ഗുരുവരൻ
നിയതമായ ഒരു ഘടനാ വിശേഷം ഈ സങ്കീർത്തനത്തിന് ഇല്ലെന്നുതന്നെ പറയാം. ” വഴി കാട്ടണമേ എന്ന പ്രാർത്ഥനയാണ് ഇതിന്റെ കാമ്പും കഴമ്പും. ഇത് പലവുരു (വാക്യം 4, 8, 9, 10,11) പ്രത്യക്ഷപ്പെടുക വഴിയാണ് ഇതൊരു പ്രാർത്ഥനയാകുന്ന തന്നെ. ഇതിൽ തന്നെ രണ്ടുതരം പ്രാർത്ഥനകൾ കണ്ടെത്താനാവും.
(1) വ്യക്തിഗതമായ പ്രാർത്ഥനകൾ ഇവിടെ ഉപയോഗിക്കുന്ന സർവ്വനാമങ്ങൾ ‘ഞാൻ ‘,’എന്നെ’, ‘എന്റെ’, തുടങ്ങിയവയാണ്. (വാക്യം 1- 7; 15 -21 ) (2) ഇസ്രായേലിനു വേണ്ടി ഉള്ള സമൂഹ പ്രാർത്ഥനകൾ. ‘ അവൻ ‘, ‘ അവർ ‘ തുടങ്ങിയ സർവ്വനാമങ്ങൾ ആണ് ഇവിടെ ഉപയോഗിച്ചിരിക്കുക( വാക്യം 8, 9 10 12 ).
ഭൗതിക ആവശ്യങ്ങൾ സാധിച്ചു കിട്ടാനല്ല സങ്കീർത്തകർ പ്രാർത്ഥിക്കുക. നാല് ആവശ്യങ്ങൾ എടുത്തുപറയുന്നുണ്ട്.
(1). അവിടുത്തെ തിരുവിഷ്ടം കർത്താവ് സാധകനെ പഠിപ്പിക്കണം. വാക്യം 4 -5ൽ തന്റെ വ്യക്തിത്വത്തിന് ആഴങ്ങളിൽ മായാത്ത വിധം ദൈവേഷ്ടം മുദ്രണം ചെയ്യപ്പെടണം എന്ന് ആഗ്രഹിക്കുന്ന സാധകനെ നാം കാണുന്നു. കർത്താവിനെ ഗുരുവായി മനസ്സിൽ ധ്യാനിക്കുന്ന ഉത്തമനായ ശിഷ്യനെ അനുവാചകന് ഇവിടെ കണ്ടുമുട്ടാം.
അങ്ങയുടെ മാർഗങ്ങളെ എനിക്ക് മനസ്സിലാക്കി തരേണമേ! അങ്ങയുടെ പാതകൾ എന്നെ പഠിപ്പിക്കണമേ! അങ്ങയുടെ സത്യത്തിലേക്ക് എന്നെ നയിക്കേണമേ! എന്നെ പഠിപ്പിക്കണമേ!. എന്തെന്നാൽ അങ്ങ് ആണല്ലോ എന്നെ രക്ഷിക്കുന്ന ദൈവം. രക്ഷിക്കുന്ന ദൈവം ജ്ഞാനം പകരുന്ന ഉത്തമ ഗുരുവരനാണെന്നാണ് അദ്യുദാത്ത ചിന്തയും ഈ വാക്യങ്ങളിൽ തെളിഞ്ഞു കാണാം.
