അമ്മാനു ഏൽ (ദൈവം നമ്മോടുകൂടെ ആകുന്നു)
ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ് നാൽപത്തിയാറാം സങ്കീർത്തനത്തിന്റെ പ്രധാന ആശയം. പ്രപഞ്ചോൽപ്പത്തി ലും പ്രാപഞ്ചിക ശക്തികളുടെ നാശത്തിലും ചരിത്രത്തിലെ ഓരോ സംഭവത്തിലും ദൈവത്തെ തേടുകയാണ് വിശ്വാസിയുടെ കടമ. എല്ലാറ്റിലും ദൈവ കേന്ദ്രീകൃതമായ മനോഭാവം പുലർത്തുക എന്നതാണ് സങ്കീർത്തകന്റെയും കാഴ്ചപ്പാട്.
കരുണാർദ്രനായ,സഹായകനായ സർവ്വശക്തന്റെ സാന്നിധ്യമാണ് ഇസ്രായേലിന്റെ ( നമ്മുടെ) അഭയം. മനുഷ്യന്റെ ശക്തി ദൈവമാണ്. സൈന്യ ബലത്തിൽ ആശ്രയിക്കുന്നവർ ഉണ്ടാകാം. വിശ്വാസിയുടെ അഭയവും ശക്തിയും ദൈവം മാത്രമാണ് ; ആയിരിക്കണം. സങ്കീർത്തനങ്ങളിലെ പ്രമുഖ ആശയമാണ് മനുഷ്യന്റെ അഭയം, തുണ, സങ്കേതം,ആശ്രയം ദൈവം മാത്രമാണെന്നത്.
ഇക്കാരണത്താൽ പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളെ വിശ്വാസി ഭയപ്പെടരുത്. നിർഭയം അവയെ നേരിടാൻ അവന് സാധിക്കും. ഭൂമി കുലുങ്ങിയാലും മലകൾ ഇളകികിയാലും സമുദ്രം ഗർജിച്ചാലും അവന് ഭയമില്ല. കാരണം ദൈവം അവനോടു കൂടെയുണ്ട് (അമ്മനു ഏൽ – ദൈവം നമ്മോടു കൂടെ ആകുന്നു) [വാക്യം 1 -3 ].
അത്യുന്നതന്റെ വിശുദ്ധ നിവാസത്തെ സന്തുഷ്ട മാക്കി ഒഴുകുന്ന നദി കവി സങ്കല്പം കവി ഭാവനയാണ്. ദൈവത്തിന്റെ അനുഗ്രഹം ആകുന്ന നദിയെ ആണ് ഇത് സൂചിപ്പിക്കുക (cfr. ഉല്പത്തി 2 :10 ; ഏശ.2: 2 ;എസെ 47:1). ദൈവത്തിന്റെ അനുഗ്രഹം അവിടുത്തെ കൃപ അനർഗ്ഗളം നിർഗളിച്ചു കൊണ്ടിരിക്കും. ഒരു ശക്തിക്കും അതിനെ തടസ്സപ്പെടുത്താൻ ആവില്ല.
” അതിരാവിലെ ദൈവം അതിനെ( ദൈവം വസിക്കുന്ന നഗരത്തെ) സഹായിക്കും(വാ.5) എന്നത് അഖിലേശന്റെ മറുപടിയും സഹായവും സമയാസമയങ്ങളിൽ, ആവശ്യനേരത്ത് ലഭിക്കുമെന്ന് മനസ്സിലാക്കാം. [ സമയത്തിനും കാലത്തിനും എല്ലാം അതീതനാണ് ദൈവം എന്ന സത്യം നിത്യം നിലനിൽക്കുന്നു ].
