മഹോന്നതൻ
പഴയ നിയമത്തിലെ ഏറ്റം പുരാതനത്വ സങ്കീർത്തനങ്ങളിൽ ഒന്നാണിത്. ഇതു സമ്പൂർണ സ്തുതിപ്പിന് ഉദാഹരണവുംമാണ്. ഇതിൽ കർത്താവിന്റെ ശബ്ദം, കർത്താവ് എന്നിങ്ങനെ പലപ്രാവശ്യം ആവർത്തിക്കുന്നതായി കാണാം. വെളിപാടു ഗ്രന്ഥത്തിലെ ഇടിനാദങ്ങളെ സൂചിപ്പിക്കുന്നതാവാം ആവർത്തനം.
കർത്താവിന്റെ പ്രവർത്തികളുടെ പ്രാധാന്യവും അവയ്ക്ക് നൽകേണ്ട ആദരവും അവിടുത്തെ ശക്തിയും ഉന്നതിയും ബഹുമാനവും എല്ലാം അവിടുത്തെ മഹത്വത്തിന്റെ ഘടകങ്ങൾ ആണ്. അവിടുത്തെ മഹത്വം ആണ് പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്നത്. സ്വർഗ്ഗവാസികളും ഭൂവാസികളും അവിടുത്തെ മഹത്വം അംഗീകരിക്കാനും സ്തുതിയിലൂടെ അത് പ്രകടമാക്കാനും കടപ്പെട്ടവരാണ്. ഇരുകൂട്ടരും അത് നിർവഹിക്കുന്നുമുണ്ട് (29: 1; 148: 2 ).
കർത്താവിന്റെ മഹത്വപൂർണ്ണമായ നാമത്തെ സ്തുതിക്കുക എന്ന് പറയുമ്പോൾ, പ്രപഞ്ചത്തിന്റെ സർവ്വശക്തനായ രാജാവായ ദൈവത്തിന്റെ തെയോഫനിയിൽ (പ്രത്യക്ഷീകരണം) തിരുസന്നിധിയിൽ സാഷ്ടാംഗം പ്രണമിക്കുക എന്നതാണ് അർത്ഥമാക്കുന്നത്.
ദൈവാവിഷ്ക്കരണത്തിന്റെ വിവരണമാണ് 29: 3 സങ്കീർത്തകന് ഇടിമുഴക്കം അവിടുത്തെ ശബ്ദം തന്നെയാണ്. ശക്തിയുള്ള വചന ത്തിന്റെ ശബ്ദം. ഇടിമുഴക്ക ത്തിലൂടെ കർത്താവിന്റെ ശക്തി വെളിവാകുന്നു( സങ്കീർത്തനം 18: 14 ). ദൈവത്തിന്റെ, സ്വർഗ്ഗത്തിലെ രാജാവിന്റെ, ശക്തിയുടെ ശബ്ദമാണ് ഇടിനാദം ( സങ്കീർത്തനം 46 :7 ). ജലപ്രളയത്തിന്റെ ഫലമായ ജലരാശിക്ക് മീതെയാണ് കർത്താവിന്റെ ശബ്ദം മാറ്റൊലി കൊള്ളുക( ഉൽപ്പത്തി 6 :17 (വാക്യം 3 ).
കർത്താവിന്റെ ശബ്ദത്തിന് ശക്തി മാത്രമല്ല, പ്രതാപവും ഉണ്ട്. അതു ഭൂമിയിലെത്തി നാശം വിതയ്ക്കുന്നു. ഉന്നതിയുടെയും ആത്മപ്രശംസങ്ങളുടെയും പ്രതീകങ്ങളാണ് ലെബനോനിലെ ദേവദാരുക്കൾ( ഏശയ്യ 2 :13 ). ഒപ്പം ആരോഗ്യത്തിന്റെയും സ്ഥിരതയുടെയും അടയാളങ്ങളും ( സങ്കീർത്തനം 92: 12 ). അവ തകർക്കപ്പെടുന്നു എന്നതാണ് ദുഃഖ കാരണമാകുന്നത്. ഹെർമോൺ മലയുടെ മറ്റൊരു പേരാണ് സിറിയോൻ. കർത്താവ് ഇവയെ തള്ളിക്കളയുകയും വിറപ്പിക്കുകയും ചെയ്യുന്നു ( സങ്കീർത്തനം 114 :4 ), ( വാക്യ 4- 6 ).
