ഒരു സമ്പൂർണ്ണ സ്തുതിപ്പാണ്. ദൈവം സർവ്വ സമഗ്ര നന്മയും സകലത്തിന്റെയും സൃഷ്ടാവും രക്ഷകനും പരിപാലകനുമാണ്. സങ്കീർത്തനത്തിന്റെ പ്രമേയം ഇതുതന്നെയാണ്.
കർത്താവിൽ ആനന്ദിക്കാൻ സാധകൻ നീതിമാന്മാരെ ക്ഷണിക്കുന്നു. സ്തോത്രം ആലപിക്കുക അവർക്ക് യുക്തമാണ്. കിന്നരം കൊണ്ടും 10 കമ്പിയുള്ള വീണമീട്ടിയും കർത്താവിനെ സ്തുതിക്കാൻ അവൻ എടുത്തു പറയുന്നു. ” കർത്താവിന് ഒരു പുതിയ കീർത്തനം ആലപിക്കുവിൻ ” എന്നും ആർപ്പുവിളികളോടെ, ഉച്ചത്തിൽ വിദഗ്ധമായി തന്ത്രി മീട്ടുവാനും സങ്കീർത്തകൻ സാകൂതം ആഹ്വാനം ചെയ്യുന്നു (വാ.1-3). സംഗീതോപകരണങ്ങൾ സ്തുതിക്കു മാറ്റുകൂട്ടുന്നു. എങ്കിലേ അതിനു സ്തുതി ആരാധനയിൽ സംഗീതം ഉള്ളൂ. ഈ അവബോധം അവ ഉപയോഗിക്കുന്നവർക്ക് ഉണ്ടായിരിക്കണം. സ്തുതി ആരാധന – സുപ്രധാന ഘടകങ്ങളാണ് തങ്ങളെന്നും ഭക്തിയോടും ശ്രദ്ധയോടും വിശുദ്ധിയോടും കൂടി മാത്രമേ ഗാനശുശ്രൂഷയിൽ പങ്കുചേരുക യുള്ളൂ എന്ന് ഉറച്ച തീരുമാനം അവർക്ക് ഉണ്ടായിരിക്കണം.
33:4-9ൽ സ്തുതിക്ക പ്രേരിപ്പിക്കുന്ന കാരണങ്ങൾ സാധകൻ വിവരിക്കുന്നു. കർത്താവിന്റെ വചനം സത്യമാണ് ;വിശ്വാസവും നീതിയുക്തവും വിശുദ്ധവും ആണ്. നീതിയും അവിടുന്ന് അങ്ങേയറ്റം ഇഷ്ടപ്പെടുന്നു. സ്നേഹമായ ദൈവത്തിന്റെ പ്രേമഗാനം ആണ് സൃഷ്ടികർമ്മം . ഭൂമി മുഴുവൻ അവിടുത്തെ മഹത്വം കൊണ്ട് നിറഞ്ഞിരിക്കുന്നു. പരാപരൻ പറഞ്ഞ സ്നേഹ വചനം ആണ് പ്രപഞ്ചം ( ‘ഉണ്ടാകട്ടെ’). ഇവിടെ വചനവും കല്പനയും പര്യായപദങ്ങൾ ആണ്.
” കർത്താവിന്റെ കാരുണ്യംകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു “(വാ.5). ആകാശഗോളങ്ങളെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ചതും അവിടുന്നുതന്നെ. ” അവിടുന്നു സമുദ്രജലത്തെ ഒരുമിച്ചുകൂട്ടി ; ആഴങ്ങളെ അവിടുന്ന് കലമ്പറകളിൽ സംഭരിച്ചു. സകലത്തെയും അവിടുന്ന് നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നു. സകല ചരാചരങ്ങളുടെയും സൃഷ്ടാവ് അവിടുന്നാണ്. അവിടുത്തെ കൂടാതെ ഒന്നും ഉണ്ടായിട്ടില്ല. ഈ സർവ്വ സൃഷ്ടാവിനെ സകലരും സകലതും ആരാധിച്ചു വണങ്ങണം . തിരുമുമ്പിൽ സകലരും ഭയന്ന് വിറയ്ക്കണം. അവിടുത്തെ വചനത്തിന്റെ ശക്തി അത്ഭുതാവഹവും ഫലദായകവുമാണ്.അണുകൃമിയും അണ്ഡകടാഹവും ദൈവം പറഞ്ഞു വെച്ചതാണ് ( വചനം).
