ഇരുപത്തൊന്നാം സങ്കീർത്തനം

Fr Joseph Vattakalam
4 Min Read

20ന്റെ ഇണപിരിയാത്ത ഇഷ്ടത്തോഴിയാണ് ഇരുപത്തിയൊന്നാം സങ്കീർത്തനം. ” അവിടുന്ന് നിന്റെ ഉദ്യമങ്ങൾ സഫലമാക്കട്ടെ ” (സങ്കീ.20:4) എന്ന ആശംസ 21 :2 ൽ സഫലമാകുന്നു.

” അവന്റെ ഹൃദയാഭിലാക്ഷം അങ്ങ് സാധിച്ചു കൊടുത്തു. അവന്റെ യാചന അങ്ങു നിഷേധിച്ചില്ല  “. രാജാവിന് വിജയം നൽകിയ ദൈവത്തിനുള്ള കൃതജ്ഞതയാണ് ഈ രാജകീയ സങ്കീർത്തനം. രാജാവിന്റെ അഭിഷേക ദിനത്തിന്റെ വാർഷികത്തിൽ അവന് ദൈവം നൽകിയിട്ടുള്ള അനുഗ്രഹങ്ങളെ ഓർത്ത് ദൈവത്തിന് നന്ദി പറയുകയും തുടർന്ന് നൽകാൻ ഇരിക്കുന്ന അനുഗ്രഹങ്ങൾക്ക് അവിടുത്തെ സ്തുതിക്കുകയും ചെയ്യുന്നതിനുള്ള ഒരു ഗീതം ആയും ഇതിനെ കരുതാവുന്നതാണ്.

 സങ്കീർത്തകന് രാജാവിനോട് വ്യക്തിപരമായ ബന്ധം ഉണ്ട് തീർച്ച. അതിലേറെ, അവൻ ദൈവത്തോട് ഒട്ടി നിൽക്കുന്നവനാണ്. ദൈവവും രാജാവും സവിശേഷമായ വിധം താതാത്മ്യപ്പെടുന്ന ഒരു തോന്നലും അനുവാചകന് ഉണ്ടാകുന്നുണ്ട്. ദൈവീക ശക്തിയിൽ ശരണം വച്ച്, അവിടുത്തെ അനന്ത കാരുണ്യത്തിൽ ആശ്രയിച്ചുള്ള ഒരു ഭരണമാണ് രാജാവ് കാഴ്ചവയ്ക്കുന്നത് “. ആദ്യത്തെയും (വാക്യം 1 -6) അവസാനത്തെയും (വാക്യം 8- 12) പാദങ്ങൾ ദൈവത്തിന്റെ ശക്തിയെയാണ് ആവിഷ്കരിക്കുന്നത് ; മധ്യപാദം (7) അവിടുത്തെ കാരുണ്യവും.

 ” കർത്താവേ, രാജാവ് അങ്ങയുടെ ശക്തിയിൽ സന്തോഷിക്കുന്നു” (1). “അങ്ങയുടെ ശക്തി പ്രഭാവത്തെ ഞങ്ങൾ പാടിപ്പുകഴ്ത്തും “(13). ലളിതമായ ഒരു ഘടനയാണ് ഇതിനുള്ളത്.1-6 രാജാവിനുള്ള ദൈവിക ദാനങ്ങൾ വിവരിക്കുന്നു.7- അത്യുന്നതന്റെ കാരുണ്യമാണ് രാജാവിന്റെ ശരണം. 8-12 രാജാവിന്റെ വിജയങ്ങൾ ദൈവത്തിന്റെ സമ്മാനങ്ങളാണ്.

ദൈവത്തിന്റെ ശക്തി ദൈവത്തിന്റെ ഭരണത്തെ തന്നെയാണ് സൂചിപ്പിക്കുക ( സങ്കീർത്തനം 29 :1; 93 :1; 96 :6, 7; 97: 4 ). ദൈവ ഭരണത്തിന്റെ മനുഷ്യ പ്രതിനിധി മാത്രമാണ് രാജാവ്. അവന്റെ ആനന്ദം മുഴുവൻ ദൈവത്തിന്റെ ശക്തിയിലും ദൈവീക വഴിയിലും ആണ് (1). രാജാവിന്റെ ആവശ്യങ്ങളിലും അഭിലാഷങ്ങളിലും ദൈവത്തിന് സവിശേഷശ്രദ്ധ ഉണ്ട്.