അഗ്നിജ്വാലകൾ പുറപ്പെടുവിക്കുന്ന സ്വരമാണ് കർത്താവിന്റേത്. അതു മരുഭൂമിയെ വിറകൊള്ളിക്കുന്നു. കാദെഷ് മരുഭൂമി നടുങ്ങുന്നു. ഓക്ക് മരങ്ങളെ അത് ചുഴറ്റുന്നു. വനങ്ങളെ വൃക്ഷരഹിതമാക്കുന്നു. “എല്ലാവർക്കും പ്രഘോഷിക്കാൻ ഒന്നേയുള്ളൂ, കർത്താവിന്റെ മഹത്വം”( വാ.7- 9 ).
കർത്താവ് തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്. സ്വർഗ്ഗത്തിലാണ് അവിടുത്തെ സിംഹാസനം ( സങ്കീർത്തനം 11 :4 ) ഇത് ഭൗതികമല്ല. ഭൗതികമല്ലാത്ത സ്വർഗ്ഗത്തിലാണ് ദൈവത്തിന്റെ ആലയം. അവിടെയാണ് ദൈവത്തിന് മഹത്വം കരേറ്റെണ്ടത് (സങ്കീർത്തനം 19 :2 ). അവിടെ മഹത്വം എന്നാണ് എല്ലാവരും പ്രഘോഷിക്കുക(9). ദൈവമഹത്വം പ്രഘോഷിക്കപ്പെടുക,ഇതാണ് ഈ സങ്കീർത്തനത്തിന്റെ പ്രമേയം.
ദൈവത്തെ മഹത്വപ്പെടുത്തുന്നവർ ഭൂമിയിൽ നിന്ന് സ്വർഗത്തിലേക്ക് എടുക്കപ്പെടുന്നു.അവിടെ അവർ ഭൂമി വെളിപ്പെടുത്തപ്പെടുന്ന കർത്താവിന്റെ മഹത്വം ഏറ്റുപറയുന്നു. ഒപ്പം അവിടുത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു. രാജാവായ ദൈവം ഭൂമിയുടെ കർത്താവാണ്. ഭൂമിയിൽ, അവിടുന്ന് ക്രമവും ചിട്ടയും സ്ഥാപിക്കുന്നു ( വാക്യം 9 -10 )( സങ്കീർത്തനം 93).
വാക്യം 11 ശക്തമായ ആശംസയും പ്രാർത്ഥനയും ആണ്. കർത്താവ് തന്റെ ജനത്തിന് ശക്തി പ്രധാനം ചെയ്യട്ടെ. അവിടുന്ന് തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കട്ടെ.
സർവ്വശക്തനായ ദൈവം സഭയുടെ കർത്താവുമാണ്. അവിടുന്നു തന്റെ സകല ശക്തിയും തന്റെ തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്ഷയ്ക്കായി അയക്കട്ടെ! മഹത്വത്തിന്റെ രാജാവ് അവിടുന്ന് മാത്രമാണ് . ആദരവ്, ബഹുമാനം, കുമ്പിടൽ തുടങ്ങിയവ അവിടുത്തേക്ക് മാത്രമുള്ളതാണ്. ദൈവാരാധന വിശ്വാസത്തിന്റെ ഉദാത്തമായ പ്രഖ്യാപനമാണ്.
