പ്രവാചകരുടെ വിശിഷ്യ ഏശയ്യ, ജെറമിയ പ്രവാചകന്മാരുടെ വീക്ഷണത്തിൽ ദൈവത്തിന് മനുഷ്യനെ കുറിച്ച് ഒരു പദ്ധതിയുണ്ടെന്ന് നാം കണ്ടു. ചരിത്ര സംഭവങ്ങൾ എല്ലാം അതിന്റെ പൂർത്തീകരണമാണ്. ആരും ഇതുവരെ കേട്ടിട്ടില്ലാത്തതും അസാധാരണവുമാണ് അവിടുത്തെ പദ്ധതികൾ. ഇവയുടെ പൂർത്തീകരണത്തിന് സമയമെടുക്കും. സസ്യലതാദികൾ വളർന്ന് പാകമാകുന്നത് പോലെ ആണത്. ഇതിന്റെ ആദ്യഭാഗം പാപങ്ങളുടെ മേൽ അവിടുന്ന് നടത്തുന്ന ശിക്ഷാവിധി ആണ്. യഥാർത്ഥത്തിൽ മനുഷ്യന്റെ അഹങ്കാരമാണ് പാപത്തിന്റെ കാതൽ; സ്നേഹത്തിന്റെ കാതൽ സകല നന്മകളുടെയും, അടിസ്ഥാനം എളിമയും.
വിശ്വാസ ജീവിതത്തോടുള്ള വെല്ലുവിളിയും അവിശ്വസ്തതയും മായാമോഹങ്ങളും ജ്ഞാനികളെന്നു അഭിമാനിക്കുന്നവരുടെ അതിരുകവിഞ്ഞ ലൗകീക വിവേകവും എല്ലാം ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദൈവിക പദ്ധതിയുടെ നിഷേധവും അവയോടുള്ള അനാദരവും ആണ്.
ഭൗതിക സമ്പത്തിലും സ്വാധീനത്തിലും ശക്തിയിലും മാറ്റം വെച്ചുപുലർത്തുന്ന ആശ്രയ ഭാവം പ്രായോഗിക ജീവിതത്തിൽ ദൈവത്തോടുള്ള വിശ്വാസമാണ്. കോട്ടകൊത്തളങ്ങളിൽ സുരക്ഷിതത്വം തേടുന്നത്, സൈനിക ബലത്തിൽ ആശ്രയിക്കുന്നത്, തെറ്റായ സിദ്ധാന്തങ്ങളിൽ വിശ്വസിക്കുന്നവരുമായി സഖ്യ മുണ്ടാക്കുന്നത്, ലൗകിക – ഭൗതിക ശക്തികളിൽ അഭയം തേടുന്നത് ഇവയൊക്കെ അവിശ്വാസത്തിന്റെയും അവിശ്വസ്തതയുടെയും വ്യത്യസ്ത ഭാവങ്ങൾ ആണ്.
മേൽ പരാമർശിക്കപ്പെട്ടത് പോലെ അഹംഭാവം ആണ് ഏറ്റവും വലിയ പാപം എന്നത് നിസ്തർക്കമാണ്. മനുഷ്യൻ വെറും മനുഷ്യനാണ്. അവൻ ദൈവം ആകാൻ ശ്രമിക്കരുത്. പലതും തന്റെ നില മറക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നു.ആദിമ മാതാപിതാക്കൾക്ക് സംഭവിച്ചത് മറ്റൊന്നായിരുന്നില്ല. ദൈവത്തെ പോലെ, ദൈവത്തിനു സമനാകാൻ, തകർന്നടിയുന്ന സൈനിക ശക്തിയിലും,മഹത്വ പ്രതാപങ്ങളിലും ആശ്രയിക്കുന്നവൻ ഇന്നല്ലെങ്കിൽ നാളെ നിലംപരിശാകും.
” ദൈവത്തിനുപോലും ഇതിനെ തകർക്കാനാവില്ല” എന്ന ലിഖിതം പ്രദർശിപ്പിച്ചുകൊണ്ട് ഇംഗ്ലണ്ടിൽ നിന്ന് പുറപ്പെട്ട ടൈറ്റാനിക്കിന്റെ പതനം പോലെയായിരിക്കും അഹങ്കാരികൾക്കു വന്നു ഭവിക്കുക. എളിമയോടെ വ്യാപരിച്ച് അത്യു ന്നതന്റെ മഹാമഹിമയെ ഏറ്റുപറയുന്നവനാണ് അവിടേക്ക് സ്വീകാര്യൻ.
