മത്തായി 17 : 5.
ഈശോയുടെ വാക്കുകളിൽ പരമപ്രധാനമാണ് “ഞാൻ ഞാൻ തന്നെ ” എന്ന വെളിപ്പെടുത്തൽ [ആകുന്നവൻ ഞാനാകുന്നു ]. ദൈവമാണ്,ദൈവം മാത്രമാണ് അസ്തിത്വം( Being). എല്ലാം അസ്തിത്വമായ അവിടുത്തെ സൃഷ്ടികളായതുകൊണ്ട് അവയൊക്കൊക്കെ അസ്തിത്വമുണ്ട് (being ). ഈശോയുടെ ഓരോ പ്രബോധനവും ലോകത്തിന്റെ മറ്റെല്ലാ പ്രബോധനങ്ങൾക്ക് ഉപരിയായിരുന്നു. ലോകത്ത് പൊതുവേയും പഴയനിയമത്തിൽ പ്രത്യേകമായും തിരുത്തൽ ആവശ്യമായിരുന്നവയെല്ലാം അവിടുന്ന് തിരുത്തി. നിയമങ്ങൾക്കും പ്രവചനങ്ങൾക്കും ഉപരിയായി തന്നെത്തന്നെ അവിടുന്ന് പ്രതിഷ്ഠിച്ചു. അപൂർണ്ണമായവയെ അവിടുന്ന് പൂർണമാക്കി. തെറ്റായിരുന്നവയെല്ലാം അവിടുന്നൊരു നിർഭയം തിരുത്തി. താൻ യഥാർത്ഥ നിയമ ദാതാവാണെന്നും യഹോവയ്ക്കു തുല്യൻ ആണെന്നും അവിടുന്ന് തെളിയിച്ചു.
തന്റെ പ്രബോധനങ്ങളിൽ ഈശോ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ശൈലിയാണ് “സത്യമായി ഞാൻ നിങ്ങളോട് പറയുന്നു”,” സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു ” എന്നിവ.
എന്നാൽ പ്രവാചകൻമാർ ദൈവഹിതം അറിയിച്ചത് ” കർത്താവ് അരുൾ ചെയ്യുന്നു” എന്ന് പറഞ്ഞുകൊണ്ടായിരുന്നു. അതായത് ക്രിസ്തു തന്റെ തന്നെ ആധികാരികതയിലാണ് പഠിപ്പിക്കുന്നത്. തന്റെ വചനം പാലിക്കുന്നവൻ ഒരിക്കലും മരിക്കുകയില്ല”( യോഹ.8:51) എന്ന് അവിടുന്ന് തറപ്പിച്ചു പറയുന്നു. യോഹ.15:3ൽ അവിടുന്ന് ആധികാരികമായി പ്രഖ്യാപിച്ചു:” ഞാൻ നിങ്ങളോട് പറഞ്ഞ വചനം നിമിത്തം നിങ്ങൾ ശുദ്ധിയുള്ളവരായിരിക്കുന്നു “. അവിടുത്തെ വചനം ദൈവത്തിന്റെ വചനമാണെന്ന്, അവിടുന്ന് സത്യദൈവമാണ് എന്ന് സാരം.
വീണ്ടും ഈശോമിശിഹാ പ്രഖ്യാപിക്കുന്നു :” ഞാൻ പൂർത്തിയാക്കാനായി പിതാവ് എന്നെ ഏൽപ്പിച്ച ജോലികൾ ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ തന്നെ – പിതാവാണ് എന്നെ അയച്ചതെന്ന് സാക്ഷ്യപ്പെടുത്തുന്നു (യോഹ.5:36).