ഇടിയിലും മിന്നലിലും കർത്താവ് പ്രത്യക്ഷപ്പെടുന്നു. ശക്തിയോടെ പ്രതിധ്വനിക്കുന്നു. തകർക്കുക, തുള്ളിക്കുക, ചുഴറ്റുക, ജ്വലിക്കുക, നടുക്കുക വിറകൊള്ളിക്കുക – ഇവയിലൊക്കെ തെയോഫനിയാണ് വെളിപ്പെടുക. സർവ്വരും സർവ്വവും അവിടുത്തെ സേവിക്കുകയും കുമ്പിടുകയും ആരാധിക്കുകയും വേണം. പഴയനിയമത്തിൽ വചനം ആയിട്ട് കർത്താവ് മനുഷ്യരെ സമീപിച്ചു. ഇവിടെ ശബ്ദമായി അവിടുന്ന് മനുഷ്യരെ സമീപിക്കുന്നു.
1-10 വാക്യങ്ങളിൽ അവതരിപ്പിക്കപ്പെട്ട അഖിലേശ ശക്തിയിൽ ദൈവജനത്തെ പങ്കാളികളാക്കണം എന്നാണ് പതിനൊന്നാം വാക്യത്തിലെ പ്രാർത്ഥന.
ദൈവത്തിന്റെ സാന്നിധ്യവും അത്ഭുതങ്ങളും എല്ലായിടത്തുമുണ്ട്. കണ്ണുള്ളവർ കണ്ടും, ചെവിയുള്ളവർ കേട്ടും അവിടുത്തെ ആരാധിക്കും. ദൈവത്തിന്റെ ദാനം അല്ലാതെ എന്തെങ്കിലും മനുഷ്യനു ഉണ്ടോ? ദാനങ്ങൾക്ക് എല്ലാം ദാതാവിന് മഹത്വം നൽകി നന്ദി പറഞ്ഞു വേണ്ടേ മനുഷ്യൻ ജീവിക്കാൻ? “ദൈവമേ, നന്ദി എന്നായിരിക്കേണ്ടതല്ലേ മനുഷ്യന്റെ നിമിഷ മന്ത്രം’?
ആരാധനാ, സ്തുതി, അനുസ്മരണം,വിധേയത്വം, ഇവ ദൈവത്തിന് അവകാശപ്പെട്ടതാണ്. ദൈവനിവേശിതം പോലെ, എളിമയിലും ആത്മാർഥതയിലും ശരണത്തിലും ആദരവോടും നരൻ അഖിലേശനെ ആരാധിക്കണം. ദൈവത്തിനു മാത്രമുള്ളതാണ് ആരാധന എന്ന് എപ്പോഴും ഓർക്കുക. തന്റെ സകല ചെയ്തികളിലും സൃഷ്ടി, രക്ഷ, പരിപാലന ഇവയെല്ലാം അവിടുന്ന് അംഗീകരിക്കപ്പെടണം. അനുസരിച്ചാൽ അനുഗ്രഹം. ധിക്കരിച്ചാൽ ആത്മനാശം . അവിടുത്തെ കരുണയും നീതിയും പരസ്പരപൂരകങ്ങളാണ്. മേൽപ്പറഞ്ഞ വ്യക്തികളുടെ മാത്രമല്ല സമൂഹത്തിന്റെയും പരമോന്നത കടമയാണ്. സഭയെ ഈശോ സ്ഥാപിച്ചതും മറ്റൊന്നിനല്ല.
ദൈവത്തിൽ, ദൈവത്തോടുകൂടെ, ദൈവത്തിൽ തന്നെയായിരിക്കണം ഓരോ വ്യക്തിയുടെയും ജീവിതം. നിഖിലേശൻ നിരന്തരം നമ്മെ ഉള്ളംകൈയിൽ കാത്തു പരിപാലിക്കുന്നതുകൊണ്ട് മാത്രമാണ് നാം ജീവിക്കുന്നത്. സകലരും മനസ്സിലാക്കേണ്ട മഹാസത്യം ആണ്. നാം എന്തായിരിക്കുന്നുവോ അത് ദൈവ കൃപയാൽ ആണ് (1കൊറി 15 :10 ).