സാധാരണ ദിവസങ്ങളിൽ ചൊല്ലുന്ന പ്രാർത്ഥന ഹ്രസ്വമാണ്.ഞങ്ങളുടെ കർത്താവായ ദൈവമേ, സാർവത്രികവും ശ്ലൈഹികവുമായ സഭയുടെമേൽ അങ്ങയുടെ കരുണ നിറഞ്ഞ വലംകൈ നീട്ടണമേ. ദൃശ്യവും അദൃശ്യവുമായ സകല വിപത്തുകളിലും നിന്ന് അതിനെ സംരക്ഷിക്കേണമേ. ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടെ അങ്ങയുടെ മുമ്പാകെ ശുശ്രൂഷ ചെയ്യാൻ ഞങ്ങളെല്ലാവരെയും ദയാപൂർവ്വം യോഗ്യരാക്കേണമേ.
” സാർവത്രികവും ശ്ലൈഹികവും എന്ന സഭയുടെ 2 സവിശേഷതകൾ ഏറ്റുപറഞ്ഞു കർത്താവായ ദൈവത്തോട് സഭയുടെമേൽ “തന്റെ കരുണ നിറഞ്ഞ വലം കൈ നീട്ടണമേ”( സഭയും സഭാതനയരേയും അനുഗ്രഹിക്കണമേ എന്ന യാചന യോടെയാണ് പ്രാർത്ഥന തുടങ്ങുന്നത് . കാണപ്പെടുന്നതും കാണപ്പെടാത്ത തുമായ എല്ലാ ആപത്തുകളിൽ നിന്നും അതിനെ കാത്തുപരിപാലിക്കണമേ എന്ന് യാചനയും ഏറെ പ്രധാനമാണ്. എങ്ങനെ തിരുമുൻപാകെ ശുശ്രൂഷ ചെയ്യണമെന്നും ആ മനോഭാവങ്ങൾ കൃത്യമായി പാലിക്കാനുള്ള അനുഗ്രഹവും എല്ലാവർക്കും നൽകണമെന്നും തുടർന്നു കാർമ്മികൻ പ്രാർത്ഥിക്കുന്നു. പരമപ്രധാനമായ 3 മനോഭാവങ്ങൾ ആണ് എടുത്തു പറഞ്ഞിരിക്കുന്നത്. ഭക്തി,ശ്രദ്ധ,വിശുദ്ധി, ഇവ എത്രയധികം അർപ്പകനുണ്ടോ അത്രയധികം അനുഗ്രഹ പ്രദമായി ആയിരിക്കും ബലിയർപ്പണം ആ വ്യക്തിക്ക്.
കാർമ്മികൻ നിവർന്ന് നിന്ന് ഉയർന്ന സ്വരത്തിൽ ചൊല്ലുന്ന അടുത്ത പ്രാർത്ഥന ജീവിതകാലം മുഴുവൻ അർപ്പകർക്കുണ്ടായിരിക്കേണ്ട മനോഭാവങ്ങൾ ഊന്നിപ്പറയുന്നു.
കരുണാനിധിയായ ദൈവമേ, ഞങ്ങൾ എല്ലാവരും ഒന്നുചേർന്ന് ഞങ്ങളെ അങ്ങുമായി രമ്യപ്പെടുത്തുന്ന നീതിയുടെ പ്രവർത്തികളാൽ ജീവിതകാലം മുഴുവനും അങ്ങയെ യഥോചിതം പ്രീതിപ്പെടുത്താൻ ഞങ്ങളെ അനുഗ്രഹിക്കണമേ. അങ്ങേയ്ക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കാൻ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യണമേ . പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
ഈ പ്രാർത്ഥനയിൽ ദൈവത്തെ കാർമികൻ അഭിസംബോധന ചെയ്യുന്നത് കരുണാനിധി എന്നാണ്. ദൈവം കലർപ്പില്ലാത്ത കരുണ യാണെന്നും, ദൈവം (പിതാവ്) “കരുണ യുള്ളവൻ ആയിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവർ ആയിരിക്കുവിൻ ” എന്ന കരുണാമയനായ കർത്താവിന്റെ വ്യക്തവും ശക്തവുമായ നിർദ്ദേശം നമുക്ക് ഓർക്കാം. ഒരുമയോടെ (ഒന്നുചേർന്ന്,ഒരു മനസ്സോടെ) ബലിയർപ്പിക്കേണ്ടതിന്റെ ആവശ്യകത സഭ നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു. നമ്മെ ദൈവവുമായി വീണ്ടും രമ്യ പെടുത്തുന്നത് ( ഐക്യ പ്പെടുത്തുന്നത്, സ്നേഹത്തിൽ ഒന്നാകുന്നത് ) നീതിയുടെ പ്രവർത്തികൾ ആണ്. അനീതി പ്രവർത്തിക്കുന്നവർക്ക് അഗ്നി തടാകം (നരകം ).ഇതാ, ഞാന്‍ വേഗം വരുന്നു. എന്റെ സമ്മാനവും ഞാന്‍ കൊണ്ടുവരുന്നുണ്ട്. ഓരോരുത്തര്‍ക്കും സ്വന്തം പ്രവൃത്തികള്‍ക്കനുസൃതം പ്രതിഫലം നല്‍കാനാണു ഞാന്‍ വരുന്നത്.ഞാന്‍ ആല്‍ഫയും ഒമേഗയുമാണ് – ഒന്നാമനും ഒടുവിലത്തവനും – ആദിയും അന്തവും.ജീവന്റെ വൃക്ഷത്തിന്മേല് അവകാശം ലഭിക്കാനും കവാടങ്ങളിലൂടെ നഗരത്തിലേക്കു പ്രവേശിക്കാനും തങ്ങളുടെ അങ്കികള്‍ കഴുകി ശുദ്ധിയാക്കുന്നവര് ഭാഗ്യവാന്മാര്.വെളിപാട് 22 : 12-14
ജീവിതകാലം മുഴുവൻ നീതി യുടെ പ്രവർത്തികൾ ചെയ്ത ദൈവത്തെ യഥോചിതം പ്രീതിപ്പെടുത്താനുള്ള കൃപ എല്ലാവർക്കും ലഭിക്കാനും ആണ് പ്രാരംഭ ഭാഗത്ത് പ്രാർത്ഥിക്കുന്നത്. ത്രിത്വൈക ദൈവത്തിനു സ്തുതിയും ബഹുമതിയും കൃതജ്ഞതയും ആരാധനയും നിരന്തരം സമർപ്പിക്കേണ്ടത് അതിനുള്ള കൃപയും കാർമ്മികൻ തുടർന്ന് യാചിക്കുന്നു.
ദൈവവുമായി ഹൃദയിക്യത്തിൽ ആവുക,അവിടുത്തെ ഹിതം അനുനിമിഷം നിറവേറ്റുക, സ്നേഹിക്കുക, നന്ദി പറയുക,അവിടുത്തെ മഹത്വപ്പെടുത്തുക,ആരാധിക്കുക, സ്തോത്രം ചെയ്യുക, പുകഴ്ത്തുക, വാഴ്ത്തുക, കീർത്തിക്കുക,പ്രകീർത്തിക്കുക, ഏറ്റുപറയുക (സർവ്വസവുമായി) എല്ലാം ഓരോ ക്രൈസ്തവന്റെയും പ്രധാന കടമകൾ ആണ്.