മശിഹാ രാജാവ്
തോറ (കർത്താവിന്റെ നിയമം )യാണ് പ്രഥമ സങ്കീർത്തനത്തിന്റെ പ്രമേയം. മിശിഹാ യാണ് ദ്വിതിയ സങ്കീർത്തനത്തിന്റെ കാതൽ. 2, 18, 20, 21, 45, 72, 89,101, 110, 132, 144, ഇവ രാജകീയ സങ്കീർത്തനങ്ങൾ എന്ന് അറിയപ്പെടുന്നു. ഒന്നും രണ്ടും സങ്കീർത്തനങ്ങൾ സൂചകാത്മകങ്ങളാണ്. ഒന്നിന്റെ പ്രഥമ ലൈനും രണ്ടിന്റെ അവസാന ലൈനും ആരംഭിക്കുന്നത് ഭാഗ്യവാൻ എന്ന പദം കൊണ്ടാണ്. തുടർന്ന് ഏതാണ്ട് തുടർച്ചയായി നാം കാണുന്ന തലക്കെട്ടുകൾ ആദ്യ രണ്ട് സങ്കീർത്തനങ്ങൾക്കില്ല. നിയമത്തിന്റെയും മിശിഹായുടെയുടെയും വെളിച്ചത്തിലും പശ്ചാത്തലത്തിലും വേണം ഇതര സങ്കീർത്തനങ്ങൾ വിലയിരുത്തേണ്ടതെന്നു സൂചന.
ഈ സങ്കീർത്തനത്തിലെ ഒരു നാടകീയത ഉണ്ട്. ഏതാണ്ട് നാല് രംഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു നാടകീയ കാവ്യമായി ഇതിനെ അനായാസം ചിട്ടപ്പെടുത്താവുന്നതാണ്.
പ്രഥമ രംഗം (വാക്യം 1 -3 ) അവതരിപ്പിക്കുന്നത് കർത്താവിനും അഭിഷിക്തനും എതിരെ കലഹിക്കുന്ന ഭൂമിയിലെ രാജാക്കന്മാരെയും ഇതര ഭരണാധിപന്മാരെയും ആണ്. കർത്താവും അഭിഷിക്തനും( യഹൂദ രാജാവ് ) വച്ച വിലങ്ങുകളും ചങ്ങലകളും പൊട്ടിക്കുകയാണ് അവരുടെ ലക്ഷ്യം. ഒന്നാം സങ്കീർത്തനത്തിന്റെ പശ്ചാത്തലത്തിൽ ഊഹിച്ച് എടുക്കാവുന്നത് കർത്താവിന്റെ നിയമമാണു വിലങ്ങുകളും ചങ്ങലകളും എന്നാണ്.
ഒന്നാം സങ്കീർത്തനത്തിൽ നീതിമാൻ, രാപ്പകൽ,നിയമം( തോറ) ധ്യാനിക്കുമ്പോൾ (1:2) ഇവിടെ തകൃതിയായി നടക്കുന്നത് ഗൂഢാലോചനയും കൂടിയാലോചനയും ഒക്കെയാണ്. കർത്താവിന്റെ നിയമം സ്വമനസ്സാൽ സീകരിച്ച്, അഭ്യസിക്കുന്നവന് അതു ആനന്ദാ മൃതമാവുന്നു( 1 :2, 19 :8, 40: 8, 119 77 ). അവന് അത് പൊന്നിനെയും തങ്കത്തെയുംകാൾ അഭികാമ്യമാണ് ( 19 :10; 119 :72, 127 ). അത് അവന് തേനിനും തേങ്കട്ടയിലുംകാൾ മധുരതരവും ആണ് (19 :10; 119 :103). ഈശോ പറയുന്നത്: “എന്റെ നുകം (കൽപ്പനകൾ) വഹിക്കാൻ എളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ് “( മത്താ 11 :30 ) എന്നും.