” എല്ലാം അങ്ങേ മഹത്വത്തിനായ്
എല്ലാം അങ്ങേ പുകഴ്ച്ചക്കുമായ്
തീർന്നീടേണമേ പ്രിയനെ
തിരുനാമുയർന്നീടട്ടെ!
(ദൈവ) സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം
സ്നേഹത്താൽ വൃദ്ധി തേടുന്നു
സ്നേഹം താൻ ശക്തി ജഗത്തിൽ
സ്വയം സ്നേഹം താനാനന്ദന്മാർക്കും .
മുപ്പത്തിമൂന്നാം സങ്കീർത്തനത്തിലെ പ്രധാന ഭാഗത്തിന്റെ പ്രാരംഭം ആണ്( വാക്യം 4 -9 ).
വാക്യം 10- 12 കർത്താവിന്റെ പദ്ധതികളെപ്പറ്റി പ്രതിപാദിക്കുന്നു. സകലത്തിന്റെയും കർത്താവ് (Lord)അവിടുന്നാണ്. അതുകൊണ്ട് ആധിപത്യത്തിന് വേണ്ടിയുള്ള ജനതകളുടെ അത്യാഗ്രഹം സഫലം ആവുകയില്ല. കർത്താവിന്റെ പദ്ധതികൾ മാത്രം എന്നും നിലനിൽക്കും. അവിടുത്തെ “പദ്ധതികൾ ശാശ്വതമാണ് ; അവിടുത്തെ ചിന്തകൾ തലമുറകളോളം നിലനിൽക്കുന്നു “
(33:11).
കർത്താവ് ദൈവവുമായുള്ള ജനവും ഇസ്രായേൽ അവിടുന്ന് തനിക്കുവേണ്ടി തെരഞ്ഞെടുത്ത ജനതയും ഭാഗ്യമുള്ളവരാണ് (വാക്യം 12 ). നന്നായി ജീവിച്ചാൽ നമ്മെയും അവിടുന്ന് തെരഞ്ഞെടുക്കും.
എല്ലാം കാണുന്ന ദൈവം സൃഷ്ടാവും കർത്താവും വിധിയാളനുമാണ്. അവിടുന്ന് എല്ലാം നിരീക്ഷിക്കുന്നു. താൻ മനുഷ്യഹൃദയങ്ങളെ രൂപപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അവിടുന്ന് വിധി നടത്തുക. സകല ത്തിന്റെയും സൃഷ്ടാവ്, കർത്താവ്,ഈ നിലകളിൽ അവിടുന്ന് മഹതീ കരിക്കപ്പെട്ടണം. ഓരോ മനുഷ്യന്റെയും ഹൃദയ ശ്രീകോവിലിലാണ് ഇത് സംഭവിക്കുക (33.13-15).
സൈന്യബലം കൊണ്ട് മാത്രം ഒരു രാജാവും രക്ഷ നേടുന്നില്ല. മനുഷ്യ കരുത്തുകൊണ്ട് മാത്രം ഒരു യോദ്ധാവും മോചിതനാകുന്നുമില്ല. പടക്കുതിര യുടെ വലിയ ശക്തി രക്ഷയ്ക്ക് ഉപകരിക്കുകയില്ല.
പടക്കുതിര, എന്തിനു സാധാരണ കുതിര പോലും ശക്തിയുടെ പര്യായമായി പറയപ്പെടാറുണ്ട്. പക്ഷേ അതിന്റെ ശക്തിക്കും രക്ഷിക്കാൻ കഴിയില്ല. എന്നാൽ “ഇതാ, തന്നെ ഭയപ്പെടുന്നവരെയും തന്റെ കാരുണ്യത്തിൽ പ്രത്യാശ വയ്ക്കുന്നവരെയും കർത്താവ് കടാക്ഷിക്കുന്നു. അവിടുന്ന് അവരുടെ പ്രാണനെ മരണത്തിൽനിന്ന് രക്ഷിക്കുന്നു. ക്ഷാമത്തിൽ അവരുടെ ജീവനെ നിലനിർത്തുന്നു (33:16-19). നിഖിലേശന്റെ നന്മയും വിശ്വസ്തതയും മഹാ സ്നേഹവും അവിടുത്തെ ഭയപ്പെടുന്നവനെ സംരക്ഷിക്കുന്നു. അവൻ ഒരിക്കലും പട്ടിണി കിടക്കേണ്ടി വരികയുമില്ല, വിശ്വാസത്തോടും പ്രത്യാശയോടും കർത്താവിനെ കാത്തിരിക്കുന്നവരുടെ പരിചയും സഹായവുമാണ് അവിടുന്ന്. അവർ സദാ അവിടുന്നിൽ ആനന്ദിക്കുന്നു. കാരണം അവർ അവിടുത്തെ വിശുദ്ധ നാമത്തിൽ ആശ്രയിക്കുന്നു.
