ഉത്ഥാനഗീതത്തിനു ശേഷം വരുന്ന കീർത്തനം പിതാവായ ദൈവത്തെ അഭിസംബോധന ചെയ്തു അവിടുത്തെ അനന്തകാരുണ്യം യാചിക്കുന്നതാണ്. അതുകൊണ്ടുതന്നെ ശുശ്രൂഷി വ്യക്തവും ശക്തവുമായ പ്രയോഗങ്ങളിൽ നൽകുന്ന സുപ്രധാന നിർദേശം.
ശബ്ദമുയർത്തി പാടിടുവിൻ സർവ്വരുമൊന്നായ് പാടിടുവിൻ എന്നെന്നും ജീവിക്കും സർവ്വേശ്വരനെ വാഴ്ത്തിടുവിൻ
സർവ്വശക്തനായ പിതാവിനെ വാഴ്ത്തുന്നത്, ആരാധിക്കുന്നത്, സ്തുതിക്കുന്നത്, മഹത്വപ്പെടുത്തുന്നത് ശബ്ദമുയർത്തി പാടി ” വേണം. എല്ലാവരും ആവുന്നത്ര താളമേളങ്ങളോടെ, ഒരുമയിൽ ഹൃദയയ്ക്യത്തിൽ ആഘോഷമായി പാടണം. അവിടുന്ന് എന്നെന്നും നിത്യമായി, സർവ്വാതിശക്തിയായി, ജീവിക്കുന്നവനാണ്.ഗായക സമൂഹത്തിന്റെ ആഹ്വാന നിർദ്ദേശത്തിന് ശേഷം ഗായക സമൂഹവും വചന വേദിയിൽ ഉള്ളവരും കാർമ്മികനും മാറി മാറി പാടുന്ന കീർത്തനം അനന്യവും അനിതരസാധാരണവും ഏറെ ഭക്തി ദ്യോതകവും ഹൃദയങ്ങളെ പ്രോജ്ജ്വലിപ്പിക്കുന്നതുമാണ്.
പരിശുദ്ധനായ ദൈവമേപരിശുദ്ധനായ ബലവാനെ, പരിശുദ്ധനായ അമർത്യനേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേകദൈവം പരിപാവനനായ സർവ്വശക്തനാണ്-സർവ്വത്തിന്റെയും സൃഷ്ടാവ്, അധിപൻ, വിധാതാവ്, വിധിയാളനാണ്. സ്വർഗത്തിൽ മാലാഖമാരും വിശുദ്ധരും വാഴ്ത്തപ്പെട്ട വരും ധന്യരും ദൈവദാസരും ഇതര സ്വർഗ്ഗവാസികൾ മുഴുവനും, നിരന്തരം ഉദ്ഘോഷിക്കുന്നത് ” പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നാണല്ലോ. “അവികല പരിശുദ്ധിയാണ് ദൈവം. O, Holy, Holy, Holy. സർവ്വ വിശുദ്ധിയായ സകല വിശുദ്ധിയുടേയും ഉറവിടമായ സർവ്വശക്തൻ മോശ വഴി കൽപ്പിക്കുന്നു.’ ഞാൻ നിങ്ങളുടെ ദൈവമായ കർത്താവ് ആകുന്നു. നിങ്ങൾ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയും പരിശുദ്ധരായിരിക്കുകയും ചെയ്യുവിൻ. കാരണം, ഞാൻ പരിശുദ്ധനാകുന്നു”. (ലേവ്യ 11:44).
പത്രോസ് ശ്ലീഹാ, പ്രഥമ മാർപാപ്പ നമ്മെ കടപ്പെടുത്തുന്നുണ്ട്. നിങ്ങളെ വിളിച്ചവൻ പരിശുദ്ധൻ ആയിരിക്കുന്നതുപോലെ, എല്ലാ പ്രവർത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിൻ (1 പത്രോസ് 1:15). പരിശുദ്ധ പിതാവ് ലേവ്യ 11: 44 ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു.ദൈവം പരിപാവനനാണ്,ബലവാനും അമർത്യനുമായ ദൈവത്തോട് “കാരുണ്യം നീ ചൊരിയേണമേ” എന്ന ഹൃദ്യമായ പ്രാർത്ഥന ബലിയർപ്പകൻ വിനയത്തോടും വിശ്വാസത്തോടും പ്രത്യാശയോടും പ്രാർത്ഥിക്കുന്നത്. കരുണാർദ്ര സ്നേഹമായ കർത്താവ് വിനയവും ആത്മാർത്ഥതയും ഉള്ളവരിൽ തന്റെ കരുണ ചൊരിയുക തന്നെ ചെയ്യും.
