മുപ്പത്തിനാലാം സങ്കീർത്തനം

Fr Joseph Vattakalam
5 Min Read

 ഏറ്റവും ഹൃദ്യവും അതിലേറെ പ്രത്യാശ ജനകമാണ്. ഏവർക്കും വിശിഷ്യാ പീഡിതർക്കും ഏറെ പ്രചോദനവും പ്രോത്സാഹനവും ഉൾക്കാഴ്ചകളും നൽകുന്നതാണിത്. സങ്കീർത്തകന്റെ ദൈവസ്നേഹവും ഭക്തിയും ദൈവത്തിലുള്ള ആശ്രയവും ഒപ്പം അവിടുത്തോട് വെച്ച് പുലർത്തുന്ന മനോഭാവവും ഇതിന്റെ പ്രഥമ വാക്യം തന്നെ വെളിപ്പെടുത്തുന്നുണ്ട്.

 കർത്താവിനെ ഞാനെന്നും പുകഴ്ത്തും. അവിടുത്തെ സ്തുതികൾ എപ്പോഴും എന്റെ അധരങ്ങളിൽ ഉണ്ടായിരിക്കും. ദൈവത്തിന്റെ നിരവധിയായ അനുഗ്രഹങ്ങൾക്ക് പകരമായി അവിടുത്തേക്ക് സ്തുതി സ്തോത്രങ്ങൾ അർപ്പിക്കാനേ മനുഷ്യനു കഴിയൂ. ഇത് അവന്റെ അവിതർക്കിതമായ കടമയും കൂടിയാണ്. എല്ലാ സമയവും അവിടുത്തെ സ്തുതിക്കാനും അവിടുത്തേക്ക് നന്ദി പറയാനുമുള്ള തന്റെ സുദൃഢ തീരുമാനം ഒന്നാം വാക്യത്തിൽ തന്നെ ഭക്തൻ പ്രകടമാക്കുകയും ചെയ്യുന്നു . കാരണം, കർത്താവ് അവന്റെ അഭിമാനമാണ്( വാക്യം 2 ).

 പീഡിതരും പാവപ്പെട്ടവരും ദൈവത്തെ സ്തുതിക്കാൻ ഉള്ള, ഈ സ്തുതി ആനന്ദാമൃതം ആക്കാനുള്ള ആഹ്വാനമാണ് രണ്ടാം വാക്യം അവതരിപ്പിക്കുക. ഈ സങ്കീർത്തനത്തിന്റെ പ്രമേയം ദൈവത്തിന്റെ സംരക്ഷണമാണ്. ഈ സംരക്ഷണം സംലഭ്യമാക്കാൻ ആഗ്രഹിക്കുന്നവർ എല്ലാം “എന്നോടൊത്തു കർത്താവിനെ മഹത്വപ്പെടുത്തുവിൻ. നമുക്കൊരുമിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കാം”( വാക്യം 3).

 നാലാം വാക്യം വളരെ വ്യക്തമായി പറയുന്നു : ഞാൻ കർത്താവിനെ തേടി അവിടുന്ന് എനിക്ക് ഉത്തരമരുളി . സർവ്വ ഭയങ്ങളിൽ നിന്നും അവിടുന്ന് എന്നെ മോചിപ്പിച്ചു. കർത്താവ് കൂടെ ഇല്ല, അഥവാ അടുത്തില്ല എന്ന് തോന്നുന്ന നിമിഷങ്ങളിൽ യഥാർത്ഥ ഭക്തൻ ജാഗ്രതയോടെ അവിടുത്തെ തേടും.

