തനിക്കു ബലിയായി ദഹിപ്പിക്കേണ്ട ജറീക്കോയില്‍നിന്ന് ഒന്നും എടുക്കരുതെന്ന് കര്‍ത്താവു നല്കിയ കല്പന ഇസ്രായേല്‍ജനം ലംഘിച്ചു. യൂദാ ഗോത്രത്തില്‍പ്പെട്ടസേരായുടെ മകന് സബ്ദിയുടെ പൗത്രനും കാര്‍മിയുടെ പുത്രനുമായ ആഖാന്‍ നിഷിദ്ധ വസ്തുക്കളില്‍ ചിലതെടുത്തു. തന്മൂലം കര്‍ത്താവിന്റെ കോപം ഇസ്രായേല്‍ ജനത്തിനെതിരേ ജ്വലിച്ചു.
ബഥേലിനു കിഴക്ക് ബേഥാവനു സമീപത്തുള്ള ആയ്പട്ടണത്തിലേക്ക് ജറീക്കോയില്‍നിന്ന് ജോഷ്വ ആളുകളെ അയച്ചു പറഞ്ഞു: നിങ്ങള്‍ പോയി അവിടം രഹസ്യമായി നിരീക്ഷിക്കുവിന്‍.
അവര്‍ അങ്ങനെ ചെയ്തു. അവര്‍ തിരികെ വന്ന് ജോഷ്വയോടു പറഞ്ഞു. എല്ലാവരും അങ്ങോട്ടു പോകേണ്ടതില്ല; രണ്ടായിരമോ മൂവായിരമോ പേര് പോയി ആയിയെ ആക്രമിക്കട്ടെ. എല്ലാവരും പോയി ബുദ്ധിമുട്ടേണ്ട തില്ല; കാരണം അവര്‍ കുറച്ചുപേര്‍ മാത്രമേയുള്ളു.
അങ്ങനെ അവരില്‍ നിന്ന് ഏകദേശം മൂവായിരം പേര് പോയി; എന്നാല്‍ അവര്‍ ആയ്പട്ടണക്കാരുടെ മുന്പില് തോറ്റ് ഓടി.
ആയ്നിവാസികള്‍ മുപ്പത്താറോളം പേരെ വധിച്ചു. അവര്‍ അവരെ നഗരകവാടം മുതല്‍ ഷബാറിംവരെ പിന്തുടരുകയും താഴോട്ട് ഇറങ്ങുമ്പോള്‍ വധിക്കുകയും ചെയ്തു.
ജനം ഭയചകിതരായി. ജോഷ്വ വസ്ത്രംകീറി. അവനും ഇസ്രായേലിലെ ശ്രേഷ്ഠന്മാരും ശിരസ്സില്‍ പൊടിവാരിയിട്ടു സായാഹ്നംവരെ കര്‍ത്താവിന്റെ വാഗ്ദാനപേടകത്തിനു മുന്പില് സാഷ്ടാംഗം വീണുകിടന്നു.
ജോഷ്വ പ്രാര്‍ഥിച്ചു: ദൈവമായ കര്‍ത്താവേ, അമോര്യരുടെ കരങ്ങളില്‍ ഏല്പിച്ചു നശിപ്പിക്കുന്നതിന് അങ്ങ് ഈ ജനത്തെ എന്തിനു ജോര്‍ദാനിക്കരെ കൊണ്ടുവന്നു? അക്കരെ താമസിച്ചാല്‍ മതിയായിരുന്നു.
ജോഷ്വ 7 : 1-7
കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: എഴുന്നേല്ക്കുക; നീ എന്തിന് ഇങ്ങനെ സാഷ്ടാംഗം വീണുകിടക്കുന്നു?
ഇസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; എന്റെ കല്പന അവര്‍ ലംഘിച്ചു. നിഷിദ്ധവസ്തുക്ക ളില്‍ ചിലത് അവര്‍ കൈവശപ്പെടുത്തി. അവ തങ്ങളുടെ സാമാനങ്ങളോടുകൂടെ വച്ചിട്ട് വ്യാജം പറയുകയും ചെയ്തിരിക്കുന്നു.
