അജയ്യൻ
സെഹിയോൻ കീർത്തനങ്ങളിൽപെടുന്നു നാൽപ്പത്തിയെട്ടാം സങ്കീർത്തനം. വാ.1-3 ദൈവത്തിന്റെ പട്ടണത്തിന്റെ മഹത്വീകരണം ആണ്. രാജാക്കന്മാർ അതിനെ ആക്രമിക്കാൻ തുനിഞ്ഞു. പക്ഷേ, അവിടെ കർത്താവിന്റെ സാന്നിധ്യമുണ്ട്, അവിടുത്തെ ശക്തിയുടെ സാന്നിധ്യം തന്നെ.8-11ആ ശക്തിയുടെ വിവരണമാണ്.12-14ൽ സെഹിയോന്റെ മനോഹാരിത ആസ്വദിച്ചു കൊണ്ടുള്ള പ്രദക്ഷിണത്തിന് വിവരണവും ഉണ്ട്.
ദൈവം അത്യുന്നതനാണ് ; അവിടെ, അവിടുന്ന്, അത്യന്തം സ്തുത്യർഹനും. തലയുയർത്തിനിൽക്കുന്ന അവിടുത്തെ വിശുദ്ധ ഗിരി (സെഹിയോൻ) ഭൂമി മുഴുവന്റെയും സന്തോഷമാണ്. സിയോൻ പർവ്വതം രാജാവും കർത്താവുമായ ദൈവത്തിന്റെ നഗരമാണ്. അതിന്റെ ബലിഷ്ടമായ കോട്ടയ്ക്കുള്ളിൽ “കർത്താവ് സുനിശ്ചിതമായ അഭയകേന്ദ്രമായി” വെളിപ്പെട്ടിരിക്കുന്നു. സെഹിയോനിൽ അവിടുന്നു പരമോന്നത രാജാവായി സ്വയം വെളിപ്പെടുത്തുന്നു. അത് അംബരചുംബിയായി, അതീവ സുന്ദരിയായി, തലയുയർത്തി നിൽക്കുന്നു.
അവിടെ ആയിരിക്കുന്ന ദൈവസാന്നിധ്യം അഖിലാണ്ഡ ത്തെയും അനുഗ്രഹിക്കുന്നു. അതിന്റെ പ്രകാശം എല്ലാവരെയും എല്ലാറ്റിനെയും തേജോമയമാക്കുന്നു സന്തോഷിപ്പിക്കുന്നു. രാജാധിരാജവിന്റെ പട്ടണം ആണത്.
ഒരു സാർവത്രിക മഹത്വീകരണം ആണ് ഭക്തൻ ഈ പട്ടണത്തിന് നൽകുക. കർത്താവു തന്നെ അതിനെ സംരക്ഷിച്ചു ഭരിക്കുന്നത് കൊണ്ട് അത് അജയ്യമാണ് (വാക്യം 1 -3 ).
ദൈവത്തിന്റെ നഗരം ആക്രമിക്കാൻ ഭൗമിക രാജാക്കന്മാർ ഒത്തൊരുമിച്ച് ഗൂഢാലോചന നടത്തുന്നു. പെട്ടെന്ന് അവർ ഭയപ്പെട്ട് പിൻവാങ്ങുന്നു. സ്രഷ്ടാവും പരിപാലകനുമായവനെ മഹത്വത്തിന്റെ രാജാവായി അവർ മനസ്സിലാക്കുന്നു (ഏശയ്യ 66:18). ഈ തിരിച്ചറിവ് അവരെ അങ്ങേയറ്റം അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. കിഴക്കൻകാറ്റ്,അത്യപൂർവ നശീകരണ ശക്തിയുള്ള കാറ്റിനെ സൂചിപ്പിക്കുന്നു. കിഴക്കൻ കാറ്റിൽപ്പെട്ട ടാർഷിഷ് കപ്പലുകളെ പോലെ തീവ്രഭയാകുലതകളിൽ രാജാക്കന്മാർ തകരുന്നു. ദൈവം എന്നെന്നേക്കുമായി സ്ഥാപിച്ചിരിക്കുന്ന തന്റെ നഗരത്തിൽ രാജാധിരാജനും കർത്താധി കർത്തനുമായി വിരാജിക്കുകയും ചെയ്യുന്നു(വാ.4-7).
