വ്യക്തിപരവും സാമൂഹ്യപരവുമായ സത്ഫലങ്ങൾ ഉളവാക്കുന്ന ജീവിതശൈലി ആയിരിക്കണം ദൈവ മക്കൾ സ്വീകരിക്കുന്നത് ജഡപ്രകാരമുള്ള ജീവിതം നാശത്തിലേക്ക് നയിക്കും എന്ന് തിരിച്ചറിവ് ഉണ്ടാവണം ക്രിസ്തു മാർഗ്ഗത്തിൽ വസിക്കുന്നവർക്ക് ക്രിസ്തുവിൽ ഒന്നിപ്പിക്കപ്പെട്ടവരുടെ കൂടെ കുടുംബം എന്ന നിലയിലും വിശ്വാസിയുടെ സമൂഹമെന്ന നിലയിലും എല്ലാവർക്കും ആവുന്നത് നന്മ ചെയ്യുന്നതിൽ അങ്ങേയറ്റം തല്പരരാവുന്ന മനോഭാവത്തിന്റെ ഉടമകളാണ് അവർ. ഗലാത്യർ 6:10
സ്വകാര്യ ജീവിതത്തിനും പൊതു ജീവിതത്തിനും സ്നേഹത്തിന്റെ നിയമം പൂർത്തിയാക്കുന്നതിന് ഓരോ ക്രൈസ്തവനും ബാധ്യസ്ഥനാണ്.സഭാസമൂഹത്തിലെ അംഗങ്ങളെ വിശ്വാസ ജീവിതത്തിൽ ഉറപ്പിച്ചു നിർത്തുക എന്നത് പ്രത്യേക ശ്രദ്ധാവിഷയമാവണം ഉറ്റബന്ധത്തിൽ സമൂഹത്തിന് പ്രവർത്തിക്കാൻ കഴിയത്തക്ക വിധത്തിൽ വേണം ക്രൈസ്തവർ മുന്നേറാൻ.എല്ലാ മേഖലകളിലും വിശിഷ്യാ തെറ്റ് തിരുത്തുന്നതിനും, പരസ്പരം വിവിധ ചുമതലകൾ നിർവഹിക്കുന്നതിലും, സഹായിക്കുന്നതിനും, സഹന നിമിഷങ്ങളിലും 2 കോറി 2 :4 ;10 -13 ;7- 5; 13 -4 ബലഹീനരോടുള്ള പെരുമാറ്റത്തിലും ഇത് സവിശേഷമായ വിധം പ്രകടമാവണം.അരൂപിയിലുള്ള, ആത്മാവിന്റെ തണലിൽ ഉള്ള ജീവിതത്തിൽ, സ്വാർത്ഥതയ്ക്ക് സ്ഥാനമേ ഇല്ല.നന്മ ചെയ്യുന്നതിനുള്ള നിഷ്ഠയ്ക്കും സ്ഥിരതയ്ക്കുമാണ് സ്ഥാനം. മറ്റു വാക്കുകളിൽ ബാഹ്യ ചാരങ്ങളെക്കാൾ ആന്തരികതയ്ക്ക് മുൻതൂക്കം നൽകുന്നവരാണ് ആത്മാവിൽ ജീവിക്കുന്നവർ.
എന്നാൽ ഇന്ന് മനുഷ്യന്റെ തിന്മയും പാപങ്ങളും എന്നത്തെ ക്കാൾ വർദ്ധിച്ചു പെരുകിയിരിക്കുന്നു. അവർ തങ്ങളുടെ അനീതിയിൽ സത്യത്തെ തളച്ചിടുന്നു (റോമ.1 :18). അനുതാപവും മാനസാന്തരവും കൊണ്ട് മാത്രമേ വിമോചനം സാധ്യമാകൂ.തിന്മ വർജിക്കുക, നന്മയെ ആഞ്ഞുപുല്കുക. ദൈവ കോപം നമ്മെ ശ്രദ്ധിക്കാതിരിക്കാൻ, നിത്യനരകാഗ്നിയിൽ നിപതിക്കാതിരിക്കാൻ ഈ നിമിഷം തന്നെ നമുക്ക് സകല തിന്മകളും നമുക്ക് വർജിക്കാം, പാപങ്ങൾ ഏറ്റുപറഞ്ഞ് രക്ഷ പ്രാപിക്കാൻ ഒരു നിമിഷം വൈകാതെ ഇരിക്കട്ടെ. എന്തെന്നാൽ ആ ദിവസമോ മണിക്കൂറോ പിതാവിന് അല്ലാതെ മറ്റാർക്കും അറിയില്ല. വിവാഹവസ്ത്രം (പ്രസാദവരം, ദൈവകൃപ) ഇല്ലാത്തവർ പുറത്തുള്ള അന്ധകാരത്തിലേക്ക് എറിയപ്പെടും. അവിടെ സ്ഥിരം കരച്ചിലും പല്ല് കടിയും ആയിരിക്കും.”രാജ്യത്തിന്റെ മക്കളാകട്ടെ പുറത്തുള്ള അന്ധകാരത്തിലേക്ക് എറിയപ്പെടും. അവിടെ വിലാപവും പല്ലു കടിയും ആയിരിക്കും” (മത്താ.8 :12).
രക്ഷയും സുസ്ഥിരതയും സ്ഥാപിക്കുന്ന ദൈവം തന്നെയാണ് പാപത്തിന് ശിക്ഷയും നൽകുന്നത്.സങ്കീർത്തകന്റെ ഹൃദയവേദനയോടെയുള്ള ആ ചോദ്യം നമ്മെ ഇരുത്തി ചിന്തിപ്പിക്കണം “അങ്ങയുടെ കോപത്തിന്റെ ഉഗ്രതയും ക്രോധത്തിന്റെ ഭീകരതയും ആര് അറിഞ്ഞിട്ടുണ്ട്”(90:11). ഏശയ്യായുടെ പ്രവചനം ഗൗരവമായി എടുക്കേണ്ടതാണ്.” കർത്താവ് അഗ്നിയിൽ എഴുന്നള്ളുന്നു.അവിടുത്തെ രഥം കൊടുങ്കാറ്റ് പോലെ,അവിടുത്തെ ഉഗ്രകോപം ആഞ്ഞടിക്കും.അവിടുത്തെ ശാസനം ആളിക്കത്തും.കർത്താവ് അഗ്നി കൊണ്ട് വിധി നടത്തും “. എല്ലാം മർത്യരുടെയും മേൽ വാളുകൊണ്ട് വിധി നടത്തും. കർത്താവിനാൽ വധിക്കപ്പെടുന്നവർ അസംഖ്യമായിരിക്കും(ഏശ.66: 15- 16)
മഹത്വ പൂർണ്ണനായി എഴുന്നള്ളുന്ന കർത്താവിന്റെ ചിത്രമാണ് ഇവിടെയുള്ളത്.. പാപികളുടെ മേലുള്ള ശിക്ഷാവിധി ഏശയ്യ ഊന്നി പറയുന്നു. യഥാർത്ഥ അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും അവശ്യാവശ്യകതയാണ് പ്രവാചകൻ പരോക്ഷമായി ഊന്നിപ്പറയുക.