The great Leveller
49 ഒരു വിജ്ഞാന സങ്കീർത്തനം ആണ്. ധനത്തിന്റെ നശ്വരത, വ്യർഥത,സമ്പത്തിൽ അഹങ്കരിക്കുന്നവരുടെ അന്ത്യം ഇവ ഈ കീർത്തനം വ്യക്തമാക്കുന്നു. പീഡിതനും നീതിമാനും എളിയവനും ആശ്വാസം പകരുന്നതോടൊപ്പം ദൈവത്തിൽ പ്രത്യാശവെയ്ക്കുന്നവർക്ക് കൈവരുന്ന സമാധാനവും സന്തോഷവും സുരക്ഷിതത്വവും ഇതു സൂചിപ്പിക്കുന്നു. ദൈവത്തിൽ ആശ്രയിക്കുന്നവരെ ഇഹത്തിലും പരത്തിലും അവിടുന്ന് ഉപേക്ഷിക്കുകയില്ല.
1 -4ൽ പ്രവാചകനെപ്പോലെ സങ്കീർത്തകൻ സകല രാജ്യങ്ങളെയും വിളിച്ചു അവരോട് സംസാരിക്കുന്നു. ഒരു ദൈവപൈതലിന് ലോകത്തോട് മുഴുവൻ കടമയുണ്ട്, വിശേഷിച്ചു പീഡിതർ,മർദ്ദിതർ, ദരിദ്രർ തുടങ്ങിയവരോട് വിജ്ഞാനം പകരുകയാണ് ദൈവഭക്തന്റെ ഒരു പ്രധാന കടമ. പാവങ്ങളെ സഹായിക്കാത്ത സമ്പന്നരെ കുറ്റപ്പെടുത്തി തിരുത്താനും അവൻ ബാധ്യസ്ഥനാണ്. അവശരേയും ആർത്തരെയും ആലംബഹീനരെയും അവൻ ആശ്വസിപ്പിക്കണം. അധികാരവും ശക്തിയുമുള്ള ദുഷ്ടർ,സമ്പത്തിൽ ശരണം വയ്ക്കുന്നവർ, പാവപ്പെട്ടവരെ എളിയവരെയും കബളിപ്പിച്ചു കീശ വീർപ്പിക്കുന്നു. പാവങ്ങൾ പലപ്പോഴും സമ്പന്നരുടെ ദാക്ഷിണ്യത്തിനും കാരുണ്യത്തിനും അവരെ പൂർണ്ണമായി ആശ്രയിച്ചു നിൽക്കേണ്ടി വരുന്നു (49:1-6).
പണ്ഡിതന്റെയും പാമരന്റെയും ശനികന്റെയും ദരിദ്രന്റെയും അജ്ഞാനിയുടെയും പുണ്യവാന്റെയും പാപിയുടെയും ഋഷിതുല്യന്റെയും മൃഗതുല്യന്റെയും ഹെബ്രായന്റെയും യവനന്റെയും പുരുഷന്റെയും സ്ത്രീയുടെയും പുരോഹിതന്റെയും ലേവാന്റെയും എളിയവന്റെയും വലിയവന്റെയും അന്ത്യം ആറടിമണ്ണിൽ ആണ്. പണത്തിനോ പ്രതാപത്തിനോ കായബലത്തിനോ കരബലത്തിനോ ഗുരുമുമ്പിൽ സേവയ്ക്കോ ഒന്നും മരണം ഒഴിവാക്കാനാവില്ല. അത് എല്ലാവരെയും തുല്യരാക്കുന്നു.
“Death is the great Leveller”. സമർത്ഥനായ സീസറും പ്രസിദ്ധനായ ഹോമറും സമത്വമറ്റ സോളമൻ തുടങ്ങിയുള്ള വിജ്ഞാനരും കാലചക്രവിഭ്രമത്തിലമർന്നു. യുഗാന്തരം വരെയും അത് അങ്ങനെ ആയിരിക്കുകയും ചെയ്യും.
ദൂതൻ പ്രാർത്ഥന കേട്ടില്ല
സമയം തെല്ലും തന്നില്ല
മൃതിയുടെ പിടിയിലമർന്നു ഞാൻ നാഥാ നീ താനഖലീബം!
