അകന്നും അടുത്തും നിൽക്കുന്നവൻ
സുവിദിതമാണ് 22 ആം സങ്കീർത്തനം. കുരിശിൽ കിടന്നുകൊണ്ട് കർത്താവ് ഈ സങ്കീർത്തനം പാടി എന്നതാണ് ഇതിന്റെ അനന്യത. ഇതിൽ മുഴച്ചുനിൽക്കുന്നത് രോദനമാണ്. ചിന്തോദ്ദീപകമായ ഒരു വാഗ്മയചിത്രം ആണ് “അകന്നുനിൽക്കുന്ന എന്റെ ദൈവം “എന്നത്. വിശ്വസാഹിത്യത്തിൽ മനുഷ്യന്റെ നിസ്സഹായ നിമിഷങ്ങൾ ഇത്രയേറെ ആഴത്തിലും ശക്തിയിലും പ്രകാശിപ്പിക്കുന്ന കാവ്യങ്ങൾ ഏറെ വിരളമായിരിക്കും. ഇതിന്റെ കരുത്തു തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് പുതിയ നിയമം ഇത് ഉദ്ധരിച്ചിരിക്കുന്നത് !
ദൈവാലയത്തിലെ ആരാധനാസമയം ആയിരിക്കണം ഇതിന്റെ പശ്ചാത്തലം. സമൂഹാരാധനയുടെ സൂചനകളാണ്.
” ഇസ്രായേലിന്റെ സ്തുതിയുടെ സിംഹാസനത്തിൽ ഉപവിഷ്ടനായി ഇരിക്കുന്നവനേ ” എന്ന അഭിസംബോധനയും (3) ” സഭാ മധ്യത്തിൽ”(22),
” മഹാസഭയിൽ “(25) തുടങ്ങിയ പ്രയോഗങ്ങളും “രക്ഷിക്കുക”, ” ഉത്തരമരുളുക”, “ആശ്രയിക്കുക” എന്നീ 20, 21 സങ്കീർത്തനങ്ങളിലെ മുഖ്യ പദങ്ങൾ 22ലും പ്രത്യക്ഷപ്പെടുന്നു. 20,21ൽ കർത്താവിൽ ആശ്രയിച്ച രാജാവിന് പ്രത്യുത്തരം ലഭിക്കുന്നുണ്ട്. പക്ഷേ 22ൽ ഉത്തരമൊന്നും ലഭിക്കുന്നതായി സൂചനയില്ല.
ഇതിനു മൂന്ന് പദങ്ങളുണ്ട് (1). 1-11 അകന്നുനിൽക്കുന്ന അഖിലേശനെ അവതരിപ്പിക്കുന്നു (2). അടുത്തെത്തിയ ദുരന്തമാണ് 12- 21ലെ പ്രതിപാദ്യം (3). സഭാ മധ്യേ നടത്തുന്ന സ്തുതിപ്പ് ആണ് 22- 31 ആവിഷ്കരിക്കുക.
ഈ സങ്കീർത്തനത്തിലെ പ്രധാന കാവ്യ തന്തുക്കൾ ആണ് അകലവും അടുപ്പവും. ആദ്യഭാഗത്തെ വലയം ചെയ്തു നിൽക്കുന്ന പദമാണ് ‘അകന്നുനിൽക്കുക’. തുടക്ക ഒടുക്കങ്ങളിൽ അതുണ്ട്. ‘ എന്റെ ദൈവമേ’ എന്ന അഭിസംബോധന അടുപ്പത്തെ ദ്യോതിപ്പിക്കുന്നു (1,10). ‘ അടുത്തുള്ള ദൈവമാണ് എന്റെ ദൈവം ‘ എന്നുതന്നെയാണ് ആരാധകന്റെ ഉള്ളിലിരിപ്പ്. 11ൽ പരാമർശിക്കുന്ന ‘ദുരിതം അടുത്തെത്തിയിരിക്കുന്നു’ എന്നതായിരിക്കാം ദൈവത്തിന്റെ അകൽച്ചയായി അവന് തോന്നുന്നത്. തന്റെ അവസ്ഥയും തമ്പുരാന്റെ അവസ്ഥയും തമ്മിൽ താരതമ്യ പഠനം ഉണ്ടെന്നു തന്നെയാണ് നമുക്ക് തോന്നുക. അതാണ് ഹിബ്രു മൂലത്തിന്റെ ധ്വനി. ‘നീ’ എന്ന സർവ്വനാമ ത്തോടെയാണ് മൂന്നാം വാക്യം ആരംഭിക്കുന്നത് . ആറാമത്തെ വാക്യം ആകട്ടെ ‘ഞാൻ’ എന്ന സർവ്വനാമത്തോടെയും. ബോധപൂർവമായ ഊന്നലിനുവേണ്ടിയാണ് ഹീബ്രുവിൽ ഇത്തരമുള്ള പ്രാരംഭങ്ങൾ പ്രത്യക്ഷപ്പെടുക. ഇസ്രായേലിന്റെ സ്തുതിയുടെ സിംഹാസനം സർവ്വശക്തൻ അലങ്കരിക്കുമ്പോൾ (3) സാധകൻ ജനത്തിന്റെ നിന്ദാപാത്രവും പരിഹാസവുമായി മാറിയിരിക്കുന്നു (6, 7 ).
