യോഹന്നാൻ സുവിശേഷം രക്ഷാകര ചരിത്രത്തിൽ പരമ പ്രധാനമാണ്. ഇതിന്റെ ആറാം അധ്യായത്തിലെ പ്രതിപാദ്യം നിത്യരക്ഷയ്ക്കു അത്യന്താപേക്ഷിതമാണ്. ലോകരക്ഷകനും ഏക രക്ഷകനുമായ ഈശോയുടെ രക്ഷാകരകർമ്മത്തിന്റെ ഉച്ചകോടിയാണ് കാൽവരിയാഗവും അതിന്റെ പുനരവതരണമായ പരിശുദ്ധ കുർബാനയും.വി. കുർബാന സ്വീകരിക്കുന്നവർക്കു ഈശോ നൽകുന്ന വാഗ്ദാനങ്ങൾ നിരവധിയാണ്.നിർമല ഹൃദയത്തോടും പരിശുദ്ധ മനഃസാക്ഷിയോടും ഈശോയെ ഹൃദയത്തിൽ സ്വീകരിക്കുന്നവർക്കു ഈശോ നൽകിയിരിക്കുന്ന വാഗ്ദാനങ്ങൾ ഒന്ന് എണ്ണിപ്പറയുകയാണ് ഇവിടെ.
1 ) പരിശുദ്ധ പരമ ദിവ്യകാരുണ്യം യോഗ്യതയോടെ സ്വീകരിക്കുന്നവന് ആത്മീയ വിശപ്പോ, ദാഹമോ, ഉണ്ടാവുകയില്ല.
2 ) ദിവ്യകാരുണ്യം ആത്മീയ ഭോജനമാക്കുന്നവനെ ഈശോ ഒരിക്കലും തള്ളിക്കളയുകയില്ല.
3 ) ഒരുവനും നിത്യയമായി നഷ്ടപ്പെടാൻ അവിടുന്നു അനുവദിക്കുകയില്ല.4 ) അവനു നിത്യജീവനുണ്ട്; ഉണ്ടാകണമെന്നത് പിതാവിന്റെ ഹിതവുമാണ്.5 ) അന്ത്യദിനത്തിൽ ഈശോ അവനെ ഉയിർപ്പിക്കും.
6 ) വിശ്വസിച്ചു ദിവ്യകാരുണ്യം സ്വീകരിക്കുന്നവന് നിത്യജീവനുണ്ട്; കാരണം ഈശോ ജീവന്റെ അപ്പമാണ്.
7 ) അവൻ പാപത്തിൽ മരിക്കുകയില്ല. പാപത്തിനു മരിക്കുകയും ചെയ്യും.
8 ) ഈശോ സ്പഷ്ടമായി പറയുന്ന സത്യം പരമപ്രധാനമാണ്. ഈ വാഗ്ദാനം ഭാവാത്മകമല്ലെന്നും ഓർക്കുക. “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു നിങ്ങൾ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങള്ക്ക് ദൈവികജീവൻ ഉണ്ടായിരിക്കുകയില്ല.
9 ) എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കും.
10 ) ഞാൻ പിതാവ് മൂലം ജീവിക്കുന്നു. അതുപോലെ എന്നെ ഭക്ഷിക്കുന്നവൻ ഞാൻ മൂലം ജീവിക്കും.