യഥാർത്ഥ നീതിമാൻ ഒരിക്കലും കുലുങ്ങുകയില്ല
ഇത് മൂല്യങ്ങളുടെ സങ്കീർത്തനമാണ്. മൂല്യങ്ങളോടുള്ള വലിയ പ്രതിപത്തിയാണ് ഒരു കീർത്തനമായി രൂപം കൊണ്ടിരിക്കുന്നത്. വിശുദ്ധ സ്ഥലത്തേക്കുള്ള പ്രവേശന മാനദണ്ഡങ്ങൾ ഇവിടെ അവതരിപ്പിക്കപ്പെടുന്നു. കുറെക്കൂടി ക്ലിപ്തമായി പറഞ്ഞാൽ ഈ സങ്കീർത്തനം ഒരു ആരാധനാക്രമ ബോധമാണ്. 10 കല്പനകളെ അധികരിച്ചുള്ള ഉത്തരങ്ങളാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് കരുതുന്നവരുണ്ട്. ഹീബ്രൂ മൂലത്തിൽ 12 ഉത്തരങ്ങളുണ്ട്.
1. നിഷ്കളങ്കനായി ജീവിക്കുന്നവൻ (സങ്കീർത്തനം 18 :30 ).
2. നീതി മാത്രം പ്രവർത്തിക്കുന്നവൻ (5: 8 ).
3. സത്യം പറയുന്നവൻ (പുറപ്പാട് 34: 6 )
4. പരദൂഷണം പറയാത്തവൻ.
5. സ്നേഹിതനെ ദ്രോഹിക്കാത്തവൻ.
6. അയൽക്കാരനെതിരെ അപവാദം പറയാത്തവൻ.
7. ദുഷ്ടനെ പരിഹാസ്യനായി കരുതുന്നവൻ.
8. ദൈവഭക്തരോട് ആദരം കാണിക്കുന്നവൻ.
9. നഷ്ടം സഹിച്ചും പ്രതിജ്ഞ നിറവേറ്റുന്നവൻ.
10. പ്രതിജ്ഞയിൽ നിന്നും ഒരിക്കലും മാറാത്തവൻ.
11. കടത്തിന് പലിശ ഈടാക്കാത്തവൻ.
12. കൈക്കൂലി വാങ്ങാത്തവൻ.
ഒന്നാം വാക്യത്തിലെ ചോദ്യത്തിനുള്ള മറുപടിയാണ് 2,5 വാക്യങ്ങളിൽ ഉള്ളത്. അഞ്ചാം വാക്യത്തിന്റെ അവസാനം സാഘോഷമായ ഉറപ്പായ ഒരു പ്രസ്താവനയുണ്ട്. “ഇങ്ങനെയുള്ളവൻ നിർഭയനായിരിക്കും; അവൻ ഒരിക്കലും കുലുങ്ങുകയില്ല”.
ദൈവത്തിന്റെ സാന്നിധ്യത്തിന്റെ പ്രതീകമാണ് ദൈവാലയം. ഒന്നാം വാക്യത്തിൽ ‘കൂടാരവും’, ‘വിശുദ്ധ ഗിരിയും’ ദൈവാലയത്തെ ആണ് സൂചിപ്പിക്കുന്നത്. ഭൂമിയിൽ ദൈവം തനിക്കായി തെരഞ്ഞെടുത്ത വാസസ്ഥലമാണ് സീയോൻ പർവ്വതം (സങ്കീർത്തനം 24: 3 ; 46 :4,5; 48 :1- 3;
32:13,14| 1രാജാ. 8:1-11).
ദൈവത്തിന്റെ സാന്നിധ്യം ദൈവത്തിന് മാത്രം അവകാശപ്പെട്ടതാണ്. അത് ആർക്കും അവകാശമായി കിട്ടിയിട്ടുള്ളതല്ല. അവിടുത്തെ മഹാ കരുണയാണ് അവിടെ പ്രവേശിക്കാൻ അനുവദിക്കുന്നതും.
ഈ യോഗ്യതയ്ക്ക് നിദാനമായി പറയുന്ന ഗുണഗണങ്ങൾ എല്ലാം ദൈവത്തിന്റെ സ്വഭാവസവിശേഷതകൾ ആയി വിശുദ്ധഗ്രന്ഥം ചിത്രീകരിച്ചിട്ടുണ്ട്. ഇവയെല്ലാം സ്വന്തമാക്കിയവരാണ് :
1. നോഹ (ഉല്പത്തി 6: 9 ).
2. അബ്രഹാം (ഉല്പത്തി 17 :1 )
3. ദാവീദ് (1 രാജാ.9 :4 ).
4. ജോബ് (1:1). മൂന്ന് മുതലുള്ള വാക്യങ്ങളിൽ സങ്കീർത്തകൻ പ്രായോഗികതലങ്ങളെ പരാമർശിക്കുന്നു.
