മഹാവിധിയാളൻ
അൻപതാം സങ്കീർത്തനം പ്രവചന പരമാണ്. ഇതിൽ 1 -6 ദൈവാവിഷ്കരണത്തിന്റെ വിവരണം ആണ്. ദൈവം എല്ലായിടത്തും ഉണ്ട് അവിടുന്നാണ് യാഥാർത്ഥ്യങ്ങളുടെ യാഥാർത്ഥ്യം. ഇവിടെ സങ്കീർത്തകൻ ദൈവത്തിന് മൂന്ന് പേരുകൾ നൽകിയിരിക്കുന്നു. അത്യുന്നതൻ ദൈവം,കർത്താവ്. വിളിച്ചു കൊണ്ടും സംസാരിച്ചു കൊണ്ടും ആണ് കർത്താവ് പ്രത്യക്ഷപ്പെടുക. അവിടുത്തെ ആഹ്വാനം വിശ്വം മുഴുവൻ കേൾക്കാം.
” സൗന്ദര്യത്തികവായ സീയോനിൽ നിന്നു ദൈവം പ്രകാശിക്കുന്നു”(വാ. 2).
ആരാധനയുടെ പശ്ചാത്തലത്തിലുള്ള ദൈവവിഷ്കാരവും വിധി പ്രഖ്യാപനവും ആണ്.
” നമ്മുടെ ദൈവം വരുന്നു, അവിടെ നിന്നു മൗനം ആയിരിക്കുകയില്ല. അവിടുത്തെ മുമ്പിൽ സംഹരാഗ്നി ഉണ്ട്. അവിടുത്തെ ചുറ്റും കൊടുങ്കാറ്റ് ഇരമ്പുന്നു. തന്റെ ജനത്തെ വിധിക്കാൻ അവിടുന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു” (വാ.2-4).
ആകാശം അവിടുത്തെ നീതിയെ പ്രഘോഷിക്കുന്നു…. ദൈവം തന്നെയാണ് വിധികർത്താവ്. തന്റെ മുമ്പിലുള്ള സംഹാരാഗ്നിയും ചുറ്റുമുള്ള കൊടുങ്കാറ്റും അനീതി പ്രവർത്തിക്കുന്നവർക്കുള്ള കടുത്ത ശിക്ഷയെ സൂചിപ്പിക്കുന്നു. ഏഴാം വചനം വളരെ പ്രധാനമാണ്.
” എന്റെ ജനമേ കേൾക്കുവിൻ ഞാനിതാ സംസാരിക്കുന്നു ; ഇസ്രായേലേ ഞാൻ നിനക്കെതിരെ സാക്ഷ്യം നൽകും; ഞാനാണ് ദൈവം, നിന്റെ ദൈവം “.
അവിടുന്ന് മഹാവിധിയാളനായി പ്രത്യക്ഷപ്പെടുകയാണ്. അവിടുന്നാണ് മുഴുവന്റെയും സൃഷ്ടാവും കർത്താവും. അവിടുത്തേക്കു കൃതജ്ഞത അർപ്പിക്കുകയും നേർച്ചകൾ നിറവേറ്റുകയും ആണ് മനുഷ്യൻ ചെയ്യേണ്ടത് . ബലികളും കാഴ്ചകളും വഴി അവിടുത്തെ സ്വാധീനിക്കാൻ ആരും വ്യാമോഹിക്കേണ്ട. ബലിയല്ല കരുണയാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. വിശ്വാസി നിർവഹിക്കേണ്ട പരമ പ്രധാനകാര്യം അവിടുത്തെ വിളിച്ചപേക്ഷിക്കുകയും അവിടുത്തെ തിരുവിഷ്ടത്തിനായി പ്രത്യാശയോടെ കാത്തിരിക്കുകയാണ്(7-15).
കർത്താവിന് കൊടുക്കേണ്ട ശരിയായ ആരാധനയെ കുറിച്ചാണ് 7 :15 ൽ നാം കാണുക. ഉടമ്പടിയുടെ യും ദൈവതിരുമനസ്സിന്റെയും വെളിച്ചത്തിലുള്ള ജീവിതമല്ല ദുഷ്ടൻ നയിക്കുന്നത്. അതുകൊണ്ട് ദൈവം ചോദിക്കുന്നു : ” എന്റെ നിയമങ്ങൾ ഉരുവിടാനോ എന്റെ ഉടമ്പടിയെക്കുറിച്ച് ഉരിയാടാനോ നിങ്ങൾക്ക് എന്ത് കാര്യം? “(വാ.16). നിയമത്തിന്റെയും ഉടമ്പടിയുടെയും വെളിച്ചത്തിൽ ജീവിത ശിക്ഷണവും ദൈവകൽപന അനുസരണവും അഭ്യസിക്കുന്ന നീതിമാന്മാർ മാത്രമാണ് ദൈവകരുണയ്ക്കും സ്നേഹത്തിനും അർഹരാവുക. ബോധപൂർവമായ പാപത്തിന്റെ നേരെ കണ്ണടയ്ക്കാൻ നീതിമാനായ നിഖിലേശന് ആവില്ല. അവിടുന്ന് കരുണയും സ്നേഹവും ആയിരിക്കുന്നതുപോലെ തന്നെ നീതിയുമാണ്. അവിടുന്ന് ചൂണ്ടിക്കാട്ടുന്ന തെറ്റുകൾ, അനുതാപപൂർവ്വം തിരുത്തുന്നവർക്ക് അവിടുത്തെ കരുണയ്ക്കും പാപക്ഷമയ്ക്കും അർഹതയുണ്ട്.