തന്റെ പാപങ്ങൾ ക്ഷമിക്കാനുള്ള ഭക്തന്റെ പ്രാർത്ഥന(വാ. 7,11,18)യാണ്. രണ്ടാമത്തേത് കർത്താവിന്റെ മാതൃഭാവമായ കാരുണ്യം, അചഞ്ചല സ്നേഹം വിശ്വസ്തത, ഇവയിൽ ആണ് ഈ പ്രാർത്ഥന വേരുറപ്പിച്ചിരിക്കുന്നത്. മറ്റു വാക്കുകളിൽ ഉടമ്പടി ദൈവത്തിലുള്ള വിശ്വാസം ആണ്. പാപമോചനത്തിനായുള്ള പ്രാർത്ഥനയുടെ അടിസ്ഥാനം ( വാക്യം 10,14 ). ഹോസി.2:18-20,23 വിവരിക്കുന്ന ദൈവത്തിന്റെ ഉടമ്പടി കാരുണ്യം അനുസ്മരിപ്പിക്കുന്നവയാണ് 12- 14 വാക്യങ്ങൾ.
ഭക്തൻ മൂന്നാമതായി പ്രാർത്ഥിക്കുന്നത് ശത്രുക്കളിൽനിന്നുള്ള രക്ഷപെടലിനുവേണ്ടിയാണ്. (വാ. 2,3,15;14-21) ‘ലജ്ജിക്കുക'(വാ. 2,3,20), ‘ആശ്രയിക്കുക'(വാ. 2,20) എന്നീ ക്രിയാപദങ്ങൾ ഈ പ്രാർഥനയോടെ ചേർന്നു പോകുന്നു. ശത്രുക്കളുടെ മുമ്പിൽ താൻ ലജ്ജിക്കാൻ അനുവദിക്കരുതേ! എന്നാണ് സാധകന്റെ പ്രാർത്ഥന. ആത്യന്തിക വിജയം നന്മയുടെ പക്ഷത്താണ്. തന്മൂലം ശത്രുക്കൾക്ക് വിജയം ആഘോഷിക്കാൻ ആവില്ല. ഈ യഹൂദ ചിന്തയാണ് ഇവിടെ പ്രകടമാവുക. കർത്താവിൽ പരിപൂർണമായി ആശ്രയിക്കുന്നവൻ പരാജയപ്പെടുക ഇല്ല.
മറ്റൊരു പ്രാർഥനാവിഷയം കൂടിയുണ്ട് സാധകന്റെ മനസ്സിൽ. ക്ളേശങ്ങളിൽ നിന്നുള്ള വിമോചനം (വാക്യം 16 -18, 22 ). പതിനാറാം വാക്യം ധ്വനിപ്പിക്കുന്നത് സങ്കീർത്തകന്റെ ഒറ്റപ്പെട്ട അവസ്ഥയാണ്. ഇപ്രകാരം ഒറ്റപ്പെട്ടതിൽ നിന്നുള്ള ക്ലേശങ്ങൾ ആവാം അവൻ അർത്ഥമാക്കുന്നത്.
യഹൂദർ പരമ്പരാഗതമായി വിശ്വസിച്ചിരുന്നത് ദൈവത്തിന്റെ മാർഗങ്ങളും പാതകളും നിയമത്തിൽ(തോറ) വ്യക്തമാക്കപ്പെട്ടിരിക്കുന്നു എന്നാണ്. ഈ വിശ്വാസത്തിന്റെ വെളിച്ചത്തിലാണ് നിയമത്തിലേക്ക് നോക്കാൻ അവൻ അനുവാചകരെ ക്ഷണിക്കുന്നത്. ക്രിസ്തുവിൽ ആണല്ലോ നിയമത്തിന്റെ പൂർത്തീകരണം സംഭവിച്ചത്. മനുഷ്യർക്കുള്ള ദൈവിക വെളിപാടിന്റെ ആദ്യരൂപം കൂടിയാണ് മിശിഹാ. മഹത് ഗുരുവാണ് അവിടുന്ന്. ആ ഗുരു (തിരു) സന്നിധി തേടുകയാണ് സാധകൻ. പ്രബോധനത്തിനായുള്ള പ്രാർത്ഥനയിലൂടെ ആണ് ഈ അന്വേഷണം നടത്തുക.