അതിനാല്‍, ഇസ്രായേല്‍ ജനത്തിനു ശത്രുക്കളെ ചെറുത്തുനില്ക്കാന് സാധിക്കുന്നില്ല; അവരുടെ മുന്പില് തോറ്റു പിന്മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്തനിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല.
നീ എഴുന്നേറ്റു ജനത്തെ ശുദ്ധീകരിക്കുക. നാളത്തേക്കു തങ്ങളെത്തന്നെ ശുദ്ധീകരിക്കാന്‍ അവരോടു പറയുക. ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേലേ, നിഷിദ്ധവസ്തുക്കള്‍ നിങ്ങളുടെയിടയില്‍ ഉണ്ട്. അത് എടുത്തുമാറ്റുന്നതുവരെ നിങ്ങളുടെ ശത്രുക്കളെ നേരിടാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല.
പ്രഭാതത്തില്‍ ഗോത്രം ഗോത്രമായി നിങ്ങള്‍ വരണം. കര്‍ത്താവു ചൂണ്ടിക്കാണിക്കുന്ന ഗോത്രം ഓരോ കുലമായും കുലം കുടുംബക്രമത്തിലും അടുത്തുവരണം. കര്‍ത്താവു വീണ്ടും ചൂണ്ടിക്കാണിക്കുന്ന കുടുംബത്തില്‍നിന്ന് ഓരോരുത്തരായി മുന്നോട്ടുവരണം.
നിഷിദ്ധവസ്തുക്കളോടുകൂടി പിടിക്കപ്പെടുന്നവനെ അവന്റെ സകല വസ്തുക്കളോടുംകൂടെ അഗ്നിക്കിരയാക്കണം. എന്തെന്നാല്‍, അവന് കര്‍ത്താവിന്റെ ഉടമ്പടി ലംഘിച്ച് ഇസ്രായേലില്‍ മ്ലേച്ഛതപ്രവര്‍ത്തിച്ചിരിക്കുന്നു.
ജോഷ്വ അതിരാവിലെ എഴുന്നേറ്റ് ഇസ്രായേലിനെ ഗോത്രമുറയ്ക്കു വരുത്തി. അതില്‍നിന്നു യൂദാഗോത്രത്തെ മാറ്റിനിര്‍ത്തി.
അവന് യൂദായുടെ കുലങ്ങളെ വരുത്തി അതില്‍നിന്നു സേരാകുലത്തെ മാറ്റിനിര്‍ത്തി. പിന്നീട് അവന് സേരാകുലത്തിലെ ഓരോ കുടുംബത്തെയും വരുത്തി അതില്‍നിന്നു സബ്ദികുടുംബത്തെ വേര്‍തിരിച്ചു.
വീണ്ടും സബ്ദി കുടുംബത്തില്‍നിന്ന് ഓരോരുത്തരെയും വരുത്തി. യൂദാഗോത്രത്തിലെ സേരായുടെ മകന് സബ്ദിയുടെ പൗത്രനും കാര്‍മിയുടെ പുത്രനുമായ ആഖാനെ മാറ്റിനിര്‍ത്തി. ജോഷ്വ ആഖാനോടു പറഞ്ഞു:
എന്റെ മകനേ, ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെ മഹത്വപ്പെടുത്തി അവിടുത്തെ സ്തുതിക്കുക. നീ എന്തുചെയ്തെന്ന് എന്നോടുപറയുക. എന്നില്‍നിന്ന് ഒന്നും മറച്ചുവയ്ക്കരുത്.
ആഖാന്‍മറുപടി പറഞ്ഞു: ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനെതിരേ ഞാന്‍ പാപം ചെയ്തിരിക്കുന്നു. ഞാന്‍ ചെയ്തതിതാണ്:
കൊള്ളവസ്തുക്കളുടെകൂടെ ഷീനാറില്‍നിന്നുള്ള അതിവിശിഷ്ടമായ ഒരു മേലങ്കിയും ഇരുനൂറു ഷെക്കല്‍ വെള്ളിയും അന്‍പതു ഷെക്കല്‍ തൂക്ക മുള്ള ഒരു സ്വര്‍ണക്കട്ടിയും ഞാന്‍ കണ്ടു. മോഹംതോന്നി ഞാന്‍ അവ എടുത്തു. വെ ള്ളി ഏറ്റവും അടിയിലായി, അവയെല്ലാം എന്റെ കൂടാരത്തിനുള്ളില്‍ കുഴിച്ചിടുകയും ചെയ്തു.
