കാറോസൂസായുടെ അവസാനം കാർമികൻ വചന പീഠത്തിൽ നിന്നുകൊണ്ട് ചൊല്ലുന്ന പ്രാർത്ഥനയാണിത്
കർത്താവേ, ബലവാനായ ദൈവമേ, അങ്ങയോട് ഞങ്ങൾ വിനയപൂർവ്വം പ്രാർത്ഥിക്കുന്നു. അങ്ങയുടെ കൃപാവരം ഞങ്ങളിൽ നിറയ്ക്കണമേ. അങ്ങയുടെ ദാനങ്ങൾഞങ്ങളുടെ കരങ്ങൾ വഴി വർഷിക്കണമേ. അങ്ങയുടെ കൃപയും അനുഗ്രഹവും അങ്ങു കാരുണ്യാതിരേകത്താൽ തിരഞ്ഞെടുത്തഅങ്ങയുടെ അജഗണമായ ജനം മുഴുവന്റെയും കടങ്ങളുടെ പൊറുതിക്കും പാപങ്ങളുടെ മോചനത്തിനും കാരണമാകട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ,എന്നേയ്ക്കും.
1 കൈകഴുകൽ ശുശ്രൂഷ
അടുത്തതായി ദിവ്യരഹസ്യഗീതമാണ്. അതിന്റെ ആരംഭത്തിൽ വൈദികൻ ചൊല്ലുന്ന പ്രാർത്ഥനയും കൈകൾ കഴുകുന്നതും ഏറ്റം അർത്ഥവത്താണ് ബലിയർപ്പകർക്കുണ്ടായിരിക്കേണ്ട ആത്മീയാവസ്ഥയെ സൂചിപ്പിക്കുന്നതും അതിനു വേണ്ടിയുള്ള പ്രാർത്ഥനയും ആണിത്. ” സകലത്തിന്റെയും നാഥനായ ദൈവം തന്റെ കൃപാ സമുദ്രത്തിൽ നമ്മുടെ കടങ്ങളുടെയും പാപങ്ങളുടെയും കറ കഴുകി കളയട്ടെ”. കൈകൾ തുടക്കുമ്പോൾ പുരോഹിതൻ പറയുന്നു: ” കർത്താവ് തന്റെ കൃപയാലും അനുഗ്രഹത്താലും നമ്മുടെ പാപങ്ങളുടെ മാലിന്യം തുടച്ചുനീക്കുകയും ചെയ്യട്ടെ “. ദൈവത്തിന്റെ കൃപാ സമുദ്രത്തിൽ, കരുണാസാഗരത്തിൽ, ( അനുതാപം, കുമ്പസാരം) നിരന്തരമായി അനുതപിച്ചു കൊണ്ടിരിക്കണം. അടുക്കലടുക്കൽ കുമ്പസാരിക്കണം. കഴുകിയാലേ നമ്മുടെ കടങ്ങളും, ഉപേക്ഷ വഴിയുണ്ടാകുന്ന പാപം (ഇതിന്റെ ഗൗരവം പലപ്പോഴും വിസ്മരിക്കപ്പെടാറുണ്ട് ) ഉത്തരിപ്പു കടത്തിന്റെ മേഖലാ (കൈക്കൂലി, കള്ളക്കടത്ത്, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്,) എല്ലാം ഗണിക്കപ്പെടുന്നത് കടങ്ങളോട് ബന്ധപ്പെടുത്തിയാണ്. പൂർണ്ണ അറിവോടും പൂർണ്ണ സമ്മതത്തോടും ഗൗരവമായ വിധത്തിൽ കൽപ്പനകൾ ലംഘിക്കുന്നത്, ധാർമികമൂല്യങ്ങൾക്കു പ്രാധാന്യം നൽകാതിരിക്കുന്നത്,വാശി വൈരാഗ്യങ്ങളോടെ ജീവിക്കുന്നത്, ക്ഷമിക്കാതിരിക്കുന്നത്,ഇവയെല്ലാം നിത്യ നാശത്തിലേക്ക് നമ്മെ നയിക്കുന്ന വലിയ പാപങ്ങളാണ്.
2 വിശുദ്ധിയോടെ ബലിയർപ്പിക്കുക
ബലിയർപ്പിക്കുന്നവരുടെ കരങ്ങളും ഹൃദയവും സംശുദ്ധമായിരിക്കണം.” വിശുദ്ധ കുർബാന വിശുദ്ധർക്കുള്ള താകുന്നു” എന്ന പ്രഖ്യാപനത്തിൽ ” വിശുദ്ധർ” എന്ന പദം മാമോദിസ സ്വീകരിച്ചവർ എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത് എന്ന് മുമ്പ് സൂചിപ്പിച്ചിട്ടുണ്ടല്ലോ. എങ്കിലും മുകളിൽ പറഞ്ഞ മാനസികാവസ്ഥയെയും അതു (വിശുദ്ധി) സൂചിപ്പിക്കുന്നു എന്നത് സത്യമാണ് ; അതൊരിക്കലും മറക്കരുത്.
ഈ അവസരത്തിൽ ഗായകസംഘം പാടുന്ന പാട്ടിന്റെ പൊരുൾ നമ്മൾ മനസ്സിലാക്കണം.” സ്നേഹഭയങ്ങളോടണയുക നാം അഖിലരുമൊന്നായ് സന്നിധിയിൽ വാനവനിരയൊടു ചേർന്നേവം പാടാം, ദൈവം പരിശുദ്ധൻ,പരിശുദ്ധൻ നിത്യം പരിശുദ്ധൻ”
അർപ്പകർക്കുണ്ടായിരിക്കേണ്ട ശരിയായ മനോഭാവങ്ങൾ ആണ് മേലുദ്ധരിച്ച വാക്കുകൾ സൂചിപ്പിക്കുക. ഇതുകൂടാതെ കർത്താവിൽ ദൃഢമായി ശരണപ്പെട്ടുകൊണ്ട് വേണം ബലി അർപ്പിക്കാൻ എന്നും ഇവിടെ വ്യക്തമാക്കുന്നു.