പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവൻ സ്വർഗ്ഗത്തിന്റെ അവകാശി
മൂന്ന് വാക്യങ്ങൾ സങ്കീർത്തകന്റെ ഏറ്റുപറച്ചിൽ ആണ്. പാനീയ ബലിയും പാനപാത്രവും പരാമർശിക്കപ്പെടുന്നു 4,5 വാക്യങ്ങളിൽ 6,8 ഹൃദയം നിറഞ്ഞ, ‘സംതൃപ്തനായ’ സങ്കീർത്തകനെ അവതരിപ്പിക്കുന്നു. മരണഭയ വിമുക്തനായ സങ്കീർത്തനകനെ ആണ് 9- 11 വരച്ചു കാട്ടുക.
” ദൈവമേ, എന്നെ കാത്തുകൊള്ളണമേ” എന്ന പ്രാർത്ഥനയോടെയാണ് സങ്കീർത്തനം ആരംഭിക്കുക. തുടർന്ന് ഈ പാദം വിശ്വാസത്തിലും കൂട്ടായ്മയിലും അധിഷ്ഠിതമായ ഒരു പ്രഖ്യാപനമായി മാറുന്നു.
‘ പറയുക ‘ എന്ന ക്രിയ രണ്ടും മൂന്നും വാക്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായി നിലകൊള്ളുന്നു. സാധകൻ ഇവിടെ രണ്ടു കാര്യങ്ങൾ പ്രഖ്യാപിക്കുന്നുണ്ട്.
1) കർത്താവാണ് എന്റെ കർത്താവ്, എന്റെ നന്മ; അങ്ങേയ്ക്ക് ഉപരിയായി ആരുമില്ല”
(വാ.2). ഈ പ്രസ്താവനയിലൂടെ സങ്കീർത്തകൻ പുറ. 20:2 നോട് ഭാവാത്മകമായി പ്രതികരിക്കുകയാണ്. “ഞാൻ നിന്റെ ദൈവമായ കർത്താവ് ആകുന്നു ” എന്ന കൽപ്പനയ്ക്ക് മറുപടി ആയും ഈ വാക്യത്തെ വ്യാഖ്യാനിക്കാം.
2. ” ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്” എന്ന കൽപ്പന ക്കുള്ള മറുപടിയായി രണ്ടാം ഭാഗത്തെയും (വാ.3) കാണാവുന്നതാണ്.
ഇസ്രായേലിനെ കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്നം പൂവണിയിച്ചവരാണ് “ഭൂമിയിലെ വിശുദ്ധർ “. മഹോന്നതന്റെ സംപ്രീതി മുഴുവൻ അവരിലാണ്. അവരാണ് യഥാർത്ഥ “വിശുദ്ധ ജനം “. ഇത് ഇസ്രായേലിനെ മുഴുവൻ സൂചിപ്പിക്കുന്നതുമാവാം. വിശുദ്ധരിൽ മഹത്വം കുടികൊള്ളുന്ന അത്യുന്നതനായ ദൈവത്തിലുള്ള ശരണവും ഭൂമിയിലെ വിശുദ്ധ ജനവും ആയുള്ള തന്റെ ഉൾചേരലും സാധകൻ ഇവിടെ വ്യക്തമാക്കുന്നു .
4, 5 വാക്യങ്ങളിൽ കള്ള ദൈവങ്ങൾക്കുള്ള പാനിയബലിക്കു ബദലായി സങ്കീർത്തകൻ അവകാശപ്പെടുന്നു. ” കർത്താവാണ് എന്റെ പാനപാത്രവും ഓഹരി. എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്(16,5). ‘പാനപാത്രം’ എന്ന പദം അർത്ഥമാക്കുന്നത് പൈതൃകാവകാശത്തെ ആണ് . മറ്റു വാക്കുകളിൽ പറഞ്ഞാൽ, താൻ ദൈവത്തിന്റേതാണെന്നും ദൈവം തന്റെതാണെന്നും സങ്കീർത്തകൻ ഇവിടെ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം സ്ഥാപിക്കുന്നു.
