ദൈവനാമം മഹത്വം
ഇതിലെ 1 -12 വാക്യങ്ങൾ സ്തുതിയും അതിനുള്ള കാരണങ്ങളും അവതരിപ്പിക്കുന്നു . പ്രാർത്ഥനയും അതിൽ നിന്ന് ലഭിക്കുന്ന സദ്ഫലങ്ങളും ആണ് 13- 18 ലെ പ്രമേയം. 19,20 വാക്യങ്ങൾ കർത്താവ് മാത്രം ശക്തൻ എന്ന് പ്രഖ്യാപിക്കുന്നു.
ഒമ്പതാം സങ്കീർത്തനം ഒരു സ്തുതി കീർത്തനം ആണ്. ഒന്നും രണ്ടും വാക്യങ്ങൾ തികച്ചും സ്തുതി ഭരിതങ്ങളാണ്.
” പൂർണ്ണഹൃദയത്തോടെ ” വലിയ സ്നേഹത്തോടെയുള്ള കൃതജ്ഞതാ പ്രകാശനം, അത്ഭുത പ്രവർത്തികളുടെ വിവരണം, വ്യക്തിപരമായ ആഹ്ലാദപ്രകടനം, ഗീതാലാപനം ഇവയെല്ലാം സ്തുതിയുടെ വ്യത്യസ്ത ഭാവങ്ങളാണ്.
സങ്കീർത്തകന്റെ സ്തുതിക്കു വിഷയീഭവിക്കുന്ന രണ്ട് പ്രധാന മേഖലകൾ.
1. കർത്താവിന്റെ അത്ഭുത പ്രവർത്തികളും
2. അവിടുത്തെ “നാമ”വുമാണ്. നിരവധി അത്ഭുത പ്രവർത്തികളുടെ ഉപജ്ഞാതാവാണ് കർത്താവ്. സൃഷ്ട വസ്തുക്കളിലും ചരിത്രസംഭവങ്ങളിലും അത്ഭുതം പ്രവർത്തിക്കുന്ന കർത്തൃനാമത്തെ (കർത്താവിനെ) ഇസ്രായേൽ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സകല സ്തുതിക്കും അർഹനായ കർത്താവിന്റെ അത്ഭുത പ്രവർത്തികളുടെ വ്യക്തിപരവും സമൂഹ പരവുമായ മാനങ്ങളാണ് തുടർന്ന് വരുന്ന ഉപ പാദങ്ങൾ പ്രതിപാദിക്കുന്നത്. ശത്രുനാശവും (വാക്യം 3) നീതിയുടെ സംസ്ഥാപനം (വാക്യം 4 )സങ്കീർത്തകന്റെ വ്യക്തിജീവിതത്തിലെ അത്ഭുതാനുഭവങ്ങളാണ്. കർത്താവിനെ സ്തുതിക്കാൻ ഇവയൊക്കെ അവനെ പ്രേരിപ്പിക്കുന്നു.
ദൈവത്തിന്റെ ന്യായാധിപ ഭാവം വ്യക്തമാക്കുന്ന ഒട്ടനവധി പദങ്ങൾ നാലാം വാക്യത്തിൽ ഉണ്ട്. നീതി, വിധിക്കുക,സിംഹാസനം. ശത്രുക്കളെ നാശത്തെ ദുഷ്ടരുടെ അന്ത്യത്തെ കുറിക്കുന്ന പദം കൊണ്ടാണ് സൂചിപ്പിക്കുക. ദൈവത്തെ നീതിമാനായ വിധിയാളാനായി സങ്കീർത്തകൻ അനുഭവിച്ചറിഞ്ഞിരിക്കുന്ന കാര്യമാണ്.
സങ്കീ 9: 1-4 പൂര്‍ണഹൃദയത്തോടെ ഞാന്‍ കര്‍ത്താവിനു നന്ദിപറയും;അവിടുത്തെ അദ്ഭുതപ്രവൃത്തികള്ഞാന് വിവരിക്കും.
ഞാന്‍ അങ്ങയില്‍ ആഹ്ളാദിച്ചുല്ലസിക്കും;അത്യുന്നതനായവനേ, അങ്ങയുടെ നാമത്തിനു ഞാന്‍ സ്തോത്രമാലപിക്കും.