‘ പരിപാവനനാം എന്ന ഗീതത്തിനു ശേഷം ലേഖന ( പഴയ നിയമ, നടപടി) ഗ്രന്ഥങ്ങളിൽനിന്നും ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും തിരുനാളുകളിലും ഒന്നിലധികം വായനകൾ ഉണ്ടാകും ) പാരായണത്തിനു മുമ്പുള്ള പ്രാർത്ഥന മഹോന്നതന്റെ മറ്റു സവിശേഷതകളും യാചന പ്രാർത്ഥനകളും ഉൾക്കൊള്ളുന്നതാണ്.
വിശുദ്ധരിൽ സംപ്രീതനായി വസിക്കുന്ന പരിശുദ്ധനും സ്തുത്യർഹനും ബലവാനും അമർത്യനുമായ കർത്താവേ, അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.
കർത്താവ് വിശുദ്ധരിൽ സംപ്രീതനായി പ്രീതിയോടെ വസിക്കുന്നു. ദൈവം നമ്മിലും നാം ദൈവത്തിലും വസിക്കുന്ന അവസ്ഥയാണ് അവിടത്തേയ്ക്കു ഏറ്റം സന്തോഷകരം. ഈ വിശിഷ്ട അവസ്ഥയിലേക്ക്, സ്വർഗ്ഗീയ അവസ്ഥയ്ക്ക് ദൈവശാസ്ത്രം നൽകുന്ന പേരാണ് പരസ്പര വാസം അഥവാ Mutual Indwelling. ഇതിനുപുറമേ, പരാമർശിച്ചുള്ള 4 സവിശേഷതകൾ കൂടി ഈ പ്രാർത്ഥനയിൽ ഉൾചേർത്തിരിക്കുന്നു. പരിശുദ്ധൻ, സ്തുത്യർഹൻ, അമർത്യൻ, ബലവാൻ. പ്രാർത്ഥനയുടെ ഓരോ വാക്കും അനുഭവിച്ചറിഞ്ഞ് (മനനം വഴി ഓരോന്നിനോടും ലയിച്ചു ചേർന്ന് വേണം അർപ്പകർ (പുരോഹിതനും ദൈവജനവും) ബലിയർപ്പിക്കാൻ. കർത്താവേ എപ്പോഴും ഞങ്ങളെ കടാക്ഷിക്കണമേ, ദയാപൂർവ്വം കാണേണമേ, കരുതണമേ, അനുഗ്രഹിക്കണമേ, എന്ന യാചനകൾ ആണ് രണ്ടാം ഭാഗത്തുള്ള പ്രാർത്ഥനയുടെ ഉള്ളടക്കം.
വിശുദ്ധിയിലേക്കുള്ള നമ്മുടെ വിളിയെ കുറിച്ച് മുമ്പു പരാമർശിച്ചിട്ടുള്ളതാണ്. വിശുദ്ധിയുടെ മാനദണ്ഡമായി പറഞ്ഞിരിക്കുന്നത് നാം പ്രത്യേകം ശ്രദ്ധിക്കണം. വിശുദ്ധിക്കു ഇവിടെ ഈശോ ഉപയോഗിക്കുന്ന പദം ‘പരിപൂർണ്ണത’ എന്നതാണ്. സുവ്യക്തമാണ് നാഥന്റെ വാക്കുകൾ.” നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ (മത്തായി 5: 48).ഈ പ്രാർത്ഥനയിൽ ഒരു സവിശേഷ പ്രയോഗം നാം കാണുന്നുണ്ട്. ” അങ്ങയുടെ സ്വഭാവത്തിനൊത്ത വിധം” എന്താണ് ദൈവത്തിന്റെ സ്വഭാവം? ദൈവം സ്നേഹമാണ്, കരുണയാണ്, കാവലാളാണ്, ദയവാരിധിയാണ്, ക്ഷമയാണ്, സഹിഷ്ണുതയാണ്, കൃപാസാഗരം ആണ്, വിശ്വസ്തതയാണ്. പ്രകൃത ഭാഗം നമുക്ക് ഇങ്ങനെ ഗ്രഹിക്കാം.