അങ്ങേത്തൃക്കൈകളിൽ
മൂന്നു പോലെ തന്നെ ഇതും ഒരു വിലാപ സങ്കീർത്തനം ആണ്. എങ്കിലും ദൈവാശ്രയം ബോധമാണ് ഇതിൽ കൂടുതൽ പ്രകടമായി കാണുന്നത്. സുഖനിദ്ര നൽകുന്നവനാണ് കർത്താവ്. മൂന്നാം സങ്കീർത്തനം ഒരു പ്രഭാതപ്രാർത്ഥന എങ്കിൽ നാലാമത്തേത് ഒരു സായാഹ്ന പ്രാർത്ഥനയാണ്. മൂന്നു, സഹോദരങ്ങളുമായി സ്വാനുഭവം പങ്കു വെക്കുമ്പോൾ, നാല് അവർക്കുള്ള സദുപദേശങ്ങൾ ആണ്.
“കോപിച്ചു കൊള്ളുക, എന്നാൽ പാപം ചെയ്യരുത്. നിങ്ങൾ കിടക്കയിൽ വച്ച് ധ്യാനിച്ച് മൗനമായിരിക്കുക. ഉചിതമായ ബലികൾ അർപ്പിക്കുകയും കർത്താവിൽ ആശ്രയിക്കുകയും ചെയ്യുവിൻ (4: 4 -5 ). ദൈവത്തോടും ശത്രുക്കളോടും സഹോദരങ്ങളോടും വീണ്ടും ദൈവത്തോടും സങ്കീർത്തകൻ ഇവിടെ സംസാരിക്കുന്നുണ്ട്.
ഞെരുക്കത്തിൽ അഭയമരുളുന്നവനാണ് കർത്താവ്. ഈ അനുഭവത്തിൽ ബോധ്യത്തിൽ നിന്നാണ് അവൻ കർത്താവിനെ വിളിച്ചപേക്ഷിക്കുന്നത്. അവിടുത്തെ നീതിബോധത്തെയും കാരുണ്യത്തെയും ഒരേസമയം അനുസ്മരിച്ചുകൊണ്ടാണ് ഈ അഭ്യർത്ഥന. പുറ. 34: 6 -7 ഇവിടെ കൂടുതൽ വെളിച്ചം വീശും. ” കർത്താവു കാരുണ്യവാനും കൃപാ നിധിയുമായ ദൈവം ; കോപിക്കുന്നത് വിമുഖൻ, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരൻ ; തെറ്റുകളും കുറ്റങ്ങളും പാപങ്ങളും ക്ഷമിച്ച്, ആയിരങ്ങളോട് കരുണ കാണിക്കുന്നവൻ. എന്നാൽ യഥാർത്ഥ കുറ്റവാളികളുടെ നേരെ കണ്ണടയ്ക്കാതെ… തന്നെ ഞെരുക്കുന്ന ശത്രുക്കളെ “മനുഷ്യപുത്രരെ” എന്നു വിളിക്കുക വഴി, അവരുടെ നിസ്സാരതയിലേക്ക് സങ്കീർത്തകൻ വിരൽചൂണ്ടുന്നു (വാ.2). മൂന്നാം വാക്യത്തിൽ കർത്താവിനെ പരാമർശിക്കുന്നതിലൂടെ ഇത് വ്യക്തമാകുകയും ചെയ്യുന്നു .
“മനുഷ്യപുത്രൻരേ, എത്രനാൾ നിങ്ങൾ എന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കും? എത്രനാൾ നിങ്ങൾ പൊള്ള വാക്കുകളിൽ രസിച്ച് വ്യാജം അന്വേഷിക്കും? കർത്താവ് നീതിമാന്മാരെ തനിക്കായി തെരഞ്ഞെടുത്തിരിക്കുന്നു എന്ന് അറിഞ്ഞു കൊള്ളുവിൻ “(4:28).
സങ്കീർത്തനകനെ അപമാനിക്കുകയാണ് ശത്രുക്കൾ ചെയ്യുക. അവൻ ശൂന്യതയെ സ്നേഹിക്കുന്നു. അവർ വ്യാജം അന്വേഷിക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ ഇല്ലാവചനം പറഞ്ഞു അവനെ ശ്വാസം മുട്ടിക്കുക, അവരുടെ ഇഷ്ടവിനോദമാക്കിയിരിക്കുന്നു.