എന്തെന്നാല്‍, എന്റെ എതിരാളികള്‍പിന്‍തിരിഞ്ഞോടിയപ്പോള്‍ കാലിടറി വീഴുകയും അങ്ങയുടെ മുന്പില് നാശമടയുകയും ചെയ്തു.
അങ്ങ് എനിക്കു നീതി നടത്തിത്തന്നിരിക്കുന്നു;അങ്ങുന്യായാസനത്തിലിരുന്നുനീതിപൂര്‍വകമായ വിധി പ്രസ്താവിച്ചു.
വാക്യം 5 :8 ൽ സങ്കീർത്തകന്റെ അനുഭവങ്ങളുടെ വിശാല രൂപം ആവിഷ്കരിച്ചിരിക്കുന്നു. തന്റെ ശത്രുക്കൾക്ക് സംഭവിച്ചതു കൂടുതൽ തീവ്രതയോടെ ജനതകൾക്കും ദുഷ്ടർക്കും സംഭവിച്ചിരിക്കുന്നു. അവരുടെ നാമവും നഗരവും ഓർമ്മ തന്നെയും കർത്താവ് തുടച്ചു മാറ്റിയിരിക്കുന്നു.
ഇവിടെ അമലേക്യരുടെ ദുരന്തം പുറപ്പാട് 17: 14 അനുവാചകരുടെ മനസ്സിൽ അങ്കുരിച്ചു എന്നു വരാം. വെട്ടിപ്പിടിക്കുക, കെട്ടിപ്പടുക്കുക, പേരും പെരുമയും നിലനിർത്താൻ ശ്രമിക്കുക എല്ലാം അന്തിമമായ വിശകലനത്തിൽ പാഴ് വേലയാണ് എല്ലാവരും മനസ്സിലാക്കണം. ഇവിടെയാണ് 7,8 വാക്യങ്ങൾ സവിശേഷശ്രദ്ധ ആകർഷിക്കുക.
എന്നാല്‍, കര്‍ത്താവ് എന്നേക്കുമായിസിംഹാസനസ്ഥനായിരിക്കുന്നു;ന്യായവിധിക്കാണ് അവിടുന്നുസിംഹാസനം സ്ഥാപിച്ചിരിക്കുന്നത്.
അവിടുന്നു ലോകത്തെനീതിയോടെ വിധിക്കുന്നു;അവിടുന്നു ജനതകളെ നിഷ്പക്ഷമായി വിധിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 9 : 7-8
എന്നേക്കും നിലനിൽക്കുന്നത് കർത്താവിന്റെ ന്യായവിധിയുടെ സിംഹാസനം മാത്രം. നീതി ന്യായങ്ങളും സമത്വവും ദൈവ ഭരണത്തിന്റെ സ്ഥായീ ഭാവങ്ങളാണ് .
ദുഷ്ടർക്ക് വിധിയാളൻ മർദ്ദിതർക്ക് അഭയകേന്ദ്രമാണ്. ദുഷ്ടന്റെ നാമം തുടച്ചു നീക്കുന്നവൻ തന്റെ നാമം അറിയുന്നവനെ സംരക്ഷിക്കുന്നു. 11,12 വാക്യങ്ങൾ കർത്താവിന് നൽകുന്ന വിശേഷണങ്ങൾ ഏറെ ശ്രദ്ധേയമാണ്.’ സിയോനിയിൽ വസിക്കുന്നവൻ ‘ ആദ്യത്തെ വിശേഷണം ദൈവീക സാന്നിധ്യത്തിലേക്ക് (ജെറുസലേം ദേവാലയത്തിലെ വാഗ്ദാനപേടകം) വിരൽചൂണ്ടുന്നു. ദൈവത്തിന്റെ സിംഹാസനം സ്വർഗ്ഗത്തിലാണ്. എങ്കിലും അവിടുന്ന് തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട് (സങ്കീ.11:4). ‘ വിണ്ണിലിരുന്ന് ഉറങ്ങുന്നവൻ’ എന്ന വിഡ്ഢിത്തം എഴുന്നള്ളിച്ച് ഏതോ ഒരു തലതിരിഞ്ഞവനുണ്ട്.. അവിടുന്ന് മനുഷ്യരുടെ മധ്യേ വസിക്കുന്നവനും അവരുടെ വികാരവിചാരങ്ങൾ വ്യക്തമായി അറിയുന്നവനും അവരുടെകൂടെ നടക്കുന്നവനും കണ്ണീരൊപ്പുന്നവനും ആയിരം തലമുറ വരെ ക്ഷമിക്കുന്നവനുമാണ് അവിടുന്ന്. ‘He is nearer to me than I am to myself’. ‘രക്തത്തിനു പ്രതികാരം ചെയ്യുന്നവൻ ‘= മനുഷ്യജീവനെ വിലമതിക്കുന്നവൻ. ” നീ എനിക്ക് വിലപെട്ടവനും ബഹുമാന്യനും പ്രിയങ്കരനും” ആണ് (ഏശയ്യ43:4).
