മറ്റ് ജീവികളെ പോലെ കേവലമൊരു ശാരീരിക ജീവി മാത്രമല്ല മനുഷ്യൻ. ആത്മാവും മനസ്സും ശരീരവും ഒന്നുചേർന്ന ഒരു ത്രിത്വൈകഭാവം മനുഷ്യനുണ്ട്. അതാണ് മനുഷ്യനെ ദൈവത്തിന്റെ ഛായയും സാദൃശ്യവും പേറുന്ന സൃഷ്ടിയുടെ മകുടം ആക്കുന്നത്.
ആത്മാവിൽ നിന്ന് മനസ്സിലേക്കും മനസ്സിൽ നിന്ന് ശരീരത്തിലേക്കും ജീവന്റെ സ്പന്ദനങ്ങൾ നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ദൈവാത്മാവിൽ നിന്നും പ്രചോദനം സ്വീകരിക്കുന്ന മനസ്സ് ശരീരത്തിലൂടെ നന്മയും തിന്മയും പുറപ്പെടുവിക്കും. അതിനാൽ ശരീരത്തെ മാത്രം ലാക്കാക്കി ചെയ്യുന്ന ചികിത്സാവിധികൾ അപൂർണ്ണമാണ്.
ചെളിയും പൊടിയും വിയർപ്പും പറ്റി ശരീരം മലിനമാകുന്നത് പോലെ, ദുർചിന്തകൾ മനസ്സും പാപതിന്മകളാൽ ആത്മാവു മലിനമാക്കപ്പെട്ടുകൊണ്ടിരിക്കും. കുളിച്ച് ശുചിയായ വസ്ത്രങ്ങൾ ധരിച്ച് ശരീരം വൃത്തിയായി നമ്മൾ സൂക്ഷിക്കുന്നു. എന്നാൽ ആത്മാവിന് മനസ്സിലും ശുചിത്വം പാലിക്കാൻ നമ്മൾ കാര്യമായിട്ട് എന്താണ് ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. ആത്മാവിനെ കഴുകി വെടിപ്പാക്കുന്ന ദൈവത്തിന്റെ മാതൃസ്നേഹം നമുക്കുണ്ട്. ചിട്ടയായ ഒരു ആത്മപരിശോധന ഉറങ്ങുന്നതിനുമുമ്പ് നടത്തുക. വന്നുപോയ തെറ്റുകളും വീഴ്ചകളും അനുതാപത്തോടെ ദൈവത്തോട് ഏറ്റുപറയുക. ഒരു ശിശുവിനെപ്പോലെ ദൈവ കരങ്ങളിലേക്ക് നമ്മെത്തന്നെ സമർപ്പിക്കുക.
മനസ്സിനെ ശാന്തമാക്കി പ്രകോപനങ്ങൾ ഒഴിവാക്കുക. മറ്റുള്ളവരുടെ കുറവുകൾ നിരുപാധികം അവരോട് ക്ഷമിക്കുക. നല്ല പുസ്തകങ്ങൾ വായിക്കുക. നല്ല പരിപാടികൾ മാത്രം ടിവിയിൽ കാണുക. സ്നേഹത്തോടെ സൗമ്യതയോടെയുംകൂടി മാത്രം കുടുംബാംഗങ്ങളുമായി ഇടപെടുക. ഇവയൊക്കെ സൗഖ്യദായക മായ ഒരു ജീവിതത്തിന്റെ ബാലപാഠങ്ങൾ ആണ്.
ഈ ലോകത്തിന് എന്റെ ശരീരം മാത്രം മതി. സ്വർഗ്ഗത്തിന് ആകട്ടെ എന്റെ ആത്മാവു മാത്രവും. അവയ്ക്കിടയിൽ ആർക്കെന്ന് അറിയാതെ പിടയ്ക്കുന്ന എന്റെ മനസ്സ്.
” മനസ്സേ ശാന്തമാകുക. ദൈവത്തിന്റെ സ്വരം ആകാൻ ആത്മാവിനോട് കേഴുക. പിന്നെ കാതോർത്ത് കേൾക്കുക. ഈ ലോകത്തിന്റെ പാതകളിൽ ദീപമായ് നിന്റെ ശരീരത്തിന് വഴിതെളിക്കുക “.
സൗഖ്യദായകമായ ദൈവത്തിന്റെ കരങ്ങളിൽ പിടിച്ച് ജീവന്റെ പാതകളിലൂടെ ജീവിതത്തിലെ യാത്ര ഇനിയും തുടരേണ്ടിയിരിക്കുന്നു.
ഇതാ നിങ്ങൾക്ക് സൗഖ്യം എന്ന ലേഖനത്തിൽ നിന്ന്…
കടപ്പാട്….
ശ്രീ.മാത്യു മാറാട്ടുകളം