ഏക രക്ഷകൻ
സങ്കീർത്തന പുസ്തകത്തിലെ പ്രഥമ വിലാപ കീർത്തനമാണ് മൂന്നാം സങ്കീർത്തനം; ഒപ്പം ആദ്യത്തെ പ്രാർത്ഥനയും . കർത്താവിൽ ശരണം വച്ചിരിക്കുന്നവൻ ഭാഗ്യവാൻ എന്ന് രണ്ടാം സങ്കീർത്തനത്തിന്റെ ഉപസംഹാര ത്തിന്റെ വിശദീകരണം ആയും ഇതിനെ കണക്കാക്കാം. ” അവന് ദൈവത്തിൽ രക്ഷയില്ല” എന്നാൽ രണ്ടാം വാക്യത്തിലെ ശത്രുക്കളുടെ പുലമ്പലിനുള്ള വ്യക്തമായ മറുപടിയാണ് രക്ഷകർത്താവ് ഉണ്ട് എന്ന് ഒൻപതാം വാക്യം.
മൂന്നാം സങ്കീർത്തനത്തെ മൂന്ന് പാദങ്ങൾ ആയി തിരിക്കാം. 1-3; 4-6;7-8. ഒന്നും മൂന്നും പാദങ്ങൾ സങ്കീർത്തകന്റെ കർത്താവിനോട് നേരിട്ടുള്ള സംഭാഷണമാണ്. രണ്ടാംപാദത്തിൽ അവൻ ജനങ്ങളോടും സംസാരിക്കുന്നു. മൂന്നാം പാദങ്ങളിലും ‘കർത്താവ്’ എന്ന പദം രണ്ടു പ്രാവശ്യം വീതം ആവർത്തിക്കുന്നുണ്ട്. പദങ്ങളുടെ ആദ്യഭാഗങ്ങൾ പ്രാർത്ഥനയോ വിലാപമോ,ക്ലേശ വിവരണമോ ആണ്( 1 -2, 4 -7 ). കർത്താവിലുള്ള വിശ്വാസമോ അനുഭവസാക്ഷ്യമോ ആണ് രണ്ടാം ഭാഗം.
തന്റെ വിശുദ്ധ പർവ്വതത്തിൽ നിന്ന് അവിടുന്ന് എനിക്ക് ഉത്തരം അരുളുന്നു.ഞാൻ ശാന്തമായി കിടന്നുറങ്ങുന്നു, ഉണർന്നെഴുന്നേൽക്കുന്നു; എന്തെന്നാൽ ഞാൻ കർത്താവിനെ കരങ്ങളിലാണ്. എനിക്കെതിരെ പാളയം അടിച്ചിരിക്കുന്ന പതിനായിരങ്ങളെ ഞാൻ ഭയപ്പെടുകയില്ല . ആവർത്തനം സങ്കീർത്തനങ്ങളുടെ ഒരു സവിശേഷ ശൈലിയാണ്. മൂന്നാം സങ്കീർത്തനത്തിൽ മൂന്ന് പ്രാവശ്യം വീതം ആവർത്തിക്കപ്പെടുന്ന ഈ രണ്ട് പാദങ്ങളാണ് ‘ അനേകർ ‘, ‘രക്ഷിക്കുക ‘. ഇവിടെ.’അനേകർ’ ശത്രുക്കളെയും,’രക്ഷിക്കുക ‘ കർത്താവിന്റെ സംരക്ഷണത്തെയും സൂചിപ്പിക്കുന്നു.
കർത്താവേ എന്റെ ശത്രുക്കൾ അസംഖ്യമാണ്. അനേകർ എന്നെ എതിർക്കുന്നു. ദൈവം എന്നെ സഹായിക്കുകയില്ല എന്നു എന്നെക്കുറിച്ച് പറയുന്നു. കർത്താവേ അങ്ങ് ആണ് എന്റെ രക്ഷാകവചവും എന്റെ മഹത്വവും. എന്നെ ശിരസ്സുയർത്തി നിർത്തുന്നതും അവിടുന്ന് തന്നെ ( 3 :1- 3 ).
