സംതൃപ്തനായ സാധകൻ
16ന്റെ തുടർച്ചയായി ഇതിനെ കരുതാം. ദൈവത്തിൽ പരിപൂർണമായി ആശ്രയിക്കുന്നവനു കൈവരുന്ന ‘ദിവ്യദർശന സായൂജ്യ പ്രതീക്ഷ ‘ രണ്ടിലും ഉണ്ട് ; ഒപ്പം പൊതുവായി പല പ്രയോഗങ്ങളും ആശയങ്ങളും. പക്ഷേ ഇതിൽ പ്രകടമായി നിൽക്കുന്നത് ‘ അഭയ
ബോധ്യമാണ് ‘. യഥാർത്ഥത്തിൽ വിലാപ സങ്കീർത്തനങ്ങളുടെ അന്തർധാര അഭയം തന്നെയാണ്.
“നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവവും ആയിരിക്കും”( ജെറമിയ 30 :22) എന്ന് വാഗ്ദാനം ചെയ്ത ഉടമ്പടി ദൈവത്തെ ചരിത്രത്തിൽ നിന്ന് സങ്കീർത്തകൻ ഇന്നിലേക്കും സമൂഹത്തിൽനിന്നു വ്യക്തിയിലേക്കും കവി ഇറക്കി കൊണ്ടു വരുന്നു.
ഇതൊരു പ്രാർത്ഥനയുമാണ്. പ്രാർത്ഥനയ്ക്ക് വിവിധ തലങ്ങളും ഉണ്ട്. സങ്കീർത്തകന്റെ നിഷ്കളങ്കതയെ അടിസ്ഥാനമാക്കിയുള്ള പ്രാർത്ഥനയാണ് (വാ.1-5)
“കര്‍ത്താവേ, എന്റെ ന്യായം കേള്‍ക്കണമേ!എന്റെ നിലവിളി ശ്രദ്ധിക്കണമേ!നിഷ്കപടമായ എന്റെ അധരങ്ങളില്‍നിന്നുള്ള പ്രാര്‍ഥന ശ്രവിക്കണമേ!
എന്റെ വിധി അങ്ങയുടെ സന്നിധിയില്‍നിന്നു പുറപ്പെടട്ടെ!അങ്ങയുടെ കണ്ണുന്യായം കാണുമാറാകട്ടെ!
അവിടുന്ന് എന്റെ ഹൃദയം പരിശോധിച്ചാല്‍,രാത്രിയില്‍ എന്നെ സന്ദര്‍ശിച്ചാല്‍,അങ്ങ് എന്നെ ഉരച്ചുനോക്കിയാല്‍,എന്നില്‍ തിന്മ കണ്ടെണ്ടത്തുകയില്ല;എന്റെ അധരങ്ങള്‍ പ്രമാണം ലംഘിക്കുകയില്ല.
മറ്റുള്ളവര്‍ ചെയ്യുന്നതുപോലെഞാന്‍ തിന്മ പ്രവര്‍ത്തിച്ചിട്ടില്ല.അങ്ങയുടെ അധരങ്ങളില്നിന്നുപുറപ്പെടുന്ന വചനം ഞാന്‍ അനുസരിച്ചു;അക്രമികളുടെ പാതയില്നിന്നുഞാന് ഒഴിഞ്ഞുനിന്നു.
എന്റെ കാലടികള്‍ അങ്ങയുടെപാതയില്‍ത്തന്നെ പതിഞ്ഞു;എന്റെ പാദങ്ങള്‍ വഴുതിയില്ല
(സങ്കീര്‍ത്തനങ്ങള്‍ 17 : 1-5).
