ക്രിസ്തുമസ് നല്കുന്ന മഹാസന്ദേശം മനുഷ്യ വ്യക്തിത്വത്തിന് മഹാത്മ്യമാണ്. സൃഷ്ടിയുടെ മണി മുത്തായി മണി മകുടം ആയാണ് മഹോന്നതൻ അവനെ മെനഞ്ഞത്. അവിടുന്നു അവനെ ദൈവദൂതന്മാരെ കാൾ അല്പം മാത്രം താഴ്ത്തി ; മഹത്വവും ബഹുമാനവും കൊണ്ട് അവനെ മകുടം അണിയിച്ചു. യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്.സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.ഞാന്‍ നിന്റെ ദൈവമായ കര്‍ത്താവും രക്ഷകനും ഇസ്രായേലിന്റെ പരിശുദ്ധനുമാണ്. നിന്റെ മോചനദ്രവ്യമായി ഈജിപ്തും നിനക്കു പകരമായി എത്യോപ്യായും സേബായും ഞാന്‍ കൊടുത്തു.നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്കുന്നു.ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. കിഴക്കുനിന്നു നിന്റെ സന്തതിയെ ഞാന്‍ കൊണ്ടുവരും; പടിഞ്ഞാ റുനിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടും.വടക്കിനോടു വിട്ടുകൊടുക്കുക എന്നും തെക്കിനോടു തടയരുത് എന്നും ഞാന്‍ ആജ്ഞാപിക്കും. ദൂരത്തു നിന്ന് എന്റെ പുത്രന്മാരെയും ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു പുത്രി മാരെയും കൊണ്ടുവരുവിന്‍.എന്റെ മഹ ത്വത്തിനായി ഞാന്‍ സൃഷ്ടിച്ചു രൂപംകൊടുത്തവരും എന്റെ നാമത്തില്‍ വിളിക്കപ്പെടുന്നവരുമായ എല്ലാവരെയും കൊണ്ടുവരുവിന്‍.കണ്ണുണ്ടായിട്ടും കാണാതിരിക്കുകയും ചെവിയുണ്ടായിട്ടും കേള്‍ക്കാതിരിക്കുകയും ചെയ്യുന്നവരെ കൊണ്ടുവരുവിന്‍.എല്ലാ രാജ്യങ്ങളും ഒരുമിച്ചുകൂടട്ടെ; എല്ലാ ജനതകളും അണിനിരക്കട്ടെ. അവരില്‍ ആര്‍ക്ക് ഇത് പ്രഖ്യാപിക്കാനും മുന്‍കാര്യങ്ങള്‍ വെളിപ്പെടുത്താനും കഴിയും? തങ്ങളെന്യായീകരിക്കാന്‍ അവര്‍ സാക്ഷികളെ കൊണ്ടുവരട്ടെ! അവര്‍ ഇതു കേള്‍ക്കുകയും സത്യമാണെന്നു പറയുകയും ചെയ്യട്ടെ!ഏശയ്യാ 43 : 1-9
“സ്വന്തം വാളാൽ സ്വയം വെട്ടി മരിച്ചിട്ടു” പോലും (ഉൽഭവപാപം മൂലം) അവനെ വീണ്ടും ദൈവപുത്രനും പറുദീസയ്ക്ക് അവകാശിയുമാക്കാൻ അഖിലേശൻ ചെയ്ത കാര്യങ്ങളാണല്ലോ പുതിയ പഴയനിയമഗ്രന്ഥങ്ങൾ വെളിപ്പെടുത്തുക. ഏശ.43:1-28 രക്ഷയുടെ ഏറ്റവും മനോഹരമായ സന്ദേശമാണ്. ” ഭയപ്പെടേണ്ട എന്ന ആശയം വീണ്ടും വീണ്ടും ഇവിടെ നാം കാണുന്നു. തിരുവചനത്തിൽ ഉടനീളം ഈ ആശയം നാം കാണുന്നു. കൃത്യമായി പറഞ്ഞാൽ 365 പ്രാവശ്യം. ഓരോ ദിവസവും ദൈവം ഈ സന്ദേശം ആവർത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് സങ്കല്പിച്ചാൽ മനുഷ്യന്റെ സുരക്ഷ, സമാധാനം, ആനന്ദം, സംതൃപ്തി, പ്രത്യാശ, ഇവയ്ക്കൊക്കെ എത്ര വലിയ പ്രാധാന്യമാണ് പ്രപഞ്ചനാഥൻ കൽപ്പിച്ചിരിക്കുന്നത് നമുക്ക് വേഗം മനസ്സിലാകും.
പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹവും കരുതലും കാവലും ആണ് കർത്താവ് മനുഷ്യന് നൽകുന്നത്. മനുഷ്യ രക്ഷയ്ക്ക് ആവശ്യമായതൊക്കെ ചെയ്യുന്ന കാര്യത്തിൽ എപ്പോഴും മുൻകൈയെടുക്കുന്നത് ദൈവമാണ്. ക്രിസ്തുമസ് ഈ മുൻകൈ എടുക്കലിനു മകുടോദാഹരണം തന്നെ. ഓരോ മനുഷ്യനെയും പേര് ചൊല്ലിയാണ് അവിടുന്ന് വിളിക്കുന്നത്. ” നീ എന്റെ താണ് ” എന്നത് എത്രയധികം സത്യവും ഹൃദയഹാരി യും ആണ്. ഏശ.49:16 അത്ഭുതമല്ലേ വിരിയിക്കുന്നത്? ഇതാ, നിന്നെ ഞാൻ എന്റെ ഉള്ളംകൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു”.
അപ്പോൾ ഓരോ മനുഷ്യനും ദൈവവുമായി അഗാധമായ, ഗാഢ ഗാഢമായ വ്യക്തി ബന്ധത്തിൽ കഴിയേണ്ടവനാണെന്ന് സാരം വ്യക്തം. മനുഷ്യൻ നേരിടുന്ന രണ്ട് പ്രധാന വിശുദ്ധ ശക്തികൾ അഗ്നിയും ആഴിയുമാണ്. അവയ്ക്ക് മുമ്പിലും മനുഷ്യനെ ദൈവം സുരക്ഷിതനായി കാത്തു പരിപാലിക്കും. മനുഷ്യനെ സാത്താന്റെ അടിമത്തത്തിൽ നിന്ന് മോചിക്കാൻ മറുവിലയായി നൽകേണ്ടിവന്നത് തന്റെ ഓമന മകനെയും അവൻ അനുഷ്ഠിച്ച കാൽവരി യാഗവുമാണ്. ഞാനും നിങ്ങളും നിഖിലേശനു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമാണ്. മനുഷ്യന്റെ ദൈവവും കർത്താവും രക്ഷകനും ആണ് സൃഷ്ടാവും രക്ഷകനുമായ പരിപാലകനുമായ ദൈവം.
ഓരോ മനുഷ്യനെയും ദൈവം തന്റെ മഹത്വത്തിനായി സൃഷ്ടിച്ചു രൂപം നൽകിയവനാണ്. എല്ലാം അവിടുത്തെ സൗജന്യ ദാനങ്ങൾ ആണ്. ഇപ്രകാരം നമ്മെ സൃഷ്ടിച്ചു സംരക്ഷിച്ചു പരിപാലിക്കുന്നത് നാം അവിടുത്തെ മഹാ മഹിമ ഉദ്ഘോഷിക്കുന്നതിനുവേണ്ടിയാണ്. ഈ തിരിച്ചറിവാണ് അവിടുത്തെ സ്തുതിച്ചു മഹത്വപ്പെടുത്തി, അനുനിമിഷം അവിടുത്തെ തിരുഹിതം നിറവേറ്റി, ജീവിച്ചു സ്വർഗ്ഗം പ്രാപിക്കാൻ നമ്മെ നിർബന്ധിക്കുന്നത്, നിർബന്ധിക്കേണ്ടത് .