അഞ്ചാം സങ്കീർത്തനം

Fr Joseph Vattakalam
4 Min Read

 രാജസങ്കേതം

 ഇതൊരു വിലാപ സങ്കീർത്തനം ആണ്.പക്ഷേ ഇതിന് വളരെ ഏറെ സവിശേഷതകൾ ഉണ്ട്. കർത്താവിനെ രാജാവ് എന്ന് അഭിസംബോധന ചെയ്യുന്ന ആദ്യ സങ്കീർത്തനം ആണിത്  (വാ. 2)

” എന്റെ രാജാവേ, എന്റെ ദൈവമേ എന്റെ നിലവിളിയുടെ സ്വരം ശ്രവിക്കണമേ!

” എന്റെ രാജാവേ” എന്ന വിളിയിൽ അടങ്ങിയിരിക്കുന്ന വ്യക്തിബന്ധം ഹൃദയസ്പർശി ആണെന്ന് മനസ്സിലാക്കുക. രാജാവിന്റെ വ്യക്തിത്വത്തെ സങ്കീർത്തകൻ വ്യത്യസ്ത വീക്ഷണ കോണുകളിൽ നിന്ന് വീക്ഷിക്കുന്നത് കൊണ്ട് ഇതിനെ കർത്താവിന്റെ രാജ്യത്വ കീർത്തനം ആയി കണക്കാക്കാവുന്നതാണ്.

ഇതിന്റെ ഘടനയിൽ അഞ്ച് കാര്യങ്ങളെങ്കിലും ഉണ്ട്:-

 (1) രാജസമക്ഷം നടത്തുന്ന പരാതി (വാ.1-3).

(2). ദുഷ്ട സംഹാരം, രാജധർമ്മം (വാ.4-6).

(3) രാജ മന്ദിരത്തിൽ സാഷ്ടാംഗപ്രണാമം ചെയ്യുന്ന സങ്കീർത്തകൻ (വാ.7-8).

(4) കർത്താവിന്റെ രാജത്വത്തിനെതിരെ മറുതലിക്കുന്നവൻ (വാ.9-10).

(5) പ്രജാ സംരക്ഷണം രാജധർമ്മം (വാ.11-12).

 ഈ ക്രമീകരണത്തിൽ പ്രത്യേകതകൾ പ്രത്യേകം ശ്രദ്ധേയമാണ്. നെടുവീർപ്പുകളും പ്രാർത്ഥനകളും കൊണ്ട് കർത്താവിനെ പൊതിയുന്ന സങ്കീർത്തകൻ ആണ് ഒന്നാം പാദത്തിലെ കഥാപാത്രം (വാ.1-3).

തന്നിൽ ശരണം പ്രാപിക്കുന്ന വരെ പരിച കൊണ്ടെന്നതുപോലെതന്നെ കാരുണ്യം കൊണ്ട് പൊതിയുന്ന വനായി കർത്താവിനെ അവസാനപാദത്തിൽ ചിത്രീകരിച്ചിരിക്കുന്നു (വാ.11-12).

 ഈ രണ്ട് പാദങ്ങളിലും കർത്താവിൽ പരിപൂർണ്ണമായി ശരണപ്പെടുന്നവരെയാണ് അനുവാചകർ കാണുക.

 മധ്യമ പാദമാവട്ടെ ജെറുസലേം ദൈവാലയത്തിൽ കർത്താവിന്റെ മഹത്വപൂർണ്ണമായ സാന്നിധ്യത്തെ പ്രകീർത്തിക്കുന്നു. സങ്കീർത്തനം ആരംഭിക്കുന്നത് സങ്കീർത്തകന്റെ വ്യക്തിപരമായ പ്രാർത്ഥനകളും നെടുവീർപ്പുകളുമായാണ്. കർത്താവിൽ ശരണപ്പെടുന്ന നീതിമാന്മാരുടെ കറതീർന്ന ആനന്ദവും അവർക്ക് കൈവരുന്ന ദൈവീക സംരക്ഷണവും വ്യക്തമാക്കി കൊണ്ടാണ് സങ്കീർത്തനം അവസാനിക്കുക.

 സങ്കീർത്തന ഗ്രന്ഥത്തിന് ദൈവശാസ്ത്രപരമായ കേന്ദ്രമാണ് കർത്താവിന്റെ രാജത്വം.

 ” കർത്താവ് വാഴുന്നു” എന്ന് പാടുന്ന സങ്കീർത്തനങ്ങൾ  ( 47, 93, 96 -99 ) കർത്താവിന്റെ രാജകീയ വിജയത്തെ പ്രകീർത്തിക്കുന്ന യാണ്. വിമോചകനും രക്ഷകനും എന്ന നിലയിൽ അവിടുത്തെ രാജാവായി പ്രകീർത്തിക്കുന്ന ഭാഗങ്ങൾ പഞ്ച ഗ്രന്ഥത്തിലും കാണാം (പുറ. 15: 1 18 ; സംഖ്യ. 23: 21 ).

 പ്രാർത്ഥനയ്ക്ക് ഏറ്റവും യോജിച്ച സമയമാണ് പ്രഭാതം (സങ്കീ. 55 :17; 59: 16; 88 :13;  92: 2 )(വാ.3).

 “കർത്താവേ പ്രഭാതത്തിൽ അങ്ങ് എന്റെ പ്രാർത്ഥന കേൾക്കുന്നു, പ്രഭാത ബലി ഒരുക്കി ഞാൻ അങ്ങേയ്ക്കായി കാത്തിരിക്കുന്നു”. പ്രാർത്ഥനയും  നെടുവീർപ്പുകളും സഹായ അഭ്യർത്ഥനയും ചേർത്തുവച്ചാണ് സങ്കീർത്തകൻ വിശ്വാസത്തോടെ കാത്തിരിക്കുന്നത്.