ജനതകൾ കോപാക്രാന്തരായേക്കാം. രാജ്യങ്ങൾ പ്രകമ്പനം കൊണ്ടന്നും വരാം ( രാഷ്ട്രങ്ങൾ തമ്മിൽ പൊരിഞ്ഞ യുദ്ധം നടന്നെന്നും വരാം ). സർവ്വശക്തൻ ശബ്ദം ഉയർത്തുമ്പോൾ എല്ലാം ഉരുകിപ്പോകും (പഞ്ചപുച്ഛമടക്കും) (അവസാനിക്കും). എപ്പോഴും “സൈന്യങ്ങളുടെ കർത്താവ് നമ്മോടുകൂടെയുണ്ട് (അവിടുന്ന് ഇമ്മാനുവേൽ ആണ് ).
ഇസ്രായേലിന്റെ അഭയം ദൈവമാണെന്ന് തന്റെ പ്രവർത്തികൾ സാക്ഷ്യം വഹിക്കുന്നു. മേഘസ്തംഭവും അഗ്നിത്തൂണും (പുറപ്പാട് 13) ചെങ്കടലിൽ വഴി വെട്ടിയത് (പുറപ്പാട് 14) മന്നയും കാടപ്പക്ഷിയും നൽകിയത് (പുറപ്പാട് 16) പാറയിൽ നിന്ന് ജലം (പുറപ്പാട് 17 ). ഈ സംഭവങ്ങൾ എല്ലാം മേൽപ്പറഞ്ഞ സത്യമാണല്ലോ വിളിച്ചോതുക!.
ഭൂമികുലുക്കം, കൊടുങ്കാറ്റ്, പേമാരി ഇടിയും മിന്നലും, പ്രളയം, കടലാക്രമണം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളിൽ മനുഷ്യൻ എന്ത് ചെയ്യണമെന്ന് വല്ലഭൻ വചനത്തിലൂടെ പഠിപ്പിക്കുന്നു.
” ശാന്തമാവുക, ഞാൻ ദൈവമാണെന്ന് അറിയുക (വാക്യം 10 ).
ദൈവാനുഗ്രഹം ആകുന്ന നദി നമ്മിലേക്ക് ഒഴുകുന്നത് കൂദാശകളിലൂടെ യും തിരുവചനത്തിലൂടെയും ദൈവീക പുണ്യങ്ങളും ധാർമിക പുണ്യങ്ങളിലുമുള്ള വളർച്ച യിലൂടെയാണ് ദൈവാനുഗ്രഹമാ കുന്ന’ നദി ‘ നമ്മിലേക്ക് ഒഴുകുക. അവർ സംതൃപ്തിയുടെയും സമാധാനത്തിന്റെയും ജീവിതം നയിക്കും.
ദൈവത്തിന്റെ സാന്നിധ്യം സകല പ്രതികൂലങ്ങളെയും മറികടക്കാൻ സഹായിക്കും.8-11ൽ ദൈവത്തിന്റെ അത്ഭുതപ്രവർത്തികൾ കണ്ടു ഗ്രഹിക്കാൻ ശ്രോതാക്കൾക്ക് ഉള്ള ക്ഷണമാണ്.
ശാശ്വത സമാശ്വാസവും സുരക്ഷിത സംരക്ഷണവും ദൈവത്തിൽ നിന്ന് മാത്രമാണ് ലഭിക്കുക. ദൈവത്തിന്റെ ശക്തിയും മഹത്വവും അവയുടെ പൂർണ്ണതയിൽ ഗ്രഹിച്ച ആരും കാണുമെന്ന് തോന്നുന്നില്ല. അവിടുന്ന് ശബ്ദമുയർത്തി ഒന്ന് സംസാരിച്ചാൽ മതി ഏതൊരു ശക്തിയും തലകുനിക്കും. അവിടുന്ന് അനുദിനജീവിതത്തിൽ അനുനിമിഷവും നമ്മോട് കൂടെയുള്ളത് ഈ സാന്നിധ്യം നമുക്ക് അനുഭവിക്കാൻ ആവണം. അവിടുത്തെ അല്ലാതെ മറ്റാരെയും നാം ഭയപ്പെടേണ്ടതുമില്ല. ഏത് മഹാശക്തിയുടെയുംമേൽ അവിടുത്തേക്ക് പൂർണ്ണാധികാരമുണ്ട്.