വിശുദ്ധ ബലിപീഠത്തിൻമേൽ, മിശിഹായുടെ അമൂല്യമായ ശരീരവും രക്തവും ” എന്ന പ്രഖ്യാപനം നാം ശരിയായി മനസ്സിലാക്കണം. യഥാർത്ഥത്തിൽ അപ്പവും വീഞ്ഞും ഈശോമിശിഹായുടെ തിരുശരീര രക്തങ്ങളായി മാറിയിട്ടില്ല. പിന്നെ എന്തുകൊണ്ട് ഈ പ്രഖ്യാപനം? ഇത് സെമിറ്റിക് ഭാഷകളുടെ ഒരു രീതിയാണ്. സംഭവിക്കാൻ പോകുന്ന ഒരു കാര്യം അതിന്റെ പരമപ്രാധാന്യം മൂലം സംഭവിക്കുന്നതിനു മുമ്പേതന്നെ സംഭവിച്ചതായി പ്രഖ്യാപിച്ചു അർപ്പകരെ ഒരുക്കമുള്ളവരാക്കുകയാണ്, ആഴമായ വിധത്തിൽ സംഭവത്തെ ഉൾക്കൊള്ളുവാൻ പ്രേരിപ്പിക്കുകയാണ് ഈ രീതി അവലംബിക്കുന്നതിന്റെ പശ്ചാത്തലം. മുമ്പും ഈ കാര്യം സൂചിപ്പിച്ചത് സാന്ദർഭികമായി മാത്രമാണ്. മാനവനിരയോട് (സൃഷ്ടി സാകല്യത്തോട്) ചേർന്ന് ആയിരിക്കണം ബലിയർപ്പകർ ‘പരിശുദ്ധൻ,പരിശുദ്ധൻ, പരിശുദ്ധൻ “എന്ന് ദൈവത്തെപാടിപ്പുകഴ്ത്തുക.
നിരന്തര സ്തുതി- ആരാധനയുടെ ഭാവം തുടർന്ന് കാസയിൽ ആർച്ചു ഡീക്കൻ, സാധാരണ കുർബാനകളിൽ പുരോഹിതൻ, ആരാധന സമൂഹത്തിന് എപ്പോഴും എന്നേക്കും ഉണ്ടായിരിക്കേണ്ട ആവശ്യ മനോഭാവം വ്യക്തമാക്കുന്നു.
” അങ്ങയുടെ ആരാധ്യമായ ത്രിത്വത്തെ എപ്പോഴും എന്നേക്കും ഞങ്ങൾ സ്തുതിക്കും ” അർപ്പിക്കപ്പെടുന്ന കുർബാന മിശിഹാ വഴി പിതാവായ ദൈവം സ്വീകരിക്കാനുള്ള അപേക്ഷയാണ് അടുത്തത് “നമ്മുടെ രക്ഷയ്ക്കുവേണ്ടി തന്നെ തന്നെ ബലിയർപ്പിക്കുകയും തന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും സംസ്കാരത്തിന്റെ ഉത്ഥാനത്തിന്റെയും ഓർമ്മ ആചരിക്കുവാൻ കൽപിക്കുകയും ചെയ്ത മിശിഹാ വഴി പിതാവായ ദൈവം തന്റെ കൃപയാലും, അനുഗ്രഹത്താലും, ഈ ബലി നമ്മുടെ കരങ്ങളിൽ നിന്ന് സ്വീകരിക്കുമാറാകട്ടെ.”
ദിവ്യ രഹസ്യ ഗീത ത്തിന്റെ അടുത്ത ഭാഗത്ത് വൈദികൻ പാടുന്നു” താതനുമതുപോലാത്മജനും ദിവ്യ റൂഹാ യ്ക്കും സ്തുതി എന്നും” ഒപ്പം തന്നെ, “ദൈവാംബികയാകും/ മാർ യൗസേപ്പിന്റെയും/ കന്യാമറിയത്തെ/ സാദരമോർത്തീടാം /പാവനമീബലിയിൽ” എന്ന് അർപ്പകരെ അദ്ദേഹം അനുസ്മരിപ്പിക്കുന്നുമുണ്ട്. അപ്പോൾ ഗായകസംഘം ” ശാന്തി ലഭിച്ചിടുവാൻ നിങ്ങൾ പ്രാർത്ഥിപ്പിൻ” എന്ന് ഭക്തജനത്തോട് നിർദ്ദേശിക്കുന്നു. അടുത്തതായി പുരോഹിതൻ അർപ്പ കരോട് ഉപദേശിക്കുന്നു. ” മർത്തോമാ യെയും നിണസാക്ഷികളെയും/ സൽകർമ്മികളെയും ബലിയിതിലോർത്തീടാം”. ആരാധനാ സമൂഹത്തോടൊപ്പമുള്ള ബലവാനായ കർത്താവിനെ, രാജാവായ ദൈവത്തെ, യാക്കോബിന്റെ ദൈവം എന്നുമുള്ള തുണ എന്ന് ഏറ്റുപറഞ്ഞ് ഗായകസംഘം പ്രത്യുത്തരം നൽകുകയും ചെയ്യുന്നു.
മൃതരെല്ലാവരും മശിഹായുടെ മഹിതോത്ഥാനത്തിൽ പ്രത്യാശ വെച്ച് ഉത്ഥിരാകാൻ കൊതിക്കുന്നുവെന്ന് വൈദികൻ പ്രഖ്യാപിക്കുമ്പോൾ ഗായകസംഘം ബലിയർപ്പകരെല്ലാം നിർദ്ദേശിക്കുന്നു തിരുസന്നിധിയിൽ/ ഹൃദയഗതങ്ങൾ ചൊരിയുവിന്നെന്നേക്കുംനോമ്പും പ്രാർത്ഥനയും/ പശ്ചാത്താപവുമായ് ത്രിത്വത്തെ മോദാൽ നിത്യം വാഴ്ത്തിടാം “.ഇതോടൊപ്പം വൈദികൻ താഴ്ന്ന സ്വരത്തിൽ ചൊല്ലുന്ന പ്രാർത്ഥനയ്ക്ക് വളരെ പ്രാധാന്യമുണ്ട്.” കർത്താവായ ദൈവമേ കഴുകി ശുദ്ധമാക്കപ്പെട്ട ഹൃദയത്തോടും വെടിപ്പാക്കപ്പെട്ട മനസാക്ഷിയോടും കൂടെ അങ്ങയുടെ ബലിപീഠത്തിനു മുമ്പാകെ നിൽക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആധ്യാത്മികവും മാനുഷികവുമായ ബലികൾ യഥാർത്ഥ വിശ്വാസത്തോടെ അങ്ങേയ്ക്ക് അർപ്പിക്കുവാൻ ഞങ്ങളെ യോഗ്യരാക്കുകയും ചെയ്യണമേ”.