ദൈവ സാന്നിധ്യത്തിൽ ജീവിക്കുന്നവർക്ക് സന്തോഷവും സമാധാനവും പ്രത്യാശയും ഉണ്ട്. ദൈവവുമായുള്ള ഉടമ്പടി സ്നേഹത്തിലാണ് അവർ ജീവിക്കുന്നത്. ദൈവത്തിന്റെ രക്ഷാകര പ്രവർത്തനങ്ങൾ അവർ ഗ്രഹിക്കുന്നു. അവിടുത്തെ സർവ്വശക്ത വചനവും പദ്ധതികളുമാണ് എപ്പോഴും വിജയിക്കുക. കർത്താവിന്റെ കടാക്ഷത്തിൽ ജീവിക്കുന്നവർക്ക് സംരക്ഷണം ഉറപ്പ്. സൃഷ്ടിയും ചരിത്രവും എല്ലാം അവിടുത്തെ കരങ്ങളിലാണ് ( വാക്യം 20- 22 ).
കർത്താവിൽ സന്തോഷിക്കുക ഭക്തന്റെ കടമയാണ്. വലിയ സ്നേഹവായ്പോടെ, പരിശുദ്ധ മനസാക്ഷിയോടെ, നിർമ്മല ഹൃദയത്തോടെ കർത്താവിനെ സ്തുതിച്ച് മഹത്വപ്പെടുത്തണം. എല്ലാം മാറി മറിഞ്ഞു പോകുന്ന ലോകത്തിൽ, ഒരിക്കലും മാറാത്തവൻ ആയ മഹോന്നതന്റെ മഹാ കരുണയിൽ ആശ്രയിക്കുക എത്ര ആശ്വാസകരമാണ്! ദൈവത്തിന്റെ സൃഷ്ടിയും പരിപാലനയും അവികലമായ നിയമങ്ങളും അവിടുത്തെ ആരാധിക്കാനും സ്തുതിക്കാനും മഹത്വപ്പെടുത്താനും നമ്മെ കടപ്പെടുത്തുന്നു.
ദൈവത്തിന്റെ സഭയ്ക്കെതിരായി അന്ധകാര ശക്തികൾ പ്രബലപ്പെടുകയില്ല . അവിടുത്തെ പദ്ധതികളെല്ലാം ശാശ്വതമായി നിലനിൽക്കും. അവിടുത്തെ ആലോചനകളും ചിന്തകളും പരമ പരിശുദ്ധവും പരിപൂർണ്ണ വിശിഷ്ടവുമാണ്. നീതി, സത്യം, ദൈവഭക്തി ഇതൊക്കെ ഏതൊരു വ്യക്തിയുടെയും മഹത്വമാണ്. അവിടുന്ന് നമ്മെ തെരഞ്ഞെടുത്തത് ആയതുകൊണ്ട് നാം അവിടുത്തെ സ്വന്തമായി തീരണം. ” നിങ്ങളല്ല, ഞാനാണ് നിങ്ങളെ തെരഞ്ഞെടുത്തത് (യോഹന്നാൻ 15 :16 ).
ദൈവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും അവിടുന്നിൽ പരിപൂർണമായ വിശ്വസിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നവരെ അവിടുന്ന് കരുണാപൂർവ്വം കടാക്ഷിക്കുന്നു. അവിടുത്തെ കാത്തിരിക്കുക, ഭയപ്പെടുക, അവിടുന്നിൽ ആശ്രയിക്കുക, സന്തോഷിക്കുക, അവിടുത്തെ അനന്ത കരുണയ്ക്കായി കേഴുക!