സമാധാനാശംസകൾ
ദിവ്യബലിയിൽ കാർമ്മികൻ മൂന്നുപ്രാവശ്യം ആരാധനാ സമൂഹത്തിനു സമാധാനം ആശംസിക്കുന്നു ഉണ്ട്. സുവിശേഷ ഗ്രന്ഥം ഉപയോഗിച്ചു കാർമ്മികൻ സമൂഹത്തിന് സമാധാനം ആശംസിക്കുന്നതാണ് ഒന്നാമത്തേത്. പരസ്യജീവിതകാലത്ത് അനേകർക്ക് സമാധാനം പ്രദാനം ചെയ്ത, ഉത്ഥാനാ ന്തരം ശിഷ്യന്മാർക്ക് സമാധാനം അരുളിയ കർത്താവു തന്നെയാണ് ഇന്നും നമുക്ക് സമാധാനം നൽകുന്നത്. കാരണം സുവിശേഷ ഗ്രന്ഥം മനുഷ്യനായി അവതരിച്ച ഈശോയുടെ തന്നെ പ്രതീകമാണ്.
രണ്ടാമതായി അനാഫൊറയുടെ ആരംഭത്തിൽ, മിശിഹായുടെ സിംഹാസനത്തിന്റെയും കബറിടത്തിന്റെയും പ്രതീകമായ ബലി പീഠം ചുംബിച്ച് അവിടെനിന്നും സമാധാനം സ്വീകരിച്ചശേഷം, കർമ്മികൻ ആ സമാധാനം ആരാധന സമൂഹത്തിനും ആശംസിക്കുന്നു. ശുശ്രൂഷി കാർമ്മികനിൽ നിന്ന് ഏറ്റുവാങ്ങുന്ന സമാധാനം സമൂഹത്തിനും കൈമാറുന്നു.
ആധുനിക ലോകത്തിലെ ഏറ്റം വലിയ പ്രശ്നം പാപബോധം ഇല്ലായ്മയാണ്.പാപബോധം ഇല്ലാത്തത് ദൈവചിന്ത ഇല്ലാത്തതുകൊണ്ടാണ്. ഇത് അരാജകത്വവും അസമാധാനവും സൃഷ്ടിക്കുന്നു. ഇന്ന് മാനവ ഹൃദയങ്ങളിൽ സമാധാനമില്ല. തന്മൂലം കുടുംബങ്ങളിൽ സമാധാനം ഇല്ല. സമാധാന രാജാവായ ഈശോയ്ക്ക് മാത്രമേ മാനവഹൃദയങ്ങളിലും തദ്വാരാ കുടുംബങ്ങളിലും ലോകത്തുതന്നെയും സമാധാനം സംസ്ഥാപിക്കാനാവൂ. അവിടുന്ന് ഇതു സാധിക്കുന്നത് പിതാവിന്റെയും തന്റെയും ആത്മാവായ പരിശുദ്ധാത്മാവ് വഴിയാണ്.
വിശുദ്ധ കുർബാന സ്വീകരണത്തിന് മുമ്പാണ് മൂന്നാമത്തെ സമാധാനാശംസ നൽകുന്നത്. വിശുദ്ധ കുർബാന സ്വീകരണം വിശുദ്ധിയോടെ ആയിരിക്കണമെന്ന് കാർമ്മികൻ തുടർന്ന് ഉദ്ബോധിപ്പിക്കുന്നു. ഇതും നമ്മൾ മുമ്പ് പരാമർശിച്ചിട്ടുള്ളതാണ് .
വിശുദ്ധിയോടെ മാത്രം
ദൈവം പരമ പരിശുദ്ധനാകയാൽ അവിടുത്തെ സമീപിക്കുന്നവർക്കും വിശുദ്ധി ഉണ്ടാകണം. ഈ ലോകത്തിലെ ചിന്തകളിൽനിന്നും പ്രവർത്തന രീതികളിൽനിന്നും അകന്നു നിന്ന് ദൈവികമായി ചിന്തിക്കുവാനും പ്രവർത്തിക്കുവാനും സാധിക്കുമ്പോഴാണ് ഒരുവൻ വിശുദ്ധി പ്രാപിക്കുന്നത്. ഈ ലോകത്തിന്റെ വഴികൾ സ്വാർത്ഥതയുടെയും മറ്റു എല്ലാത്തരം തിന്മകളുടെയും ആണ്. ഇതിൽ നിന്നും മാറി പരസ്പര സ്നേഹത്തിന്റെയും സഹോദരത്തിന്റെ യും പാതയിലൂടെ ചരിക്കുമ്പോൾ വിശുദ്ധ സ്ഥലത്ത് സ്വാതന്ത്ര്യത്തോടെ വ്യാപാരിക്കാനുള്ള അർഹത നമുക്കുണ്ടാകും. വിശുദ്ധിയിലേക്ക് ആണ് ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നത്.
ദൈവതിരുമുമ്പിൽ നിൽക്കുമ്പോൾ ദൈവത്തിന്റെ സ്വഭാവത്തിന് ചേർന്നവിധം വേണം നാം വ്യാപരിക്കാൻ. അവിടുന്ന് നമ്മുടെ സ്രഷ്ടാവും പരിപാലകനുമാണ്. നമ്മൾ അവിടുത്തോട് എല്ലാറ്റിനും കടപ്പെട്ടിരിക്കുന്നു. ഈ ബോധ്യത്തോടെ ദൈവസന്നിധിയിൽ വ്യാപരിക്കുന്നവർക്കുണ്ടാകുന്ന വികാരങ്ങളാണ് ഭക്തി, ശ്രദ്ധ, വിശുദ്ധി എന്നിവ.അതുകൊണ്ടാണ് കാർമ്മികൻ ഇപ്രകാരം പ്രാർത്ഥിക്കുന്നത്:” ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടെ അങ്ങയുടെ മുമ്പാകെ ശുശ്രൂഷ ചെയ്യാൻ ഞങ്ങളെ എല്ലാവരെയും ദയാപൂർവ്വം യോഗ്യരാക്കണമേ ” എന്ന്.ഇതിന് ദൈവത്തിന്റെ പ്രത്യേക അനുഗ്രഹവും കൃപയും ലഭിക്കേണ്ടതുണ്ട്.ഇവിടെ പ്രത്യേക പ്രാർത്ഥന അത്യന്താപേക്ഷിതമായി വരുന്നു.