ദൈവമേ, നന്ദി!
ഇതിനൊരു ചരിത്രപശ്ചാത്തലം ഉണ്ട്. അന്തിയൊക്കെസ് എപ്പിഫാനിയോസ് ജറുസലേം ദേവാലയം ആക്രമിച്ച് അത് അശുദ്ധമാക്കി. പിന്നീട് അത് ശുദ്ധീകരിക്കുകയും പുനപ്രതിഷ്ഠ തിരുനാൾ സ്ഥാപിക്കുകയും ചെയ്തു (1 മക്ക. 4: 5 -2 ).
സിറിയൻ പട്ടാളത്തിൽ നിന്നുള്ള ഇസ്രായേലിന്റെ അത്ഭുതകരമായ മോചനത്തെയും ഈ തിരുനാളിൽ അനുസ്മരിച്ചിരുന്നു. മാരക രോഗത്തിൽനിന്നും സൗഖ്യം ലഭിച്ചതിനുള്ള കൃതജ്ഞത ഗാനവും ആണിത്. വലിയ ഞെരുക്കത്തിൽ ദൈവം കരുണ കാണിച്ചതിനു ഇത് സാക്ഷ്യം വഹിക്കുന്നുണ്ട്.
1-3ൽ മരണകരമായ അപകടത്തിൽ നിന്ന് രക്ഷിച്ചതിന് സങ്കീർത്തകൻ ദൈവത്തിന് നന്ദി പറയുന്നു. ഈ കൃതജ്ഞതാ പ്രകാശനത്തിന്റെ ആവർത്തനം തന്നെയാണ് യഥാർത്ഥത്തിൽ രണ്ട് മൂന്ന് വാക്യങ്ങൾ. തന്നെ രക്ഷിച്ചതിന് അവൻ ദൈവത്തെ വാഴ്ത്തുന്നു. തന്റെ നിലവിളികേട്ട് കർത്താവ് അവനെ സുഖപ്പെടുത്തുയും ചെയ്തു. നിലവിളിച്ചപേക്ഷിച്ചതു കൊണ്ടാണ് നിഖിലേശൻ സാധകനെ സുഖപ്പെടുത്തു ന്നത്. നിലവിളി കേൾക്കുന്നവനാണ് ദൈവം. സങ്കീർത്തനം 18: 6; 22 :24; 28: 2 തുടങ്ങിയവയും നിലവിളിച്ചപേക്ഷിച്ചവരെ കർത്താവ് കാക്കുന്നതായി നാം കാണുന്നു.മാത്രമല്ല അവിടുന്ന് അവനെ പാതാളത്തിൽ നിന്ന് കരകയറ്റി. മരണാപകടത്തിൽ ആയിരുന്നവരുടെ ഇടയിൽ നിന്നാണ് കർത്താവ് അവനെ ജീവനിലേക്ക് ആനയിച്ചത്.
സമൂഹവും സർവ്വേശ്വരനു സ്തുതി സ്തോത്രങ്ങൾ അർപ്പിക്കണമെന്നാണ് ഭക്തന്റെ ആഗ്രഹം. ദൈവത്തിന്റെ കോപം നൈമിഷികം ആണെന്ന് അവൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അവിടുത്തെ നിലനിൽക്കുന്ന ഭാവം കൃപയുടെയും സഹായത്തിന്റേതുമാണ്. ഒരു രാവും പുലരാതിരുന്നിട്ടില്ല. ഒരു മഴയും തോരാതിരുന്നിട്ടില്ല. ദൈവത്തിന്റെ കരങ്ങളിലേക്ക് ആണ് സങ്കീർത്തകൻ ഉണരുന്നത് (30 :4- 5 ).
സങ്കീർത്തനം 30: 6- 9 ൽ സങ്കീർത്തകൻ സ്വാനുഭവം വിവരിക്കുകയാണ്. തന്റെ സുസ്ഥിതിയിൽ അവർ അഹങ്കരിച്ചു . യഥാർത്ഥത്തിൽ ദൈവാനുഗ്രഹം ഒന്നുമാത്രമാണ് അവനെ ശക്തനും ധനികനും ആക്കിയത്. നിയ.8:11 മുന്നറിയിപ്പ് നൽകുന്നു : ” ഞാനിന്ന് നൽകുന്ന കൽപ്പനകളും നിയമങ്ങളും ലംഘിച്ച് നിങ്ങളുടെ ദൈവമായ കർത്താവിനെ വിസ്മരിക്കാതിരിക്കാൻ ശ്രദ്ധിച്ചു കൊള്ളുവിൻ “. ദൈവത്തിന്റെ സഹായം കാരണമാണ് ശത്രുക്കൾക്ക് സാധകന്റെ പരാജയത്തിൽ സന്തോഷിക്കാൻ ആവാത്തത്. ഒരുവന്റെ സുസ്ഥിതിയിൽഅവൻ ദൈവത്തെ മറന്നു ജീവിക്കാനുള്ള സാധ്യത കൂടുതലാണ്. പക്ഷേ ദൈവത്തെ കൂടാതെ ആയിരിക്കുക. പാതാളത്തിൽ നിപതിക്കുന്നതിനു സമാനമാണ് . അതു മരണവും (ആധ്യാത്മികം) നിത്യനാശവുമാണ്.
