വിശ്വാസത്തിന്റെ അന്തസത്ത ദൈവത്തിന്റെ ഏകത്വവും ത്രിത്വത്തവും ദൈവപുത്രന്റെ മനുഷ്യാവതാരവും പീഡാനുഭവവും കുരിശു മരണവും ഉയിർപ്പും മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പു (പിശാചിന്റെ അടിമത്തത്തിൽ നിന്നുള്ള വിമോചനവും)മാണ്. ഇവയെല്ലാം ഒരു പരിധിവരെ വെളിപ്പെടുത്തുന്ന സംഭവങ്ങളുടെ സംഭവമാണ് മിശിഹായുടെ കന്യകാജനനം. ഇതേക്കുറിച്ച് ഈ ദിവസങ്ങളിൽ തന്നെ നാം പരാമർശിച്ചിട്ടുള്ളതാണ് ദൈവശാസ്ത്രപരമായി ഇത് ക്രിസ്തുവിജ്ഞാനീയമാണ്.
ഈശോമിശിഹാ എന്ന മഹാ രഹസ്യത്തിലേക്ക് വെളിച്ചം വീശുന്നതാണ് നാം നേരത്തെ പരാമർശിച്ച മിശിഹായുടെ കന്യകാജനനവിവരണം . അതായത്, ഈശോമിശിഹാ ഒരേ സമയം, ദൈവവും മനുഷ്യനും ആണ്.പരിശുദ്ധാത്മാവിന്റെ ആവാസത്തിലൂടെ പുത്രൻ കന്യകാമറിയത്തിന്റെ ഉദരത്തിൽ ഏതൊരു ജനനവും പോലെ ജന്മം കൊണ്ടു മനുഷ്യനാകുമ്പോഴും ആ ശിശു അനാദിയിലുള്ള ദൈവമാണ്.
ജലത്താലും ആത്മാവിനാലും ഉള്ള മനുഷ്യന്റെ ജനനത്തെക്കുറിച്ച് ഈശോ വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്. ഈശോ നിക്കൊദേമോസിനോട് സംസാരിച്ചത് ശ്രദ്ധിക്കുക.ഫരിസേയരില്‍ നിക്കൊദേമോസ് എന്നുപേരായ ഒരു യഹൂദപ്രമാണിയുണ്ടായിരുന്നു.
അവന്‍ രാത്രി യേശുവിന്റെ അടുത്തു വന്നു പറഞ്ഞു: റബ്ബീ, അങ്ങ് ദൈവത്തില്‍നിന്നു വന്ന ഒരു ഗുരുവാണെന്നു ഞങ്ങള്‍ അറിയുന്നു. ദൈവം കൂടെയില്ലെങ്കില്‍ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല.
യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല.
നിക്കൊദേമോസ് ചോദിച്ചു: പ്രായമായ മനുഷ്യന് ഇത് എങ്ങനെ സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടും പ്രവേശിച്ച് അവനു ജനിക്കുവാന്‍ കഴിയുമോ?
യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്‌മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല.
യോഹന്നാന്‍ 3 : 1-5.
ഈശോമിശിഹായെ നാഥനും കർത്താവും രക്ഷകനും ദൈവവുമായി വിശ്വസിച്ചു സ്വീകരിക്കുന്നവന് മാമോദിസയിലൂടെ ഈ ജനനം സംഭവിക്കുന്നു. സ്ഥൈര്യലേപനം എന്ന കൂദാശയിലൂടെ ഈ അഭിഷേകം സ്ഥിരവും സുദൃഡവും പൂർണവുമാകുന്നു. ഇപ്രകാരം ലഭിച്ച ‘അഭിഷേകം’ ഒരിക്കലും നഷ്ടപ്പെടുകയില്ല. കാരണമായാത്ത മുദ്ര പതിപ്പിക്കുന്ന കൂദാശകളാണ് മാമോദിസയും സ്ഥൈര്യലേപനവും. പക്ഷേ മനപ്പൂർവ്വം ഗൗരവമായ പാപങ്ങൾ (mortal sins )ചെയ്താൽ ആത്മാവിന്റെ പ്രവർത്തനങ്ങൾ(i. e. ആത്മാവ് നിർവീര്യമാക്കപ്പെടുന്നു) നടക്കുകയില്ല. വീണ്ടും അനുതപിച്ച് കുമ്പസാരിക്കാതെ, പാപത്തെ മരിച്ചാൽ, ആ വ്യക്തിയുടെ ദൈവപുത്ര(ദത്തു പുത്ര )സ്ഥാനം നഷ്ടപ്പെടും. അത് നിത്യമായ നഷ്ടം തന്നെയായിരിക്കും.
മാനവരാശി മുഴുവനെയും നവ സൃഷ്ടിയാക്കാൻ ഈശോയ്ക്ക് കഴിയും എന്നതിന്റെ തെളിവും അച്ചാരവും ആണ് അവിടുത്തെ കന്യകാജനനം. സ്വർഗ്ഗത്തിൽ, ഒരു അമ്മയുടെ സഹായമില്ലാതെ ഒരു പിതാവിൽ നിന്ന് പിറന്ന അവിടുത്തെ ആദ്യന്തവിഹീനനും സത്തയിൽ പിതാവിനോടും പരിശുദ്ധാത്മാവിനോടും സമനും പിതാവിന്റെ സ്വാഭാവിക സുതനുമാണ് ഈശോ.എന്തെന്നാല്‍, അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്‌ഷയ്‌ക്കു വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്‌ഷപ്രാപിക്കാനാണ്.
യോഹന്നാന്‍ 3 : 16-17
ക്രിസ്തു എന്ന മഹാ രഹസ്യത്തിലേക്ക് വെളിച്ചം വീശുന്നതാണ് തന്റെ കന്യകാജനനം