നിരവധി മതാചാര്യന്മാരും ഗുരുക്കന്മാരും പ്രവാചകന്മാരും ലോകത്തിൽ ഉണ്ടായിട്ടുണ്ട്. എങ്കിലും ശത്രു സ്നേഹം എന്ന ആശയം ലോകത്തിന് സമ്മാനിച്ചത് ഈശോമിശിഹാ മാത്രമാണ്. അങ്ങനെ സ്നേഹം ക്രിസ്തീയതയുടെ അന്തസത്തയാണെന്ന സത്യം അവിടുന്ന് അരക്കിട്ടുറപ്പിച്ചു. ഈ സ്നേഹം ജീവിത പ്രമാണമായി സ്വീകരിച്ചിരിക്കുന്നവനാണ് യഥാർത്ഥ ക്രിസ്തു ശിഷ്യൻ.
” നിങ്ങൾക്ക് പരസ്പരം സ്നേഹമുണ്ടെങ്കിൽ ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരംസ്നേഹിക്കുവിൻ. നിങ്ങൾക്ക് പരസ്പരം സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യരാണെന്ന് അത് മൂലം എല്ലാവരും അറിയും. “(യോഹ.3:25). ആത്മാർത്ഥമായി സത്യസന്ധമായി സ്നേഹിക്കാത്തവന് യഥാർത്ഥ ക്രിസ്തു ശിഷ്യനായിരിക്കുക അസാധ്യം. ഉറപ്പ്. അവ്വിധമുള്ള സ്നേഹം പരിപൂർണ്ണമായി പ്രകടമാകുന്നത് ആത്മബലിയിലൂടെയാണ്. ” ഒരുവൻ സ്വസഹോദരന് വേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല”.
ക്രിസ്തുനാഥൻ ധാർമികതയെ സ്നേഹത്താൽ മകുടമണിയിച്ചു പൂർത്തീകരിച്ചു. ഇനിമുതൽ സ്നേഹപൂർണ്ണതയിലെത്താത്ത ധാർമിക നിയമങ്ങൾ അപൂർണ്ണങ്ങളെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഈ യാഥാർഥ്യത്തിന്റെ മറ്റൊരു മാനമായിവേണം രാജാധിരാജനും കർത്താധി കർത്താനുമായ യേശു തമ്പുരാന്റെ സുവർണ്ണ നിയമം.
“മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്ക് ചെയ്തുകൊടുക്കുവിൻ (മത്താ. 7 :12.)അങ്ങനെ ക്രിസ്തു വിലൂടെ യഥാർത്ഥ സ്നേഹമെന്തെന്നു കേൾക്കാൻ ലോകത്തിനിടയായി.
സകലരെയും സ്നേഹിക്കാൻ പഠിപ്പിച്ച മഹാഗുരുവാണ് മിശിഹാ.യഥാർത്ഥ ദൈവിക സ്നേഹമാണ് അവിടുന്ന് പഠിപ്പിച്ചത്. സർവ്വ ജ്ഞാനമായ ദൈവത്തിനു മാത്രമേ സ്നേഹത്തേക്കുറിച്ച് അധികാരികമായി പഠിപ്പിക്കാനാവൂ. കാരണം, ദൈവം സ്നേഹമാണ് എന്നതു തന്നെ. യഥാർത്ഥ സ്നേഹത്തിന്റെ സാരസത്തയാണ് കാൽവരിയിലെ സ്നേഹയാഗം. കുമാരനാശാൻ ശരിയായിത്തന്നെ പാടി
“സ്നേഹത്തിൽ നിന്നുദിക്കുന്ന ലോകം സ്നേഹത്താൽ വൃദ്ധി തേടുന്നു
സ്നേഹം താൻ ശക്തി ജഗത്തിൻ
സ്വയം -സ്നേഹം താനാനന്ദമാർക്കും”.
യഥാർത്ഥ മതം യഥാർത്ഥ സ്നേഹത്തെ പ്രകാശിപ്പിക്കുന്നതായിരിക്കും. സത്യദൈവത്തെ തിരിച്ചറിയാനുള്ള മാർഗവും സ്നേഹം മാത്രമാണ്. മിശിഹായിൽ ലോകം ദർശിച്ചത് അതുതന്നെ.