30: 10- 12ൽ സാധകൻ സഹായ അഭ്യർത്ഥന ആവർത്തിക്കുന്നു. ദൈവം പ്രാർത്ഥന കേട്ടുവെന്ന് പ്രഖ്യാപിക്കുന്നുണ്ട്. തന്മൂലം അവൻ കരച്ചിൽ നിർത്തി സന്തോഷിക്കാൻ തുടങ്ങുകയാണ്. ഈ മഹാ കൃപയ്ക്ക് പ്രതി നന്ദിയായി ജീവിതകാലം മുഴുവൻ മഹോന്നതനെ സ്തുതിച്ച് മഹത്വപ്പെടുത്താനും.കൃതജ്ഞതാ ഭരിതനായി ജീവിക്കാനും അവർ. സന്നദ്ധത പ്രകടിപ്പിക്കുന്നുണ്ട്.
കണ്ണീരിന്റെ താഴ്വരയിൽ നിന്ന് സ്തുതി ആരാധന ദൈവത്തിലേക്ക് ഉയർത്തുക തികച്ചും ന്യായം യുക്തമാണ്. ദൈവപരിപാലന വലയത്തിലാണ് എല്ലാവരും. അതുകൊണ്ട് ഏത് സാഹചര്യത്തിലും നാം ദൈവത്തെ സ്തുതിച്ച് മഹത്വപ്പെടുത്തുകയും അവിടുത്തോട് നന്ദി പറയുകയും ചെയ്യുക അത്യന്താ പേക്ഷിതം ആണ്. ദൈവത്തെ ചെറുത്തുനിൽക്കാൻ ആർക്ക് കഴിയും? പ്രാർത്ഥനയിലൂടെയും നന്മ പ്രവൃത്തികളിലൂടെയും വചനത്തിലൂടെയും ദൈവസാന്നിദ്ധ്യാസ്മരണ യിലൂടെയും സർവോപരി കൂദാശകളിലൂടെയും അനുനിമിഷം അവിടുന്നുമായി ഐക്യപ്പെട്ട് ജീവിക്കുകയാണ് പരമപ്രധാനമായ കാര്യം. തന്റെ ഹിതം നിറവേറ്റുന്നവരെ അവിടുന്ന് സംരക്ഷിക്കും, സഹായിക്കും, മോചനം നൽകും. അങ്ങനെ നാം പൂർണതയിലേക്ക് വളർന്നു കൊണ്ടേയിരിക്കണം.
സഹനത്തിൽ സമചിത്തത വെടിയാതെ ദൈവത്തിന്റെ മോചനത്തിനായി പ്രാർത്ഥിക്കുക യും കാത്തിരിക്കുകയും അനുപേക്ഷണീയമാണ്. കാത്തിരിപ്പ് ആദ്ധ്യാത്മികതയുടെ ഒരു ആവശ്യഘടകം ആണ്. സുഖ ദുഃഖങ്ങളിൽ- സന്തോഷ സന്താപ ങ്ങളിൽ – സമ്പത് ദാരിദ്ര്യങ്ങളിലെല്ലാം ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്താൻ ആത്മാർഥമായി പരിശ്രമിക്കുക ; ദൈവാനുഗ്രഹം ഉറപ്പാണ്.
സമ്പത്തിനും സമൃദ്ധിയിലും സ്നേഹസ്വരൂപനായ സർവ്വേശ്വരനെ സൗകര്യപൂർവ്വം അവഗണിക്കുകയോ മറക്കുകയോ ചെയ്യുന്ന പരമ സങ്കടകരമായ ഒരുരീതി വിശ്വാസികളുടെ ജീവിതത്തിൽ വന്നുഭവിക്കുന്ന മഹാവിപത്താണ്. ജീവിത വിജയത്തിൽ, വിജ്ഞാനത്തിൽ, ആനന്ദത്തിൽ, ആരോഗ്യത്തിൽ, ഐശ്വര്യത്തിൽ, സുസ്ഥിരതയിൽ , അംഗീകാരത്തിൽ, സ്വാധീനത്തിൽ, സത്പേരിൽ, (മനുഷ്യർ നൽകുന്ന) എല്ലാം ബോധപൂർവ്വം ദാതാവിന് കലവറ ഇല്ലാതെ നന്ദി പറഞ്ഞു സ്തുതിച്ച് മഹത്വപ്പെടുത്തുക എത്ര ആനന്ദദായകമാ യിരിക്കും!.
മിശിഹായുമായുള്ള ഐക്യത്തിൽ നിന്നു മരണം പോലും വിശ്വാസിയെ വേർതിരിക്കരുത്. അസീസിയിലെ വിശുദ്ധ ഫ്രാൻസിസി നെപ്പോലെ മരണം പോലും സഹോദരിയായി കരുതി ദൈവം നിശ്ചയിക്കുന്ന നിമിഷത്തിൽ ഇരുകൈകളും നീട്ടി സ്വീകരിക്കാൻ തയ്യാറായി അനു നിമിഷം സസന്തോഷം ജീവിക്കാൻ നമുക്ക് കഴിഞ്ഞിരുന്നെങ്കിൽ!