ഉടനെ ജോഷ്വ ദൂതന്മാരെ അയച്ചു: അവര്‍ കൂടാരത്തിലേക്ക് ഓടി. വെള്ളി ഏറ്റവും അടിയിലായി, അവയെല്ലാം ഒളിച്ചു വച്ചിരിക്കുന്നത് അവര്‍ കണ്ടു.
അവര്‍ കൂടാരത്തില്‍ നിന്ന് അവയെടുത്ത് ജോഷ്വയുടെയും ഇസ്രായേല്‍ജനത്തിന്റെയും മുന്‍പാകെ കൊണ്ടുവന്നു; അവര്‍ അതു കര്‍ത്താവിന്റെ മുന്പില് നിരത്തിവച്ചു.
ജോഷ്വയും ഇസ്രായേല്‍ജനവും സേരായുടെ മകനായ ആഖാനെയും അവന്റെ പുത്രീപുത്രന്മാരെയും വെള്ളി, മേലങ്കി, സ്വര്‍ണക്കട്ടി എന്നിവയും, കാള, കഴുത, ആട്, കൂടാരം എന്നിങ്ങനെ അവനുള്ള സമസ്ത വസ്തുക്കളെയും ആഖോര്‍ താഴ്വരയിലേക്കു കൊണ്ടുപോയി.
അവിടെ എത്തിയപ്പോള്‍ ജോഷ്വ പറഞ്ഞു: നീ എന്തുകൊണ്ടാണ് ഞങ്ങളുടെമേല്‍ കഷ്ടതകള്‍ വരുത്തിവച്ചത്? നിന്റെ മേലും ഇന്നു കര്‍ത്താവ് കഷ്ടതകള്‍ വരുത്തും. അപ്പോള്‍ ഇസ്രായേല്‍ജനം അവനെയും കുടുംബത്തെയും കല്ലെറിഞ്ഞു; വസ്തുവകകള്‍ അഗ്നിക്കിരയാക്കി. അവര്‍ അവന്റെ മേല്‍ ഒരു വലിയ കല്ക്കൂമ്പാരം ഉണ്ടാക്കി. അത് ഇന്നും അവിടെ ഉണ്ട്. അങ്ങനെ കർത്താവിന്റെ ഉജ്ജ്വല കോപം ശമിച്ചു.(ജോഷ്വ 7:10).
സഹോദരങ്ങളെ, പാപം ദൈവ ശിക്ഷ വിളിച്ച് വരുത്തുമെന്ന സത്യം ആരും വിസ്മരിക്കേണ്ട. കൊട്ടാരം മുതൽ ചെറ്റക്കുടിൽ വരെയുള്ളവർ അഹങ്കാരവും ദുരഭിമാനവും ദുർവാശി ചുരുക്കത്തിൽ ബാബേൽ ഗോപുര സംസ്കാരം വെടിഞ്ഞ് ദൈവത്തിനു മുമ്പിൽ സാഷ്ടാംഗം പ്രണമിക്കട്ടെ. പാപ വിമോചകനും ലോക രക്ഷകനും സാത്താന്റെ തല തകർത്തവനും സത്യദൈവം സത്യ മനുഷ്യനുമായ ഈശോമിശിഹായുടെ മുൻപിൽ എല്ലാ മുട്ടും മടങ്ങട്ടെ, എല്ലാനാവും പാടട്ടെ. ഈശോമിശിഹാ മാത്രം കർത്താവ്, രക്ഷകൻ എന്ന്. ” മറ്റാരിലും രക്ഷയില്ല, ആകാശത്തിനു കീഴെ, മനുഷ്യരുടെ ഇടയിൽ, നമുക്ക് രക്ഷയ്ക്കായി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല”( നട. 4 :11 -12).