ബാറൂക്ക് അഞ്ചാം അധ്യായം ആരംഭിക്കുന്നത് ഇങ്ങനെയാണ്. ” ജെറുസലേം നീ ദുഃഖത്തിന്റെയും പീഡനത്തിന്റെയും വസ്ത്രം മാറ്റി ദൈവത്തിൽനിന്നുള്ള മഹത്വത്തിന്റെ കിരീടം എന്നെന്നേക്കുമായി ശിരസിൽ അണിയുക. നീതിയുടെ മേലങ്കി ധരിക്കുക. ആകാശത്തിനു കീഴിൽ എല്ലായിടത്തും ദൈവം നിന്റെ തേജസ് വെളിപ്പെടുത്തും. നീതിയുടെ സമാധാനവും ഭക്തിയുടെ മഹത്വവും എന്നു ദൈവം നിന്നെ പേർ വിളിക്കും. ( ബാറൂക്ക് 5: 1 -4).
4:30ൽ മക്കളെ പ്രതിവിലപിക്കുന്നജെറുസലേമിനെ പ്രവാചകൻ ആശ്വസിപ്പിക്കുന്നു. എല്ലാം മറന്ന് ദൈവത്തിന്റെ രക്ഷയിൽ പ്രത്യാശ അർപ്പിക്കാൻ അവരെ ഉത്ബോധിപ്പിക്കുകയാണ് പ്രവാചകൻ. ദൈവനാമത്തിൽ തന്നെയാണ് പ്രവാചകൻ ഇവിടെ സംസാരിക്കുക. ഒരു കുട്ടിക്ക് പേര് നൽകുക പിതാവിന്റെ അവകാശമാണ്. ” ജറുസലേമിന് പേരിട്ടവൻ എന്ന് ദൈവത്തെ പ്രവാചകൻ വിശേഷിപ്പിക്കുമ്പോൾ, പിതാവിന്റെ കരുതലിലേക്കാണ് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കപ്പെടുക. ” ദൈവത്തിന്റെ നഗരമായ” ജറുസലേമിന്റെ രക്ഷ ദൈവം തന്നെയാണ്. ഇവിടെ പ്രവാസിയുടെ നിരവധിയായ ചോദ്യങ്ങൾക്ക് പ്രവാചകൻ നൽകുന്ന മറുപടിയാണ് ” ദൈവത്തിൽ നിന്ന് വരുന്ന ആനന്ദം ദർശിക്കുവാൻ കിഴക്കോട്ട് നോക്കുവിൻ” എന്ന നിർദ്ദേശം.
ഇനി ദൈവം തന്റെ മഹത്വത്തിന്റെ പ്രകാശത്തിൽ അവരെ നയിക്കും. എങ്ങനെയാണ് അവിടുന്ന് നയിക്കുന്നത് എന്ന് ഏശയ്യ 49 :10ലും 52 :12ലും
വ്യക്തമാക്കുന്നുണ്ട്. ഇനി അവർക്ക് വിശക്കുകയോ ദാഹിക്കുകയോ ഇല്ല. ചുടുകാറ്റോ വെയിലോ അവരെ തളർത്തുകയില്ല. എന്തുകൊണ്ടെന്നാൽ അവരുടെ മേൽ ദയയുള്ളവൻ അവരെ നയിക്കും. നീർച്ചാലുകൾക്കരുകിലൂടെ അവരെ കൊണ്ടുപോകും ” (ഏശയ്യ 49:10).
52:12 കുറേക്കൂടെ വ്യക്തമാണ്. ” നിങ്ങൾ തിടുക്കം കൂട്ടണ്ട, വേഗം ഓടുകയും വേണ്ട. കർത്താവ് (തന്നെ) നിങ്ങളുടെ മുൻപേ നടക്കും. ഇസ്രായെലിന്റെ ദൈവമായിരിക്കും നിങ്ങളുടെ പിൻകാവൽക്കാരൻ”. നീതിയും കാരുണ്യവും ദൈവത്തിന്റെ അകമ്പടി സേവകരെന്നപോലെ അവരോടൊപ്പം നടക്കും. ദൈവത്തിന്റെ കാരുണ്യത്തിൽ ഇസ്രായേൽ പുന സൃഷ്ടിക്കപ്പെടുന്നത് ബാറൂക്ക് ദർശനത്തിൽ കാണുന്നു.
ദൈവത്തിന്റെ സ്നേഹവും കരുണയും മൂലം ദൈവമഹത്വം നയിക്കുന്ന രാജകീയ ജൈത്രയാത്രയായി ജെറുസലേം ജനത തിരികെ വരുന്നു. പ്രവാസത്തിൽ കഴിയുന്ന ജനതയുടെ പ്രതീക്ഷകളുടെ സാക്ഷാത്കാരം ആണിത്. ജെറമിയ പ്രവാചകന്റെ ഗ്രന്ഥത്തിൽ എന്നപോലെ വേദനിക്കുന്ന ജനത്തെ യുഗാന്തരക്ഷ ഇവിടെ പ്രഘോഷിക്കപ്പെടുന്നു; പ്രവചിക്കപ്പെടുന്നു.