 ” അന്വേഷിക്കുവിൻ; നിങ്ങൾ കണ്ടെത്തും” ( മത്തായി 7 :7). സാധകൻ അന്വേഷിച്ച ഉടനെ തന്നെ അവിടുന്ന് ഉത്തരമരുളി. സമയം നിശ്ചയം സർവ്വശക്തന്റെതാണ്. ഇവിടെ സത്വരം ഉത്തരം ലഭിക്കുന്നതാണ് നാം കാണുക. എപ്പോഴും അങ്ങനെ ആവണമെന്നില്ല. അവിടുത്തെ കാത്തിരിക്കേണ്ടതായും വരും. നമുക്ക് എന്ത്,എപ്പോൾ, വേണമെന്ന് അവിടുന്ന് മാത്രമാണ് ശരിക്ക് അറിയുന്നത്. കണ്ടെത്തി കഴിഞ്ഞപ്പോൾ സർവ്വ ഭയങ്ങളിൽ നിന്നും സർവ്വശക്തൻ അവനെ മോചിപ്പിക്കുകയും ചെയ്തു.

 കർത്താവിനെ തേടുക അന്വേഷിക്കാം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ജറുസലേം ദൈവാലയം സന്ദർശിക്കുക എന്നാണ്. ദൈവഹിതം അറിയാനും അനുഗ്രഹം പ്രാപിക്കാനും ആണ് ഈ സന്ദർശനം. പുരോഹിതനോ പ്രവാചകനോ അരുളപ്പാടിലൂടെ ദൈവത്തിന്റെ മറുപടി ജനങ്ങൾക്ക് നൽകുന്നു. എല്ലാ ദുഃഖങ്ങളിൽ നിന്നും ഉൽക്കണ്ഠ നിന്നും ഭക്തനെ മുക്തനാക്കാൻ ഈ വെളിപാടിന് കഴിയുമത്രേ (വാക്യം 4 ).

 കർത്താവിൽ പരിപൂർണമായ ശരണപ്പെട്ടു തികഞ്ഞ മനോ വിശ്വാസത്തോടെ അവിടുത്തെ ഉറ്റുനോക്കുക സാധകന്റെ മുഖമുദ്രയാണ്. അപ്പോൾ അവന് സർവ്വേശ്വരന്റെ സൗന്ദര്യദർശനം ഉണ്ടാകും.

 അവിടത്തെ നോക്കിയവർ പ്രകാശിതരായി, അവർ ലജ്ജി തരാവുകയില്ല (വാക്യം 5 ).

 കർത്താവ് അനുഗ്രഹിക്കുമ്പോൾ അവിടുത്തെ നോക്കുന്നവരിൽ അവിടുത്തെ തിരുമുഖം പ്രകാശിതമാകുന്നു. യഥാർത്ഥത്തിൽ ഇത് അവിടുത്തെ സന്നിധാനത്തിൽ പ്രവേശിക്കലാണ്, ദൈവിക സന്തോഷംകൊണ്ട് നിറയലാണ്. ദൈവിക സാന്നിധ്യം മൂലം ഉണ്ടാകുന്ന പ്രകാശത്തിന്റെ പ്രതിഫലനവും ആണിത്. ദൈവം അനുഗ്രഹിക്കുമ്പോൾ അവിടുത്തെ മുഖം നമ്മിൽ പ്രകാശിക്കുന്നു. ഇത് അവിടുത്തെ സർവ്വ സംരക്ഷണത്തെയും സൂചിപ്പിക്കുന്നു. സങ്കീർത്തകന്റെ എന്റെ അനുഭവം ഇതിനു തെളിവാണ് (വാക്യം 5 -6 ).

” കർത്താവിന്റെ ദൂതൻ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ സംരക്ഷിക്കുന്നു (വാക്യം 7 ).

 അതായത് കർത്താവിന്റെ കരബലമാണ് ദൈവഭക്തനെ സംരക്ഷിക്കുക. ദൈവ ഭക്തർ കർത്താവിനെ ഭയപ്പെടുന്നു എന്ന് പറയാറുണ്ടല്ലോ. ദൈവത്തെ സ്നേഹിക്കുക, അവിടുന്നിൽ ആശ്രയിക്കുക, അവിടുത്തെ ആരാധിക്കുക, അനുസരിക്കുക എന്നൊക്കെയാണ് ദൈവഭയം അർത്ഥമാക്കുക.