പണത്തിനും പ്രതാപത്തിനും ഊറ്റം കൊള്ളുന്നവർ മരുന്നിലും ലേപനത്തിലും ആശ്രയിക്കുന്നവർ എല്ലാം ആടുകളെ പോലെ മരണത്തിന് വിധിക്കപ്പെട്ടവരാണ്. മൃത്യുവായിരിക്കും അവരുടെ ഇടയൻ. നേരെ ശവക്കുഴിയിലേക്ക് അവർ താഴും . അവരുടെ (ബാഹ്യ)രൂപം അഴിഞ്ഞു പോകും. പാതാളം ആയിരിക്കും അവരുടെ പാർപ്പിടം (49:14) [7-14].
എന്നാൽ ദൈവ ഭക്തനെ സങ്കീർത്തകനെ തന്നെ കർത്താവ് തൃക്കരങ്ങളിൽ സ്വീകരിക്കുന്നു. ഓർക്കുക, ” നമുക്ക് നാമേ പണിവതു നാകം, നരകവുമതുപോലെ” ദൈവത്തെ സ്നേഹിച്ചവരെ, അവർക്ക് നന്മ ചെയ്തവരെ സാത്താന്റെ കരാളഹസ്തങ്ങളിൽ നിന്ന് അവിടുന്ന് രക്ഷിക്കും. മരണാന്തര നിത്യജീവിതത്തിലേക്ക് ദൈവവുമായുള്ള ഒന്നാകലിനോ നാശത്തിലേക്കോ പ്രവർത്തി പോലെ പ്രതിഫലം ലഭിക്കും. ഈശോയുടെ ചോദ്യം സദാ നമ്മുടെ കർണപുടങ്ങളിൽ പതിഞ്ഞു കൊണ്ടിരിക്കണം. ” ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവ് നശിച്ചാൽ നിനക്ക് എന്ത് പ്രയോജനം ” തന്നിൽ പരിപൂർണ്ണമായി ആശ്രയിക്കുന്നവർക്ക് അഖിലേശൻ നല്കുന്ന സൗജന്യമാണ് നിത്യരക്ഷ,സ്വർഗ്ഗ സൗഭാഗ്യം. പുതിയനിയമത്തിലെ ധനവാന്റെയും ലാസറിന്റെയും ഉപമ ഇവിടെ സവിശേഷമംവിധം സ്മർത്തവ്യമാണ്.
സമ്പത്തിനും സ്ഥാനമാനങ്ങൾക്കും കാലുകുത്താൻ പോലും കഴിയാത്ത ഏകതലമാണ് മരണം. ഇവിടെ മണിമന്ദിരത്തിൽ വസിച്ചാലും ഏറ്റം വിലപിടിപ്പുള്ള പട്ടുമെത്തയിൽ കിടന്നാലും പരിസരമെല്ലാം പച്ചപ്പരവതാനി വിരിച്ചാലും ആർഭാടവും ധൂർത്തും ആത്മപ്രശംസയും പരസ്തുതിയും സ്വീകരിച്ചും കുടിച്ചും മദിച്ചും രമിച്ചും ജീവിച്ചാലും കള്ളനെപ്പോലെ വരുന്ന മരണം എല്ലാറ്റിനും പൂർണവിരാമം ഇടും. ഭോഷനായ ധാനികന്റെ കഥ ലൂക്കാ.12 :13 -21ൽ വായിക്കുക.
ദൈവത്തെ ധിക്കരിച്ച് സ്വാർത്ഥതയുടെയും സുഖലോലുപതയും അഹങ്കാരത്തിന്റെയും ‘മാള’ങ്ങളിൽ കഴിയുന്നവർ ശപിക്കപ്പെട്ടവരാണ്. മരണാനന്തരം അവർ നിത്യ നരകാഗ്നിയിൽ നിപതിക്കും. വിനയാന്വിതരായി ദൈവഹിതം നിറവേറ്റി ജീവിക്കുന്ന ദൈവത്തിൽ ആശ്രയിച്ചു “പിതാവിനാൽ അനുഗ്രഹീതരെ” കർത്താവ് കരം ഗ്രസിച്ച്, സസ്നേഹം തന്നോടൊപ്പം നിത്യ സൗഭാഗ്യം അനുഭവിക്കാൻ നിയോഗിക്കും.