രക്ഷിക്കണമേ, കർത്താവേ!
7:1-10 സങ്കീർത്തകന്റെ പ്രാർത്ഥനയും പ്രശ്നാവതരണവും ആണ്. ഇതിന് മൂന്ന് ഉപവിഭാഗങ്ങളുണ്ട്
1. രക്ഷക്കായുള്ള പ്രാർത്ഥന
2. സ്വന്തം നിഷ്കളങ്കത ഉറപ്പിക്കുന്ന ശപഥം (3-5).
3. ന്യായാധിപൻ ആയ കർത്താവിലുള്ള വിശ്വാസപ്രഖ്യാപനം (6-10)
സങ്കീർത്തകന്റെ വിജയം (വാ. 11-17) ഇവിടെ മൂന്ന് ഉപപാദങ്ങൾ കാണാം.
1. കർത്താവ് നീതിമാനായ ന്യായാധിപനും പടയാളിയും (11-13).
2. ദുഷ്ടന്റെ സ്വയംകൃതാനർത്ഥം (14-16).
3. കർതൃ നീതിക്ക് നന്ദിയും സ്തുതിയും (17).
തന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ സാധിക്കുന്നു.
നിസ്സഹായനായ തന്നോടുള്ള ശത്രുവിന്റെ ക്രൂരത യെ മാനിനെ വേട്ടയാടുന്ന സിംഹത്തിന്റെ വന്യത യോടാണ് സങ്കീർത്തകൻ തുലനം ചെയ്തിരിക്കുന്നത് (cfr. സങ്കീ.10:9,17:2,22:13-21).
രണ്ടാം ഉപപാദവും ആരംഭിക്കുന്നത് “എന്റെ ദൈവമായ കർത്താവേ” എന്ന് വിളിച്ചു കൊണ്ടാണ്. സ്വന്തം നിഷ്കളങ്കതാപ്രഖ്യാപനവും ഇത് ഉൾക്കൊള്ളുന്നു. ” തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ ശപിക്കപ്പെടട്ടെ ” എന്ന സ്വയം ശാപശൈലിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. സങ്കീർത്തകനെതിരെയുള്ള ആരോപണങ്ങൾ ഈ വാക്കുകൾ വെളിപ്പെടുത്തുന്നുണ്ട്. സഖ്യത്തിലായവരെ ചതിക്കുക, അകാരണമായി ശത്രുവിനെ കൊള്ളയടിക്കുക ഇവയും ആരോപണങ്ങളിൽ പെടുന്നു. ഈ ആരോപണങ്ങൾ സത്യമെങ്കിൽ, ശത്രുവിന്റെ വേട്ടയാടൽ ന്യായമാണെന്നും സങ്കീർത്തകൻ സമ്മതിക്കുന്നു. അങ്ങനെയെങ്കിൽ ജീവൻ തന്നെ നൽകി പരിഹാരം ചെയ്യാനും എത്ര വലിയ അവമതി ഏറ്റുവാങ്ങാനും അവൻ സന്നദ്ധനാണത്രേ! പക്ഷേ താൻ തെറ്റുകാരൻ എന്ന് ഉറച്ച ബോധ്യം സങ്കീർത്തകനുണ്ട് .
മൂന്നാം ഉപപാദത്തിൽ (വാ. 11-17) യുദ്ധവീരനും ന്യായാധിപനുമായ ദൈവത്തിന്റെ ചിത്രമാണ് തെളിഞ്ഞു വരിക, രൂപകതാത്മയ്ക് ഏറെ പ്രാധാന്യമുള്ള ഭാഗമാണിത്. ഇവിടെ യുദ്ധഭാഷയും കോടതി ഭാഷയും സമ്മേളിക്കുന്നു. യുദ്ധവീരനായ കർത്താവിനെ വിളിച്ചുണർത്താൻ സാധകൻ ഉപയോഗിക്കുന്ന “കോപത്തോടെ എഴുന്നേൽക്കണമേ “, ക്രോധത്തെ നേരിടാൻ എഴുന്നേൽക്കണമേ”, തുടങ്ങിയ യുദ്ധഭാഷയാണ്.
ചുവടെ ചേർക്കുന്ന പ്രയോഗങ്ങൾ കോടതി ഭാഷയ്ക്ക് ഉദാഹരണങ്ങളാണ്. ന്യായവിധി(വാ.6),
ജനങ്ങളുടെ സമ്മേളനം(വാ.7),
കതൃ സിംഹാസനം (വാ.7),
വിധിക്കുക(വാ.8), പരിശോധിക്കുക(വാ.9). ഇവയൊക്കെ നീതിന്യായ സംവിധാനത്തിന്റെ ധ്വനി ഉണർത്തുന്നു.
