ഈശോമിശിഹായുടെആത്മബോധം താൻ ദൈവമാണ് എന്നതാണ്.പലവിധത്തിൽ അവിടുന്ന് അത് പ്രകടമാക്കുന്നുണ്ട്. താൻ ദൈവത്തിൽ നിന്ന് വന്നവനും ദൈവത്തിലേക്ക് മടങ്ങി പോകുന്നവനും ആണെന്ന് അവിടുന്ന് അർത്ഥ ശങ്കയ്ക്കിടമില്ലാത്തവിധം പ്രഖ്യാപിക്കുന്നു. യോഹ.8:42 അവിടുന്ന് സ്പഷ്ടമായി പറയുന്നു” ഞാൻ ദൈവത്തിൽ നിന്നാണ് വന്നിരിക്കുന്നത്”. യോഹ.7:33ൽ അവിടുന്ന് ആധികാരികതയോടെ പറയുന്നു : ‘എന്നെ അയച്ചവന്റെ അടുത്തേക്ക് ഞാൻ പോകും”. യോഹ.16: 15 ഈ വസ്തുത തന്നെ വർത്തമാനകാലത്തിൽ പറയുന്നു:
” ഞാൻ എന്നെ അയച്ചവന്റെ അടുത്തേക്ക് പോവുകയാണ്”. യോഹ.16: 17 പറയുന്നു :”ഞാൻ പിതാവിന്റെ അടുത്തേക്ക് പോകുന്നു”. ആഗമനവും മടങ്ങിപ്പോക്കും ഒരുമിച്ച് അവിടുന്ന് പ്രഖ്യാപിക്കുന്ന വചനമാണ് യോഹ. 16: 28 ” ഞാൻ പിതാവിൽ നിന്ന് പുറപ്പെട്ടു ലോകത്തിലേക്ക് വന്നു. ഇപ്പോൾ വീണ്ടും ലോകം വിട്ട് പിതാവിന്റെ അടുത്തേക്ക് പോകുന്നു “. ഇങ്ങനെ നിരവധി പ്രഖ്യാപനങ്ങൾ നടത്തി ഈശോമിശിഹാ തന്റെ ദൈവപുത്രത്വം, ദൈവത്വം വെളിപ്പെടുത്തുന്നുണ്ട്.
യോഹ.14:12ലും വലിയ വെളിപ്പെടുത്തലാണ് ഈശോ നടത്തുന്നത്.” സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു:” എന്നിൽ വിശ്വസിക്കുന്നവനും ഞാൻ ചെയ്യുന്ന പ്രവർത്തികൾ ചെയ്യും. ഞാൻ പിതാവിന്റെ അടുത്തേക്ക് പോകുന്നതുകൊണ്ട് ഇവയെക്കാൾ വലിയവയും അവൻ ചെയ്യും”. വലിയ ഉറപ്പു നൽകുന്ന ഒപ്പം വെളിപ്പെടുത്തലുകൾ നടത്തുന്ന, നൽകുന്ന മറ്റ് രണ്ട് പ്രധാന സത്യങ്ങൾ തുടർന്നുള്ള വചസ്സുകളിൽ ഈശോ വ്യക്തമാക്കുന്നു. ” നിങ്ങൾ എന്റെ നാമത്തിൽ ആവശ്യപ്പെടുന്നതെന്തും പിതാവ് പുത്രനിൽ മഹത്ത്വപ്പെടാൻ വേണ്ടി ഞാൻ പ്രവർത്തിക്കും. എന്റെ നാമത്തിൽ നിങ്ങൾ എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാനത് ചെയ്തു തരും”(യോഹ.14:13-14).
യോഹ.8:28-29 ഈശോ തന്റെ ദൈവത്വം വെളിപ്പെടുത്തുന്ന വാക്കുകളാണ്.
” എന്നെ അയച്ചവൻ എന്നോട് കൂടെയുണ്ട്. അവിടുന്ന് എന്നെ തനിയെ വിട്ടിരിക്കുകയല്ല”. താൻ ലോകത്തോട് പ്രഖ്യാപിച്ചവയെല്ലാം പിതാവിൽ നിന്ന് കേട്ടവയാണെന്ന് യോഹ. 8:26ൽ ഈശോ വെളിപ്പെടുത്തുന്നു. ” എന്നെ അയച്ചവൻ സത്യവാനാണ്, അവിടുത്തെ അധരത്തിൽ നിന്ന് കേട്ടത് ഞാൻ ലോകത്തോട് പറയുന്നു”. ” എന്റെ പിതാവിൽ നിന്ന് കേട്ടതെല്ലാം ഞാൻ നിങ്ങളെ അറിയിച്ചു” (യോഹ. 15: 15 ).
ഈ പ്രഖ്യാപനങ്ങൾ എല്ലാം താൻ ദൈവ പിതാവിന്റെ പുത്രനാണെന്ന, സത്യദൈവമാണെന്ന ഈശോ തമ്പുരാന്റെ അവബോധത്തെ സ്പഷ്ടമാക്കുന്നു.