എന്നാൽ പ്രബോധനം (കർത്താവിന്റെ നിയമം) ഇഷ്ടപ്പെടാത്തവർക്കു അത് പൊട്ടിക്കാൻ ആവാത്ത ചങ്ങലയും വിലങ്ങും ആണ്.അവർ മുറുമുറുക്കുന്നു. കർത്താവിന്റെ ഹിതത്തിനെതിരെ അവർ മുഷ്ടിചുരുട്ടി, ആക്രോശിച്ചു ജീവിതം നരകതുല്യം ആകുന്നു.
ദ്വിതീയ രംഗം (വാക്യം 4, 5 ) ചിത്രീകരിക്കുന്നത് കർത്താവിന്റെ പ്രതികരണമാണ്. അവിടുത്തെ ചിരിയും ക്രോധവും “സ്വർഗ്ഗത്തിൽ ഇരിക്കുന്നവൻ” എന്ന പ്രയോഗം അവിടുത്തെ ഔന്നത്യവും സമരക്കാരുടെ പാപ്പരത്വം വ്യക്തമാക്കുന്നു. അവരെ തകർക്കുകയല്ല, തന്റെ അഭിഷിക്തനെസ്ഥാനൗന്നത്യത്തെ അവർക്ക് ബോധ്യപ്പെടുത്തുകയാണ് അവിടുത്തെ ലക്ഷ്യം. ” എന്റെ വിശുദ്ധ പർവതം എന്ന്സീയോനെയും ജെറുസലേം അഭിഷിക്തനെ “എന്റെ രാജാവ്” എന്നും വിളിക്കുക വഴി യൂദാ രാജത്വവും ജറുസലേം ദൈവാലയം ദൈവ സ്ഥാപിതമാണ് എന്ന മഹാ സത്യവും അരക്കിട്ടുറപ്പിക്കുന്നു.
തൃതീയ രംഗം( വാക്യം 7 -9 )അഭിഷിക്തന്റെ വിളംബരം. ഇവിടെ അഭിഷിക്തൻ തന്നെ രംഗപ്രവേശനം ചെയ്യുന്നു. തന്റെ ആധികാരികത വെളിപ്പെടുത്തുകയാണ് ലക്ഷ്യം. ഇസ്രായേലിലെ ഒരു പതിവായിരുന്നു രാജാഭിഷേകം നടക്കുമ്പോൾ നിയുക്ത രാജാവിന്റെ കയ്യിൽ അധികാരപത്രം നൽകുക എന്നത് ( 2 രാജാ. 11: 12 ). ആ കൽപ്പന ആയിരിക്കണം ഇവിടെ വിവക്ഷ. മൂന്ന് കാര്യങ്ങളായിരുന്നു അതിലെ ഉള്ളടക്കം.
1. സ്ഥാനാരോഹണ ത്തോടെ അദ്ദേഹം ദൈവപുത്രനായി തീരുന്നു ( ഉദാ. 2 സാമുവൽ 7 :14, സങ്കീ. 89 :26- 28 )
2. രാജാവ് പ്രാർത്ഥിച്ചാൽ, ജനതകൾ അവന് അവകാശമായി തീരും (സങ്കീ. 89:25).
3. രാജാവ് ശത്രുസംഹാരം നടത്തും (സങ്കീ. 89:23).
ചതുർരംഗം( വാക്യം 10 -12 ) പ്രശ്നകാർക്ക് ഉപദേശം: ഇവിടെയാണ് സങ്കീർത്തകൻ രംഗപ്രവേശം ചെയ്യുക. രാജാക്കന്മാർക്കും ഭരണാധികാരികൾക്കും ഉള്ള ഉപദേശവും ആയാണ് അദ്ദേഹം ആഗതൻ ആവുന്നത്. (1) രാജാക്കന്മാർ വിവേകമുള്ളവർ ആവണം. (2) ഭരണാധിപന്മാർ തിരുത്തൽ സ്വീകരിക്കണം.
ഒരു കപ്പ് വിവേകം, ഒരു വീപ്പ സ്നേഹം, ഒരു സാഗരം ക്ഷമ, വിശുദ്ധ സാലസ് നൽകുന്ന വിജയമന്ത്രം!