ദൈവം നീതിമാനായ ന്യായാധിപനാണ് എന്നാരംഭിക്കുന്ന ഈ പാദം (11-13) ഒരുവിധത്തിലും മാനസാന്തര പെടാത്തവർക്കെതിരെ യുദ്ധ കോപ്പുകൾ ഒരുക്കുന്ന (മാരകായുധങ്ങൾ- വാൾ, വില്ല്,ശരങ്ങൾ) രോഷാകുലനായ ദൈവത്തെക്കുറിച്ചാണ് പരാമർശിക്കുക.
എന്നാൽ, രണ്ടാം ഉപപാദം ദുഷ്ടതയുടെ ഉറവിടവും ദുഷ്ടന്റെ സ്വയംകൃതാനർത്ഥവും തുറന്നുകാട്ടുന്നു. ഗർഭധാരണ – പ്രസവ രൂപകം, ദുഷ്ടൻ ഗർഭംധരിച്ചു, അധർമത്തെ ഉദരത്തിൽ വഹിച്ചു, വഞ്ചനയെ പ്രസവിക്കുന്ന ഏർപ്പാടിനെ പരാമർശിക്കുന്നു . ദുരാരോപണം നടത്തുന്നവരുടെ ദുഷ്ടത തന്നെയാണ് ആരോപണ രൂപേണ പുറത്തുവരുന്നത്. മൂന്ന് രൂപകങ്ങൾ കൂടിയുണ്ട്. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴുന്നത്, ശിരസ്സിൽ അധർമ്മം തേങ്ങപോലെ വന്നു പതിക്കുന്നത്, അക്രമം നെറ്റിയിൽ ആണി പോലെ തറഞ്ഞു കയറുന്നത്. [ ആകെ നാല് രൂപകങ്ങൾ ] എന്നീ മൂന്ന് രൂപകങ്ങളും ദുഷ്ടന്റെ സ്വയംകൃതാനർത്ഥത്തെയാണു സൂചിപ്പിക്കുക. മനപ്പൂർവമായ തിന്മ പ്രയോഗം, തീർച്ചയായും ബൂമറാംങ് ചെയ്യും. കൊടുത്താൽ “കൊല്ലത്തും കിട്ടും” എന്ന ചൊല്ല് ബൂമറാങ്ങിന്റെ അർത്ഥം വ്യക്തമാക്കുമെന്ന് തോന്നുന്നു . ” തിരിഞ്ഞു പായുക” എന്നതും അനുവാചകൻ കേട്ടിട്ടുണ്ടാവും. അവസാനത്തെ മൂന്ന് രൂപകങ്ങളും ഈ യാഥാർത്ഥ്യമാണ് അർത്ഥമാക്കുക.
മൂന്നാം പാദത്തിൽ (വാ.17) സങ്കീർത്തകൻ കർത്താവിന്റെ നീതി ഏറ്റുപറയുകയും അവിടുത്തെ നാമത്തിൽ സ്തോത്രം ആലപിച്ചു നീതി സത്യങ്ങളുടെ ആത്യന്തിക വിജയം പ്രഘോഷിക്കുന്നു.
ഏഴാം സങ്കീർത്തനവും ജോബിന്റെ പുസ്തകവും ദൈവത്തിന്റെ നീതിയാണ് സ്ഥാപിച്ചെടുക്കുക . ഇരുവരും തങ്ങളുടെ അവസ്ഥയെ “നീതിമാനായ ന്യായാധിപൻ ആയ ദൈവത്തിന്റെ “(സങ്കീ.7:11) വിധി പ്രസ്താവത്തിനു സമർപ്പിക്കുകയാണ്. അവസാനം ദൈവത്തിന്റെ നീതിയെ ആണ് ജോബും (49:7) സങ്കീർത്തകനും ഉദ്ഘോഷിക്കുന്നത്(വാ.17).
” വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്” എന്നാ മിശിഹായുടെ പ്രബോധനം സങ്കീർത്തനത്തിന്റെ അന്തസത്തയെന്നു തന്നെ പറയാം. ശിഷ്യപ്രധാനന്റെ വാക്കുകൾ ഇവിടെ ചേർത്തു വായിക്കുക.
” അവൻ പാപം ചെയ്തിട്ടില്ല. അവന്റെ അധരത്തിൽ വഞ്ചന കാണപ്പെട്ടുമില്ല. നിന്ദിക്കപ്പെട്ടപ്പോൾ അവൻ പകരം നിന്ദിച്ചില്ല. പീഡനമേറ്റപ്പോൾ ഭീഷണിപ്പെടുത്തിയില്ല. പിന്നെയോ നീതിയോടെ വിധിക്കുന്നവനു (പിതാവ്) തന്നെത്തന്നെ ഭരമേൽപ്പിക്കുകയാണ് ചെയ്തത് ( 1 പത്രോസ് 2: 22, 23 ).
മനുഷ്യൻ തന്റെ വിധി പ്രസ്താവങ്ങൾക്ക് കടിഞ്ഞാണിടണം. എല്ലാം കണ്ടറിയുന്നവൻ ദൈവം മാത്രം. അവിടുന്ന് മാത്രം യഥാർത്ഥ വിധിയാളൻ ( 1 കൊറി.4: 1- 6 ).