 നീതി നടത്തിപ്പും ദുഷ്ട സംഹാരവും രാജകീയ ധർമ്മങ്ങളും കർമ്മങ്ങളും ആണ്. തിന്മയുമായി ഒരു ഒത്തുതീർപ്പിനും ഉടയവൻ  തയാറല്ല. തിന്മ ചെയ്തവരെയും, ചെയ്യിക്കുന്നവരെയും, അനുതപിച്ചു തന്നിലേക്ക് മടങ്ങി വന്നാൽ അവരോട് നിരുപാധികം ക്ഷമിക്കും. പക്ഷേ തിൻമയെ എന്നേക്കും വെറുക്കും(cfr. സങ്കീ. 15:1). കർത്താവിന്റെ കൂടാരത്തിൽ വസിക്കണം എങ്കിൽ സത്യം പറയുകയും നീതി പ്രവർത്തിക്കുകയും വേണം. നാവിനെ നിയന്ത്രിക്കണം, തിന്മ ഒഴിവാക്കണം, ദുഷ്ടത എതിർക്കണം, നിഷ്കളങ്കനെയും അയല്ക്കാരനെയും സംരക്ഷിക്കണം (15: 2- 5 ).

 അഹങ്കാരി കൾക്ക് കതൃ സന്നിധിയിൽ നിൽക്കാനോ വസിക്കാനോ കഴിയില്ല. ഇത് പറഞ്ഞിട്ട് സങ്കീർത്തകൻ താൻ കർത്താവിന്റെ ആലയത്തിൽ വസിക്കുമെന്ന് അവകാശപ്പെടുന്നു.  പക്ഷേ, ജനത്തിന്റെ അവകാശം സ്വന്തം യോഗ്യത ആസ്പദമാക്കി അല്ല നല്ല ദൈവത്തിന്റെ “കൃപ” ഒന്നുകൊണ്ട് മാത്രമാണ് ((വാ.7,8).

സങ്കീർത്തന ഗ്രന്ഥത്തിൽ ആദ്യമായാണ് “കൃപ” (ഹെസെദ്) എന്ന പദം ഉപയോഗിക്കുക.  കരുണ,സ്നേഹം, വിശ്വസ്ത,ക്ഷമ, അനുഭാവം ഇവയുടെയെല്ലാം (പുറ. 34 :6- 7 ) ആകത്തുകയാണ് “കൃപ “.

 ഈ ദൈവിക ഭാവം ഇസ്രായേലിന്റെ സ്തുതിപ്പുകളിലും സഹായ അഭ്യർത്ഥനകളിലുമൊക്കെ അനുസ്മരിക്കപ്പെടുന്നു ഉണ്ട്.

ദൈവത്തോടുള്ള വാസത്തിന്റെ വഴി നീതിയുടെതാണ്  (വാ.8)

 ദൈവാലയത്തിലേക്ക് ഉള്ള വഴിയും അത് തന്നെ. ഈ വഴി ചരിക്കുന്ന തിന് ” കൃപ” കൂടിയേതീരൂ. “നീതിയുടെ മാർഗ്ഗം  “. “അങ്ങയുടെ പാത ” ഇവ നന്മയുടെ മാർഗ്ഗം, അത്യന്തികമായി ദൈവത്തിൽ അധിഷ്ഠിതമാണെന്ന് സൂചിപ്പിക്കുന്നു.

 ” സത്യം ഇല്ലാത്ത അധരങ്ങൾ “,

 ” നാശം കുമിയുന്ന ഹൃദയം “,  തുറന്ന ശവക്കുഴി തന്നെയായതുകൊണ്ട് , “മുഖസ്തുതി മുറ്റിനിൽക്കുന്ന നാവ്” എന്നീ പ്രയോഗങ്ങൾ തിന്മ നിറഞ്ഞ വരിലെ തിന്മയുടെ തീവ്രത വ്യക്തമാക്കുന്നു . ദൈവത്തിന്റെ രാജത്വത്തിനു തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നവരാണ് ഇവർ . മുള്ളിന്മേൽ തൊഴിക്കുന്നവർ (വാ. 9,10).

രാജ ധർമ്മങ്ങളിൽ പരമപ്രധാനമായ ഒന്നാണ് പ്രജ സംരക്ഷണം. അഞ്ചാം പാദത്തിലെ പ്രാർത്ഥന ഇതിനുവേണ്ടി തന്നെയാണ്. ശത്രുക്കൾക്കെതിരെ ഉള്ള സംരക്ഷണത്തിന് ഒപ്പം ആനന്ദം, അനുഗ്രഹം, കാരുണ്യം, എന്നിവയ്ക്കു വേണ്ടിയും സങ്കീർത്തകൻ പ്രാർത്ഥിക്കുന്നു(വാ.11,12).

 ” എല്ലാവരും പാപികൾ” എന്ന് സ്ഥാപിക്കാൻ  പൗലോസ് റോമാ 3: 13 ൽ അഞ്ചാ സങ്കീർത്തനത്തിലെ ഒൻപതാം വചനം (5:9) ഉദ്ധരിച്ചിട്ടുണ്ട്. “ഈ സാഹചര്യത്തിൽ എനിക്കും നിങ്ങൾക്കും എന്താണ് കരണീയം”.

” അങ്ങയുടെ രാജ്യം വരേണമേ!” എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും തദനുസരണം സം ഭാഷിക്കുകയോ പ്രവർത്തിക്കുകയും ചെയ്യുന്നവനോ(ളോ ) ഞാൻ എന്ന് ആത്മശോധന ചെയ്യുക; തിരുത്തേണ്ടവ തിരുത്തുക.

Share This Article
error: Content is protected !!