ദൈവത്തിന്റെ അടിസ്ഥാന സ്വഭാവമായ ആചഞ്ചലസ്നേഹം, കാരുണ്യം ഇവയിൽനിന്ന് രൂപം കൊള്ളുന്നതാണ് ‘നീതിമാൻ’ എന്ന പദം. ദൈവിക സ്വഭാവത്തോട് സമാനത ഉള്ളവനാണ് താനെന്ന് സങ്കീർത്തകൻ അവകാശപ്പെടുക യാണ്. അതുകൊണ്ടാണ് കർത്താവ് അവനെ സ്വന്തമാക്കിയിരിക്കുന്നത്. “കർത്താവ് നീതിമാന്മാരെ തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിൻ “(4:3). താൻ പ്രാർത്ഥിച്ചാൽ കർത്താവ് കേൾക്കും എന്ന ഉറപ്പും അവനുണ്ട്.
ഒരുവൻ ശത്രുക്കളുടെ പ്രകോപനങ്ങൾക്ക് മുന്നിൽ അസ്വസ്ഥനാവുക സ്വാഭാവികമാണ്. ഇതു സങ്കീർത്തകൻ (മനഃശാസ്ത്രപരമായി) അംഗീകരിക്കുകയും അനുവദിക്കുകയും ചെയ്യുന്നു. ഒപ്പം, പാപം ചെയ്യരുതെന്ന താക്കീതും സമൂഹത്തിനു ശക്തമായ ഭാഷയിൽ നൽകുകയും ചെയ്യുന്നുണ്ട്. പക്ഷേ, പാപം ചെയ്യരുത് ( 4 :4 ). ദൈവത്തിൽ പരിപൂർണമായി ആശ്രയിക്കുക എന്നാണ് സങ്കീർത്തകന്റെ വിജയമന്ത്രം( 4 :5 ). ആശ്രയിക്കുക, ശരണം വയ്ക്കുക, ഇവ ഏതാണ്ട് സമാന്തരമായാണ് സങ്കീർത്തകൻ ഉപയോഗിക്കുക.
ഞങ്ങൾക്കിടയിലും സന്തോഷചിത്തരായിരിക്കാനാവുക ദൈവ ആശ്രയത്തിൽ ജീവിക്കുന്നവരുടെ സവിശേഷതയാണ് (വാ.6-8). കണ്ണീരിലൂടെപോലും ചിരിക്കാൻ, സന്തോഷിക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ ഭാഗ്യം. അതിനാൽ തന്നെ സങ്കീർത്തകന്റെ ജീവിതം മുള്ളുകൾക്കിടയിലെ റോസാപ്പൂവിനെ പോലെയാണ്. ദൈവികാനന്ദം അവനിൽ നിറഞ്ഞു തുളുമ്പി നിൽക്കുന്നു. ശത്രുക്കളുടെ ഭൗതിക ഐശ്വര്യങ്ങൾ നൽകുന്നതിനേക്കാൾ വളരെ കൂടുതൽ ആനന്ദം അഖിലേശൻ സങ്കീർത്തകന്റെ ഹൃദയത്തിൽ പകർന്നിരിക്കുന്നു. സ്വച്ഛമായ നിദ്ര അവനു സ്വന്തമാണ്. കാരണം അവൻ സുരക്ഷിതത്വം കണ്ടെത്തുന്നത് ദൈവത്തിൽ മാത്രമാണ്. യഥാർത്ഥ സമാധാനം വരുന്നത് ദൈവത്തിൽ നിന്നാണ്, ദൈവത്തിൽ നിന്ന് മാത്രമാണ്.
ശാന്തശീലർ ഭാഗ്യവാൻമാർ, അവർ ഭൂമി അവകാശമാക്കും എന്ന ദിവ്യനാഥ വാക്കുകളിൽ (മത്താ.5: 5)സങ്കീ.4 4 പ്രതിധ്വനിക്കുന്നുണ്ട്. ” ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു. അതിന് നിങ്ങൾ സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരും ആയിരിക്കുവിൻ “( മത്താ. 10 :16 ) എന്ന അവിടുത്തെ വചനവും ഇവിടെ പ്രസക്തമാവുന്നു. നാലാം സങ്കീർത്തനം വരച്ചുകാട്ടുന്ന ദൈവത്തിന്റെ ചിത്രത്തോടെ വളരെയേറെ സാമ്യമുള്ളതാണ് മത്താ.11: 28. ” അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം “. ഈശോയാണ്, ഈശോ മാത്രമാണ്, മനുഷ്യന്റെ യഥാർത്ഥ അത്താണി.