ഒന്നും രണ്ടും വാക്യങ്ങളാണ് യഥാർത്ഥ പ്രാർത്ഥന ഉൾകൊള്ളുന്നത് 3- 5 വാക്യങ്ങൾ സാധകന് അനുഭവവേദ്യമായ പരിശോധനയും അവന്റെ നിഷ്കളങ്കതയും വ്യക്തമാക്കിയിരിക്കുന്നു.6-12 ശത്രുവിന്റെ ആക്രമണത്തെ അടിസ്ഥാനമാക്കി ഉള്ള പ്രാർത്ഥന. വീണ്ടും പ്രത്യക്ഷപ്പെടുന്നു. ഇവിടെയും കൃത്യമായ പ്രാർത്ഥന ഉള്ളത് 6 -8 വാക്യങ്ങളിൽ ആണ്.9-12 ശത്രുവിനെ ആക്രമണം വിവരിക്കുന്നു. 13-15 ശത്രു നാശത്തിനും സങ്കീർത്തനകന്റെ സുരക്ഷയ്ക്കും വേണ്ടിയുള്ള പ്രാർത്ഥനയാണ്.
തീർച്ചയായും ഭക്തന്റെ നിലവിളിയാണ് പതിനേഴാം സങ്കീർത്തനത്തിന്റെ പശ്ചാത്തലം. ദൈവത്തിന്റെ സഹായത്തിവേണ്ടിയുള്ള ദീനരോദനം ആണിത്. സാധകനെതിരെ വ്യാജ ആരോപണങ്ങളും എതിർപ്പും ശത്രുതയും പൊന്തി വന്നപ്പോൾ ഉണ്ടായ സത്യസന്ധമായ പ്രതികരണത്തിന്റെ ആവിഷ്കാരമാണ് ഈ നീതികരണം. ജോബിന്റെ പുസ്തകത്തിൽ ( ഏഴാം സങ്കീർത്തനത്തിലും)ഈ രീതി അവലംബിച്ചിട്ടുണ്ട്. അഹങ്കാരമോ പൊങ്ങച്ചമോ ഒന്നുമല്ല നാം ഇവിടെ കാണുക. ദൈവത്തോടും സഹോദരരോടും ഉള്ള ബന്ധത്തിൽ താൻ തികഞ്ഞ നീതിപുലർത്തിയിട്ടുണ്ടെന്നുള്ളത് സങ്കീർത്തകന്റെ ഉറച്ച ബോധ്യമാണ്. താൻ നിരപരാധിയാണെന്ന് ഉറപ്പുണ്ടായിട്ടും” എന്റെ വിധി അങ്ങയുടെ സന്നിധിയിൽ നിന്ന് പുറപ്പെടട്ടെ “(17:2) എന്നു സത്യസന്ധമായി പറയാനുള്ള ആർജ്ജവത്വം സങ്കീർത്തകനുണ്ട്.
ദൈവത്തിന്റെ ഏത് പരിശോധനയും സത്യസന്ധത യോടെ വിജയകരമായി നേരിടാൻ ആവുമെന്ന തികഞ്ഞ അവബോധത്തിലാണവൻ സംസാരിക്കുക. സ്വർണ്ണം ഉലയിൽ എന്നപോലെ അഗ്നി പരീക്ഷയിലൂടെ കടന്നാലും രാത്രി കാലത്തെ അന്വേഷണത്തിന് വിധേയൻ ആയാലും മനസാ വാചാ കർമ്മണാ (വാ.3,4) താൻ കുറ്റക്കാരനല്ലെന്ന് തെളിയും എന്നു തന്നെയാണ് അവന്റെ ഉറപ്പ്. ” അങ്ങ് എന്നെ ഉരച്ച് നോക്കിയാൽ, എന്നിൽ തിന്മ കണ്ടെത്തുകയില്ല. എന്റെ അധരങ്ങൾ പ്രമാണം ലംഘിക്കുകയില്ല… ഞാൻ തിന്മ പ്രവർത്തിച്ചിട്ടില്ല.