” അങ്ങാണ് എന്റെ കർത്താവ്” എന്ന് ആരംഭിക്കുന്ന അഞ്ചാം വാക്യം അർത്ഥഗർഭവും ഘനഗംഭീരവും ആണ്. ഓഹരി, പാനപാത്രം, ഭാഗധേയം ഇവയെ പര്യായങ്ങളായി കരുതാം. ജോഷ്വയുടെ ഗ്രന്ഥത്തിന്റെ ഭാഷ (17: 5, 6 ) പ്രതീകാത്മകവും കാവ്യാത്മകവുമായി ഈ വാക്യത്തിൽ നിഴലിക്കുന്നുണ്ട് (സങ്കീ.73:26; 119:57; 142:6; വിലാ. 3:24).
ജോഷ്വായുടെ ഭാഷ ആറാം വാക്യത്തിൽ വീണ്ടും പ്രകാശിതമാകുന്നു. ഹൃദ്യമായ അതിരുകളും അവകാശവും സങ്കീർത്തകനു വീണ്ടും ലഭിച്ചിരിക്കുന്നത്രേ! ദൈവവുമായുള്ള കൂട്ടായ്മ അവനിൽ വലിയ സന്തോഷവും സംതൃപ്തിയും ഉളവാക്കി ഇരിക്കുന്നു. ദൈവീക പ്രബോധനം കൊണ്ട് നിറയുന്ന മനസ്സ് ദൈവസ്തുതി യിലേക്കും നയിക്കപ്പെടുന്നു. തന്റെ ജീവിതത്തെ ചൂഴ്ന്ന് നിൽക്കുന്ന കർത്താവിന്റെ സാന്നിധ്യത്തെ സാധകൻ അനുഭവിച്ചറിയുന്നു. തന്മൂലം അവന് ലവലേശം ഭയമില്ല. അതുകൊണ്ട് തന്നെയാണ് താൻ കുലുങ്ങുകയില്ല എന്ന് അവൻ നിസങ്കോചം പ്രസ്താവിക്കുന്നത് (വാക്യം 6- 8 ).
ദൈവാശ്രയബോധം നൽകുന്ന ശാന്തിയുടെ അനുഭവത്തിന്റെ സുന്ദർ ആവിഷ്കരണമാണ് ഇവിടെ കാണുക. “അതിനാൽ എന്റെ ഹൃദയം ആനന്ദിക്കുകയും അന്തരംഗം ആനന്ദം കൊള്ളുകയും ചെയ്യുന്നു. എന്റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു “.
വലിയ ആത്മീയ ആനന്ദമാണ് സങ്കീർത്തകൻ അനുഭവിക്കുക. ഈ സ്വർഗ്ഗീയാനുഭവത്തിൽ അവന് യാതൊരു പങ്കുമില്ല. മറിച്ച് മഹോന്നതനിൽ മാനം മുട്ടെ ആശ്രയിച്ചതിന്റെ മൗനം മുത്തം ആണിത്( സങ്കീർത്തനം 4 :5 ;9 :10 ).
മരണം അവന് ഇഷ്ട തോഴിയാണ്. അങ്ങയുടെ പരിശുദ്ധൻ ജീർണിക്കാൻ അനുവദിക്കുകയില്ല”( 16 :10 ) എന്ന ധീരമായ പ്രഖ്യാപനം മൂന്നാം വാക്യത്തിലെ വിശുദ്ധരെ കുറിച്ചുള്ള വിചിന്തനം അനുവാചക മനസ്സിൽ ഉണർത്തുന്നു. ദൈവത്തിന്റെ സ്വന്തമായവൻ നിത്യ മരണത്തിൽ (ആത്മനാശം)നിപതി ക്കുകയില്ലെന്ന് സാധകന് ഉറപ്പുണ്ട്. കർത്താവിന്റെ സ്വന്തം ആയവന് നിത്യജീവനും ഉറപ്പാണ്. അവൻ ദൈവത്തോടൊപ്പം നിത്യമായി വാഴും.