ദൈവത്തിന്റെ സഹായം ആണല്ലോ 20ലെ മുഖ്യപദം.20:4 ന്റെ ആദ്യഭാഗം “അവിടുന്ന് നിന്റെ ഹൃദയാഭിലാക്ഷം സാധിച്ചു തരട്ടെ ” എന്നാണ്. 21:2 ദൈവത്തിന്റെ മഹാ കാരുണ്യത്തെ കുറിച്ചാണ്.5,6 രാജാവിനുള്ള ദൈവത്തിന്റെ അനുഗ്രഹങ്ങൾ വിവരിക്കുന്നു (1). രാജാധികാരം നൽകുന്ന തങ്കകിരീടം ചാർത്തി, രാജാധികാരം ദൈവദാനം എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു  (2). പ്രാർത്ഥനയ്ക്ക് ഉത്തരമായി ജീവൻ നീട്ടിക്കൊടുത്തു

 (1 രാജാക്കന്മാർ 3 :5; 2 രാജാക്കന്മാർ 29:3 ). മഹത്വം, തേജസ്, പ്രതാപം ഇവ സങ്കീർത്തകന്റെ മേൽ ദൈവം ചൊരിഞ്ഞു.  നിത്യതയിലേക്ക് ജീവിച്ച രാജാവ് മിശിഹാ തന്നെയാണ് ; അവിടുന്ന് മാത്രമാണ്. ഇവയെല്ലാം ദൈവത്തിന്റെ സവിശേഷതകളാണ്. ഇവ അവിടുന്ന് രാജാവിനും പങ്കു വച്ചിരിക്കുന്നു. ഇതുവരെ പറഞ്ഞുവെച്ച അനുഗ്രഹങ്ങളുടെ എല്ലാം മകുടമെന്നോണം ആറാം വാക്യത്തിലെ രണ്ടാംപകുതിയിൽ പറയുന്നു. ” അങ്ങയുടെ സാന്നിധ്യത്തിന്റെ സന്തോഷംകൊണ്ട് (മുഖപ്രസാദം) അവനെ ആനന്ദിപ്പിച്ചു “. ദൈവത്തിന്റെ സാന്നിധ്യം പോലെ ആനന്ദസംദായകമായി മറ്റെന്തെങ്കിലും ഉണ്ടോ? ദൈവവുമായുള്ള ഉറ്റ ബന്ധത്തിൽ നിന്നാണ് ഇത് ഉളവാക്കുക. ദൈവത്തിന്റെ തന്നോടൊപ്പമുള്ള സാന്നിധ്യമാണ് രാജാവിന്റെ ഏറ്റവും വലിയ അനുഗ്രഹം.

സങ്കീർത്തനത്തിലെ മധ്യ വാക്യമായ 7 രാജാവിന്റെ ദൈവത്തിലുള്ള ആശ്രയവും കുലുക്കം ഇല്ലായ്മയും ഊന്നിപറയുന്നു. മേൽ വിവരിച്ച ദൈവിക ദാനങ്ങൾ ദൈവശ്രയത്വ ത്തിന്റെ ഉറച്ച അടിത്തറയിൽ പടുത്തുയർത്തുന്നു. എന്നാൽ രാജാവിന്റെ കുലുക്കം ഇല്ലായ്മയുടെ അടിസ്ഥാനം അത്യുന്നതന്റെ കാരുണ്യം തന്നെയാണ്.

