യേശു തന്റെ അമ്മയും താന്‍ സ്നേഹി ച്ചശിഷ്യനും അടുത്തു നില്ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന് .
അനന്തരം അവന് ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍ മുതല്‍ ആ ശിഷ്യന് അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു.
യോഹന്നാന് 19 : 26-27
തന്റെ കാലശേഷം അനാഥയാകുമാ യിരുന്ന തന്റെ മാതാവിനെ ഈശോ തന്റെ പ്രേഷ്ഠശിഷ്യനായ യോഹന്നാനെ ഭരമേൽപ്പിക്കുന്നു. യോഹന്നാൻ പരിശുദ്ധ അമ്മയെ തന്റെ ഭവനത്തിൽ സ്വീകരിക്കുന്നു. നിർണായകനിമിഷത്തെ ഈ ചരിത്ര വസ്തുത അവതരിപ്പിക്കുന്ന മാനങ്ങളുണ്ട്. തന്നെ പാലൂട്ടി 30 വയസ്സ് വരെ കരുതലോടെ വളർത്തി തന്റെ ദൗത്യത്തിന് ഒരുക്കിവിട്ട അമ്മയെ സുരക്ഷിതകരങ്ങളിൽ ഏൽപ്പിച്ച് അമ്മയുടെ തുടർ ജീവിതം സുരക്ഷിതമെന്ന് ഉറപ്പാക്കുന്നു. ഏതൊരു മകനും മകൾക്കും മഹോന്നത മാതൃകയും തങ്ങളുടെ ഭാരിച്ച ഉത്തരവാദിത്വത്തെ കുറിച്ചുള്ള ശക്തമായ ഓർമ്മപ്പെടുത്തമാണിത്.
ഇതിനെ ഏവരും സൂചനാത്മകമായി മനസ്സിലാക്കണം എന്നുകൂടി സുവിശേഷകൻ സൂചിപ്പിക്കുന്നുണ്ട്. തന്റെ പെറ്റമ്മയെ “സ്ത്രീ” എന്നും യോഹന്നാനെ” ഈശോ സ്നേഹിച്ച ശിഷ്യൻ” എന്നും സംബോധന ചെയ്യുന്നത് സൂചനാത്മകതയുടെ വിശദീകരണമായി വിശ്വാസി മനസ്സിലാക്കണം. കാനായിലും കാൽവരിയിലും മാത്രമാണ് തന്റെ അമ്മയെ ഈശോ “സ്ത്രീ ” എന്ന് അഭിസംബോധന ചെയ്യുന്നത്. തന്റെ മഹത്വീകരണന്റെ ആരംഭമാണ് കാനാ. കാൽവരിയിൽ അതു (മഹത്വീകരണം ) വിജയം മകുടം ചൂടുന്നു.
ഇപ്രകാരം തന്റെ രക്ഷാകര ദൗത്യത്തിന്റെ ആരംഭത്തിലും അവസാനത്തിലും സ്വമാതാവിനെ സ്ത്രീ എന്ന് വിശേഷിപ്പിച്ചു, തന്റെ പിതാവിന്റെ വാഗ്ദാനത്തിൽ പരാമർശിക്കുന്ന സ്ത്രീയാണ്,സഹ രക്ഷകയാണ് ,രണ്ടാം ഹവ്വായും ആണെന്ന് ഈശോ വ്യക്തമാക്കുന്നു. ഈശോയുടെ അഭിസംബോധന മറ്റൊരു മാനത്തിന്റെ വെളിപ്പെടുത്തൽ ഇവിടെയുണ്ട്. വെളിപാട് പന്ത്രണ്ടാം അദ്ധ്യായം ചിത്രീകരിക്കുന്ന സ്ത്രീ വിശ്വസ്തരായ ദൈവജനത്തെ സൂചിപ്പിക്കുന്നു. i. e. സഭയെ സൂചിപ്പിക്കുന്നു. മിശിഹായുടെ ജനനത്തിനുശേഷം പീഡിതയും അതേസമയം സുരക്ഷിതമായി കഴിയുന്ന ‘സ്ത്രീ’ ക്രിസ്തുവിന്റെ സഭയുടെ പ്രതീകമാണ്. ദൈവജനത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെല്ലാം പിന്തുണ നൽകുന്നത് സാത്താനാണ്.
സ്ത്രീ പ്രസവിച്ച ശിശു മിശിഹാണെന്ന് അവന് നൽകപ്പെടുന്ന വിശേഷണങ്ങൾ തെളിയിക്കുന്നു. ദൈവജനത്തിന് സംരക്ഷണം നൽകുന്ന മിശിഹായാണ് ഇരുമ്പ് ദണ്ഡുകൊണ്ട് ഭരിക്കുന്നവൻ (സങ്കീർത്തനം 2 :9 ;ഏശയ്യ 11 :4) ദൈവത്തിന്റെ അടുത്തേക്ക് സംവഹിക്കപ്പെടുന്നത് ഈശോയുടെ ഉത്ഥാനവും സ്വർഗ്ഗാരോഹണവും വഴി നടന്ന മഹത്തീകരണത്തിന്റെ സൂചനയാണ്. രക്ഷാകര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സംഭവങ്ങളാണ് ഈശോയുടെ മനുഷ്യാവതാരവും അവിടുത്തെ മഹത്വീകരണവും. അതുകൊണ്ടാണ് മറ്റ് സംഭവങ്ങൾക്ക് ഇവിടെ വലിയ ഊന്നൽ നൽകാത്തത്.