അങ്ങയുടെ… വചനം ഞാൻ അനുസരിച്ചു. അക്രമികളുടെ പാതയിൽ നിന്ന് ഞാൻ ഒഴിഞ്ഞു നിന്നു “. കർത്താവിന്റെ പാതകളിൽ മാത്രം മുന്നേറിയവനാണവൻ (വാ.5).
‘ വഴുതാത്ത പാദങ്ങൾ ‘ അവന്റെ ആത്മാവ് ധൈര്യത്തിന് വഴിതെളിച്ചു (വാ.5).
6-8 വാക്യങ്ങൾ വീണ്ടും പ്രാർത്ഥനയാണ്.
‘ ചെവി ചായ്ക്കുക’, ‘ശ്രവിക്കുക, ‘കാരുണ്യം കാണിക്കുക’, ‘സംരക്ഷിക്കുക, ‘മറയ്ക്കുക’ എന്നീ ക്രിയാരൂപങ്ങൾ പ്രാർഥനയെ (യാചനയെ) സൂചിപ്പിക്കുന്നു. ദൈവം ഉത്തരമരുളും എന്ന ബോധ്യമാണ് ഭാഗ്യം 6 വ്യക്തമാക്കുക. ” ദൈവമേ, അങ്ങ് എനിക്ക് ഉത്തരമരുളും ” പ്രാർത്ഥനയ്ക്ക് ഉത്തരമരുളുക ഉടമ്പടി ദൈവത്തിന്റെ സവിശേഷതയാണ് ഉറപ്പിനു കാരണം. പുറപ്പാട് 15: 11- 3 ലെ മൂന്ന് പ്രയോഗങ്ങൾ വാക്യം ഏഴിൽ ഉണ്ട്. (1) അൽഭുതം കാണിക്കുക
(2) അങ്ങേ കാരുണ്യം (3) അങ്ങേ വലതുകൈ. വാക്യം എട്ടിലെ ‘കണ്ണിന്റെ കൃഷ്ണമണി’ ‘ ചിറകിൻ കീഴിൽ ‘ ഇവ മോശയുടെ കീർത്തനത്തെ അനുസ്മരിപ്പിക്കുന്നു (നിയ. 32:10,11). ഇവിടെ ശ്രദ്ധേയമായ കാര്യം 6, 8 വാക്യങ്ങളിൽ സങ്കീർത്തകൻ തന്റെ ശത്രുക്കളെ അവതരിപ്പിക്കുന്നത് ദൈവത്തിന്റെ ചിത്രങ്ങൾക്ക് കടകവിരുദ്ധമായ രീതിയിലാണ്. ദൈവം കരുണ പ്രദർശിപ്പിക്കുമ്പോൾ ശത്രുക്കൾ തെല്ലു അനുകമ്പ പോലും ഇല്ലാത്തവരായി കാണപ്പെടുന്നു. ദൈവം അവനെ ചിറകിൻ കീഴിൽ മറക്കുമ്പോൾ, ശത്രുക്കൾ അവനെ വളഞ്ഞാക്രമിക്കുന്നു. ദൈവം അവനെ കണ്ണിന്റെ കൃഷ്ണമണിപോലെ സംരക്ഷിക്കുന്നു. ശത്രുക്കളോ കടിച്ചു ചിന്താൻ വെമ്പുന്ന ചെന്നായ്ക്കളെ പോലെയാണ്.
3-5 വാക്യങ്ങളിൽ നിഷ്കളങ്കത്വം പ്രകടനത്തിനു സമാന്തരമായി പതിനഞ്ചാം വാക്യത്തിൽ നിഷ്കളങ്കന്റെ രക്ഷാ നാം ദർശിക്കുന്നു. 9-12 വാക്യങ്ങളിൽ കാണുന്ന ശത്രുശല്യം വിവരണത്തിന് സമാന്തരമായി 13,14 വാക്യങ്ങളിൽ ശത്രുനാശം വിവരിച്ചിരിക്കുന്നു.