മറ്റൊരു താരതമ്യം കൂടിയുണ്ടിതിൽ. കർത്താവിൽ ശരണപ്പെട്ട പൂർവ പിതാക്കന്മാർ ഒരിക്കലും ലജ്ജിതരായിരുന്നില്ല. സങ്കീർത്തകൻ കർത്താവിൽ ശരണപ്പെടുന്നവൻ ആയിട്ടും (9,10) ലജ്ജിതനായി. ഇതൊരു ചോദ്യം തന്നെയാണ് ; മറുപടിയും അവൻ പ്രതീക്ഷിക്കുന്നു ഉണ്ടാവും.
ഇപ്രകാരം പരിഹാസവും ലജ്ജയും കൊണ്ട് പൊതിയപ്പെടാൻ പോകുന്ന കാരണങ്ങൾ ഒന്നും തന്നെ കണ്ടുപിടിക്കാൻ സാധകനൊട്ടു സാധിക്കുന്നില്ല. പിറവി മുതൽ പരാപരനിലേക്ക് പറിച്ചെറിയപ്പെട്ടവനാണവൻ; മാതാവിന്റെ മാറിടത്തിൽ ആയിരുന്നപ്പോൾ മുതൽ മഹോന്നതനിൽ ആശ്രയിച്ചവനും. തമ്പുരാന്റെ തോളിലേക്കാണവൻ പിറന്നുവീണത്. ജനനം മുതലേ ദൈവമാണ് കർത്താവെന്ന് അവൻ സ്ഥാപിക്കുന്നുണ്ട്. എന്നിട്ടും എന്തേ ഇങ്ങനെയെല്ലാം എന്നാണ് അവന്റെ ചോദ്യം.
22-21 പാദത്തിൽ സങ്കീർത്തകനിൽ മരണ ഭീതി ഉളവാക്കുന്ന നിരവധി മാരക രൂപകങ്ങളുണ്ട്. ‘ബാഷാൻ കാളക്കൂറ്റന്മാർ’, ‘സിംഹം’, ‘മെഴുക്’, ‘അണ്ണാക്കിന്റെ വരൾച്ച’, ‘നാവിന്റെ ഒട്ടിപ്പോകൽ’, ‘മരണത്തിന്റെ പൂഴി’, ‘നായ്ക്കൾ’, ‘കാട്ടുപോത്തിന്റെ കൊമ്പ് ‘, എല്ലാം അതിശക്തങ്ങളാണ്. ശത്രുക്കൾ തന്നെ വളഞ്ഞിരിക്കുന്ന നിസ്സഹായാവസ്ഥയാണ് സാധകന്റേത്. 12,13,16 ദുരിത രൂപകങ്ങളുടെ വിവരണമാണ്. തുടർന്ന് മാരകമായ സ്വന്തം അവസ്ഥ (14,16; 16-18) വിവരിക്കുന്ന രീതിയാണ് ഈ പാദത്തിൽ അവലംബിച്ചിരിക്കുന്നത്. മരണ വക്രത്തിലാകപ്പെട്ടവന്റെ രക്ഷയ്ക്കായുള്ള പ്രാർത്ഥനയാണ് 19- 21.
22 -31 സഭാ മധ്യേയുള്ള ദൈവസ്തുതിയാണ്. 22-26ൽ (24ഒഴികെ ) എല്ലാ വചനങ്ങളിലും സ്തുതിക്കുക (ഹലൽ ) എന്നാൽ ക്രിയാപദം ഉണ്ട്.സ്തുതിയുടെ കാരണം 24ൽ വ്യക്തമാക്കിയിരിക്കുന്നു – ഇപ്പോൾ പീഡിതന് അവഗണനയോ പുച്ഛമോ ഉണ്ടാകുന്നില്ല. സ്തുതിയുടെ സിംഹാസനത്തിൽ ഇരിക്കുന്നവനെ ആരാധകൻ (3) നിരന്തരം സ്തുതിക്കപ്പെടുന്നു. ഭക്ഷിച്ച് തൃപ്തരാകുന്ന അവസ്ഥയോടാണ് അവൻ സ്തുതിയെ തുലനം ചെയ്യുന്നത്. ദൈവസ്തുതി സന്തുഷ്ട ജീവിതത്തിന് സഹായിക്കുന്നു. സ്തുതി ജീവൻ തന്നെയാണ്.