തീവ്രമായ, തീക്ഷ്ണമായ വ്യക്തിഗത പ്രാർത്ഥനയാണ് 13, 14 വാക്യങ്ങൾ. 13 ൽ ഒരു യാചനയും ഒരു പരാതിയും കാണാം. തന്നെ വെറുക്കുന്നവരിൽ നിന്നുള്ള പീഡന ങ്ങളെ കുറിച്ചാണ് പരാതി.
‘ മരണ കവാടത്തിൽ നിന്ന് ഉദ്ധരിക്കുന്നവനേ’ എന്ന വിളയിൽ ദൈവത്തിലുള്ള തന്റെ വ്യക്തിഗതമായ വിശ്വാസവും പ്രത്യാശയും പ്രഖ്യാപിക്കുകയാണ് സങ്കീർത്തകൻ.
മുൻ ഉപപാദത്തിലെ വിശ്വാസ പ്രത്യാശകൾ വാക്യങ്ങൾ 15, 17. തുടരുന്നു.’ കുഴി ‘, ‘കെണി ‘ നീ രൂപങ്ങൾ വക്രബുദ്ധികൾക്കും സംഭവിക്കുന്ന പരിതാപകരമായ പതനത്തെ സങ്കീർത്തകൻ അതീവ സുന്ദരമായ ആവിഷ്കരിച്ചിരിക്കുന്നു.
ഒമ്പതാം സങ്കീർത്തനത്തിൽ ഉടനീളം ‘ഓർമ്മിക്കുക’, ‘മറക്കുക’ എന്ന ക്രിയകൾ ശ്രദ്ധാപൂർവ്വം വിന്യസിച്ചിരിക്കുന്നു. (6, 12,17,18 ). 12നു അടിവരയിടുന്ന 18. ദരിദ്രരെ കർത്താവ് വിസ്മരിക്കു കയില്ല.( 9, 3, 5, 6). പാവങ്ങളുടെ പ്രത്യാശ നശിക്കുകയില്ല (സങ്കീ 62:5).
കർത്താവ് മാത്രമാണ് യഥാർത്ഥത്തിൽ ശക്തൻ( വാക്യം 19,20). മനുഷ്യൻ സ്വന്തം ബലഹീനത തിരിച്ചറിഞ്ഞങ്കിലെ ദൈവത്തിന്റെ ശക്തി അവന് മനസ്സിലാവൂ. “കർത്താവേ, ഉണരേണമേ ‘ എന്ന യുദ്ധമുറവിളി ദൈവത്തിന്റെ ശക്തിപ്രകടമാക്കാനുള്ള പ്രാർത്ഥനയാണ്.
” നീതിമാൻ ഇനിയും നീതി പ്രവർത്തിക്കട്ടെ . ഇതാ ഞാൻ വേഗം വരുന്നു. എന്റെ സമ്മാനവും ഞാൻ കൊണ്ടുവരുന്നുണ്ട് ഓരോരുത്തർക്കും സ്വന്തം പ്രവർത്തികൾക്ക് അനുസൃതം പ്രതിഫലം നൽകാനാണ് ഞാൻ വരുന്നത് (വെളിപാട് 22 :12 )