ദൈവകാരുണ്യ ത്തിന്റെ മൂർത്തിമദ്ഭാവമാണ് മിശിഹാ.ഈ കാരുണ്യം സർവ്വസർവ്വാത്രികവും ആണ്. വിശ്വസിച്ചു പാപപ്പൊറുതി പ്രാപിക്കുന്ന സകല ജനങ്ങളും ഇതിന് അർഹരാണ്. പാപപ്പൊറുതി, രക്ഷ, ക്രിസ്തുവിലൂടെ മാത്രം. ” മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ, മനുഷ്യരുടെ ഇടയിൽ നമുക്ക് രക്ഷക്കായി മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല (അപ്പ. പ്ര..4:11,12). കാരണം വ്യക്തമാണ് ലളിതമാണ്. മനുഷ്യ രക്ഷയ്ക്കായി തന്റെ അവസാനത്തെ തുള്ളി രക്തം ചിന്തി മരിച്ചിട്ടു ഉള്ളത് മിശിഹാ യാണ്;മിശിഹാ മാത്രമാണ്. പാപം ഇല്ലാത്തവൻ (ദൈവം മാത്രം) തന്റെ നിഷ്കളങ്കരക്തം ചിന്തി എങ്കിലേ ഇവിടെ മഹാ രഹസ്യമായ ലോകപാപത്തിന് മോചനം ആകുമായിരുന്നുള്ളൂ. മനുഷ്യാവതാരം( ദൈവത്തിന്റെ പുത്രൻ തമ്പുരാൻ ലോക പാപത്തിനു പരിഹാരമായി മരിക്കാൻ വേണ്ടി മനുഷ്യനായി ജനിച്ചത് ) അത്യന്താപേക്ഷിതമാണ്. ” രക്തം ചിന്താതെ പാപമോചനം ഇല്ല “(ഹെബ്രാ.9:22). വിശുദ്ധ കുർബാനയുടെ സ്ഥാപനത്തിന്റെ സമാപന രംഗത്ത് ഈശോ പറയുന്നു :” അപ്രകാരംതന്നെ അത്താഴത്തിനുശേഷം പാനപാത്രം എടുത്തു കൊണ്ട് ഈശോ അരുളി ചെയ്തു : ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചിന്തപ്പെടാനിരിക്കുന്ന (പിറ്റേദിവസം ദുഃഖവെള്ളി ) എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ് “(ലൂക്കാ 22:20).
സങ്കീ.25:1 ഏറെ അർത്ഥവത്താണ്. ” കർത്താവേ, എന്റെ ആത്മാവിനെ അങ്ങയുടെ സന്നിധിയിലേക്ക് ഞാൻ ഉയർത്തുന്നു “. ആശ്രയത്വത്തിന്റെയും പ്രത്യാശയുടെയും പ്രാർത്ഥനയുടെയും പ്രതീകമായ ഈ ആത്മാവുയർത്തൽ ആധ്യാത്മികത ഓരോ ക്രൈസ്തവനും നിഷ്ഠയോടെ സ്വായത്തമാക്കേണ്ടതുണ്ട്. പന്ത്രണ്ടാം വാക്യത്തിലും ‘ഉയർത്തുക’ എന്ന ക്രിയ പ്രത്യക്ഷപ്പെടുന്നുണ്ട്. അവിടെ അത് പാപം മോചിക്കുക എന്ന അർത്ഥത്തിലാണ് ‘ഉയർത്തുക ‘
എന്ന ക്രിയ സങ്കീർത്തകൻ ഉപയോഗിച്ചിരിക്കുന്നത്. ഹൃദയം ദൈവത്തിലേക്ക് ഉയർത്തുന്നവന്റെ പാപത്തിന് ദൈവം മാപ്പ് നൽകുന്നു. അതായത് ഹൃദയം ഉയർത്തൽ അനുഭവം പാപവിമോചനാനുഭവം തന്നെയാണ്.