ചങ്കുറപ്പുള്ള പ്രാർത്ഥന
7,17,26ഈ സങ്കീർത്തനങ്ങളുടെ പ്രമേയം ഒന്നു തന്നെയാണെന്ന് പറയാം. ന്യായ സ്ഥാപനത്തിനായുള്ള പ്രാർത്ഥന, (17:1,2;26) പരിശോധനയ്ക്കായുള്ള അപേക്ഷ (7:9;17:3;36:2), നിഷ്കളങ്കതാ പ്രഖ്യാപനം ഇവ ഈ സങ്കീർത്തനങ്ങളുടെ പൊതു ഘടകങ്ങളാണ്. ആത്മധൈര്യത്തോടെ കൂടിയ അഭ്യർത്ഥനയാണ് സൂചിപ്പിക്കുന്നത്. ഹൃദയം അതായത് സാധകന്റെ മനസ്സ് (വാ.2) കണ്ണ് (3) കൈ (6 ) പാദങ്ങൾ (12). എല്ലാം ദൈവത്തിൽ കേന്ദ്രീകരിച്ച് ഏകതാഭാവത്തിലാകുന്നു (സമ്പൂർണ്ണ ഏകോപനം). ഈ അഭികാമ്യാവസ്ഥയാണ് ആരാധകന്റെ ആത്മവിശ്വാസ ത്തിന്റെ അടിസ്ഥാനവും. 4-5ൽ ആദ്യ പാദത്തിലെ സർഗാത്മകത (നന്മ) അത്രയും ഇവിടെ അപ്രത്യക്ഷമാകുന്നു.
26 ഒരു വ്യക്തിഗത വിലാപവും ഒപ്പം പ്രാർത്ഥനയും ആണ്. വാക്യം 1, 2, 9, 11 ഇവയിൽ വിലാപ പ്രാർത്ഥനകൾ വ്യക്തമാണ്. ” ന്യായം സ്ഥാപിച്ചു തരേണമേ ” എന്ന ഒന്നാം വാക്യത്തിന്റെ തുടർച്ചയും. 1-3 ഞാൻ നിഷ്കളങ്കനായി ജീവിച്ചതു കൊണ്ടും കർത്താവിൽ ആശ്രയിച്ചതിനാൽ തന്നെ പരിശോധിച്ചു തനിക്ക് ന്യായം നടത്തി തരണമേ എന്നു സങ്കീർത്തകൻ ദൈവത്തോട് തീഷ്ണമായി പ്രാർത്ഥിക്കുന്നു. ” അങ്ങയുടെ സത്യത്തിൽ ഞാൻ ജീവിച്ചു. അങ്ങയുടെ കാരുണ്യം എന്റെ കൺമുമ്പിൽ ഉണ്ട് എന്നുംകൂടെ അവൻ വ്യക്തമാക്കുന്നു.
സാധകൻ കപടഹൃദയരോട് സഹവസിക്കുകയോ വഞ്ചകരോട് കൂട്ടുകൂട്ടുകയോ ചെയ്തിട്ടില്ലെന്നും(4,5ൽ വ്യക്തമാക്കുന്നു) ദുഷ്കർമ്മി കളുമായിയുള്ള സമ്പർക്കം വെറുക്കുന്നു എന്നും നീചന്മാരോടൊപ്പം ഇരിക്കയില്ല എന്നുമാണ് 6-8 ൽ സാധകൻ കർത്താവിനോട് ഏറ്റുപറയുക.
നിഷ്കളങ്കതയിൽ ഞാനെന്റെ കൈകൾ കഴുകുന്നു. അവിടുത്തെ ബലിപീഠത്തിനു പ്രദക്ഷിണം വയ്ക്കുന്നു; ഉച്ചത്തിൽ കൃതജ്ഞതാ സ്തോത്രം ആലപിക്കുന്നു. അവിടുത്തെ അത്ഭുതകരമായ പ്രവർത്തികൾ പ്രഘോഷിക്കുന്നു; കർത്താവ് വസിക്കുന്ന ആലയവും അവിടുത്തെ ഇരിപ്പിടവും ഏറെ പ്രിയങ്കരമാണെന്നും സങ്കീർത്തകൻ സ്പഷ്ടമായി പ്രഖ്യാപിക്കുന്നു.