തനിക്ക് അനേക ശത്രുക്കൾ ഉണ്ടെങ്കിലും രക്ഷകനായി കർത്താവ് ഉണ്ടെന്നതാണ് സങ്കീർത്തകന്റെ ആശ്വാസം. അവൻ “ശാന്തമായി കിടന്നുറങ്ങുന്നു എഴുന്നേൽക്കുന്നു ; എന്തെന്നാൽ ഞാൻ കർത്താവിനെ കരങ്ങളിലാണ് “(3:5).
പ്രതിസന്ധികളിൽ നമ്മളെ സഹായിക്കാൻ കർത്താവ് സന്നദ്ധനായി സദാ നമുക്ക് ചാരെ ഉണ്ടെന്ന സത്യം നമുക്ക് എത്ര സമാധാനസംദായമാണ്, എത്ര പ്രത്യാശഭരിതം ആണ്! കർത്താവ് രക്ഷാകവചം (വാ.3)ആണെന്ന് സങ്കീർത്തകൻ പറയുമ്പോൾ ശത്രുവിനെ യുദ്ധ തന്ത്രങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്ന അവിടുത്തെ സംരക്ഷണം തനിക്ക് ഉണ്ടെന്നാണ് സ്ഥാപിക്കുന്നത്. അവനെ കായികമായി ആക്രമിക്കുന്ന ശത്രുവിനെ കർത്താവ് കായികമായി തന്നെ നേരിടുന്നു എന്നാണ് ഏഴാം വാക്യം വ്യക്തമാക്കുക.
” അങ്ങ് എന്റെ ശത്രുക്കളെ ചെകിട്ടത്തടിച്ചു ; ദുഷ്ടരുടെ പല്ലുകളെ അങ്ങ് തകർത്തു ” (3:7). പലതരത്തിലും കാലത്തിലും പഴയ പുതിയ നിയമങ്ങൾ തമ്മിൽ അജഗജാന്തരമുണ്ട്. ശത്രുവിനോട് നിരുപാധികം, “ഏഴെഴുപതു പ്രാവശ്യം” ക്ഷമിക്കണം എന്നുമാണ് ഈശോ പഠിപ്പിക്കുന്നത് “. ആകാശവും ഭൂമിയും കടന്നുപോകും. എന്നാൽ എന്റെ വാക്കുകൾ കടന്നു പോവുകയില്ല “
( ലൂക്കാ 21:33) എന്ന് അവിടുന്ന് വ്യക്തമാക്കുന്നു. കർത്താവ് സങ്കീർത്തകന്റെ മഹത്വവും അഭിമാനവുമാണ്. തല ഉയർത്തി പിടിച്ചു നടക്കാൻ അവിടുന്ന് അവനെ പ്രാപ്തനാക്കുന്നു. സുഖനിദ്ര നൽകുന്ന അഭയമാണ് അവിടുന്ന്(വാ.4-6). കർത്താവിലുള്ള വിശ്വാസം പ്രത്യാശ അവിടത്തോടുള്ള സ്നേഹം ഇവ അചഞ്ചലമാണ്.
” എന്റെ ദൈവമേ ” എന്ന സംബോധനതന്നെ അവിടുത്തോട് സങ്കീർത്തകനുള്ള ആത്മബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.
ജറുസലേം ദൈവാലയത്തിലെ കർത്താവിന്റെ സാന്നിധ്യമാണ് സങ്കീർത്തകന്റെ ആത്മവിശ്വാസത്തിന്റെ അടിത്തറ. അദ്ദേഹത്തിന്റെ ദൈവാശ്രയ തികവിന്റെ പ്രത്യക്ഷ തെളിവാണ് അവന്റെ സുഖനിദ്ര. തൃക്കരങ്ങളിൽ ആണ് അവൻ ഉറങ്ങുന്നതും ഉണരുന്നതും. ശത്രു മധ്യത്തിലും അവന് അതിനു കഴിയുന്നു.
സക്രാരിയിൽ രാപകൽ പള്ളികൊള്ളുന്ന ഈശോ യാണ് നമ്മുടെ” രക്ഷാ ശിലയും കോട്ടയും”. നമുക്ക് പ്രാർത്ഥിക്കാം : അങ്ങേ തൃക്കൈകളിൽ ഉറങ്ങട്ടെ ഞാൻ, അങ്ങേ തൃക്കൈകളിൽ ഉണരട്ടെ ഞാൻ.