ആരും ഇല്ലാത്തവനു ദൈവം തുണ
ഒരു പ്രാർത്ഥനയോടെയാണ് (വാക്യം 1,2) 54 ആം സങ്കീർത്തനം ആരംഭിക്കുക. വാക്യം 3 പരാതി ഉന്നയിക്കുന്നുണ്ടെങ്കിലും ദൈവത്തിലുള്ള ശരണം ഏറ്റു പറയുന്നതും (4,5) തുടർന്ന് തമ്പുരാന് ബലി അർപ്പിക്കും എന്നുള്ള പ്രതിജ്ഞ എടുക്കുന്നതും അതിനുകാരണം വ്യക്തമാക്കുന്നതും ഇതിനെ വിലാപഗീതങ്ങളിൽ ഉൾപ്പെടുത്തുന്നതിന് മതിയായ കാരണമാകുന്നു.
താരതമ്യേന ലളിതമായ ഒരു ഘടനയാണ് ഇതിനുള്ളത്. സൂചിപ്പിച്ചതുപോലെ ഒന്നും രണ്ടും വാക്യങ്ങൾ ദൈവത്തോടുള്ള വിലാപമാണ്. അഹങ്കാരികൾ തന്നോട് ചെയ്യുന്ന തിന്മയെ കുറിച്ച് സാധകൻ തമ്പുരാനോട് പരാതി പറയുകയാണ് മൂന്നാം സങ്കീർത്തനത്തിൽ. നാലിൽ വിലാപത്തിൽ നിന്ന് ശരണ ത്തിലേക്ക് നീങ്ങുന്നു. തമ്പുരാൻ തനിക്ക് ആരെന്നും അവിടുന്ന് തന്റെ ശത്രുക്കളോട് എങ്ങനെ പ്രതികരിക്കുന്നു എന്നും 5ൽ ഭക്തൻ വെളിപ്പെടുത്തുന്നു. തുടർ വാക്യങ്ങളിൽ അവിടത്തോടുള്ള പ്രതിജ്ഞയും അതിന് പ്രേരകമായ കാരണവും വ്യക്തമാക്കുന്നു.
നിഖിലേശനോട് നേരിട്ട് അഭിസംബോധന ചെയ്തു സഹായം യാചിച്ചുകൊണ്ട് സങ്കീർത്തനം ആരംഭിക്കുന്ന ശൈലി വിലാപകീർത്തനങ്ങളിൽ സാധാരണമാണ്. എന്നാൽ ദൈവനാമത്തിൽ രക്ഷയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് 54ന്റെ സവിശേഷതയാണ്. ദൈവത്തിന്റെ നാമം അവിടുത്തെ ശക്തിയേയും രക്ഷാകര സ്വഭാവത്തെയും വെളിപ്പെടുത്തുന്നു. അതുകൊണ്ട് കഷ്ടതയിൽ ആയിരിക്കുന്ന വ്യക്തി ദൈവനാമത്തിൽ രക്ഷയ്ക്കായി കേഴുന്നു. അവിടുത്തെ നാമത്തിൽ നീതി നടത്തി തരണമേ എന്ന് യാചിക്കുന്നു. അധരങ്ങളിൽ നിന്നുതിരുന്ന വാക്കുകൾ ശ്രദ്ധിക്കണമേ (വാ.2) എന്നത് ആവർത്തനം ആണെങ്കിലും ഇതു ഗീതത്തിലെ കാവ്യ ഭംഗി വർധിപ്പിക്കുന്നുണ്ടെന്നത് വിസ്മരിക്കാനാവില്ല. മൂന്നാം വാക്യം രക്ഷാ അത്യന്താപേക്ഷിതമായിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കുന്നു. പരാതിയായാണ് ഇത് അവതരിപ്പിക്കുക. ദൈവ വിശ്വാസം ഇല്ലാത്ത അഹങ്കാരികൾ എന്തും ചെയ്യാൻ മടിക്കാത്തവരും തങ്ങളിൽത്തന്നെ ആശ്രയിക്കുന്നവരും ആണ്. തങ്ങളുടെ ശക്തിയും കഴിവും അറിവും ആണ് വിജയങ്ങൾക്ക് എല്ലാം കാരണം എന്ന് അവർ കരുതുന്നു. ഈ മനോഭാവത്തിന് നേരെ വിപരീതമാണ് ദൈവത്തിൽ ആശ്രയിക്കുന്ന സങ്കീർത്തകന്റേത്. ഈ സത്യമാണ് തുടർന്നുള്ള വാക്യങ്ങളിൽ കാണുക.