സമ്പൂർണ്ണ ആരാധനയുടെ വചനങ്ങളാൽ സമ്പന്നമാണ് ഈ മധ്യ പാദം. വായനക്കാരന് ഈ വരികൾക്കിടയിൽ ദൈവാലയ പശ്ചാത്തലം വായിച്ചെടുക്കാൻ കഴിയും. ‘ നിഷ്കളങ്കതയിൽ കൈ കഴുകുക’ എന്ന പ്രയോഗം സങ്കീർത്തനം 73: 13 ഉണ്ട്. പുറപ്പാട് 30: 7 -21 ക്ഷാളനകർമ്മവുമാവാം പരോക്ഷമായി പരാമർശിക്കപ്പെടുന്നത്. ദൈവാലയത്തിലെ പല സ്ഥലങ്ങളുടെയും കർമ്മങ്ങളുടെയും വ്യക്തമായ സൂചനകൾ ഈ വാക്യങ്ങളിൽ ഉണ്ടല്ലോ.. സംശുദ്ധമായ ജീവിതവും (വാ.1 – 5) പരിശുദ്ധമായ ആരാധനയും (വാക്യം 6 – 8 )ഒന്നിച്ചു പോകുന്നു എന്ന സന്ദേശവും ഇവിടെയുണ്ട്. ദുഷ്ട സംസർഗ്ഗം വെറുക്കുന്ന കർത്താവ് കർത്താവിന്റെ ആലയത്തെയും അവിടുത്തെ മഹത്വത്തിന്റെ വാസ സ്ഥലത്തെയും അങ്ങേയറ്റം സ്നേഹിക്കുന്നവനാണ് (വാക്യം 5).
സങ്കീർത്തകന്റെ കൈകൾ നിഷ്കളങ്കമാണ്. ” പാപികളോട് കൂടെ എന്റെ ജീവനെ തൂത്തെറിയരുതേ ” എന്നതു സങ്കീർത്തകന്റെ അതിശക്തമായ പ്രാർത്ഥനയാണ്. ഇപ്രകാരം പ്രാർത്ഥിക്കാൻ അവന് മതിയായ കാരണം ഉണ്ട്. പാപികളുടെ കയ്യിൽ കുതന്ത്രങ്ങളും അധാർമികതയും ആണ് കുന്നുകൂടി ഇരിക്കുന്നത്. അവർ രക്ത ദാഹികളും പാപികളും ആണ്. അവരോടൊപ്പം എന്നെ നശിപ്പിക്കരുതേ എന്ന് ദൈവത്തോട് കേണപേക്ഷിക്കാൻ അവൻ നിർബന്ധിതനാകുന്നതിൽ അത്ഭുതത്തിന് തെല്ലും വകയില്ല.
പ്രഥമ പാദത്തിൽ പ്രകടമായ അഭിനന്ദനാർഹമായ ചങ്കുറപ്പ് അവസാനപാദത്തിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നു.’ നിരപ്പായ ഭൂമിയിൽ പദം ഊന്നുക’ ഈ ചങ്കുറപ്പിലെയ്ക്കാണ് വിരൽ ചൂണ്ടുക. ദൈവഭയമുള്ളവരുടെ സമൂഹത്തോടൊപ്പം താനും വിധാതാവിനെ വാഴ്ത്തും എന്ന് സങ്കീർത്തകൻ ആത്മാർത്ഥതയോടും സത്യസന്ധതയുമാണ് പ്രഖ്യാപിക്കുക.
” നിങ്ങളുടെ ഉത്സവങ്ങളോട് എനിക്ക് വെറുപ്പാണ്, അവജ്ഞയാണ്. നിങ്ങളുടെ മഹാ സമ്മേളനങ്ങളിൽ ഞാൻ പ്രസാദിക്കുന്നില്ല. നിങ്ങളുടെ ദഹന- ധാന്യ ബലികൾ ഞാൻ സ്വീകരിക്കുകയില്ല. നിങ്ങൾ അർപ്പിക്കുന്ന കൊഴുത്ത മൃഗങ്ങളെ ഞാൻ നോക്കുകയില്ല. നിങ്ങളുടെ ഗാനങ്ങളുടെ ശബ്ദം എനിക്ക് കേൾക്കണ്ട. നിങ്ങളുടെ വീണാനാദം ഞാൻ ശ്രദ്ധിക്കുകയില്ല ( ആമോസ് 5 :21 -24 ) ഈ വചനങ്ങളും ” കപടനാട്യക്കാരേ നിങ്ങൾക്ക് ദുരിതം ” എന്ന നിയമം ഈശോ വിശേഷിപ്പിച്ചതും മറ്റും (cfr. മത്തായി 23: 13- 36 ) വ്യക്തമാക്കുന്നത് ഒരേ കാര്യം തന്നെയാണ്. ജീവിതത്തിന്റെ സമഗ്രതയും ആയി ബന്ധപ്പെട്ടിരിക്കുന്നു ഒന്നാണ് ജീവിതവിശുദ്ധി.
യഥാർത്ഥ ആദ്ധ്യാത്മികത ചങ്കുറപ്പ് നൽകുന്നതാണ്. ഇതിന് തിന്മയിൽ നിന്ന് ഒരു സമ്പൂർണ്ണ വേർപിരിയൽ സംഭവിച്ചേ മതിയാവൂ. ഒരുവനും ഒരേസമയം രണ്ട് യജമാനന്മാരെ ആത്മാർത്ഥമായി സേവിക്കുക സാധ്യമല്ല (മത്തായി 6: 24 ). ഈ സത്യം സമ്പൂർണ്ണതയിൽ ഗ്രഹിച്ച് ജീവിതം ക്രമപ്പെടുത്തുകയാണ് ഓരോ സാധകനും ചെയ്യേണ്ടത്.