രാജാവിന്റെ ഭാവി വിജയങ്ങൾ സുനിശ്ചിതമാണ്. കാരണം അവനു വേണ്ടി പ്രവർത്തിക്കുന്നത് സർവ്വശക്തനായ കർത്താവാണ് വാക്യം (7) ദൈവിക പ്രവർത്തികളുടെ വിളംബരം തന്നെയാണ് ഈ ഭാഗം. എട്ടാം വാക്യത്തിൽ രാജാവിനെ കുലുക്കാനും വീഴിക്കാനും ശ്രമിക്കുന്നവരെ കുറിച്ചാണ് പരാമർശിക്കുക. വാക്യം ഒൻപതിലെ ” അങ്ങയുടെ സന്ദർശന ദിനത്തിൽ ” എന്ന പ്രയോഗം വളരെ ശ്രദ്ധേയമാണ്. ഈ ( വീണ്ടും )പ്രത്യക്ഷപ്പെടൽ രാജാ -ദൈവ സാദൃശ്യത്തിന്റെ ( ഇരുവരും തമ്മിലുള്ള സാദൃശ്യത്തിന്റെ) ആഴങ്ങൾ ഒരിക്കൽ കൂടി പ്രകടമാവുകയാണ് . ദൈവത്തിന്റെ സാന്നിധ്യമാണ് രാജാവിന്റെ ആനന്ദ കാരണമെങ്കിൽ, രാജാവിന്റെ സാന്നിധ്യ സമയം ശത്രുക്കൾക്ക് നാശകരം ആണ്.

 എരിയുന്ന ചൂള, വിഴുങ്ങുക, ദഹിപ്പിക്കുക, തുടങ്ങിയ പ്രയോഗങ്ങൾ ശത്രുക്കളുടെ നാശത്തിലേക്കാണ് വിരൽ ചൂണ്ടുക. ” കർത്താവ് തന്റെ ക്രോധത്തിൽ അവരെ വിഴുങ്ങും ” എന്ന പ്രഖ്യാപനം, ഇടപെടുന്നത് അവിടുന്ന് തന്നെയാണെന്ന് വ്യക്തമാക്കുന്നു.

 രാജാവിനെതിരെ ഉള്ള ഭീഷണി അധികനാൾ നീണ്ടു നിൽക്കുകയില്ല. അവന്റെ ഭാവി ശത്രുക്കളെ നിഷ്പ്രഭരാക്കി ദൈവീക കാരുണ്യത്തിൽ അടിസ്ഥാനമിട്ട രാജഭരണം രാജാവിന് ഉണ്ടാകും. ശുഭാശംസയ്ക്കു ശേഷം ഒരിക്കൽ കൂടി സാധകൻ ദൈവത്തെ അഭിസംബോധന ചെയ്തു, പതിമൂന്നാം വാക്യത്തിൽ കൃതി അവസാനിപ്പിച്ചിരിക്കുന്നു.

രാജാവിന്റെയും ജനത്തിന്റെയും ജീവനും ഭാവിയും  കർത്താവിന്റെ ശക്തിയിലും യുദ്ധവീര്യത്തിലും അധിഷ്ഠിതമാണ്. ദൈവത്തിനായി സ്വരം ഉയർത്തി അവിടുത്തെ ശക്തി വീര്യങ്ങളെ ഭക്തൻ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.

രാജാവിന് ദൈവം നൽകിയ നിത്യതയിലേക്ക് നീളുന്ന ദിനങ്ങൾ, ആൽഫയും ഒമേഗയും ആയ മിശിഹായെ കുറിച്ച് ചിന്തിക്കാൻ നമ്മെ നിർബന്ധിക്കുന്നു.

സങ്കീർത്തനത്തിൽ ഉടനീളം, വിശിഷ്യാ 8- 12 വാക്യങ്ങളിൽ ദൃശ്യമാകുന്ന രാജ – ദൈവ സാദൃശ്യം വിസ്മയനീയമാണ്. ഇസ്രായേലിന്റെ ഒരു രാജാവും ഇപ്രകാരം ദൈവസമനായി ചിത്രീകരിക്കപ്പെട്ടിട്ടില്ല. ദൈവം തന്നെയായ വചനം മാംസം ധരിച്ച മിശിഹാ ( അതുല്യനായ രാജാവ് ) യെക്കുറിച്ചുള്ള പ്രവചനം ആണിത്.

ദൈവീക ഭരണത്തിന്റെ നേർക്കാഴ്ച ആയിരിക്കണം ഓരോ അധികാര വിനിയോഗവും. നമ്മുടെ (കേരളം, ഭാരതം, ലോകം ) നേതാക്കളെ ദൈവത്തിന്റെ നിഴലുകൾ ആക്കി മാറ്റണമേ എന്നതാകട്ടെ നമ്മുടെ പ്രാർത്ഥന.

Share This Article
error: Content is protected !!