ദൈവം തനിക്കുവേണ്ടി ചെയ്യാനിരിക്കുന്ന കാര്യങ്ങൾ (വാക്യം 7) മുന്നിൽ കണ്ടുകൊണ്ടാണ് ഭക്തൻ 4- 6 വാക്യങ്ങൾ ഉരുവിടുക. തന്റെ സഹായകനും ജീവനെ താങ്ങിനിർത്തുന്നവനും തമ്പുരാൻ ആയതുകൊണ്ട് അവിടുന്നിലുള്ള ആശ്രയമാണ് അവന്റെ കൈമുതൽ. ദൈവത്തിൽ ആശ്രയിക്കുന്നതുകൊണ്ട് അവന്റെ വിശ്വാസവും പ്രാർത്ഥനയും പാറപോലെ ഉറച്ചതാണ് (5,7). ശത്രുക്കളുടെ പരാജയത്തിനു വേണ്ടിയുള്ള അവന്റെ പ്രാർത്ഥനാ ഫലമണിഞ്ഞുവെന്നും എല്ലാ കഷ്ടതകളിൽ നിന്നും കർത്താവ് തന്നെ വിമോചിപ്പിച്ചു എന്നും അവൻ ഉറച്ചു വിശ്വസിക്കുന്നു. പ്രതീക്ഷാനിർഭരമായ വിശ്വാസത്തിന് (ദൈവത്തോടു ചോദിച്ചു….മറുപടി കിട്ടി ) മകുടോദാഹരണമായി ഈ സങ്കീർത്തനം എന്നും നിലകൊള്ളും.
മേൽപ്പറഞ്ഞ വിശ്വാസത്തിന്റെ ബലത്തിലാണ് അവൻ അഖിലേശനു ബലിയർപ്പിക്കുന്നതും അവിടുത്തേക്ക് നന്ദി പറയുന്നതും. ദൈവത്തിന്റെ നീതിയുടെ ഭാഗമായാണ് (പകരം വീട്ടലായല്ല) ശത്രുക്കളുടെ പതനത്തെ അവൻ കാണുക. അതുകൊണ്ട് സ്വയം പ്രതികാരം ചെയ്യാതെ പരാപരന്റെ ക്രോധത്തിന് അവൻ വിട്ടുകൊടുക്കുന്നു (cfr. റോമർ 12: 19 ).
ദൈവത്തോട് ഒട്ടി നിൽക്കാത്തവൻ നശിക്കും. തിന്മ വിതയ്ക്കുന്നവൻ തിന്മ തന്നെ കൊയ്യും. സ്ഥലകാല വ്യത്യാസമില്ലാതെ, വിശ്വാസികൾ ഏറ്റു ചൊല്ലുന്ന സത്യമാണിത് . നിത്യജീവൻ കാംക്ഷിക്കുന്നവർ കൊടും സഹന സങ്കടങ്ങളിൽ പോലും ദൈവത്തോട് ചേർന്നു നിൽക്കും. ദൈവഹിതത്തിനു സസന്തോഷം വിധേയമാവുകയും ചെയ്യും.എപ്പോഴും അവർക്ക് തുണയായി ദൈവം ഉണ്ട്.