ദൈവസന്നിധി ആനന്ദതികവിന്റെ ഇടമാണ്. തിരുമുഖത്തിന്റെ പ്രകാശമാണ് യഥാർത്ഥ പ്രസാദം (ആനന്ദം ). സങ്കീർത്തനം 21: 6 വ്യക്തമാക്കുന്നു : അങ്ങയുടെ സാന്നിദ്ധ്യത്തിന്റെ സന്തോഷം കൊണ്ട് അവനെ ആനന്ദിപ്പിച്ചു. തന്റെ വിശുദ്ധർക്ക് വിശ്വ കലാകാരൻ ശാശ്വത സന്തോഷം നൽകുന്നു. അവിടുത്തെ വലതുകരം ഒരിക്കലും ശൂന്യമല്ല. നീരുറവ ഒരിക്കലും വറ്റി പോവുകയുമില്ല.
ദാവീദ് അവനെക്കുറിച്ചു പറഞ്ഞിരിക്കുന്നു: ഞാന്‍ കര്‍ത്താവിനെ എപ്പോഴും കണ്മുമ്പില് ദര്‍ശിച്ചിരുന്നു. ഞാന്‍ പതറിപ്പോകാതിരിക്കാന്‍ അവിടുന്ന് എന്റെ വലത്തുവശത്തുണ്ട്.
എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ നാവു സ്തോത്രമാലപിച്ചു; എന്റെ ശരീരം പ്രത്യാശയില്‍ നിവസിക്കും.
എന്തെന്നാല്‍, എന്റെ ആത്മാവിനെ അവിടുന്നു പാതാളത്തില്‍ ഉപേക്ഷിക്കുകയില്ല. അവിടുത്തെ പരിശുദ്ധന് ജീര്‍ണിക്കാന്‍ അവിടുന്ന് അനുവദിക്കുകയുമില്ല.
ജീവന്റെ വഴികള്‍ അവിടുന്ന് എനിക്കു കാണിച്ചുതന്നു. തന്റെ സാന്നിധ്യത്താല്‍ അവിടുന്ന് എന്നെ സന്തോഷഭരിതനാക്കും.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 25-28
ക്രിസ്തു ശാസ്ത്രത്തോട് ബന്ധപ്പെട്ട ഈ സങ്കീർത്തനം സുപ്രധാനമാണ്. അവിടുത്തെ പുനരുത്ഥാനത്തെ കുറിച്ചുള്ള പ്രവചനമാണ് 16: 8- 11. തന്റെ ഉദ്ഘാടനത്തിൽ ഈ പ്രവചനം പൂർത്തിയാക്കിയ സത്യം നിത്യ സഭയുടെ പ്രഥമ മാർപാപ്പ തന്നെ കന്നി പ്രഭാഷണത്തിൽ തന്നെ വെളിപ്പെടുത്തിയതാണ് നട. പുസ്തകത്തിൽ നിന്നുള്ള ഉദ്ധരണിയിൽ കാണുക.” അവർക്ക് ജീവനുണ്ടാകുവാനും അത് സമൃദ്ധമായി ഉണ്ടാകുവാനും ആണ് ഞാൻ വന്നിരിക്കുന്നത്” (യോഹന്നാൻ 10: 10 ) എന്ന അവിടുത്തെ സുചിന്തിത പ്രസ്താവം 16 സങ്കീർത്തനത്തെ ക്രിസ്തു രഹസ്യംത്തോട് ചേർത്തുവെക്കാൻ നമ്മെ നിർബന്ധിക്കുന്നു.
തങ്ങളുടെ ജീവൻ തമ്പുരാന് പൂർണ്ണമായി പ്രാർത്ഥിക്കുന്നവർക്ക് മരണത്തിനുപോലും കവർന്നെടുക്കാൻ ആവാത്ത അച ഞ്ചലതയുടെയും (വാ.8) പരമാനന്ദത്തിന്റെയും(വാ.9) സുരക്ഷിതത്വത്തിന്റെയും അനുഭവങ്ങൾ ഉണ്ടാകും . മരണത്തിന്റെ കരിനിഴൽ വീണ താഴ്വരയിലൂടെ നടന്ന് വിജയശ്രീലാളിതനായി ഉത്ഥാന ചെയ്ത് മിശിഹായുടെ വിരൽത്തുമ്പാണ്, അതുമാത്രമാണ് ഏകാശ്രയം.