കർത്താവാണ് എന്റെ ഓഹരി ( 16: 5 ) തൊട്ടുപിന്നാലെ 7:14. ഇഹലോകജീവിതം മാത്രം ഓഹരിയായി കരുതുന്ന മനുഷ്യനെ കുറിച്ച് പരാമർശിക്കുന്നു. ” അങ്ങേ കാരുണ്യം ജീവനേക്കാൾ അഭികാമ്യമാണ് ” എന്നാൽ സങ്കീർത്തനം 63 തറപ്പിച്ചു പറയുന്നു. എന്നാൽ ശത്രു ഭൂമിയിലെ നിസ്സാര കാര്യങ്ങൾക്ക് വേണ്ടി ദൈവത്തോട് കെഞ്ചുന്നു. അവനു വേണ്ടത് തന്നെ കൊടുത്തേക്കൂ എന്ന് ഹാസ്യ രൂപേണ സങ്കീർത്തകൻ പറയുന്നു. ശത്രുക്കൾക്ക് ഒരുക്കി വയ്ക്കപ്പെട്ടിരിക്കുന്നവ ഉദര പൂരണ ത്തിനെ ഉപകരിക്കൂ. അവർക്കു മാത്രമല്ല, അവരുടെ പുത്ര പൗത്ര കളത്രാദികളും ഇതിൽ പങ്കാളികളാകുമത്രേ. തലമുറകൾ നീളുന്ന ശിക്ഷയാണ് വ്യംഗ്യം.
അതേസമയം സാധകന് ലഭിക്കുന്നത് അനർഘമായ ‘തിരുമുഖ ദർശനവും ‘(17:15). പതിനാറാം സങ്കീർത്തനത്തിന്റെ പശ്ചാത്തലത്തിൽ ‘ ഉണരുമ്പോൾ’ എന്ന പ്രയോഗം ‘മരണ നിദ്രയിൽ നിന്നുണരുമ്പോൾ ‘ എന്നായിരിക്കാനാണ് സാധ്യത. പുലരിയിൽ അവൻ കാണുന്നത് ശത്രുവിന്റെ ഭീകരമുഖം ആയിരിക്കില്ല, ദൈവത്തിന്റെ പ്രസാദപൂരിതമായ തിരുമുഖം ആയിരിക്കും. മോശയെപ്പോലെ (സംഖ്യ 12 :18 ) താനും ദിവ്യ വദനവും രൂപവും ദർശിക്കും എന്ന വലിയ ശുഭാപ്തിവിശ്വാസത്തോടെ സമാപിക്കുന്നു.
” നിങ്ങളിൽ ആർക്ക് എന്നിൽ പാപം തെളിയിക്കാനാകും?” (യോഹന്നാൻ 8 :45). എന്ന് യഹൂദ ജനത്തെ വെല്ലുവിളിച്ച ഈശോയിൽ മാത്രമേ സാധകന്റെ ആത്മവിശ്വാസവും സ്വയം നീതീകരണവും പൂർണതയിൽ കാണാനാവൂ.
“ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ ; അവർ ദൈവത്തെ കാണും”( മത്തായി 5 :8) എന്ന സുവിശേഷ ഭാഗ്യത്തിന്റെ മുന്നോടിയായി ഈ സങ്കീർത്തനത്തെ വിലയിരുത്താവുന്നതാണ്.” എന്റെ ആത്മവിശ്വാസം എവിടെ നിൽക്കുന്നു”വെന്ന് പരിശോധിക്കാം. ഉടമ്പടി ദൈവം എന്നിൽ ഏറെ ശ്രദ്ധാലുവാണെന്ന് എനിക്ക് വിശ്വസിക്കാൻ ആവുമോ? ഭൗതികതയ്ക്ക് ഒന്നാം സ്ഥാനം നൽകുന്ന ഭോഷത്വം എന്നിൽ ഉണ്ടോ?