നേർച്ചകൾ നിറവേറ്റുന്നത് കൃതജ്ഞതയുടെ ലക്ഷണമാണ്. കൃതജ്ഞതാബലി അർപ്പിച്ചും ബലി ഭക്ഷണം പങ്കുവെച്ചും ആണ് അത് ചെയ്യുക. സഭാമധ്യേ ദൈവസ്തുതി പാടുന്ന സങ്കീർത്തകൻ തന്റെ സഹോദരങ്ങൾക്കുകൂടി അനുഗ്രഹ പ്രദമാകുന്ന നേർച്ച നിറവേറ്റലിനു തയ്യാറെടുക്കുകയാണ്. ക്ഷീണിതർ, രോഗികൾ, ദരിദ്രർ, പീഡിതർ, ആകുലർ ഇവർക്കെല്ലാം നേർച്ചകളും സ്തുതികളും ശക്തിപകരും എന്നാണ് ആരാധകന്റെ ബോധ്യം.
സങ്കീർത്തകന്റെ പ്രശ്നത്തിന് ഒരു സാർവത്രിക മാനം കൂടെയുണ്ടെന്നു 7-31 വ്യക്തമാക്കുന്നു. ” ഭൂമിയുടെ അതിർത്തികൾ”, “പുരുഷാന്തരങ്ങൾ”, തുടങ്ങിയവ ഒരു വികസിതമാനങ്ങളുള്ള സാധക മനസ്സിനെ സൂചിപ്പിക്കുന്നുണ്ട്. ദൈവത്തിന്റെ രാജത്വം സർവ്വ സാർവത്രികമാണ്. ഈ രാജത്വത്തിന് നൽകുന്ന നമസ്കാരം അല്ലേ മരണവും!(29). ഉണ്ടായിരുന്നവരും ഇപ്പോൾ ഉള്ളവരും വരാനിരിക്കുന്നവരും ദൈവത്തെ രാജാവായി ആരാധിക്കും. സകലരും ദൈവവജനമാണെന്ന് സാരം.
ഇസ്രായേൽ ചരിത്രത്തെത്തന്നെ 22 ആം സങ്കീർത്തനം പ്രതിനിധാനം ചെയ്യുന്നു. ദൈവത്തിന്റെ അകൽച്ച ഇസ്രായേലിന് അനുഭവപ്പെട്ട അവസരങ്ങൾ അനവധി ഉണ്ട്. മിശിഹായുടെ സഹനനിമിഷങ്ങളെ സമാഹരിക്കാൻ സുവിശേഷകന്മാർ ഈ സങ്കീർത്തനത്തെ പ്രയോജനപ്പെടുത്തിയെന്നത് വളരെ ശ്രദ്ധേയമാണ്. 22:7, മത്തായി 27: 34 ലും മർക്കോസ് 15: 29 ലും, 22 :8, മത്തായി 27 :43 ലും, 22 :18, മത്തായി 27: 35,15:24ലും, ലൂക്കാ. 23: 34ലും, യോഹന്നാൻ 15: 24 ഉദ്ധരിച്ചിരിക്കുന്നു. മത്തായി, മർക്കോസ്, സങ്കീർത്തനത്തിലെ പ്രാരംഭ വചസ്സുകൾ ഈശോയുടെ കുരിശിലെ രോദനം ആയി കുറിച്ചുവെച്ചതിലൂടെ മേൽപ്പറഞ്ഞ ഉദ്ധരണികളിലൂടെയും വ്യക്തമാക്കുന്നത്, വ്യക്തികളുടെയും ഇസ്രായേൽ സമൂഹത്തിന്റെ പൊതുവിലുമുള്ള അനുഭവങ്ങൾ ഈശോ സ്വന്തമാക്കി എന്നതാണ്.
സഹനം ഒഴിവാക്കേണ്ട ഒന്നല്ല. ഇരുകരങ്ങളും നീട്ടി സ്വീകരിക്കേണ്ടതാണ്. സഹന മഹത്വങ്ങൾ സന്തതസഹചാരി കളാണ്. ഈ സത്യമാണ് ഈശോ നമ്മെ പഠിപ്പിച്ചത്. അവിടുത്തെ മാതൃക നമുക്ക് വലിയ പ്രചോദനമാവട്ടെ!.