ലേവിയുടെ ഭവനത്തിലെ വിരുന്നിന്റെ കാര്യത്തിൽ വളരെ ശ്രദ്ധേയമായ ഒരു വസ്തുതയുണ്ട്. നിയമജ്ഞരും ഫരിസേയരും “നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷണത്തിന് ഇരിക്കുന്നതെന്തുകൊണ്ട് എന്ന് ചോദിച്ചത് ഈശോയുടെ ശിഷ്യരോട് ആണ്. എന്നാൽ ഇതിന് ഉത്തരം നൽകുന്നത് ഈശോ തന്നെയാണ്. അതുകൊണ്ട് ഇപ്പോൾ ശ്രദ്ധ ലേവിയിൽ നിന്ന് ഈശോയിലേക്ക് ആകുന്നു. അവിടുത്തെ മറുപടിക്ക് രണ്ടു ഭാഗങ്ങളുണ്ട് (1) ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെ കൊണ്ട് ആവശ്യം. ദൈവപുത്രനും മനുഷ്യപുത്രനായ മിശിഹാ ഇവിടെ ‘വൈദ്യന്റെ’ റോളിലാണ്. ആരോഗ്യമുള്ളവർ എന്ന് അവിടുന്ന് വിശേഷിപ്പിക്കുന്നത് നീതിമാന്മാരെ യാണ്; പാപികളാണ് രോഗികൾ. നഷ്ടപ്പെട്ട പോയതിനെ അന്വേഷിച്ച് കണ്ടെത്തുന്നവനാണ് ഈ വൈദ്യൻ!( ലൂക്ക 19 :10 ). ഇതിനായി അയക്കപ്പെട്ടവൻ ആണ് അവിടുന്ന്. ലേവി( മത്തായി)യുടെ ഭവനത്തിൽ അവിടുന്ന് സ്വതസിദ്ധമായ രീതിയിൽ ചികിത്സ നടത്തുകയായിരുന്നു ഈശോ. താൻ രോഗിയാണെന്നും തനിക്ക് ചികിത്സ വേണ്ടവനാണെന്നുമുള്ള ആവശ്യ ബോധം, തീർച്ചയായും, രോഗിക്കുണ്ടായിരിക്കണം.
തന്റെ മറുപടിയുടെ രണ്ടാം ഭാഗത്ത്ഈശോ തന്റെ ദൗത്യം, ആഗമനോദ്യേശ്യം വെളിപ്പെടുത്തുന്നു ; ഒപ്പം ആദ്യഭാഗത്ത് പറഞ്ഞതിന്റെ സാരവും.
” ഞാൻ വന്നിരിക്കുന്നത് പാപികളെ പശ്ചാത്താപത്തിലേക്ക് ക്ഷണിക്കാനാണ്”( ലൂക്കാ.5: 31 ). ‘പശ്ചാത്താപത്തിലേക്ക് ‘എന്ന് ലൂക്കാ മാത്രമേ എടുത്തു പറയുന്നുള്ളൂ. ചുങ്കക്കാരൻ മത്തായിയും തുല്യരായ വരെയും തന്നെയാണ് സമാഗതമായ ദൈവരാജ്യം പ്രഘോഷിക്കുന്നതിൽ തന്റെ പങ്കുക്കാരാക്കാൻ ഈശോ ക്ഷണിക്കുന്നത്. അവർ പുതിയ സൃഷ്ടിയായി എങ്കിലേ മറ്റുള്ളവരെ പുതിയ സൃഷ്ടി ആക്കാൻ ക്രിസ്തു ശിഷ്യർക്കു കഴിയൂ.
യഹൂദരുടെ ഇടയിലും ചുറ്റുപാടും അധാർമികതയുടെയും ചൂഷണത്തിന്റെയും ഈറ്റില്ല ങ്ങളായിരുന്ന കുറെ വ്യവസ്ഥാപിത സംവിധാനങ്ങൾ ഉണ്ടായിരുന്നു. ഇവയ്ക്കെതിരെ ആഞ്ഞടിക്കാനും ഈശോ തന്റെ ദൈവാധികാരം ശക്തമായി ഉപയോഗിച്ചു. നാലു സുവിശേഷകൻമാരും രേഖപ്പെടുത്തിയിരിക്കുന്ന ഈശോ നടത്തിയ ദേവാലയ ശുദ്ധീകരണം ഇതിന് മകുടോദാഹരണമാണ്. വത്സല ശിഷ്യന്റെ വിവരണം തന്നെ പരിശോധിക്കാം.
യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ യേശു ജറൂസലെമിലേക്കു പോയി.
കാള, ആട്, പ്രാവ് എന്നിവ വില്‍ക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും ദേവാലയത്തില്‍ അവന്‍ കണ്ടു.
അവന്‍ കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ആടുകളോടും കാളകളോടുംകൂടെ ദേവാലയത്തില്‍നിന്നു പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്‌തു.
പ്രാവുകളെ വില്‍ക്കുന്നവരോട് അവന്‍ കല്‍പിച്ചു: ഇവയെ ഇവിടെനിന്ന് എടുത്തുകൊണ്ടു പോകുവിന്‍. എന്റെ പിതാവിന്റെ ആലയം നിങ്ങള്‍ കച്ചവടസ്‌ഥലമാക്കരുത്.
അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്‌ഷ്‌ണത എന്നെ വിഴുങ്ങിക്കളയും എന്നെഴുതപ്പെട്ടിരിക്കുന്നത് അപ്പോള്‍ അവന്റെ ശിഷ്യന്‍മാര്‍ അനുസ്‌മരിച്ചു.
യഹൂദര്‍ അവനോടുചോദിച്ചു: ഇതു ചെയ്യുവാന്‍ നിനക്ക് അധികാരം ഉണ്ടെന്നതിന് എന്തടയാളമാണ് നീ ഞങ്ങളെ കാണിക്കുക?
യേശു മറുപടി പറഞ്ഞു: നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്‌ധരിക്കും.
യഹൂദര്‍ ചോദിച്ചു: ഈ ദേവാലയം പണിയുവാന്‍ നാല്‍പത്താറു സംവത്‌സരമെടുത്തു. വെറും മൂന്നു ദിവസത്തിനകം നീ അതു പുനരുദ്‌ധരിക്കുമോ?
എന്നാല്‍, അവന്‍ പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെപ്പറ്റിയാണ്.
അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടപ്പോള്‍, അവന്റെ ശിഷ്യന്‍മാര്‍ അവന്‍ ഇതു പറഞ്ഞിരുന്നുവെന്ന് ഓര്‍മിക്കുകയും അങ്ങനെ, വിശുദ്‌ധ ലിഖിതവും യേശു പ്രസ്‌താവിച്ചവച നവും വിശ്വസിക്കുകയും ചെയ്‌തു.
പെസ ഹാത്തിരുനാളിന് അവന്‍ ജറുസലെമിലായിരിക്കുമ്പോള്‍ പ്രവര്‍ത്തി ച്ചഅടയാളങ്ങള്‍ കണ്ട് വളരെപ്പേര്‍ അവന്റെ നാമത്തില്‍ വിശ്വസിച്ചു.
യേശുവാകട്ടെ അവരെ വിശ്വസിച്ചില്ല. കാരണം, അവന്‍ അവരെയെല്ലാം അറിഞ്ഞിരുന്നു.
മനുഷ്യനെപ്പറ്റി ആരുടെയും സാക്‌ഷ്യം അവന് ആവശ്യമായിരുന്നില്ല; മനുഷ്യനിലുള്ളത് എന്താണെന്ന് അവന്‍ വ്യക്‌തമായി അറിഞ്ഞിരുന്നു.
യോഹന്നാന്‍ 2 : 13-25
യഹൂദരുടെ പെസഹാ തിരുനാൾ അടുത്തിരുന്ന സന്ദർഭത്തിൽ ഈശോ ജെറുസലേമിലേക്ക് പോയതും ജെറുസലേം ദേവാലയം ശുദ്ധീകരിച്ചതും തന്റെ ശരീരമാകുന്ന ദൈവത്തെപ്പറ്റി പരമപ്രധാനമായ വെളിപ്പെടുത്തൽ നടത്തിയതും വിശദീകരിക്കുന്ന സുപ്രധാന വചന ശകലം ആണ് മേലുദ്ധരിക്കുന്നത്. ഈ പ്രക്രിയയിലൂടെ കർത്താവ് തന്റെ ദൈവത്വവും പ്രവാചകത്വവും ആണ് വെളിപ്പെടുത്തുക. പ്രവാചകന്മാരുടെ കടന്നുവരവ് രക്ഷാ ചരിത്രത്തിൽ സവിശേഷ ശ്രദ്ധകർഷിക്കുന്നതാണ്. അവരുടെയും മറ്റുള്ളവരുടെയും ഹൃദയ പരിശുദ്ധിയിൽ ശ്രദ്ധിക്കാൻ സർവ്വശക്തൻ അവരെ ഉത്ബോധിപ്പിച്ചിരുന്നു. ആരാധനാ ബാഹ്യതലത്തിൽ ഒതുങ്ങി പോകാതെ, അതിനെ ശുദ്ധീകരിച്ച്, ആന്തരികമാക്കുക പ്രവാചകദൗത്യമായി പഴയനിയമം അവതരിപ്പിക്കുന്നു.
ഇവിടെ ദൈവാലയത്തെയും ആരാധനയും പവിത്രീകരിച്ചെടുക്കുന്നത് ദൈവപുത്രനായ (ദൈവമായ)ഈശോ തന്നെയാണ്. ജെറുസലേം ദേവാലയത്തിന്റെ പരിശുദ്ധിക്ക് കളങ്കം വരുത്തുന്ന വിധത്തിലുള്ള ക്രയവിക്രയങ്ങൾ ദേവാലയത്തിനു ഉള്ളിൽ പരസ്യമായി നടന്നിരുന്നത്. ഈ അനീതിയോടാണ് അവിടുന്ന് ഇത്ര ശക്തമായി പ്രതികരിച്ചത്. പ്രവാചക പ്രതിഷേധവും ഈശോയുടെ പ്രതികരണത്തിൽ ഉണ്ട്.