(1) വാക്കുകളിലോ പ്രവർത്തികളിലോ അയൽക്കാർക്ക് ദോഷം ചെയ്യാത്തവരാണ് ദൈവത്തിന്റെ ആലയത്തിൽ പ്രവേശിക്കാൻ യോഗ്യർ. അവരുടെ നാവുകൾ ചതി, മർദ്ദനം ഇവയുടെ ഉപകരണങ്ങൾ ആകില്ല ( സങ്കീർത്തനം 5 :9 ). വാക്കോ പ്രവൃത്തിയോവഴി അവർ ആർക്കും ഒരു ദ്രോഹവും ചെയ്യുന്നില്ല (പുറപ്പാട് 20: 16,17 ). വാക്കുപാലിക്കുന്നതിൽ സ്ഥിരനിഷ്ഠയുള്ളവരാണവർ (സങ്കീർത്തനം 24: 4 ). അവൻ പാവങ്ങളുടെ പക്ഷം ചേരും ( പുറപ്പാട് 22 :25 ). അവർ കൈക്കൂലിക്ക് അതീതരാണ് ( പുറപ്പാട് 23 :7,8 ).
മേൽപ്പറഞ്ഞ ജീവിതശൈലിയുള്ളവർ പാറപോലെ ഉറപ്പുള്ളവരാണ്. കർത്താവിൽ പൂർണമായി ആശ്രയിക്കുകയും അവിടുത്തെ സ്വഭാവസവിശേഷതകൾ സ്വന്തമാക്കിയിട്ടുള്ള അവരുണ്ടോ കുലുങ്ങും? സംഭവവികാസങ്ങൾ ഏറ്റവും ക്രിയാത്മകമായി അഭിമുഖീകരിക്കാനുള്ള ഉറച്ച അടിത്തറ അവർക്കുണ്ട്.
ദൈവീക സ്വഭാവത്തിന്റെ കണ്ണാടികൾ ആകാൻ സകലരെയും വെല്ലുവിളിച്ചവനാണ് ഈശോ. ” നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണ്ണനായിരിക്കുവിൻ (മത്തായി 5 :48 ). ” എന്നെ കാണുന്നവർ പിതാവിനെ കാണുന്നു” (യോഹന്നാൻ 14 :9 ) എന്ന് പ്രസ്താവിക്കാൻ മാത്രം ഋജുസ്വഭാവമുള്ളവനായിരുന്നു അവിടുന്ന്. ” കർത്താവേ, കർത്താവേ എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക” ( മത്തായി 7 :2 ) എന്ന കർത്താവിന്റെ തിരുവചനത്തിലും മേൽപ്പറഞ്ഞ വചനങ്ങളിലുമെല്ലാം സൂക്ഷ്മദൃക്കുകൾക്ക് പതിനഞ്ചാം സങ്കീർത്തനത്തിന്റെ നിഴൽ ശകലങ്ങൾ കാണാനാവും. ഈ ഭൂമിയിലെ തന്റെ അത്യുദാത്ത ദൗത്യ നിർവ്വഹണത്തിന് ശേഷം സ്വർഗ്ഗാരോഹണം ചെയ്ത ഈശോയുടെ ഓർമ്മ എന്റെ ഓരോ ദൈവാലയ പ്രവേശനത്തിലും പ്രാർത്ഥനയിലും ഇതര ആത്മീയ ശുശ്രൂഷകളിലും എന്ന പൂർവ്വാധികം ഉത്തേജ്ജിപ്പിക്കേണ്ടതല്ലേ?
ദൈവരാധകനിൽ നിന്നു ദൈവം പ്രതീക്ഷിക്കുന്നതു കുറവുകളില്ലാത്ത ബലി എന്നായിരുന്നു പരമ്പരാഗത ധാരണ. പ്രവാചകർ ഇക്കാര്യത്തിൽ കാതലായ തിരുത്തൽ വരുത്തിയിട്ടുണ്ട്. സ്നേഹം,ജ്ഞാനം, നീതി,കരുണ ഇവയാണ് യഥാർത്ഥ ആരാധന എന്നവർ സ്ഥാപിച്ചിരിക്കുന്നു ( ഏശയ്യ 1: 11,12 ; ഹോസിയ 6 :6; ആമോസ് 5: 21- 24 ; മിക്കാ 6: 6- 8 ). പൗലോസ് പറയുന്നതും ശ്രദ്ധിക്കൂ.
” നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിന് പ്രീതികരവുമായ സജീവബലിയായി സമർപ്പിക്കുവിൻ. ഇതായിരിക്കണം നിങ്ങളുടെ യഥാർത്ഥമായ ആരാധന( റോമാ. 12: 1 ). ധാർമിക മൂല്യങ്ങളുടെ ആധ്യാത്മികതയാണു ക്രൈസ്തവ ആധ്യാത്മികത എന്ന് നമുക്ക് നിസ്സംശയം പറയാം.