 രുചിച്ചറിഞ്ഞങ്കിലേ, അനുഭവിച്ചറിഞ്ഞങ്കിലേ, ദൈവത്തിന്റെ നന്മ നമുക്ക് നന്നായി മനസ്സിലാവൂ. കർത്താവിൽ ശരണപ്പെടുന്നവർ ഭാഗ്യവാന്മാരാണ്. അവർ അവിടുത്തെ നന്മയും കാരുണ്യവും ‘മാധുര്യ’വും രുചിച്ചറിയും (cfr. 1 പത്രോസ് 2: 3 ),(വാക്യം 8 ).

 പഴയനിയമത്തിൽ മനുഷ്യരെ വിശുദ്ധൻ എന്ന് വിശേഷിപ്പിക്കുന്ന ഏക അവസരമാണ് 34: 9. അവർ അഖിലേശനെ ആഴത്തിൽ സ്നേഹിക്കുകയും അവിടുന്നിൽ ആശ്രയിക്കുകയും ചെയ്യുന്നു. അവർക്ക് ജീവിതത്തിൽ മുട്ടുപാടുണ്ടാവുകയില്ല (cfr. സങ്കീർത്തനം 23: 1 ).

 അടുത്തതായി സങ്കീർത്തകൻ ശ്രോതാക്കളെ നേരിട്ട് അഭിസംബോധന ചെയ്യുന്നു. വിജ്ഞാന ശൈലിയിൽ അവരെ മക്കൾ ആയിട്ടാണ് അവതരിപ്പിക്കുക. ദൈവ ഭയമാണ് പഠനവിഷയം. ജീവന്റെ പൂർണ്ണതയിലേക്കുള്ള പാതയും മറ്റൊന്നല്ല. ദൈവത്തെ ഭയപ്പെടുന്നവർ തങ്ങളുടെ നാവിനെ നിയന്ത്രിക്കണം  ( സങ്കീർത്തനം 14 ) അവർ തിന്മയിൽ നിന്ന് എപ്പോഴും ഒഴിഞ്ഞു മാറുന്നതിൽ ബദ്ധശ്രദ്ധ  ചെയ്യാൻ അവർ ശ്രമിക്കുന്നു; ഒപ്പം  സമാധാനം അന്വേഷിക്കുകയും ചെയ്യുന്നു. ( സങ്കീർത്തനം 1: 6 ). ഇവ നീതിമാന്മാരുടെ വിശേഷണങ്ങളും ആണല്ലോ. അവർ സദാ സന്തോഷചിത്തരായിരിക്കും. കർത്താവ് അവരുടെമേൽ കരുണ ചൊരിയുന്നു; അവരുടെ പ്രാർത്ഥന കേൾക്കുന്നു. ഇവിടെ ഒരു കാര്യം വ്യക്തം. ജീവിക്കുന്ന ദൈവത്തെ ഭയപ്പെട്ടു ജീവിക്കുക യാണ് യഥാർത്ഥ ആനന്ദം കൈവരാൻ ഉള്ള മാർഗം. മറിച്ചുള്ള ജീവിതത്തിന്റെ ഉടമ കർത്താവിന്റെ കോപത്തിനും അപ്രീതിക്കും അർഹരാകും. നീതിമാൻമാർ അനർഥങ്ങൾ നേരിടുമ്പോൾ കർത്താവ് അവരെ മോചിപ്പിക്കുന്നു. അങ്ങനെ അവർ അവിടുത്തെ രക്ഷാകര സാന്നിധ്യവും സഹായവും അനുഭവിച്ചറിയുന്നു( 34: 11- 17).

 പതിനെട്ടാം വാക്യത്തിലെ “നുറുങ്ങിയ ഹൃദയം” ഉരുകിയ മനവും ഇവ അനുതാപം, ദുഃഖം, വിനയം എന്നീ സവിശേഷതകൾ സൂചിപ്പിക്കുന്നു ( സങ്കീർത്തനം 51: 17 ). നീതിമാൻ സഹനങ്ങൾക്ക് അതീതനല്ല. എന്നാൽ അവയെ അതിജീവിക്കാൻ ആവശ്യമുള്ള സഹായവും ശക്തിയും സർവ്വശക്തൻ അവന് സമ്മാനിക്കുന്നു. ഏറ്റവും വലിയ പ്രതിസന്ധികളിലും പ്രകൃതി നാഥൻ അവനെ സംരക്ഷിക്കുന്നു.