രണ്ടാം വാക്യം കീറാമുട്ടി പോലെ തോന്നാം. എങ്ങനെയാണ് ‘വിറയലോടെ സന്തോഷിക്കുക ‘. ദൈവത്തിന്റെ പുത്രനാണ് രാജാവ്. ദൈവഭയം ഉള്ളവർക്ക് ദൈവം വായിക്കുന്ന രാജാവിനെ കണ്ട സന്തോഷിച്ചു ആഹ്ലാദിക്കുക വിഷമമാവില്ല. രാജാവിനെ ചുംബിക്കുന്നത് അവന്റെ അധികാരം അംഗീകരിക്കുന്നത് അടയാളമാണ്.
മശിഹാ രഹസ്യ ത്തിന്റെ കാമ്പും കഴമ്പും പുത്രാത്വവബോധമാണ്. തന്റെ പുത്രത്വവബോധത്തിൽ ഈശോ എപ്പോഴും അചഞ്ചലനായി ആയിരുന്നു ( ലൂക്കാ 2 :49 യോഹന്നാൻ 20: 17 ). മാമോദിസ, രൂപാന്തരീകരണ വേളകളിൽ പിതാവ് തന്നെ സങ്കീ.2: 7 ഈശോയുടെ വ്യക്തിത്തസവിശേഷതയായി പ്രഖ്യാപിച്ചു വല്ലോ. ഈശോയുടെ അനിഷേധ്യവുമായ പുത്രത്വവബോധത്തെ ഉലയ് ക്കുകയായിരുന്നു സാത്താന്റെ നിഗൂഢ ലക്ഷ്യം . ” നീ ദൈവപുത്രൻ ആണെ ങ്കിൽ…. ” എന്ന വെല്ലുവിളി ആയിരുന്നല്ലോ മരുഭൂമിയിൽ സാത്താൻ തൊടുത്തുവിട്ടത്. ഈശോയ്ക്ക് തെല്ലെങ്കിലും ചാഞ്ചാട്ടം ഉണ്ടായിരുന്നെങ്കിൽ മരുഭൂമി,ബേക്കറി ആയി രൂപാന്തരപ്പെടുമായിരുന്നു!. പാരച്യൂട്ടിൽ അവിടുന്ന് പറന്ന് ഇറങ്ങേണ്ട അവസ്ഥയും ഉണ്ടാകുമായിരുന്നു. തീരുമാനം ഒരു കമ്മറ്റിക്ക് വിട്ടുകൊടുക്കാം എന്നൊരു നീക്കുപോക്കിനെങ്കിലും ഈശോ നിർബന്ധിതനു മായേനെ! യഥാർത്ഥത്തിൽ ദൈവപുത്രനു മാത്രം അനുവർത്തിക്കാവുന്ന തന്റെടമാണ് ഈശോ വെളിപ്പെടുത്തിയത്. ” സാത്താനെ നീ ദൂരെ പോവുക…. “( മത്തായി 4: 10 ).
പിതൃഹിതപ്രാപ്തിയുടെ നിമിഷത്തിൽ (കുരിശുമരണം -” എന്റെ സമയം”) (യോഹ. 2 :4) ഈശോ പരാമർശിക്കുന്നത് പോലും “നീ ദൈവപുത്രൻ ആണെങ്കിൽ….”എന്ന സാത്താന്റെ പഴയ പല്ലവി ആവർത്തിക്കപ്പെട്ടു. അലറി വിളിച്ചു, കരഞ്ഞു മരിച്ചു കൊണ്ട്, തന്റെ പിതൃഹിതപ്രാപ്തി, സംശയാതീതമാംവിധം ഈശോ തെളിയിക്കുകയും ചെയ്തു. ഇതിനു ദൃക്സാക്ഷിയായി ആയിരുന്നു ശതാധിപൻ ഉച്ചൈസ്തരം ഉദ്ഘോഷിച്ചു :
” സത്യമായും ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു ” ( മർക്കോ.15:39).