ദൈവത്തെ മനപ്പൂർവ്വം വിസ്മരിക്കുന്നവർക്കും ധിക്കരിക്കുന്നവർക്കുമുള്ള ശിക്ഷ യുടെ മുന്നറിയിപ്പ് ഇവിടെയുണ്ട്. അവിടുന്ന് മൗനമായിരിക്കുകയില്ല(വാ.2).
സത്യസന്ധമായ കൃതജ്ഞത അർപ്പിക്കുന്നവനും കർത്തൃ കല്പനയനുസരിച്ച് വ്യാപരിക്കുന്നവനും അവിടുത്തെ രക്ഷ കാണും.ഉടമ്പടിയുടെ നവീകരണത്തിനാണ് സമൂഹം ഇപ്പോൾ സമ്മേളിച്ചിരിക്കുന്നത്. അവർക്ക് അഖിലേശന്റെ ആവിഷ്കാരവും വിധിപ്രസ്താവവും ലഭിക്കുന്നു.
ഇസ്രായേലിന്റെ തെറ്റുകളെ രണ്ട് വിധിപ്രസ്താവങ്ങളിലൂടെ കർത്താവ് വെളിവാക്കുന്നു (7-15),16:22). ദൈവത്തെ ബഹുമാനിക്കുകയും അവിടുത്തേക്ക് കൃതജ്ഞത അർപ്പിക്കുകയും ചെയ്യുന്ന ബലികളിലേ അവിടുന്ന് സംപ്രീതനാവുകയുള്ളൂ. എന്നാൽ അവിടുത്തെ കൽപ്പനകൾ ധിക്കരിച്ച്, അവിടുത്തെ ഉടമ്പടി അവഗണിച്ച്, അവിടുത്തെ തന്നെ വിസ്മരിച്ച് ആണ് ജനം ഇപ്പോൾ ജീവിക്കുന്നത്. അതുകൊണ്ട് മടങ്ങി വരവിനായി അവിടുന്ന് മുന്നറിയിപ്പ് നൽകുന്നു (വാ.22). ഒരു കാര്യം വ്യക്തമാണ്. അനുതപിച്ച്, കൃതജ്ഞതയോടും, സ്തുതി സ്തോത്രങ്ങളോടും തമ്പുരാൻ തരുന്ന രക്ഷയുടെ തലങ്ങളിലേക്ക് ഓടിയണയുന്നവർക്ക് അവിടുത്തെ കരുണയും കൈവരും.
നമുക്കുള്ളതെല്ലാം, ഒന്നൊഴിയാതെ ഉടയവന്റെ ദാനമാണ്. നമ്മുടെ ആത്മശരീരങ്ങളുൾപ്പെടെ.. നമ്മുടെ ജീവൻ അവിടുത്തേക്ക് അവകാശപ്പെട്ടതാണ്. ഈ ജീവൻ ഏതുനിമിഷവും ഏതുവിധേനയും അവിടുത്തേക്ക് തിരികെ എടുക്കാം. ജനിച്ചാൽ മരിക്കും.അത് ജീവിത നിയമമാണ്. എപ്പോഴെന്ന് ദൈവത്തിനല്ലാതെ മറ്റാർക്കും ഉറപ്പായി അറിയുകയില്ല. ഏതു നിമിഷവും ഒരു പക്ഷേ ഈ നിമിഷം തന്നെ അത് സംഭവിക്കാം. അനീതിയും അധാർമികതയും അടിച്ചമർത്തലും കൊടികുത്തിവാഴുന്ന ഇന്നത്തെ സാമൂഹിക വ്യവസ്ഥിതി കണ്ടു വിശ്വാസി അണുപോലും അസ്വസ്ഥനാകേണ്ടതില്ല. ഓരോ മനുഷ്യനും അവന്റെ പ്രവർത്തിക്കനുസൃതം പ്രതിഫലം ലഭിക്കും; നന്മ ചെയ്തവന്, അനുതപിച്ചു അനുനിമിഷം ദൈവഹിതം നിറവേറ്റി ജീവിക്കുന്നവനു നന്മ. സ്വാർത്ഥതയുടെ ശ്രീകോവിലിൽ അഹങ്കരിച്ചും അസൂയപ്പെട്ടും വമ്പു പറഞ്ഞു കുറ്റം പറഞ്ഞു മദിച്ചും സുഖിച്ചും മദ്യലഹരിയിലും അനീതിയുടെ മമ്മോനായി സൂക്ഷിച്ചുവച്ചിരിക്കുന്നവനും തിന്മ, ദുരിതം, നാശം,നിത്യ നാശം.
പഴമക്കാരും പ്രായോഗിക ബുദ്ധി കളും ദൈവവിചാരം ഉള്ളവരും പറയുന്നത് “It is never late “. [ അനുതപിച്ചു മാനസാന്തരപ്പെട്ട് പരാപരനെ പ്രാപിക്കാൻ വൈകി പോയിട്ടില്ല ]
ഓരോരുത്തരും ഓർക്കേണ്ട മറ്റൊരു ചൊല്ലാണ്. “Better late than never “. അതായത് അല്പം വൈകി പോയാലും പ്രത്യാശ കൈവെടിയാതിരിക്കുക.