വിശുദ്ധ കുർബാന നന്ദിപ്രകാശനം ആണല്ലോ. ഈ നന്ദിപ്രകാശനം അനുതാപത്തോടും വിശുദ്ധിയോടും ആയിരിക്കണം. ബലിയർപ്പകനിൽ ഉണ്ടായിരിക്കേണ്ട അവശ്യഭാവമാണ് അനുതാപം. പാപികളിൽ ഒന്നാമനാണ് താൻ എന്ന ബോധ്യവും മേലിൽ പാപം വെറുത്തു ഉപേക്ഷിക്കാനുള്ള ഉറച്ച തീരുമാനവും ഉണ്ടെങ്കിൽ അനുതാപമുണ്ടെന്നു അനുമാനിക്കാം. അനുതാപം ഉള്ളവൻ പാപമോചകനായ, പരമകാരുണികനായ,കർത്താവിനെ വിളിച്ചപേക്ഷിക്കും.
ആദരപൂർവ്വമേ കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടെ മാത്രമേ, ആരാധന മനോഭാവത്തോടെ മാത്രമേ, അനുതാപി ബലിയർപ്പിക്കുക യുള്ളൂ. ഇക്കാര്യവും സഹായി അർപ്പകരെ അനുസ്മരിപ്പിക്കുന്നു. ഭയഭക്തി ജനകമായ രഹസ്യങ്ങളാണ് കൂദാശ ചെയ്യപ്പെടുന്നത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.”സമാധാന സമൃദ്ധമാകുന്നതിനു വേണ്ടി”യാണ് പുരോഹിതൻ തൽസമയം പ്രാർത്ഥിക്കുന്നതെന്ന് എടുത്തുപറയുന്നു. സഹായിയുടെ തുടർന്നുള്ള നിർദ്ദേശങ്ങളെല്ലാം ദിവ്യബലിയുടെ ആരാധ്യത വ്യക്തമാക്കുന്നവയാണ്. കണ്ണുകൾ താഴ്ത്തുക,വിചാരങ്ങൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തുക, പരിപൂർണ്ണമായി നിശബ്ദരാകുക (ആന്തരികവും ബാഹ്യവുമായി) ഏകാഗ്രതയോടും ഭക്തിയോടും കൂടി ഹൃദയത്തിൽ പ്രാർത്ഥിക്കുക. ഇത്രയുമൊക്കെ ചെയ്യാൻ കഴിഞ്ഞാൽ യോഗ്യമായ മനോഭാവത്തോടെ ബലിയുടെ ഹൃദയ ഭാഗത്തേക്ക് പ്രവേശിക്കാനാകും.