ദാനിയേലിന്റെ പുസ്തകത്തിൽ ചില ഇടങ്ങളിൽ കേന്ദ്ര കഥാപാത്രമായി കാണപ്പെടുന്ന രാജാവാണ് നേബുകദ്നേസർ. കൊട്ടാര ജീവനക്കാരോടും യഹൂദ ദാസൻമാരോടും മര്യാദയോടും സഹാനുഭൂതിയോടെ പെരുമാറുന്ന ആളായാണ് അവൻ പ്രത്യക്ഷപ്പെടുക. (അ. പ്ര 4). അത്യുന്നത ദൈവത്തോട് ധിക്കാരമോ നിന്ദയോ കാണിച്ചതുമില്ല. ദൈവത്തിന്റെ തിരുഹിതം അറിയുന്നവനാണവൻ. ദൈവത്തിൽ നിന്ന് അകന്നു മൃഗതുല്യമായ മനസോ ചിന്തകളോ ഉള്ളവനും അല്ല.
എന്നാൽ 12 മാസം കഴിഞ്ഞ് ബാബിലോൺ രാജകൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ഉലാത്തുമ്പോൾ രാജാവ് പറയുന്നു: ” എന്റെ രാജകീയ മഹത്വത്തിനു വേണ്ടി രാജമന്ദിരമായി എന്റെ മഹാ പ്രഭാവത്താൽ ഞാൻ നിർമ്മിച്ചതല്ലേ മഹത്തായ ഈ ബാബിലോൺ” (4:30). രാജാവിന്റെ ഗർവിന്റെ ഈ വാക്കുകൾ ദൈവത്തിന്റെ ന്യായവിധിയ്ക്ക് കാരണം ആയി. ഈ വാക്കുകൾ പറഞ്ഞ് തീരും മുമ്പേ സ്വർഗ്ഗത്തിൽ നിന്ന് ഒരു സ്വരം ഉണ്ടായി.
” നെബൂഖദ്നേസർ രാജാവേ, നിന്നോടാണ് പറയുന്നത്: രാജ്യം നിന്നിൽ നിന്ന് വേർപെട്ടിരിക്കുന്നു. നീ മനുഷ്യരുടെ ഇടയിൽ നിന്ന് ഓടിക്കപ്പെടുകയും നിന്റെ വാസം വന്യമൃഗങ്ങളോടൊത്തു ആയിരിക്കുകയും ചെയ്യും. കാളയെപ്പോലെ നീ പുല്ലു തിന്നും. മനുഷ്യരുടെ രാജ്യം ഭരിക്കുന്നത് അത്യുന്നതാനാണെന്നും താൻ ഇച്ഛിക്കുന്നവനു അവിടുന്ന് അത് നൽകുമെന്നും നീ അറിയുന്നത് വരെ ഏഴു സംവത്സരം കടന്നുപോകും”. അപ്പോൾ തന്നെ സ്വർഗ്ഗത്തിന്റെ വാക്കുകൾ നിവൃത്തിതമായി. രാജ്യം, രാജകൊട്ടാരം, പ്രജകൾ,സൈന്യം, എല്ലാം അഹങ്കാരയിൽനിന്ന് മാറ്റപ്പെട്ടു. അവസാനം കാളയെപ്പോലെ പുല്ല് തിന്നുകയും വിരൂപനും നിന്ദിതനും അപമാനിതനും ആവുകയും ചെയ്തു.
അവിടുത്തെ പ്രവർത്തികൾ ശരിയായിട്ടുള്ളതും മാർഗ്ഗങ്ങൾ നീതിപൂർണ്ണവും അവിടുത്തെ ആധിപത്യം അനന്തമാണെന്നുമുള്ള സത്യങ്ങൾ നന്നായി മനസ്സിലാക്കുകയും അഹങ്കാരികളെ താഴ്ത്താനും വീഴ്ത്താനും അവിടേക്ക് അനായാസം കഴിയും എന്നും അവിടുത്തെ ആധിപത്യം അനന്തമാണെന്നും പരിര്യക്ത തയുടെ നാളുകളിൽ രാജാവ് നന്നായി മനസ്സിലാക്കി. അവൻ അത്യുന്നതനെ വാഴ്ത്തി സ്തുതിച്ചു. അനുതാപം അവന് പാപക്ഷമയും ശോഭനമായ തിരിച്ചുവരവും നൽകി.