ക്രൈസ്തവന്റെ മുഖമുദ്രയാണ് വിശ്വാസം. സർവ്വശക്തനും കരുണാർദ്ര സ്നേഹവുമായ ദൈവത്തിന്റെ മുമ്പിലും അവിടുത്തെ പദ്ധതികളോട് മനുഷ്യൻ വെച്ച് പുലർത്തേണ്ട മനോഭാവമാണ് വിശ്വാസം. ഏശയ്യാ 7 :9 വ്യക്തമാകുന്നു :
” വിശ്വസിക്കുന്നവൻ ചഞ്ചല ചിത്തനാവുകയില്ല” എന്നു 28:16-0 വ്യക്തമാക്കുന്നു. ചരിത്രത്തെ നയിക്കുന്ന ദൈവപരിപാലനക്ക് പൂർണ്ണമായും ഒരുവനെ തന്നെ സമർപ്പിക്കുക എന്നതാണ് വിശ്വാസം കൊണ്ട് ലക്ഷ്യമാക്കുക. പ്രവാചകൻവഴി ദൈവം അരു ളി ചെയ്തിട്ടുള്ള വചനങ്ങൾ വിശ്വസിക്കുന്നതും, ദൈവത്തിൽ നിന്ന് മാത്രമേ രക്ഷ കൈവരികയുള്ളൂ എന്നും അടിയുറച്ച് വിശ്വസിക്കുന്നതും ഇതിന്റെ ഭാഗമാണ്. ” കർത്താവിനു വേണ്ടി ഞാൻ കാത്തിരിക്കും അവിടുന്നിൽ എന്റെ പ്രത്യാശ ഞാൻ അർപ്പിക്കുകയും ചെയ്യും”(ഏശയ്യ 8:17). വീണ്ടും, “ഇതാ നമ്മുടെ ദൈവം. നമ്മുടെ രക്ഷയുടെ പ്രത്യാശ നാം അർപ്പിച്ച ദൈവം. ഇതാ, കർത്താവ്! അവിടുത്തേക്ക് വേണ്ടി ആണല്ലോ നാം കാത്തിരുന്നത് “(ഏശയ്യ 25:9).. നമ്മുടെ കാത്തിരിപ്പും കർത്താവിന്റെ നമുക്കു വേണ്ടിയുള്ള കാത്തിരിപ്പും ഏകോപിപ്പിക്കുന്നഏശയ്യ 30:18ൽ കൂടി നമുക്ക് കാണാം.
” അതിനാൽ നിന്നോട് കാരുണ്യം കാണിക്കാൻ കർത്താവ് കാത്തിരിക്കുന്നു. നിന്നോട് കാരുണ്യം പ്രദർശിപ്പിക്കാൻ അവിടുന്ന് തന്നെത്തന്നെ ഉയർത്തുന്നു. എന്തെന്നാൽ, കർത്താവ് നീതിയുടെ ദൈവമാണ്. അവിടുത്തേക്ക് വേണ്ടി കാത്തിരിക്കുന്നവർ ഭാഗ്യവാന്മാർ”.
വിശ്വാസത്തിന്റെ സവിശേഷതകളായി താഴെ പറയുന്ന ഘടകങ്ങൾ ചൂണ്ടിക്കാണിക്കാവുന്നതാണ്.
- മനുഷ്യന്റെ കഴിവിലുള്ള ആശ്രയം ഉപേക്ഷിക്കുക.
- സ്വന്തം കഴിവുകേടിനെ എളിമയോടെ ഏറ്റുപറയുക.
- സ്വന്തം ബുദ്ധിയിലും വിവേകത്തിലും അമിതമായി ആശ്രയിക്കാതെ ഇരിക്കുക.
- മാനുഷിക കണക്കുകൂട്ടലുകൾക്ക് അപ്പുറം പോകാനും ചിന്തിക്കാനും കഴിയുക.
- മനുഷ്യനിൽ ആശ്രയിക്കാതെ ദൈവത്തിന്റെ പദ്ധതിക്ക് സ്വയം വിട്ടുകൊടുക്കുക.
വീരോചിതമായ ഒരു തീരുമാനം ഇവിടെ അത്യാവശ്യമാണ്. വിശ്വാസത്തിന്റെ രാഷ്ട്രമീമാംസ (Politics of faith ) ഉപദേശിച്ച പ്രവാചകനാണ് ഏശയ്യ.
” വിശ്വസിച്ചില്ലെങ്കിൽ നീ നിലനിൽക്കുകയില്ല” എന്നതാണ് പ്രവാചകന്റെ നിലപാട്.
ദൈവത്തിന് ഒരു പദ്ധതിയുണ്ട് എന്നത് ദൈവ സ്നേഹത്തിന്റെ ഈ പ്രവാചകന്റെ അലംഖ്യമായ ബോധ്യമാണ്. ദൈവത്തിന്റെ അനന്ത ജ്ഞാനത്തിന്റെയും അതിശയകരമായ പരിപാലനയുടെയും ഫലമാണ് ഈ പദ്ധതി. ” അവിടുത്തെ ഉപദേശം വിസ്മയനീയവും ജ്ഞാന മഹോന്നതവുമാണ് ” (ഏശയ്യ 28:29).
ജെർറമിയയിലൂടെ ദൈവം തന്റെ പദ്ധതിയെക്കുറിച്ച് വ്യക്തമായി സംസാരിക്കുന്നുണ്ട്. “നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിൽ ഉണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണ്. നിങ്ങൾക്ക് ശുഭമായ ഭാവിയും പ്രത്യാശയും നൽകുന്ന പദ്ധതി” (29:11). ദൈവത്തിന്റെ രക്ഷാകരമായ പദ്ധതി വിളിച്ചറിയിക്കുന്ന ജെർമിയ 29: 11 -12 വിശുദ്ധ ഗ്രന്ഥത്തിലെ തന്നെ ഏറ്റവും ഹൃദ്യമായ തിരുവാക്യങ്ങൾ ആണ്. മനുഷ്യന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന അതിനുമാത്രം രക്ഷാപദ്ധതി തയ്യാറാക്കുന്ന നല്ല തമ്പുരാനെ കുറിച്ചാണ് പ്രവാചകൻ ഈ തിരു വാക്യങ്ങളിൽ പറയുന്നത്. ” ദൈവത്തിന്റെ ശിക്ഷണനടപടികൾ എല്ലാം മനുഷ്യന്റെ രക്ഷയ്ക്ക് വേണ്ടിയുള്ള അവിടുത്തെ പദ്ധതിയുടെ ഭാഗമാണ് എന്ന സത്യം ആണ് ഇവിടെ വെളിപ്പെടുത്തുന്നത്.