തന്റെ നഗരത്തിന് അജയ്യനായ രാജാവു താൻതന്നെയെന്ന് തമ്പുരാൻ സംശയലേശമന്യേ തെളിയിച്ചിരിക്കുന്നു. അതിനെ ശക്തിപ്പെടുത്തുന്നതും അവിടുന്ന് തന്നെ. ആർക്കാണ് അവിടുത്തെ നന്മയും കാരുണ്യവും ഓർക്കാതിരിക്കാനാവുക? ഇസ്രായേലിന്റെ ദൈവമായ കർത്താവ് ലോകം മുഴുവന്റെയും സർവ്വ ജനപദങ്ങളുടെയും അത്യുന്നത ദൈവമാണ്, അജയ്യനായ രാജാവും. വലതുകരം നിറയെ നീതിയും രക്ഷയുമായാണ് അവിടുന്ന് പ്രത്യക്ഷപ്പെടുക. എന്റെ ശാന്തിയുടെ സാമ്രാജ്യം അവിടുന്ന് സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു.സെഹിയോൻ മല ആഹ്ലാദിച്ചാനന്ദിക്കുന്നു. കർത്താവ് സംഹാരം പൂർത്തിയാക്കുന്നു. യൂദായുടെ പുത്രിമാർ (ഇവിടെ വിവിധ പട്ടണങ്ങൾ) ആർപ്പു വിളിക്കുന്നു! (വാക്യം 8- 11 ).
ദൈവത്തിന്റെ പട്ടണം ചുറ്റി നടത്തുന്ന ആഘോഷമായ പ്രദക്ഷിണം വരവായി. അതിന്റെ ഗോപുരങ്ങൾ എണ്ണിയും കൊത്തളങ്ങൾ നിരീക്ഷിച്ചും അവയുടെ ശക്തി കണക്കിലെടുത്തും ദൈവത്തിന്റെ പട്ടണത്തിന്റെ അജയ്യത മനസ്സിലാക്കാൻ കഴിയും. വസ്തുതകൾ തലമുറകൾക്ക് പറഞ്ഞുകൊടുക്കാനും ആവും. എന്നാൽ സെഹിയോന്റെ മഹത്വമായ കർത്താവിലേയ്ക്കാണ് സകല ശ്രദ്ധയും തിരിയേണ്ടത് ; തിരിക്കേണ്ടത്. അവിടുന്ന് എല്ലാ മാറ്റത്തിനും അതീതനാണ്. തന്റെ ജനത്തിന് മുമ്പേ അവിടുന്ന് സർവ്വശക്തനായ നീങ്ങും. ” ഭയപ്പെടേണ്ട ഭയപ്പെടേണ്ട ഭയപ്പെടേണ്ടന്നോതി “
പുതിയ ഇസ്രയേലാണ് സഭ. ഇന്നും ജീവിക്കുന്ന ക്രിസ്തുവാണത്. ഇപ്പോൾ രക്ഷ നൽകുന്നത് സഭ യിലൂടെയാണ്. അവിടുത്തെ സാന്നിധ്യം സഭയിലുണ്ട്. അവിടുത്തെ സ്വന്തമാക്കുകയാണ് ഓരോ മനുഷ്യന്റെയും കടമ. ക്രിസ്തുവിലൂടെ മാത്രമേ രക്ഷയുള്ളൂ. അതുകൊണ്ട്
” കർത്താവായ യേശുവിൽ വിശ്വസിക്കുക. നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും.