രക്ഷാശിലയും പാറയും
വ്യക്തിഗത വിലാപ കീർത്തനം ആണിതും. കർത്താവു തന്നെ ചെവി കൊള്ളണം എന്നാണ് പ്രഥമ യാചന (വാക്യം 1, 2 ). അവിടുത്തോട് നിലവിളിച്ച് അവിടുത്തെ എന്റെ അഭയശില എന്ന് അഭിസംബോധന ചെയ്യുന്നു. ‘ ‘രക്ഷാ ശില’, ‘പാറ’, ‘അഭയകേന്ദ്രം’ എന്നൊക്കെ പല സങ്കീർത്തനങ്ങളിലും ദൈവത്തെ വിളിക്കാറുണ്ട് (സങ്കീ 18:2). കർത്താവ് മുഖം മറക്കാതെ മൗനംപാലിക്കാതെ വേഗം ഉത്തരമരുളണമെന്നാണ് സാധകന്റെ പ്രാർത്ഥന. കാരണം അർത്ഥി മരണതലങ്ങളിലാണ്. കർത്താവ് കൈവിട്ടാൽ അവൻ പാതാളത്തിൽ നിപതിച്ചവനെ പോലെയാകും (സങ്കീർത്തനം 22: 1 ).
” എന്റെ യാചനയുടെ സ്വരം ശ്രവിക്കണമേ! “എന്നത് വിലാപത്തെ സൂചിപ്പിക്കുന്നതാണ് (സങ്കീർത്തനം 86: 6 ). ശ്രീകോവിലിലേക്ക് കൈകൾ നീട്ടുന്നത് പ്രാർത്ഥിക്കുന്ന മനുഷ്യനെ സൂചിപ്പിക്കുന്നു. ജെറുസലേം ദേവാലയത്തിന്റെ ശ്രീകോവിലിൽ വാഗ്ദാനപേടകത്തിനുമുകളിലായി കർത്താവ് സന്നിഹിതനാണ് ( 1 രാജാക്കൻമാർ 6: 5 -16 ). അങ്ങോട്ടാണ് ഭക്തർ കൈകളുയർത്തി പ്രാർത്ഥിക്കുന്നത് ( സങ്കീർത്തനം 134: 2 ).
ദൈവം ദുഷ്ടരുടെകൂടെ തന്നെ കണക്കാക്കുമെന്ന ഭയം ഭക്തനില്ലാതില്ല. അതുകൊണ്ടായിരിക്കണമല്ലോ അവൻ പ്രാർത്ഥിക്കുന്നത്.
” ദുഷ്കർമ്മികളായ നീചരോട് കൂടെ എന്നെ വലിച്ചിഴയ്ക്കരുതേ” എന്ന്. അവരുടെ പ്രവർത്തിക്ക് അനുസൃതം ഉള്ള പ്രതിഫലം നൽകണമേ എന്നും അവൻ ആവശ്യപ്പെടുന്നുണ്ട് (വാക്യം 3, 4 ).
അവരുടെ ദുഷ്പ്രവർത്തികളിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും അവൻ വ്യക്തമാക്കുന്നു (വാക്യം 3).
വിധിയാളനായ വിധാതാവിനെ തീർത്തും അവഗണിക്കുന്നവരാണവർ. അവരെ ശിക്ഷിക്കുന്നത് നീതിയുടെ ഭാഗമാണ്. കർത്താവ് അവരെ ഇടിച്ചുനിരത്തുന്നതും പണിതുയർത്താത്തതും അതു കൊണ്ടാണ് (വാക്യം 5 ).
6,7 വാക്യങ്ങളിൽ പ്രാർത്ഥന കേട്ട കർത്താവിന് ആരാധനകൻ കൃതജ്ഞത അർപ്പിക്കുകയും അവിടുത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു.
കർത്താവിന്റെ രക്ഷാ വ്യക്തിക്ക് മാത്രമല്ല ഇസ്രയേൽ സമൂഹത്തിനും ഉള്ളതാണ്. അതുകൊണ്ടാണ് തന്റെ ജനത്തെയും രാജാവിനെയും ദൈവം അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് (വാക്യം 8 ). 28 :9 ൽ സാധകൻ മേൽപ്പറഞ്ഞ കാര്യങ്ങൾക്കായി മാധ്യസ്ഥ്യം അപേക്ഷിക്കുകയാണ്( 9). നല്ല ഇടയൻ ആടുകളെ നയിക്കുകയും ക്ഷീണിച്ച് അവശരായവയെ എടുത്തു കൊണ്ടു നടക്കുകയും ചെയ്യുന്നു(ഏശയ്യ 40: 11 ).
കർത്താവ് സ്വന്തം ജനത്തിന്റെ ശക്തിയാണ് ; തന്റെ അഭിഷിക്തനു സംരക്ഷണം നൽകുന്ന അഭയസ്ഥാനം അവിടുന്നാണ്. അതെ, കർത്താവിന്റെ ശക്തി സംരക്ഷിക്കുന്നതും രക്ഷ നൽകുന്നതുമാണ്. മരണഭീതിയിൽ കഴിയുന്നവർ അങ്ങോട്ടാണ് ഓടിയെത്തുക. ദൈവം മരണത്തിൽ നിന്ന് ( നിത്യനാശം) രക്ഷിക്കുന്നു എന്നതാണ് ഇതിലെ സുവിശേഷം. സുവിശേഷ അവതരിപ്പിക്കുന്നതും അവിടുന്ന് തന്നെ. അവിടുന്നാണ് യഥാർത്ഥ രക്ഷകനും.
യോഹന്നാൻ 10 :7- 18
അതുകൊണ്ട് യേശു വീണ്ടും പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഞാനാണ് ആടുകളുടെ വാതില്‍.
എനിക്കുമുമ്പേവന്നവരെല്ലാം കള്ളന്മാരും കവര്‍ച്ചക്കാരുമായിരുന്നു. ആടുകള്‍ അവരെ ശ്രവിച്ചില്ല.
ഞാനാണ് വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന് രക്ഷപ്രാപിക്കും. അവന് അകത്തു വരുകയും പുറത്തു പോവുകയും മേച്ചില്‍സ്ഥലം കണ്ടെത്തുകയും ചെയ്യും.
മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന് വരുന്നത്. ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്.
ഞാന്‍ നല്ല ഇടയനാണ്. നല്ല ഇടയന് ആടുകള്‍ക്കുവേണ്ടി ജീവന് അര്‍പ്പിക്കുന്നു.
ഇടയനല്ലാത്തവനും ആടുകള്‍ സ്വന്തമല്ലാത്തവനുമായ കൂലിക്കാരന് ചെന്നായ് വരുന്നതു കാണുമ്പോള്‍ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു.
അവന് ഓടിപ്പോകുന്നതു കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി താത്പര്യമില്ലാത്തതുകൊണ്ടുമാണ്.
ഞാന്‍ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു.
ആടുകള്‍ക്കുവേണ്ടി ഞാന്‍ ജീവന് അര്‍പ്പിക്കുന്നു.
ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയെയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും.
തിരിച്ചെടുക്കുന്നതിനുവേണ്ടി ഞാന്‍ ജീവന് അര്‍പ്പിക്കുന്നതിനാല്‍ പിതാവ് എന്നെ സ്നേഹിക്കുന്നു.
ആരും എന്നില്‍നിന്ന് അതു പിടിച്ചെടുക്കുകയല്ല, ഞാന്‍ അതു സ്വമനസ്സാ സമര്‍പ്പിക്കുകയാണ്. അതു സമര്‍പ്പിക്കാനും തിരികെ എടുക്കാനും എനിക്കധികാരമുണ്ട്. ഈ കല്പന എന്റെ പിതാവില്‍നിന്നാണ് എനിക്കു ലഭിച്ചത്. യോഹന്നാൻ. 10: 7 -10 “വാതിൽ” എന്ന സാദൃശ്യം ഉപയോഗിച്ച് ഈശോ ഒരു മഹാസത്യം പഠിപ്പിക്കുകയാണ് യഥാർത്ഥ രക്ഷകൻ (ആടുകളുടെ വാതിൽ) താനാണ്. ഇടയൻ ആടുകൾക്ക് സുരക്ഷിതത്വം നൽകുന്നു. സ്വജീവൻ സമർപ്പിച്ചും നല്ല ഇടയൻ അത് ചെയ്യും. തന്റെ അജഗണങ്ങൾക്ക് സമ്പൂർണ്ണ സുരക്ഷിതത്വം നൽകുന്ന സാക്ഷാൽ ഇടയൻ ഈശോയാണ്. ഈശോയ്ക്ക് മാത്രമേ മാനവരാശിയെ പിശാചിന്റെ അടിമത്വത്തിൽ നിന്നും മോചിപ്പിക്കാൻ ആവൂ. “അവിടുന്ന് ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് ആണ് “
( യോഹന്നാൻ 1: 29 ). സഹന മരണോത്ഥാനങ്ങളിലൂടെ ആണ് ഈ യോഗ്യത അവിടുന്ന് നേടിയെടുത്തത്. അവിടുന്ന് മാത്രമാണ് പാപ വിമോചകൻ, ലോകരക്ഷകൻ,ഏക രക്ഷകൻ.
പ്രതിസന്ധികളിൽ നാം ശരണം തേടേണ്ടത് ദൈവത്തിൽ മാത്രമാണ്. അവിടുന്നിലേക്ക് വേണം വിലാപത്തിന്റെ ശബ്ദം ഉയരാൻ. ദൈവമാണ് മനുജന് അക്ഷയവും സ്ഥാവരവുമായ ഏക അടിസ്ഥാനവും ഉറപ്പുള്ള ‘പാറ’യും. അചഞ്ചലമായ വിശ്വാസത്തോടെ അവിടുന്നിൽ പൂർണമായി ആശ്രയിക്കുന്നവർ തിരസ്കരിക്കപ്പെടുകയില്ല. തീക്ഷ്ണമായ പ്രാർത്ഥന അത്യന്താപേക്ഷിതമാണ്. ദൈവം മനുഷ്യനിൽ വസിക്കുന്നു. അവിടുന്ന് ഇമ്മാനുവേൽ ആണ്. അവന്റെ ശക്തി കർത്താവുതന്നെ.
ദൈവത്തെ സ്നേഹിക്കുക, സ്തുതിക്കുക, നന്ദി പറയുക, സ്തോത്രം ചെയ്യുക, ആരാധിക്കുക, മഹത്വപ്പെടുത്തുക, പുകഴ്ത്തുക , വാഴ്ത്തുക കീർത്തിക്കുക, പ്രകീർത്തിക്കുക, ഇവയൊക്കെ ദൈവത്തിന് അർഹമാണ്. അവിടുത്തേക്ക് മാത്രം. ഇവ അവിടുത്തേക്ക് നൽകാൻ ഓരോ വിശ്വാസിക്കും കടമയുണ്ട്. ഇങ്ങനെ ചെയ്യാൻ വേണ്ടുവോളം കാരണങ്ങളുമുണ്ട്. രക്ഷയ്ക്ക്, സൗഖ്യത്തിന്, സന്തോഷത്തിന് , സന്ദർഭത്തിന്, സുഖത്തിന്, ദുഃഖത്തിന്, നന്മയ്ക്ക്, തിന്മയ്ക്ക് എല്ലാം.