 ദുഷ്ടൻ നീതിമാൻ എതിരെ വാൾ എടുത്തേക്കാം. പ്രത്യക്ഷമോ പരോക്ഷമോ ആയ പരാപരന്റെ ഇടപെടലിലൂടെ ദുഷ്ടനെ അവിടുന്ന് പരാജയപ്പെടുത്തും. ദുഷ്ടൻ കുഴിച്ച കുഴിയിൽ അവൻ തന്നെ വീണെന്നും വരും ( സങ്കീർത്തനം 7:14 -17). തന്നിൽ പൂർണമായി ആശ്രയിക്കുന്നവർക്ക് അഖിലേശൻ ആത്യന്തികമായ രക്ഷ നൽകുന്നു ( സങ്കീർത്തനം 14: 6 )(34: 18 –22 ).

 സാധകൻ ഉള്ള സർവ്വേശ്വര സംരക്ഷണത്തിന്റെ ആഴമേറിയ അനുഭവങ്ങളാണ് 4,6 വാക്യങ്ങളിൽ അനുവാചകൻ കാണുക. നല്ല തമ്പുരാനെ തേടുകയും അവിടുന്നിൽ പരിപൂർണ്ണമായി ആശ്രയിക്കുകയും ചെയ്യുന്നവന് അവിടുന്ന് ഉത്തരമരുളുന്നു. അവന്റെ ഉത്കണ്ഠകളിലും അർഥങ്ങളിലും അഭയശിലയായി, സുരക്ഷിത തുറമുഖമായി അവിടുന്ന് അവനെ രക്ഷിക്കും.3,8 വാക്യങ്ങളിൽ സങ്കീർത്തകൻ ശ്രോതാക്കളെ ദൈവാനുഭവത്തിലേക്ക് ക്ഷണിക്കുന്നു. ദൈവത്തെ അന്വേഷിക്കുന്നതും ദൈവഭയവും ആണ് ദൈവോന്മുഖമായ അനുഭവങ്ങൾ.

 ‘ദൈവത്തെ ഭയപ്പെടുക നമ്മുടെ ആദ്ധ്യാത്മികതയ്ക്കു അത്യന്താപേക്ഷിതമാണ്. മുപ്പത്തിനാലാം സങ്കീർത്തനം ഈ പ്രക്രിയയ്ക്ക് പരമപ്രാധാന്യം ആണ് നൽകുന്നത്. ദൈവാനുഗ്രഹം കൊണ്ട് നിറയാൻ അത്യന്താപേക്ഷിതമായ പുണ്യങ്ങൾ ആണ് സത്യം,നീതി, നിഷ്കപടത, കരുണാർദ്രമായ  സ്നേഹം തുടങ്ങിയവ. ദൈവ സ്തുതി യേക്കാൾ മഹത്വമായതൊന്നും ഭൂസ്വർഗ്ഗങ്ങളിൽ ഇല്ല. സ്തുതിപ്പിന്റെ നൈരന്തര്യം ( നിരന്തരമായി ചെയ്യുന്ന അവസ്ഥ ) അത്യന്താപേക്ഷിതമാണ്.

 നാവിനെ നിയന്ത്രിക്കുക, തിന്മ വർജ്ജിച്ചു നന്മ മാത്രം ചെയ്യുക, സമാധാനം സ്ഥാപിക്കുക,കരുണ കാണിക്കുക,വ്യവസ്ഥയില്ലാതെ ക്ഷമിക്കുക, ഉള്ളത് ഒന്നുമില്ലാത്തവരുമായി പങ്കുവയ്ക്കുക ഇത്യാദി പുണ്യങ്ങൾ ഒരുവൻ നീതിമാനായി പരിണമിക്കുന്നതിന് അവശ്യം ആവശ്യമാണ്.

Share This Article
error: Content is protected !!