സമാധാനാശംസയ്ക്കു ശേഷം, പ്രത്യേക അവസരങ്ങളിൽ സഹായി ചൊല്ലുന്ന പ്രാർത്ഥന പലവിധത്തിൽ ശ്രദ്ധേയമാണ്. പാത്രിയർക്കീസുമാർ മേജർ ആർച്ച് ബിഷപ്പുമാർ, മെത്രാപ്പോലീത്താമാർ, മെത്രാന്മാർ, പുരോഹിതന്മാർ, ശുശ്രൂഷികൾ എന്നിവർക്കും; ഈ ലോകം വിട്ട് നിത്യത പ്രാപിച്ചിരിക്കുന്നവർക്കു സ്വർഗ്ഗ സൗഭാഗ്യം സംസിദ്ധമാകുന്നതിനും കാലങ്ങൾ അനുഗ്രഹീത വും ഐശ്വര്യപൂർണ്ണമാകുന്നതിനും ദിവ്യബലിയർപ്പിച്ചു ദിവ്യകാരുണ്യം അനുഭവിക്കുന്ന സകലർക്കും പ്രത്യേകിച്ച് പ്രസ്തുത ബലിയിൽ സംബന്ധിക്കുന്നവർക്കും മറ്റെല്ലാവർക്കും ആ ബലിയിൽ ആരെങ്കിലും സവിശേഷമായി അനുസ്മരിക്കപ്പെടുന്നുണ്ടെങ്കിൽ അവർക്കും വേണ്ടിയാണ് സഹായിയുടെ ഈ സുന്ദരവും സാരഗർഭവുമായ പ്രാർത്ഥന.
തുടർന്നുവരുന്നത് എല്ലാദിവസവും സഹായി ചൊല്ലുന്ന പ്രാർത്ഥനയാണ്. അതും ദിവ്യ ബലിയർപ്പിക്കുന്നവർക്ക് ഉണ്ടായിരിക്കേണ്ട മനോഭാവങ്ങൾ സുതരാം വ്യക്തമാക്കുന്നുണ്ട്. ” നമുക്കെല്ലാവർക്കും അനുതാപത്തോടും വിശുദ്ധിയോടും കൂടി കർത്താവിന് നന്ദി പറയും അവിടുത്തെ വിളിച്ച് അപേക്ഷിക്കുകയും ചെയ്യാം. നിങ്ങൾ ആദരപൂർവ്വം നിന്ന് ഇവിടെ അനുഷ്ഠിക്കുന്നവയെ സൂക്ഷിച്ചു വീക്ഷിക്കുവിൻ. ഭയഭക്തി ജനകമായ രഹസ്യങ്ങൾ കൂദാശ ചെയ്യപ്പെടുന്നു. പുരോഹിതൻ തന്റെ മാധ്യസ്ഥം വഴി സമാധാനം സമൃദ്ധം ആകുന്നതിനു വേണ്ടി പ്രാർത്ഥിക്കുവാൻ തുടങ്ങുന്നു. കണ്ണുകൾ താഴ്ത്തി വിചാരങ്ങൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തി നിശബ്ദരായി,ഏകാഗ്രതയോടും ഭക്തിയോടും ശ്രദ്ധയോടും കൂടെ നിങ്ങൾ ഹൃദയത്തിൽ പ്രാർത്ഥിക്കുവിൻ. സമാധാനം നമ്മോടുകൂടെ “. സഹായിയുടെ പ്രാർത്ഥനകൾ സുപ്രധാന ങ്ങളാണ്. അവയിലും സശ്രദ്ധം ഭാഗഭാക്കുകളാവണം.